ഏറ്റവും വലിയ ഭാഗ്യമാണ് രാജീവേട്ടന്റെ വർക്കിൽ അഭിനയിക്കുവാൻ സാധിച്ചത്; തുറമുഖത്തെ കുറിച്ച് ജോജു ജോർജ്

തുറമുഖം എന്ന സിനിമയിൽ നൂറ് ശതമാനം പരിചയമില്ലാത്തെ വേഷമായിരുന്നു അവതരിപ്പിച്ചതെന്ന് നടൻ ജോജു ജോർജ്. എന്റെ ഏറ്റവും വലിയ ഭാഗ്യമാണ് രാജീവേട്ടന്റെ വർക്കിൽ അഭിനയിക്കുവാൻ സാധിച്ചത്. ഞാൻ ബ്ലാങ്കായിട്ടായിരുന്നു സെറ്റിൽ പോയത്. ഓരോ ഷോട്ടിന് മുന്നേ രാജീവേട്ടൻ വന്ന് എന്റെ ക്യാരക്റ്ററിനെ കുറിച്ച് പറയും. സിനിമയിലെ മൈമു എന്ന എന്റെ കഥാപാത്രം വൻ ക്യാരക്ടർ ആണെന്ന് ദ ക്യു അഭിമുഖത്തിൽ ജോജു ജോർജ് പറഞ്ഞു.

അമ്പതുകളിൽ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് തുറമുഖം. നാടകപ്രവർത്തകനും ചലച്ചിത്രകാരനുമായ ഗോപൻ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയാണ് ചിത്രത്തിൽ നായകൻ. 'ഇയ്യോബിന്റെ പുസ്തക'ത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ഗോപൻ ചിദംബരം. തൊഴിലവസരം വിഭജിക്കുന്നതിനായി കൊച്ചി തുറമുഖത്ത് ഏർപ്പെടുത്തിയിരുന്ന ചാപ്പ (ലോഹ ടോക്കൺ) സമ്പ്രദായവും ഇതിനെതിരെ നടന്ന തൊഴിലാഴി സമരവും വെടിവയ്പ്പുമെല്ലാമാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നാണ് സൂചന.

നിവിൻ പോളിയെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷാ സജയൻ, അർജുൻ അശോകൻ, പൂർണിമാ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്. പീരിഡ് ഡ്രാമ സ്വഭാവത്തിലുള്ള ചിത്രം ഈവർഷത്തെ മലയാളത്തിന്റെ പ്രതീക്ഷകളിലൊന്നാണ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് തുറമുഖം നിർമ്മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in