ചോട്ടാ മുംബൈയിൽ മോഹൻലാൽ ജോയിൻ ചെയ്ത ആദ്യ ദിവസം ഒരിക്കലും മറക്കാൻ കഴിയില്ലായെന്ന് സംവിധായകൻ ജി മാർത്താണ്ഡൻ ദ ക്യു ഷോ ടൈമിൽ പറഞ്ഞു. മോഹൻലാലും ഷക്കീലയും കൂടിയുള്ള രംഗമായിരുന്നു മറൈൻ ഡ്രൈവിൽ പ്ലാൻ ചെയ്തതെന്നും, ഇരുവരെയും കാണുവാൻ ആളുകൾ തടിച്ചു കൂടിയത് വലിയ രീതിയിലുള്ള ടെൻഷൻ ഉണ്ടാക്കിയെന്നും മാർത്താണ്ഡൻ കൂടി ചേർത്തു. എന്നാൽ മോഹൻലാൽ ലൊക്കേഷനിൽ വന്ന് കഴിഞ്ഞ് തമാശയെല്ലാം പറഞ്ഞ് എല്ലാവരെയും ഈസിയാക്കിയെന്നും ദ ക്യുവിനോട് പറഞ്ഞു.
ജി മാർത്താണ്ഡന്റെ വാക്കുകൾ
ചോട്ടാ മുംബൈയിൽ ലാൽ സാറിന്റെ ആദ്യ ദിവസം ഭയങ്കര ടെൻഷനുള്ളതായിരുന്നു. ഷൂട്ട് തുടങ്ങി 10 ദിവസം കഴിഞ്ഞാണ് ലാൽ സർ ലൊക്കേഷനിൽ വരുന്നത്. അതിനു മുന്നേ തന്നെ നമ്മൾ ഇന്ദ്രജിത്തിന്റെയെല്ലാം ബൈക്ക് ചേസ് സീനുകളിൽ ഷൂട്ട് ചെയ്തിരുന്നു. പക്ഷെ എന്റെ ടെൻഷൻ ഇതൊന്നുമല്ല ലാൽ സർ ജോയിൻ ചെയ്യുന്ന ദിവസം തന്നെയാണ് ഷക്കീലയുടെ സീനും എടുക്കുന്നത്. ഷക്കീലയെ കാണുവാനുള്ള ആളുകളും ലാൽ സാറിനെ കാണുവാനുള്ള ആളുകളും മറൈൻ ഡ്രൈവിൽ തിങ്ങി കൂടിയിരുന്നു. എനിക്കൊരു അബദ്ധം പറ്റിയോ എന്ന ചിന്തയായി, കാരണം ഞാനാണല്ലോ ചാർട്ട് ചെയ്തത്. എനിക്ക് പണി പാളിയോ എന്ന് സംശയമുണ്ടെന്ന് ഞാൻ അൻവർ റഷീദിനോട് പറഞ്ഞു. പക്ഷെ അത് വരുന്നിടത്ത് വെച്ച് നോക്കാമെന്ന് പറഞ്ഞ് അൻവർ എന്നെ ആശ്വസിപ്പിച്ചു. ലാൽ സർ എങ്ങനെ റിയാക്ടറ് ചെയ്യുമെന്നും നമ്മുക്ക് അറിയില്ലല്ലോ. കാരണം ആദ്യ ദിവസം തന്നെ ഔട്ട്ഡോർ ആണല്ലോ ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്നത്.
എനിക്കിപ്പോഴും ഓർമ്മയുണ്ട് ചുവന്ന പുള്ളികളുള്ള ഷർട്ട് ഇട്ടുകൊണ്ട് ലാൽ സർ ലൊക്കേഷനിലേക്ക് നടന്നു വരുന്നത്. ഞാനാകെ ടെൻഷനടിച്ച് നിൽക്കുകയായിരുന്നു. പക്ഷെ സർ, 'മാർത്താണ്ഡ എല്ലാം ഓക്കെ അല്ലെ' എന്ന് ചോദിച്ചുകൊണ്ട് കയറി വന്നു. അത് കഴിഞ്ഞ് എന്നോട് 'ഷക്കീല വന്നോ' എന്ന് ചോദിച്ചു. ലാൽ സർ ആ സിറ്റുവേഷൻ കുറച്ചുകൂടെ ഈസിയാക്കി. അതിനോടൊപ്പം ഞങ്ങളെയെല്ലാവരെയും ലൈവ് ആക്കി. അത് തന്നെയാണ് സാറിന്റെ ഒരു പ്രത്യേകതയും, എന്തെങ്കിലും കോമഡിയൊക്കെ പറഞ്ഞ് നമ്മുടെ ടെൻഷൻ ഇല്ലാതാക്കും. പിന്നെ ആ സീനുകൾ എല്ലാം വളരെ മനോഹരമായി ഞങ്ങൾക്ക് തീർക്കാൻ പറ്റി. അവിടെ നിന്നിരുന്ന ആളുകളിൽ ജൂനിയർ ആർട്ടിസ്റ്റുകളെക്കാൾ അധികം ഷൂട്ടിംഗ് കാണാൻ വന്നവരുമുണ്ടായിരുന്നു. എല്ലാവരും ഷൂട്ടിംഗ് സമയത്ത് സഹകരിക്കുകയും ചെയ്തു. പക്ഷെ എന്തൊക്കെ പറഞ്ഞാലും ആ ഒരു നിമിഷം എനിക്കിപ്പോഴും മറക്കാൻ കഴിയുകയില്ല.