മുഹ്‌സിനോട് പറയും പാട്ടില്‍ സംസ്‌കൃതം വേണ്ട, മലയാളം മതി : അഷ്‌റഫ് ഹംസ അഭിമുഖം
പാട്ടെഴുതുമ്പോള്‍ താന്‍ എപ്പോഴും ആവശ്യപ്പെടുക പാട്ടില്‍ മലയാളം മതി, സംസ്‌കൃതം വേണ്ട എന്നാണെന്ന് സംവിധായകന്‍ അഷ്‌റഫ് ഹംസ. നമ്മുടെ സിനിമകള്‍ക്കും, പാട്ടുകള്‍ക്കുമൊക്കെ ഒരു പൊതുസ്വഭാവമുണ്ട് എന്ന് നമുക്കറിയാം. അതില്‍ വരുന്ന ഇമേജറികളും, വര്‍ണ്ണനകളുമൊക്കെ നമുക്കറിയാം. ആളുകള്‍ക്ക് പാട്ടുകള്‍ മനസ്സിലാകണമെന്നും, അത് ദുരൂഹമാകരുത് എന്നും അഷ്റഫ് ഹംസ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഥാപാത്രത്തിന്റെ വികാരങ്ങളെ ആളുകളിലേക്ക് ചുമന്ന് എത്തിക്കുന്നത് പാട്ടുകളാണ്. വെറുതെ ഒരു പാട്ട് ഉണ്ടാക്കാറില്ല താന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഷ്‌റഫ് ഹംസ പറഞ്ഞത്;
കഥയില്‍ ഞാന്‍ എന്താണ് പറയുന്നത് എന്നതിന്റെ ഒരു എക്സ്റ്റന്‍ഷന്‍ തന്നെയാണ് ഞാന്‍ മുഹ്സിനോട് കമ്മ്യുണിക്കേറ്റ് ചെയ്യുന്നത്. നമ്മുടെ സിനിമകള്‍ക്കും, പാട്ടുകള്‍ക്കുമൊക്കെ ഒരു പൊതുസ്വഭാവമുണ്ട് എന്ന് നമുക്കറിയാം. അതില്‍ വരുന്ന ഇമേജറികളും, വര്‍ണ്ണനകളുമൊക്കെ നമുക്കറിയാം. ഞാനെപ്പോഴും മുഹ്സിനോട് പറയാറുള്ളത് നമുക്ക് സംസ്‌കൃതമില്ലാതെ മലയാളത്തില്‍ പാട്ടെഴുതി തരണമെന്നാണ്. അതു തന്നെയാണ് ഞാന്‍ എല്ലാവരോടും പറയുക. എളുപ്പം ആളുകള്‍ക്ക് മനസ്സിലാകണം. ദുരൂഹമാകരുത്. എന്റെ പ്രേമത്തെ കുറിച്ച് പറയാനും, അസ്വസ്ഥകളെക്കുറിച്ച് പറയാനും, കാട് കയറണം എന്നു പറയുമ്പോള്‍ പ്രേമത്തെ കുറിച്ച് പറയുമ്പോള്‍, കാട് കയറി ഇറങ്ങി എന്നു തന്നെയാണ് ഞാന്‍ പറയുന്നത്. സ്വാഭാവികമായും, കഥാപാത്രത്തിന്റെ മൂഡിനെ ആളുകളിലേക്ക് എത്തിക്കുന്നത് പാട്ടുകള്‍ ആണെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമ കഴിഞ്ഞാലും ഒരു മുട്ടായി നുണയും പോലെ ആളുകള്‍ക്കുള്ളില്‍ ആ പാട്ട് നില്‍ക്കണം. വെറുതെ ഒരു പാട്ട് എന്ന് ഞാന്‍ വിചാരിക്കാറില്ല.
അനാര്‍ക്കലി മരിക്കാര്‍, ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് അഷ്‌റഫ് ഹംസ സംവിധാനം ചെയ്‌ത പുതിയ ചിത്രമാണ് 'സുലൈഖ മന്‍സില്‍'. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് വരികളെഴുതിയിരിക്കുന്നത്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, ഛായാഗ്രഹണം കണ്ണന്‍ പട്ടേരി. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ ലഭ്യമാണ്.