ദേവികയുടേത് ഇന്‍സ്റ്റിറ്റിയൂഷണല്‍ കില്ലിംഗ്
സര്‍ക്കാര്‍ പുതുതായി നടപ്പാക്കിയ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കടന്നുകയറാന്‍ പ്രാപ്തിയില്ലാതെ പോയ അതിസമര്‍ഥയായ കുട്ടിയാണ് മനംനൊന്ത് ആത്മഹത്യ ചെയ്തതെന്ന് കാണണം,അതുകൊണ്ടാണത് ഇന്‍സ്റ്റിറ്റിയൂഷണല്‍ കില്ലിംഗ് ആകുന്നത് : സണ്ണി എം കപിക്കാട്.
ഇപ്പോള്‍ ഒരു പരീക്ഷണാടിസ്ഥാനത്തിലാണ് തുടങ്ങുന്നതെങ്കിലും ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ എടുക്കേണ്ടതുണ്ട്. ഒരു പുതിയ സംവിധാനം അവതരിപ്പിക്കുമ്പോള്‍ അവിടെ ചെയ്യേണ്ട പ്രധാനപ്പെട്ട മുന്‍കരുതലുകളൊന്നും ഇക്കാര്യത്തില്‍ കേരളത്തിലെ ഗവണ്‍മെന്റ് പാലിച്ചില്ല എന്നതാണ് ഏറ്റവും ഗൗരവമുള്ള കാര്യം. രണ്ട് തരത്തിലാണ് അതിനെ കാണേണ്ടത്. പുതിയ സംവിധാനം അവതരിപ്പിക്കുമ്പോള്‍ നിലവിലുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അതില്‍ ആക്‌സസ് ഉണ്ടോ അവര്‍ എല്ലാം അതിനകത്ത് ഇന്‍ക്ലൂസീവ് ആകുമോ എന്ന കാര്യം വളരെ ഗൗരവമായി പരിശോധിക്കേണ്ടതായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അത് പരിശോധിക്കാവുന്ന കാര്യമേയുള്ളൂ. വ്യത്യസ്ത മേഖലകളില്‍ നിന്ന് വരുന്നവര്‍, വ്യത്യസ്ത സാമുദായിക സ്ഥിതിയുള്ളവര്‍, വ്യത്യസ്ത സാമ്പത്തിക സ്ഥിതിയുള്ളവര്‍ തുടങ്ങി അനേകം സെഗ്മെന്റുകള്‍ അടങ്ങുന്നതാണ് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പുതിയ സമ്പ്രദായം തുടങ്ങുമ്പോള്‍ ഈ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് അതില്‍ ആക്‌സസ് ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു.