1991 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിലെ പ്രസംഗവേദിയിലേക്ക് നടന്നുവരുന്നു. ജനങ്ങളുടെ ആവേശത്തിരയില്‍ സുരക്ഷാ മതിലുകള്‍ അലിഞ്ഞില്ലാതായി. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക ലതാ കണ്ണന്റെ മകള്‍ കോകിലവാണി ഹിന്ദിയില്‍ കവിത ചൊല്ലിയപ്പോള്‍ അത് കേള്‍ക്കാന്‍ ഒരു നിമിഷം രാജീവ് അവിടെ നിന്നു. ആ സമയം കൈയിലൊരു പൂമാലയുമായി അവിടെ കാത്തു നിന്ന ഒരു പെണ്‍കുട്ടി രാജീവിനടുത്തെത്തി. തേന്‍മൊഴി രാജരത്‌നം എന്ന തനു. കയ്യിലെ പൂമാല രാജീവ് ഗാന്ധിയുടെ കഴുത്തിലണിയിച്ച ആ പെണ്‍കുട്ടി അനുഗ്രഹം വാങ്ങാനെന്ന പോലെ അദ്ദേഹത്തിന്റെ കാലില്‍ തൊട്ടു. ഇതേ സമയം അരയില്‍ കെട്ടിവെച്ചിരുന്ന ബെല്‍റ്റ് ബോംബിന്റെ ബട്ടണ്‍ അമര്‍ത്തി. ഒറ്റ നിമിഷംകൊണ്ട് തനുവും രാജീവ് ഗാന്ധിയും കോകിലവാണിയുമടക്കം 14 മനുഷ്യര്‍ പൊട്ടിച്ചിതറി. രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി, കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ്, ഇന്ദിരയുടെ പ്രിയ പുത്രന്‍ കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് രാജ്യം നടുങ്ങിയ ആ ദിവസങ്ങളില്‍ ഒന്നില്‍ തമിഴ്‌നാട്ടിലെ വെല്ലൂരിലെ അര്‍പുതമ്മാളിന്റെ വീട്ടിലേക്ക് കുറച്ച് പൊലീസുകാരെത്തി. അര്‍പുതമ്മാളിന്റെ മകന്‍ പേരറിവാളന്‍ എവിടെയാണ്, അയാള്‍ എന്തു ചെയ്യുന്നു എന്നതൊക്കെയായിരുന്നു പൊലീസിന്റെ ചോദ്യം.
അറിവ് ഇലക്ട്രോണിക്സ് ആന്‍ഡ് എന്‍ജിനീയറിങ് ഡിപ്ലോമ കഴിഞ്ഞ് ചെന്നൈയില്‍ ജോലിക്ക് പോയിരിക്കുകയാണെന്ന് അര്‍പുതമ്മാള്‍ പൊലീസുകാരോട് പറയുന്നു. ഒരു കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ അറിവിനെ ചെന്നൈയിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസില്‍ എത്തിക്കാന്‍ ഈ പൊലീസുകാര്‍ അര്‍പുതമ്മാളിനോട് പറഞ്ഞു. പൊലീസ് പറഞ്ഞതനുസരിച്ച് അര്‍പുതമ്മാള്‍ ചെന്നൈയില്‍ എത്തി അറിവിനെയും കൂട്ടി അന്വേഷണ സംഘത്തിന് മുന്നിലെത്തി. ഓഫീസര്‍മാര്‍ക്ക് അറിയേണ്ട കാര്യങ്ങളൊക്കെ പറഞ്ഞ ശേഷം മകനെയും കൂട്ടി നാട്ടിലേക്ക് മടങ്ങാം എന്നതായിരുന്നു അര്‍പുതമ്മാളിന്റെ പ്രതീക്ഷ. എന്നാല്‍ മകനെ അടുത്ത ദിവസം വിട്ടയക്കാമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ അര്‍പുതമ്മാളിനെ മടക്കി. പക്ഷേ അപ്പോള്‍ ആ അമ്മ അറിഞ്ഞിരുന്നില്ല, 19 വയസ് മാത്രം പ്രായമുള്ള പേരറിവാളന്‍ എന്ന തന്റെ പ്രിയപ്പെട്ട അറിവിനെ പിടിച്ചുകൊണ്ടുപോയത് രാജ്യത്തെ നടുക്കിയ രാജീവ് ഗാന്ധി വധക്കേസിലാണെന്ന്.