ഭന്‍വാരിദേവി; മദര്‍ ഓഫ് മീടൂ മൂവ്‌മെന്റ്

ഭന്‍വാരിദേവി; മദര്‍ ഓഫ് മീടൂ മൂവ്‌മെന്റ്
Published on

വര്‍ഷം 1992. രാജസ്ഥാനിലെ ഭട്ടേരി ഗ്രാമത്തില്‍ ഒന്‍പത് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ വീട്ടുകാര്‍ കല്യാണം കഴിപ്പിക്കുന്നു. ഇതറിഞ്ഞ ഗ്രാമത്തിലെ ജില്ലാ വനിതാ വികസന ഏജന്‍സിയുടെ ചുമതലയുള്ള ഒരു സ്ത്രീ ഈ ശൈശവ വിവാഹത്തെ എതിര്‍ക്കുന്നു. എന്നാല്‍ വീട്ടുകാര്‍ ഒരു തരത്തിലും തീരുമാനത്തില്‍ നിന്ന് പുറകോട്ട പോകുന്നില്ല. ഒടുക്കം ആ സ്ത്രീ അവരുടെ ജോലിയുടെ ഭാഗം കൂടിയായി വിഷയം മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെ പോലീസ് ഇടപെട്ട് വിവാഹം തടഞ്ഞു. ഈ വിവാഹം നടത്താന്‍ തീരുമാനിച്ച കുടുംബം രാജസ്ഥാനിലെ അതി സമ്പന്നരും ഉയര്‍ന്ന ജാതിയുമായ ഗുര്‍ജാര്‍ വിഭാഗത്തില്‍ പെട്ടവരായിരുന്നു. വിവാഹം തടഞ്ഞ ആ ഉദ്യോഗസ്ഥ താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീയായിരുന്നു.

തൊട്ടടുത്ത ദിവസം ആ കുഞ്ഞിന്റെ പിതാവ് ഗ്രാമത്തിലെ നാല് സവര്‍ണ്ണ നേതാക്കളെ കൂട്ടി ആ സ്ത്രീ ജോലി ചെയ്യുന്ന സ്ഥലത്തെത്തി, ഭര്‍ത്താവിന്റെ മുന്നിലിട്ട് അവരെ കൂട്ടബലാത്സംഗം ചെയ്തു. ഇതോടെ ആ സ്ത്രീയെ നിശബ്ദയാക്കാമെന്നായിരുന്നു ഗുര്‍ജാര്‍ ജന്‍മിമാര്‍ കരുതിയത്. പക്ഷേ അവര്‍ തളര്‍ന്നില്ല. അവര്‍ പൊലീസില്‍ കേസ് കൊടുത്തു. എന്നാല്‍ നാട്ടിലെ പ്രമാണിമാര്‍ക്കെതിരെ പോലീസ് അനങ്ങിയില്ല. അവര്‍ കോടതിയില്‍ പോയി. അവിടെ നിന്നും അവര്‍ക്ക് ഏല്‍ക്കേണ്ടി വന്നത് അതിഭീകരമായ അപമാനമായിരുന്നു. എന്നാല്‍ നീതി നടപ്പിലാക്കേണ്ട നിയമവും നിയമപാലകരും ക്രിമിനലുകള്‍ക്കൊപ്പം നിന്നപ്പോഴും നാട്ടില്‍ പരസ്യമായി അപമാനിക്കപ്പെടുകയും ഭ്രഷ്ട് കല്‍പിക്കപ്പെട്ടപ്പോഴും തളരാതെ ആ സ്ത്രീ നീതി തേടി രാജ്യത്തിന്റെ പരമോന്നത നീതിപീഠം വരെയെത്തി. അവരുടെ നിയമ പോരാട്ടം സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ലൈംഗിക പീഡന സംരക്ഷണ നിയമങ്ങള്‍ക്ക് ജന്മം നല്‍കി. കൂടാതെ 1997 ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച തൊഴിലടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്ന വിശാഖ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങല്‍ലേക്ക് വഴിവെച്ചതും ആ സ്ത്രീയുടെ സന്ധിയില്ലാ സമരമായിരുന്നു.

ആണധികാര കേന്ദ്രങ്ങളുടെ അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാതെ പോരടിച്ച് രാജ്യത്തിന്റെ ചരിത്രത്തിലേക്ക് നടന്നുകയറിയ

ആ ധീരവനിതയുടെ പേരായിരുന്നു ഭന്‍വാരി ദേവി. മീ ടൂ മൂവ്‌മെന്റ് ഇന്ത്യയില്‍ ശക്തിയാര്‍ജ്ജിച്ചു വരുമ്പോള്‍, സകല മേഖലകളിലും നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ മുന്നോട്ട് വരുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ട പേരാണ് അവരുടേത്. കാരണം ഇന്ത്യയില്‍ മദര്‍ ഓഫ് മീ ടൂ മൂവ്‌മെന്റ് എന്ന് വിളിക്കാവുന്ന ഒരു സ്ത്രീയുണ്ടെങ്കില്‍ അതാണ് ചരിത്രത്തില്‍ ഭന്‍വാരി ദേവി. പറഞ്ഞുവരുമ്പോള്‍, രാജ്യത്ത് സ്ത്രീകള്‍ നേതൃത്വം നല്‍കിയ സമര പോരാട്ടങ്ങളുടെ ചരിത്രത്തില്‍ അതിശക്തമായ ഒരു ഒറ്റയാള്‍പോരാട്ടം തന്നെയായിരുന്നു അവരുടെ ജീവിതം.

രാജസ്ഥാനിലെ ഗ്രാമങ്ങളില്‍ 90കളിലും ശൈശവവിവാഹങ്ങള്‍ സ്വാഭാവിക സംഭവമായിരുന്നു. ജാതി വ്യവസ്ഥയും അതിഭീകരമാംവിധം കൊടികുത്തിവാഴുന്ന കാലമായിരുന്നു. 1992ല്‍ രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാര്‍ ശൈശവ വിവാഹത്തിന് എതിരെ ഒരു ക്യാംപെയ്ന്‍ നടത്താന്‍ തീരുമാനിച്ചു. വിവാഹത്തിന് അനുകൂല സമയമായി ഗ്രാമീണര്‍ വിശ്വസിച്ചിരുന്ന അഖാ തീജ് ഉത്സവത്തിന് മുമ്പുള്ള രണ്ടാഴ്ചകളിലാണ് സര്‍ക്കാര്‍ ഈ ക്യാംപെയ്ന്‍ നടത്തുന്നത്. കാരണം ഈ ഉത്സവകാലത്തായിരുന്നു ഗ്രാമങ്ങളില്‍ വ്യാപകമായി ശൈശവ വിവാഹങ്ങള്‍ നടന്നിരുന്നത്. ശൈശവ വിവാഹങ്ങള്‍ നടത്തരുതെന്ന് പ്രാദേശിക ഗ്രാമീണരെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ ക്യാംപെയ്‌ന്റെ ഉദ്ദേശം. ഇതിനായി ജില്ലാ വനിതാ വികസന ഏജന്‍സി തിരഞ്ഞെടുത്തത് ഭട്ടേരി ഗ്രാമത്തില്‍ താമസിച്ചിരുന്ന ഭന്‍വാരി ദേവിയെ ആയിരുന്നു. തന്റെ അഞ്ചാം വയസില്‍ 8 വയസുകാരനെ വിവാഹം കഴിച്ച ഭന്‍വാരിക്ക് ശൈശവ വിവാഹത്തിന്റെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലായിരുന്നു. അങ്ങനെ ആ ഉത്തരവാദിത്വം ഭന്‍വാരി ഏറ്റെടുത്തു.

ഭട്ടേരി ഗ്രാമത്തില്‍ ഭൂരിഭാഗവും സവര്‍ണ്ണ ജാതിയായ ഗുര്‍ജാര്‍ വിഭാഗത്തില്‍പെട്ട ജന്‍മിമാരായിരുന്നു. താഴ്ന്ന ജാതിയായി കണ്ടിരുന്ന കുംഹാര്‍ വിഭാത്തില്‍ നിന്നുള്ള ആളായിരുന്നു ഭന്‍വാരി ദേവി. ഭന്‍വാരിയുടെ നേതൃത്വത്തിലുള്ള ക്യാംപെയ്‌നെ ഗ്രാമവാസികള്‍ പൂര്‍ണ്ണമായും അവഗണിച്ചു. ഗ്രാമത്തലവന്‍ ഉള്‍പ്പടെയുള്ള പ്രാദേശിക നേതാക്കളുടെ കടുത്ത വിയോജിപ്പ് ഭന്‍വാരിക്ക് നേരിടേണ്ടി വന്നു. സാത്തിന്‍ എന്നതായിരുന്നു ഈ ക്യാംപെയ്‌നില്‍ ഭന്‍വാരിയുടെ സ്ഥാനം. ക്യാംപെയ്‌ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഗ്രാമത്തില്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു ഉത്തരവാദിത്വം. അങ്ങനെ തന്റെ ഗ്രാമത്തിലെ ഓരോ വീടുകളുടേയും വാതിലില്‍ ഭന്‍വാരി മുട്ടി. അവിടെയുള്ള സ്ത്രീകളെ ശുചിത്വത്തെ കുറിച്ചും കുടുംബാസൂത്രണത്തെ കുറിച്ചും ബോധവല്‍ക്കാന്‍ ശ്രമിച്ചു. ബാല വിവാഹത്തിനെതിരെയും ഭന്‍വാരി ദേവി ശക്തമായി സംസാരിച്ചു.

ഈ സമയത്താണ് ഗുര്‍ജാര്‍ വിഭാഗത്തിലെ ഒരു ജന്‍മി കുടുംബത്തില്‍ 9 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ വിവാഹം നടത്തുന്ന കാര്യം ഭന്‍വാരി അറിയുന്നത്. കുടുംബത്തെ ഈ തീരുമാനത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ എല്ലാ വിധത്തിലും ശ്രമിച്ചെങ്കിലും ഗുര്‍ജാര്‍ കുടുംബത്തിലെ തീരുമാനത്തില്‍ ഇടപെടാന്‍ ശ്രമിച്ച ഭന്‍വാരി അക്രമിക്കപ്പെട്ടു. ഗ്രാമം ഒന്നായി അവരെ ഒറ്റപ്പെടുത്തി. പക്ഷേ തന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഭന്‍വാരി ദേവി വിഷയം ഏജന്‍സിയില്‍ റിപ്പോര്‍ട്ട് ചെയ്തു. അവിടുന്ന് കളക്ടര്‍ ഓഫീസിലേക്കും പൊലീസിലേക്കും വിഷയം എത്തി. വിവാഹം പൊലീസ് തടഞ്ഞു.

വിഷയം വലിയ ചര്‍ച്ചയായി. ഗുര്‍ജാര്‍ കുടുംബത്തിലെ വിവാഹം താഴ്ന്ന ജാതിയില്‍ പെട്ട ഒരു പെണ്ണ് തടഞ്ഞത് ഗുര്‍ജാര്‍ സമൂഹത്തിന് അപമാനമാണെന്ന് ഗ്രാമത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. തൊട്ടടുത്ത ദിവസം ആ കുഞ്ഞിന്റെ പിതാവ് ഗ്രാമത്തിലെ നാല് സവര്‍ണ്ണ നേതാക്കളോടൊപ്പം ഭന്‍വാരി ദേവി ജോലി ചെയ്യുന്ന സ്ഥലത്തെത്തി. അവിടെയുണ്ടായിരുന്ന അവരുടെ ഭര്‍ത്താവിനെ പൊതിരെ തല്ലി അവശനാക്കി. രണ്ട് പേര്‍ ചേര്‍ന്ന് ഭന്‍വാരിയെ നിലത്ത് അമര്‍ത്തിപ്പിടിച്ചു. ബാക്കിയുള്ളവര്‍ അവരെ മാറി മാറി അതിക്രൂരമായി ബലാത്സംഗം ചെയ്തു. തൊട്ടടുത്ത ദിവസം ആ കുഞ്ഞിന്റെ വിവാഹം അവര്‍ നടത്തി. ഒരു പൊലീസും മിണ്ടിയില്ല. ശരിക്കും അതൊരു മുന്നറിയിപ്പായിരുന്നു. അതിസമ്പന്നരും ജാതിയില്‍ ഉയര്‍ന്നവരുമായ ഗുര്‍ജാര്‍ വിഭാഗത്തിന് എതിരെ ശബ്ദമുയര്‍ത്താനോ ചോദ്യം ചെയ്യാനോ ഇനി ഒരാളും മുന്നോട്ട് വരരുത് എന്ന അധികാരത്തിന്റെ സ്വരമുണ്ടായിരുന്നു ആ ക്രൂരകൃത്യത്തിന്.

1992 സെപ്തംബര്‍ 25-ന് രാജസ്ഥാനിലെ പ്രധാന പ്രാദേശിക ദിനപത്രമായ രാജസ്ഥാന്‍ പത്രിക ബത്തേരി ഗ്രാമത്തില്‍ നിന്നുള്ള ഒരു സ്ത്രീ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു എന്ന ഒരു ചെറിയ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇതിനെ തുടര്‍ന്ന് നിരവധി പ്രാദേശിക ഹിന്ദി ദിനപത്രങ്ങളും ദേശീയ ദിനപത്രങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 2-ന് രാജസ്ഥാന്‍ പത്രിക സംഭവത്തെ അപലപിച്ചുകൊണ്ട് ക്രൂരമായ സംഭവം എന്ന തലക്കെട്ടോടെ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചു. ഇതോടെ ജയ്പൂര്‍ ആസ്ഥാനമായുള്ള നിരവധി വനിതാ ഗ്രൂപ്പുകളും സാമൂഹിക സംഘടനകളും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തുവന്നു.

എന്നാല്‍ ഭന്‍വാരിയെ കൂട്ടബലാത്സംഗം ചെയ്തവരും അവരുടെ സംഘടനകളുമൊക്കെ ചേര്‍ന്ന് ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നും ഭന്‍വാരി ദേവി നുണ പറയുകകയാണെന്നും നാട്ടില്‍ പ്രചരിപ്പിച്ചു. സംഭവം കയ്യില്‍ നിന്ന് പോകുമെന്ന് തോന്നിയപ്പോള്‍ പരാതി പിന്‍വലിക്കാന്‍ അവര്‍ ഭന്‍വാരിക്ക് വലിയ തുക വാഗ്ദാനം ചെയ്തു. അവര്‍ അത് നിരസിച്ചതോടെ അവര്‍ക്കെതിരെ വലിയ രീതിയിലുള്ള അപവാദ പ്രചരണങ്ങള്‍ ഗുര്‍ജാറുകള്‍ അഴിച്ചുവിട്ടു. ഭന്‍വാരി ദേവിയെ തളര്‍ത്താന്‍ എന്നിട്ടും അവര്‍ക്ക് കഴിഞ്ഞില്ല. ഭന്‍വാരി ദേവി കേസ് കൊടുത്തു. പക്ഷെ, ബലാത്സംഗ കുറ്റത്തിന് കേസെടുക്കാന്‍ തയ്യാറാവാത്ത പൊലീസ് അവരെ ഉപദ്രവിച്ചു എന്ന കുറ്റം മാത്രം ആ ക്രിമിനലുകള്‍ക്ക് മേല്‍ ചുമത്തി. ഭന്‍വാരി ദേവിക്ക് നാട്ടില്‍ ഭ്രഷ്ട് കല്‍പിക്കപ്പെട്ടു. സമൂഹ മധ്യത്തില്‍ ഗുര്‍ജാറുകള്‍ അവരെ കൂട്ടം ചേര്‍ന്ന അപമാനിച്ചു. പക്ഷേ അവര്‍ തളര്‍ന്നില്ല. നിയമത്തിന്റെ വഴിയിലൂടെ അവര്‍ പോരാട്ടം തുടര്‍ന്നു.

പൊലീസ് ബലാത്സംഗ കുറ്റം ചുമത്താന്‍ തയ്യാറായില്ലെങ്കിലും, 1993 -ല്‍ കോടതി കുറ്റക്കാര്‍ക്ക് ജാമ്യം നിഷേധിക്കുകയും, ശൈശവ വിവാഹത്തെ എതിര്‍ത്തതിനുള്ള പ്രതികാരമെന്നോണമാണ് ഭന്‍വാരി ദേവിയെ ബലാത്സംഗം ചെയ്തതെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു. പക്ഷെ, രാജസ്ഥാനിലെ കോടതി ഈ കേസ് നീട്ടിക്കൊണ്ടുപോവുകയാണുണ്ടായത്. ചെറിയ ചെറിയ കുറ്റങ്ങള്‍ മാത്രമാണ് ഗുര്‍ജാര്‍ വിഭാഗത്തില്‍പെട്ട ക്രിമിനലുകള്‍ക്കെതിരെ ചുമത്തിയത്. ഇതിനേക്കാളൊക്കെ ഞെട്ടിക്കുന്ന സംഭവമുണ്ടായത് ഹൈക്കോടതിയില്‍ വെച്ചാണ്. ഹൈക്കോടതി ജഡ്ജി പറഞ്ഞത് ഭന്‍വാരി ദേവി പീഡിപ്പിക്കപ്പെട്ടു എന്ന് വിശ്വസിക്കാനാകുന്നില്ല എന്നായിരുന്നു. അതിന് അദ്ധേഹം പറഞ്ഞ കാരണം അത്രയും വിചിത്രവും ക്രൂരവുമായിരുന്നു. ജഡ്ജിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഉന്നത ജാതിയില്‍ പെട്ട ആ പുരുഷന്മാര്‍ താഴ്ന്ന ജാതിയില്‍ പെട്ട ഭന്‍വാരി ദേവിയെ പീഡിപ്പിക്കരുതായിരുന്നു. കാരണം, താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീയെ പീഡിപ്പിക്കുന്നതിലൂടെ ഉന്നത ജാതിയില്‍ പെട്ടവര്‍ അശുദ്ധരാകും. ജോലിസ്ഥലത്ത് വെച്ച് ഏല്‍ക്കേണ്ടി വന്ന ശാരീരികാതിക്രമത്തേക്കാള്‍ ഭീകരമായിരുന്നു നമ്മുടെ നിയമസംവിധാനങ്ങളില്‍ നിന്ന് ഭന്‍വാരി ദേവിക്ക് ഏല്‍ക്കേണ്ടി വന്ന അപമാനം.

അങ്ങനെ ഭന്‍വാരി ദേവി കേസ് സുപ്രീം കോടതിയിലെത്തി. അന്നാണ് തൊഴിലുമായി ബന്ധപ്പെട്ട് നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള ചര്‍ച്ച ആദ്യമായി നീതിപീഠത്തിന് മുന്നില്‍ എത്തുന്നത്. ഇതോടെയാണ് ലൈംഗിക പീഡന കേസുകളില്‍ പിന്തുടരാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളായ വിശാഖ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി പ്രഖ്യാപിക്കുന്നത്. 2013 ല്‍ സ്ത്രീകളുടെ ലൈംഗിക പീഡനം തടയല്‍ നിയമം പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ 26 വര്‍ഷങ്ങളായി ഭന്‍വാരി ദേവി നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ്. തനിക്ക് നിഷേധിക്കപ്പെട്ട നീതി ഇന്ത്യയിലെ തന്റെ സഹോദരിമാര്‍ക്കെങ്കിലും കിട്ടണം എന്നത് മാത്രമാണ് അവരുടെ ആവശ്യം. ഐക്യരാഷ്ട്രസഭയുടെ ബെയ്ജിങ്ങില്‍ നടന്ന നാലാം വനിതാ സമ്മേളനത്തില്‍ ഭന്‍വാരി ദേവി പങ്കെടുത്തിരുന്നു. 1994-ല്‍ അവരുടെ സ്ത്രീ പക്ഷ പോരാട്ടങ്ങള്‍ക്കായി നീര്‍ജ ഭാനോട്ട് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 2014 ല്‍ ഭന്‍വാരി ദേവി കേരളത്തില്‍ വന്നിരുന്നു. അന്ന് കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭന്‍വാരി ദേവി മുഖ്യ പ്രഭാഷണം നടത്തി.

ഭന്‍വാരി ദേവി ഒരു പ്രതീകമാണ്. സ്ത്രീകളെ ലൈംഗികമായ അടിച്ചമര്‍ത്തലുകളിലൂടെ നിശബ്ദമാക്കാമെന്ന് കാലങ്ങളായി വിശ്വസിച്ചുപോന്നിരുന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലെ ആണ്‍ കൂട്ടത്തിന് നേരേ ആദ്യമായി ഉയര്‍ന്ന വെല്ലുവിളിയുടെ പേരുകൂടിയാണ് ചരിത്രത്തില്‍ ഭന്‍വാരി ദേവിയുടേത്. തൊഴിലിടങ്ങളിലും പൊതുഇടങ്ങളിലും യാത്രകളിലുമൊക്കെ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്ക് അത് തുറന്നു പറയാനുള്ള ധൈര്യം പകരുന്ന മീ ടൂ പോലുള്ള മുവ്‌മെന്റുകള്‍ ഉയര്‍ന്നുവരുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ട പേര് കൂടിയാണ് ഭന്‍വാരി ദേവിയുടേത്.

Related Stories

No stories found.
logo
The Cue
www.thecue.in