'ചെറിയ ചതവാണെന്നാണ് ആദ്യം പറഞ്ഞത് പക്ഷേ...' ; 'ഫൈനല്‍സ്' ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെക്കുറിച്ച് രജിഷ വിജയന്‍

ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന സൈക്കിളിസ്റ്റായി രജിഷാ വിജയന്‍ വേഷമിടുന്ന ചിത്രമാണ് നവാഗതനായ പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനല്‍സ്. ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ആദ്യമായി സൈക്കിള്‍ ചവിട്ടാന്‍ താന്‍ പഠിച്ചതെന്ന് രജിഷ പറഞ്ഞു. ജീവിതത്തില്‍ സൈക്കിള്‍ ചവിട്ടിയിട്ടില്ല, സിനിമ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് ഒന്നരമാസം മുന്‍പാണ് സെക്കിള്‍ ചവിട്ടാന്‍ പഠിച്ചത്. നാല് വ്യത്യസ്ത സൈക്കിളുകള്‍ ഓടിച്ച് പഠിച്ചതിന് ശേഷമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന റേസിങ്ങ് സൈക്കിള്‍ ഓടിക്കുന്നതെന്നും രജിഷ പറഞ്ഞു.

ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ രജിഷയുടെ മുട്ടിന് പരുക്ക് പറ്റിയിരുന്നു. ആദ്യം പരുക്ക് ഗൗരവമല്ലെന്ന് കരുതിയെങ്കിലും പിന്നീട് ദിവസങ്ങള്‍ കഴിയവെ ഗുരുതരമാവുകയായിരുന്നു. 'ദ ക്യൂ'വിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രജിഷയുടെ പ്രതികരണം.

സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന സൈക്കിള്‍ ചവിട്ടുന്ന ഷോട്ടുകളില്‍ 70 ശതമാനവും ഞാന്‍ വീണ് കഴിഞ്ഞാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഷോട്ട് എടുത്തുകൊണ്ടിരിക്കെയായിരുന്നു വീണത്. അടുത്തുള്ള ആശുപത്രിയില്‍ ചെന്നപ്പോള്‍ ചെറിയ ചതവാണെന്നാണ് പറഞ്ഞത്, അതുകൊണ്ട് പെയിന്‍ കില്ലര്‍ കഴിച്ച് വീണ്ടും ഷൂട്ടിങ്ങ് തുടര്‍ന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും മുഖമെല്ലാം നിറം മാറി. അപ്പോഴാണ് എല്ലാവരും വേദനയുള്ള കാര്യം അറിയുന്നത്. ഷെഡ്യൂള്‍ ബ്രേക്കില്‍ കൊച്ചിയിലെത്തി പരിശോധിക്കുമ്പോഴാണ് മുട്ടില്‍ രണ്ട് ലിഗ്മന്റിന് തേയ്മാനം സംഭവിച്ചെന്നറിയുന്നത്. സര്‍ജറി മാത്രമാണ് പരിഹാരം. പക്ഷേ സര്‍ജറി ചെയ്താല്‍ പിന്നീട് ആറ് മാസത്തോളം വിശ്രമം ആവശ്യമാണ്, ഷൂട്ട് തീരാത്തതിനാല്‍ സ്വന്തം റിസ്‌കിലാണെന്നെല്ലാം പറഞ്ഞ് സമ്മതിപ്പിച്ചാണ് ബാക്കി ഷൂട്ടിങ്ങിന് പോകുന്നത്.

രജിഷ

പി ആര്‍ അരുണ്‍ തന്നെയാണ് ഫൈനല്‍സിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മണിയന്‍പിള്ള രാജുവും പ്രജീവ് സത്യവര്‍ത്തനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രജിഷയെ കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, നിരഞ്ജ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. സുദീപ് ഇളമണ്‍ ആണ് ക്യാമറ. ചിത്രം ഈ മാസം ആറിന് തിയ്യേറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in