കേരളത്തില്‍ ജനസംഖ്യാ വര്‍ധനക്ക് അര്‍ഹതയുള്ള ഏക വിഭാഗം ആദിവാസി സമൂഹം: ഡോ. ജെ ദേവിക.

ജനസംഖ്യാ വര്‍ധന ആവശ്യപ്പെടാന്‍ അര്‍ഹതയുള്ള ഏക വിഭാഗം കേരളത്തിലെ ആദിവാസി സമൂഹമാണെന്ന് എഴുത്തുകാരി ഡോ. ജെ ദേവിക. മനുഷ്യനായി ജീവിക്കാനുള്ള അവസരം നിരന്തരം നിഷേധിക്കപ്പെടുന്നവരാണ് കേരളത്തിലെ ആദിവാസി വിഭാഗം. അവര്‍ ഇപ്പോള്‍ ഒരു വംശഹത്യയുടെ വക്കിലാണ്. ഒരു കാലത്ത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇടപ്പെട്ട് ആദിവാസി സമൂഹത്തിനിടയില്‍ വന്ധ്യംകരണം നടത്തിയിട്ടുണ്ട്. പ്രസവം അവസാനിപ്പിക്കുവാനായി അവര്‍ക്ക് ഇന്‍സെന്റീവ്സും കൊടുത്തിരുന്നു. അഞ്ച് മക്കളില്‍ കൂടുതല്‍ ഉള്ള കുടുംബങ്ങള്‍ക്ക് സൗജന്യ ഓഫറുകള്‍ നല്‍കാനുള്ള പാലാ രൂപതയുടെ വിവാദ സര്‍ക്കുലറിനെ മുന്‍നിര്‍ത്തി ദ ക്യു സംഘടിപ്പിച്ച 'ടു ദി പോയിന്റി'ല്‍ സംസാരിക്കുകയായിരുന്നു ഡോ.ദേവിക

ജെ ദേവികയുടെ വാക്കുകള്‍

മനുഷ്യനായിട്ട് ജീവിക്കുവാനുള്ള അവസരം നിരന്തരം നിഷേധിക്കപ്പെടുന്നവരാണ് കേരളത്തിലെ ആദിവാസി വിഭാഗം. അതുകൊണ്ടു ജനസംഖ്യാ വര്‍ധന ആവശ്യപ്പെടാന്‍ അര്‍ഹതയുള്ള ഏക വിഭാഗം ആദിവാസി സമൂഹമാണ്. കേരളത്തിലെ ആദിവാസി സമൂഹം ഇപ്പോള്‍ വംശഹത്യയുടെ വക്കിലാണ്. ഒരു കാലത്ത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇടപ്പെട്ട് ആദിവാസി സമൂഹത്തിനിടയില്‍ വന്ധ്യകരണം നടത്തിയിട്ടുണ്ട്. പ്രസവം അവസാനിപ്പിക്കുവാനായി അവര്‍ക്ക് ഇന്‍സെന്റീവ്സും കൊടുത്തിരുന്നു.

സമുദായങ്ങളിലെ പ്രബലവിഭാഗമാണ് ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. സാമ്പത്തികമായും, രാഷ്ട്രീയമായും, ലോക ബന്ധങ്ങളിലും കേരളത്തിലെ പ്രബല വിഭാഗമാണ് സിറിയന്‍ ക്രൈസ്തവര്‍. ദൈവം സ്‌നേഹമാണെന്നാണ് ക്രിസ്ത്യാനിറ്റിയില്‍ പറയുന്നത്. അങ്ങനെയാവുമ്പോള്‍ രക്തബന്ധങ്ങള്‍ക്കപ്പുറം ആ സ്‌നേഹം വിന്യസിക്കുകയാണ് വേണ്ടത്. പെണ്ണുങ്ങളെ പ്രസവിപ്പിച്ച് രക്തത്തെ വികസിപ്പിക്കുവാനാണ് രൂപതകള്‍ ശ്രമിക്കുന്നത്. പാലാ രൂപതയുടെ സര്‍ക്കുലര്‍ സഭ സ്ത്രീകള്‍ക്ക് കൊടുക്കുന്ന ഓഫറാണ്. അതിനെ സ്ത്രീകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തരുത്. സ്ത്രീകളുടെ തിരഞ്ഞെടുക്കാനുള്ള മനസ്സിനെ പ്രത്യേക രീതിയില്‍ സ്വാധീനിക്കുവാനാണ് സഭ ശ്രമിക്കുന്നത്. സിറിയന്‍ ക്രൈസ്തവരിലെ വലിയ വിഭാഗം ഹിന്ദുത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ്. ഞങ്ങള്‍ ആധുനിക ന്യൂനപക്ഷമായി ജീവിക്കാം എന്ന് പറയുന്നവരാണ് പലരും. അവരില്‍ പോലും കടുത്ത അരക്ഷിതാവസ്ഥയുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് രൂപതകളില്‍ നിന്നും ഇടയ്ക്കിടെ വരുന്ന ഇത്തരം സൗജന്യ ഓഫറുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in