കാസനോവയുടെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം തങ്ങളുടേതാണെന്ന് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് പറഞ്ഞു. സിനിമയുടെ ലൊക്കേഷൻ പറ്റിയുള്ള കൃത്യമായ ധാരണയില്ലാതെ പോയതും നിരവധി തവണ മാറ്റിയെഴുതിയപ്പോൾ സംഭവിച്ച മടുപ്പുമായിരിക്കാം കാസനോവയുടെ പരാജയത്തിന് കാരണമെന്നും ബോബി സഞ്ജയ് ദ ക്യുവിനോട് പറഞ്ഞു.
ബോബി സഞ്ജയ് പറഞ്ഞത്
കാസനോവ ഞങ്ങൾ എഴുതിയ സിനിമ തന്നെയാണ്. ഞങ്ങൾ എഴുതിയ തിരക്കഥ തിരുത്തപ്പെടുകയൊന്നും ചെയ്തട്ടില്ല. കാസനോവയുടെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം തിരക്കഥാകൃത്തുക്കൾ എന്ന നിലയിൽ ഞങ്ങളുടേത് മാത്രമാണ്. ചിത്രത്തിന്റെ സംവിധായകൻ വളരെ മികച്ച സംവിധായകനാണ്. അതിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ചത് ലാൽ സാറാണ്. ആ സിനിമക്ക് എന്തെങ്കിലും പരാജയം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തിരക്കഥക്കാണ് സംഭവിച്ചിരിക്കുന്നത്.
കാസനോവ സംഭവിക്കുന്നത് നോട്ട്ബുക്കിന് ശേഷമാണ്. ആ സമയത്ത് ഞങ്ങളിതെഴുതാൻ തുടങ്ങുമ്പോൾ വലിയൊരു സിനിമയായിരുന്നു. സിനിമയുടെ ലൊക്കേഷനുകളെ പറ്റി കൃത്യമായ ധാരണയില്ലായ്മ തുടക്കം മുതലേ ഞങ്ങൾക്കുണ്ടായിരുന്നു. റോഷനും ഞങ്ങളും ഇത് മനസ്സിൽ കണ്ടത് വിയെന്നായിലാണ്. വിയെന്നാ കേന്ദ്രീകരിച്ചുള്ള ഒരു തിരക്കഥ ആദ്യം ആലോചിച്ചു. ഇപ്പോൾ കണ്ടതായിരുന്നില്ല അത് ശരിക്കും, വേറെയൊരു രീതിയിലുള്ളൊരു തിരക്കഥ റൂട്ടായിരുന്നു അത്. അപ്പോഴാണ് ഞങ്ങൾക്ക് മനസിലായത് വിയെന്നായിൽ ഷൂട്ട് ചെയ്താൽ ഒരുപക്ഷെ ബജറ്റ് ഭയങ്കരമായി കയറി പോകും. ഞങ്ങൾ അത് കഴിഞ്ഞ് സൗത്ത് ആഫ്രിക്കയിൽ പ്ലാൻ ചെയ്തു. അതിനനുസരിച്ചും കുറെ എഴുത്തും കാര്യങ്ങളും ചെയ്തു, പിന്നീടാണ് ദുബായിലേക്ക് എത്തിയത്.
ഈ സമയം കൊണ്ട് ഏകദേശം 3 വർഷം കഴിഞ്ഞിരുന്നു. ഒരു സിനിമ ഒരുപാട് തവണ മാറ്റിയെഴുതി കഴിയുമ്പോൾ നമ്മുക്ക് വല്ലാത്തൊരു മടുപ്പും, നമ്മുടെ ക്രിയേറ്റിവിറ്റി ചോർന്നു പോകുന്നൊരു അവസ്ഥയുമുണ്ടാകും. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇതുമതി എന്ന് ഞങ്ങൾ തീരുമാനിച്ചതാണ് കാസനോവക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. അത് ഞങ്ങൾ ചെയ്യാൻ പാടില്ലായിരുന്നു. എത്ര ഡ്രാഫ്റ്റ് എഴുതിയിട്ടുണ്ടെങ്കിലും ഞങ്ങൾ വീണ്ടും കയറിയിറങ്ങണമായിരുന്നു ആ തിരക്കഥയിൽ എന്ന് തോന്നിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ഒരിക്കലും അങ്ങനെ ചെയ്യരുത് എന്ന് ഞങ്ങളെ പഠിപ്പിച്ച സിനിമ കൂടിയാണ് കാസനോവ. കാസനോവയെ ന്യായീകരിക്കാൻ ഞങ്ങൾക്കൊന്നുമില്ല. അതിനു കാരണം ഞങ്ങൾ എന്ന് പറയുന്ന തിരക്കഥാകൃത്തുക്കളുടെ മടിയോ, ഫ്രസ്‌ട്രേഷനോ ആയിരിക്കാം. കാസനോവ കഴിഞ്ഞാൽ ഞങ്ങൾ ചെയ്യേണ്ടിയിരുന്ന സിനിമ ട്രാഫിക് ആയിരുന്നു. അതുകൊണ്ട് തന്നെ കാസനോവ തീർക്കണം എന്നൊരു അവസ്ഥയിലേക്ക് പോയി. അതുകൊണ്ട് തന്നെ വേണ്ട രീതിയിൽ അതിലേക്ക് ഇരുന്നട്ടില്ല, അല്ലെങ്കിൽ ഒരുപാട് ഡ്രാഫ്റ്റുകൾ എഴുതി, അതും ഒരു പ്രശ്നം തന്നെയാണ്. മലയാളത്തിൽ പ്രേക്ഷകരെ കബിളിപ്പിക്കാൻ സാധിക്കുകയില്ല, കാസനോവ ഞങ്ങൾ കബിളിപ്പിക്കാൻ വേണ്ടി ചെയ്ത സിനിമയുമല്ല. ഞങ്ങൾ കുറേകൂടി ശ്രദ്ധിക്കണമായിരുന്നു. അതുകൊണ്ട് തന്നെ കാസനോവയുടെ പരാജയം നൂറ് ശതമാനവും ഞങ്ങളുടേതാണ്.