ആളുകള്‍ വിചാരിച്ചു കാന്താരയില്‍ ഞങ്ങളുടെ പാട്ടാണെന്ന്; പ്രതികരണവുമായി തൈക്കുടം ബ്രിഡ്ജ്
ഋഷബ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രമായി എത്തിയ കന്നട ചിത്രം കാന്താരയിലെ വരാഹ രൂപം എന്ന ഗാനം നവരസ എന്ന ഗാനത്തിന്റെ കോപിയാണെന്ന വിവാദത്തില്‍ പ്രതികരിച്ച് തൈക്കുടം ബ്രിഡ്ജ്. വരാഹ രൂപം കേട്ടപ്പോള്‍ തന്നെ നവരസവുമായി അതിന് സാമ്യം ഉണ്ടെന്ന് മനസിലായിരുന്നു. അവര്‍ തൈക്കുടം ബ്രിഡ്ജിന് ക്രെഡിറ്റ് നല്‍കിയിട്ടില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കുമെന്നത് ഉറപ്പായിരുന്നു എന്ന് തൈക്കുടം ബ്രിഡ്ജിന്റെ ബാസിസ്റ്റും റാപ്പറുമായ വിയാന്‍ ഫെര്‍ണാണ്ടസ് ദ ക്യുവിനോട് പറഞ്ഞു.
വിയാന്‍ ഫെര്‍ണാണ്ടസ് പറഞ്ഞത്:
ആദ്യം വരാഹ രൂപ പാട്ട് ഞാന്‍ കേട്ടിട്ടില്ലായിരുന്നു. നിരവധി പേര്‍ ഞങ്ങള്‍ക്ക് വരാഹ രൂപവും നവരസവും ഒരു പോലെ ഉണ്ടെന്ന് പറഞ്ഞ് മെസേജ് അയച്ചിരുന്നു. നവരസത്തിന്റെ കമന്റ് സെക്ക്ഷനിലും ഇക്കാര്യം ചൂണ്ടിക്കാട്ടി കമന്റുകള്‍ വന്നപ്പോഴാണ് ഞങ്ങള്‍ പാട്ട് കേള്‍ക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ക്ക് രണ്ട് പാട്ടുകളും തമ്മലുള്ള സാമ്യം മനസിലായി. എന്നിട്ടും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഞങ്ങള്‍ സമയം എടുക്കുകയായിരുന്നു.
ഒരു വിവാദം ഉണ്ടാകുമ്പോള്‍ പെട്ടന്ന് തന്നെ എന്തെങ്കിലും പറയാതെ തൈക്കുടം ബ്രിഡ്ജിലെ മറ്റ് അംഗങ്ങളുമായും ഞങ്ങളുടെ മാനേജ്‌മെന്റുമായും സംസാരിച്ച ശേഷമാണ് പ്രതികരണം അറിയിച്ചത്. എന്തായാലും ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്ന് ഉറപ്പായിരുന്നു. കാരണം ഞങ്ങളുടെ പാട്ടിന് അവര്‍ ക്രെഡിറ്റ്‌സ് തന്നിട്ടില്ല.
സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെക്കുന്നതിന് മുന്‍പ് കാന്താരയുടെ അണിയറ പ്രവര്‍ത്തകരുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. ഈ വിഷയത്തില്‍ അവരുമായി സംസാരിച്ചതിന് ശേഷം തന്നെയാണ് ബാക്കി തീരുമാനങ്ങള്‍ എടുത്തത്.
രണ്ട് പാട്ടുകളും തമ്മിലുള്ള സാമ്യത്തിന് കാരണം ഒരേ രാഗമായതാണ് എന്നാണ് കാന്താരയുടെ സംഗീത സംവിധായകന്‍ ആഞ്ചനേഷ് ലോകനാഥ് പറഞ്ഞത്. അത് ഈ പ്രശ്‌നത്തില്‍ എന്തെങ്കിലും പ്രതികരിക്കേണ്ടെ എന്നത് കൊണ്ട് പറഞ്ഞതാണ്. ഇക്കാര്യത്തെ കുറിച്ച് ചോദിക്കുമ്പോള്‍ എന്തെങ്കിലും ഒരു കഥ പറയണമല്ലോ.
ഞങ്ങള്‍ക്ക് വന്ന മെസേജുകളിലെല്ലാം ആളുകള്‍ ചോദിച്ചിരുന്നത്, തൈക്കുടം ബ്രിഡ്ജ് കാന്താരയ്ക്ക് പാട്ട് കൊടുത്തോ എന്നതായിരുന്നു. ഞങ്ങള്‍ അടുത്തിടെ ഒരു തമിഴ് ട്രാക്ക് ചെയ്തിരുന്നു. അപ്പോള്‍ ആളുകള്‍ വിചാരിച്ചു കാന്താരയില്‍ ഉള്ളത് തൈക്കുടം ബ്രിഡ്ജിന്റെ പാട്ടാണ് എന്ന്. ഞങ്ങള്‍ പോസ്റ്റ് പങ്കുവെച്ചപ്പോളാണ് അവര്‍ക്ക് തൈക്കുടം കാന്താരയുമായി അസോസിയേറ്റ് ചെയ്തിട്ടില്ലെന്ന് മനസിലായത്.