സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമെന്ന മേനി പറയുന്ന ബ്രിട്ടന്റെ രാജസിംഹാസനത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്ന വ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞി. അങ്ങനൊരാള്‍ മരണപ്പെടുമ്പോള്‍ ലോകവ്യാപകമായി വൈകാരികമായി അനുശോചനം രേഖപ്പെടുത്തപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ കാലങ്ങളോളം ബ്രിട്ടന്‍ കോളനികളാക്കി ഭരിച്ച ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ക്വീന്‍ എലിസബത്തിന്റെ മരണത്തില്‍ അനുശോചനത്തില്‍ കവിഞ്ഞ കണ്ണീരും വാഴ്ത്ത് പാട്ടുകളും ഉയരുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം ചോദ്യം ചെയ്യപ്പെടുന്നത്.
മരണപ്പെട്ടു എന്നതുകൊണ്ട് മാത്രം ഒരാള്‍ ജീവിതത്തിലുടനീളം പിന്തുടര്‍ന്ന മനുഷ്യത്വ വിരുദ്ധ നയങ്ങളും നിലപാടുകളും നടപ്പാക്കലുകളും മറവിയിലേക്ക് തള്ളേണ്ടതുണ്ടോ. ഇത്രയും മഹനീയമായ വാഴ്ത്തുപാട്ടുകള്‍ ക്വീന്‍ എലിസബത്ത് അര്‍ഹിക്കുന്നുണ്ടോ.