ഐ.എ.എസ് കാലത്ത് ഒരിക്കലും അധികാര ബോധം ഭരിച്ചിരുന്നില്ല, വാഗ് വിചാരത്തില്‍ എന്‍.എസ്.മാധവന്‍
ആകസ്മികമായാണ് എഴുതണം എന്ന തോന്നലുണ്ടായതെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. എഴുപതുകളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുക എന്നത് ന്യൂയോര്‍ക്കറില്‍ എഴുതുക എന്ന പോലെയായിരുന്നു. എഴുത്തുകാരനാകണമെന്ന് ഉപബോധത്തിലുണ്ടായിരുന്നിരിക്കണം. കഥകള്‍ എഴുതില്ല എന്നായിരുന്നു തുടക്കത്തില്‍ ആലോചിച്ചിരുന്നത്. ശിശു എന്ന കഥ 22ാം വയസില്‍ വരുന്നത് അങ്ങനെയാണ്. പിന്നീട് ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയില്‍ ഇംഗ്ലീഷില്‍ കഥ പരിഭാഷപ്പെടുത്തി. എഴുത്തുജീവിതത്തിലെ നാഴികക്കല്ലായാണ് ഇതിനെ കാണുന്നത്. അനിയനോടൊപ്പം ചേര്‍ന്ന് പരിഭാഷപ്പെടുത്തുകയായിരുന്നു. വാഗ് വിചാരം അഭിമുഖ പരമ്പരയില്‍ എന്‍.ഇ.സുധീറിനോട് സംസാരിക്കുകയായിരുന്നു എന്‍.എസ്. മാധവന്‍.
ഐ.എ.എസ് പദവിയിലിരിക്കെ ഒരിക്കലും അധികാര ബോധം തന്നെ ഭരിച്ചിരുന്നില്ലെന്ന് എന്‍.എസ്.മാധവന്‍. എഴുത്തുകാരനും പത്രാധിപര്‍ക്കും സബ് എഡിറ്റര്‍ക്കും അധികാര ബോധമുണ്ട്. അവിടെ നിന്ന് ഫാസിസം തുടങ്ങുന്നുണ്ട്. ജനകീയനായ ഐ.എ.എസുകാരനാകാന്‍ ശ്രമിച്ചിട്ടില്ല. ഉദ്യോഗസ്ഥ ജീവിതം ഒരിക്കലും എഴുത്തിനെ ബാധിച്ചിട്ടില്ല. ഉപജീവനത്തിനായുള്ള ജോലി എന്ന നിലക്ക് കര്‍ത്തവ്യം നിര്‍വഹിക്കുകയായിരുന്നു.
ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എഴുതുന്നതിന് മുമ്പ് ബര്‍മ പശ്ചാത്തലമായ ഒരു നോവല്‍ മനസിലുണ്ടായിരുന്നു. അമ്മ ജനിച്ചത് ബര്‍മ്മയിലായിരുന്നു. കുട്ടിക്കാലത്ത് ബര്‍മീസ് ജീവിതത്തിന്റെ സ്വാധീനമുണ്ടായിരുന്നു. പിന്നീട് ബര്‍മ സന്ദര്‍ശനം നടത്തി. അമിതാവ് ഘോഷിന്റെ രചന വന്നതിനെ തുടര്‍ന്ന് ബര്‍മീസ് പശ്ചാത്തലമുള്ള നോവല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു.