ഗ്രൂപ്പ് പോരാട്ടം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുക്കുമ്പോള്‍; കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ചരിത്രം | Watch

ഗ്രൂപ്പ് പോരാട്ടം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുക്കുമ്പോള്‍; കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ചരിത്രം | Watch
Published on

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനം മാറ്റിയ ആന്റണി പിന്നീട് കേരള രാഷ്ട്രീയത്തില്‍ സജീവമായില്ല. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏല്‍പ്പിച്ച ആഘാതം കരുണാകരന്റെ പ്രസക്തിയും വിലപേശല്‍ ശക്തിയും ഗണ്യമായി കുറച്ചു. പരസ്പരം പോരാടിക്കൊണ്ടിരിക്കുമ്പോഴും തങ്ങള്‍ പരസ്പരപൂരകങ്ങളാണെന്ന ബോധ്യം ഇരുവര്‍ക്കും ഉണ്ടായിരുന്നു. സ്വന്തം അസ്തിത്വം തന്നെ നിര്‍വ്വചിക്കപ്പെടുന്നത് അപരന്റെ സ്വഭാവ സവിശേഷതകളുമായി താരതമ്യം ചെയ്തിട്ടാണെന്ന തിരിച്ചറിവും അവര്‍ക്കുണ്ടായിരുന്നു.

കരുണാകരന്റെ ഭക്തന്മാര്‍, അദ്ദേഹത്തെ ഏത് ആപത്‌സന്ധിയിലും സഹായിക്കുന്ന ആശ്രിതവത്സലനായും ആന്റണിയെ ആര്‍ക്കും ഒരു സഹായവും ചെയ്യാത്ത നിര്‍ഗുണ പരബ്രഹ്‌മമായും വിശേഷിപ്പിച്ചു. മറുഭാഗത്ത് ആന്റണി അനുയായികളാവട്ടെ, അദ്ദേഹത്തെ ആദര്‍ശത്തിന്റെ ആള്‍രൂപമായും കരുണാകരനെ അധികാര പ്രമത്തതയുടെ സ്വേച്ഛാധിപത്യത്തിന്റെയും അഴിമതിയുടെയും പ്രതീകമായും കണ്ടു.

ഗ്രൂപ്പ് പോരാട്ടം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുക്കുമ്പോള്‍; കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ചരിത്രം | Watch
കരുണാകരനും ആന്റണിയും നേര്‍ക്കുനേര്‍ പൊരുതിയ ഗ്രൂപ്പ് പോരുകാലം; കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്‍റെ ചരിത്രം

വിരുദ്ധ സ്വഭാവങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നതുകൊണ്ട് ഇരുവര്‍ക്കും പാര്‍ട്ടിക്കുള്ളില്‍ ഇടം ഉണ്ടായിരുന്നു. രണ്ടുപേരും വ്യത്യസ്തമായ സാമൂഹിക വിഭാഗങ്ങളെയാണ് ആകര്‍ഷിച്ചത് എന്നതുകൊണ്ട് ഇവരുടെ വൈജാത്യങ്ങള്‍ കോണ്‍ഗ്രസിന് കരുത്തായി മാറി. ആന്റണി ആദര്‍ശവാദികളെ ആകര്‍ഷിച്ചപ്പോള്‍ കരുണാകരന്‍ പ്രായോഗിക വാദികള്‍ക്ക് പ്രിയങ്കരനായിരുന്നു. സവര്‍ണ ഹിന്ദു സമുദായങ്ങള്‍ കരുണാകരനെ അവരുടെ നേതാവായി കണ്ടു. ആന്റണിയുടെ അനുയായികള്‍ കൂടുതലും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നായിരുന്നു. പരസ്പരം മാരകമായി പരുക്കേല്‍പ്പിക്കാതിരിക്കാനും നിര്‍ണായക ഘട്ടങ്ങളില്‍ അന്യോന്യം സഹായിക്കാനും കരുണാകരനും ആന്റണിയും എന്നും ശ്രദ്ധിച്ചിരുന്നു. നമ്മളിലൊരാളിന്റെ നിദ്രയ്ക്ക്, മറ്റൊയാള്‍ കണ്ണിമ ചിമ്മാതെ കാവല്‍ നിന്നിടേണം എന്ന ബോധ്യത്തോടെ ഇരുവരും പ്രവര്‍ത്തിച്ചു.

ഗ്രൂപ്പ് പോരാട്ടം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുക്കുമ്പോള്‍; കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ചരിത്രം | Watch
കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ പിറവിയും വളര്‍ച്ചയും; ഗ്രൂപ്പ് വഴക്കിന്റെ ചരിത്രം

ആന്റണി മാറി ഉമ്മന്‍ചാണ്ടി വന്നതോടെ ചിത്രമാകെ മാറി. ആന്റണി കരുണാകരനോട് കാണിച്ച കരുണയൊന്നും ഉമ്മന്‍ചാണ്ടി കാട്ടിയില്ല. പാര്‍ട്ടി വിടുമെന്ന ഭീഷണി മുഴക്കിക്കൊണ്ടിരുന്ന കരുണാകരനെയും മുരളിയെയും അദ്ദേഹം തടഞ്ഞില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് ഇരുവര്‍ക്കും ചെയ്യാവുന്ന അപകടം പുറത്തുനിന്ന് ചെയ്യാന്‍ കഴിയില്ലെന്ന വിശ്വസമായിരുന്നു ഉമ്മന്‍ചാണ്ടിക്ക്. ഗത്യന്തരമില്ലാതെ കരുണാകരനും മുരളിക്കും കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കേണ്ടിവന്നു.

ഗ്രൂപ്പ് പോരാട്ടം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുക്കുമ്പോള്‍; കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ചരിത്രം | Watch
കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരുകളുടെ ചരിത്രം

കരുണാകരനും സംഘവും പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസിനുള്ളില്‍ എ ഗ്രൂപ്പിന്റെ ആധിപത്യമായി. അവരെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി പിടിച്ചെടുക്കുക എന്ന മുപ്പത് വര്‍ഷം നീണ്ടുനിന്ന ഒരു പ്രോജക്ടിന്റെ വിജയകരമായ പരിസമാപ്തിയായിരുന്നു അത്. ഈ ഘട്ടത്തിലാണ് രമേശ് ചെന്നിത്തല കെസിപിസിസി പ്രസിഡന്റാവുന്നത്. 2006ലെ തെരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവുമായി. ചിന്നിച്ചിതറിക്കിടന്ന ഐ ഗ്രൂപ്പുകാരെ സംഘടിപ്പിച്ച് രമേശ് വിശാല ഐ ഗ്രൂപ്പ് എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി. എ ഗ്രൂപ്പിന്റെ സര്‍വാധിപത്യത്തെ ചെറുക്കാന്‍ ശ്രമിച്ചു. എ ഗ്രുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിായത്തവരെല്ലാം രമേശ് ചെന്നിത്തലയോടൊപ്പം ചേര്‍ന്നു.

അങ്ങനെ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ എ, ഐ ഗ്രൂപ്പുകളുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന രണ്ട് വിഭാഗങ്ങള്‍ കോണ്‍ഗ്രസില്‍ നിലവില്‍വന്നു. രണ്ട് ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുമ്പോഴും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ തികഞ്ഞ പ്രവര്‍ത്തന ഐക്യമുണ്ടായിരുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും രണ്ട് പാര്‍ട്ടി എന്ന തലത്തിലേക്ക് പോയില്ല. കരുണാകരനും മുരളിയും കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയെങ്കിലും അവര്‍ക്ക് പഴയ പ്രതാപത്തിന്റെ നിഴല്‍ പോലുമാകാന്‍ കഴിഞ്ഞില്ല.

2011ലെ തെരഞ്ഞെടുപ്പോടു കൂടിയാണ് ഗ്രൂപ്പുകള്‍ വീണ്ടും സജീവമാകുന്നത്. കെപിസിസി പ്രസിഡന്റായ രമേശ് ചെന്നിത്തല നിയമസഭയിലേക്ക് മത്സരിച്ചു. തന്റെ അനുയായികള്‍ക്കെല്ലാം സീറ്റ് നേടിക്കൊടുക്കാനും രമേശിന് കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു ശ്രമം നടത്തുക എന്നത് തന്നെയായിരുന്നു രമേശിന്റെ ലക്ഷ്യം. പക്ഷെ ഫലം വന്നപ്പോള്‍ നേരിയ ഭൂരിപക്ഷം മാത്രം ലഭിച്ചത് രമേശിന്റെ സാധ്യതകളെ ഇല്ലാതാക്കി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാന്‍ രമേശ് തയ്യാറായിരുന്നു. പക്ഷേ രമേശിന് ആഭ്യന്തരമോ ധനകാര്യമോ പോലുള്ള പ്രധാന വകുപ്പുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തര്‍ ശാഠ്യം പിടിച്ചു. അതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി.

പക്ഷെ സോളാര്‍ വിവാദം ഉയര്‍ന്നതോടെ രമേശിന് ആഭ്യന്തരം നല്‍കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായി. 2016ലെ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല പാര്‍ട്ടിയിലും കുടുതല്‍ ശക്തനായി. ആരോഗ്യപരമായ കാരണത്താല്‍ ഉമ്മന്‍ചാണ്ടി സജീവമല്ലാതായപ്പോള്‍ എ ഗ്രൂപ്പിനുള്ളില്‍ വിള്ളലുകള്‍ വീണു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനായി അദ്ദേഹത്തെ ചെയര്‍മാനാക്കി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു. ഇങ്ങനെ കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല ദന്ദ്വങ്ങളിലേക്ക് നീങ്ങിയ സാഹചര്യത്തിലായിരുന്നു 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്.

തുടര്‍ച്ചയായ രണ്ടാം പരാജയം എല്ലാ കണക്കുകൂട്ടലുകളെയും അപ്രസക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു. പുതിയൊരു നേതൃത്വം ഉരുത്തിരിഞ്ഞു വരുന്നതിനെ തടയുക എന്നതായിരുന്നു ഇരുവരുടെയും പൊതുലക്ഷ്യം. അതിനുവേണ്ടി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃത്വ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ നിര്‍ദേശിച്ചു. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ആന്റണി കരുണാകരനെ പിന്തുണക്കുന്നത് പോലെയുള്ള ഒരു നീക്കമായിരുന്നു അത്. പക്ഷേ പ്രയോജനപ്പെട്ടില്ല. ഹൈക്കമാന്‍ഡ് ഇടപെട്ട് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കി. ഇരു ഗ്രൂപ്പിലും പെടാത്ത കെ.സുധാകരനെ കെപിസിസി പ്രസിഡന്റുമാക്കി.

അതോടെ 50 വര്‍ഷക്കാലം കോണ്‍ഗ്രസിനുള്ളില്‍ നിലനിന്നിരുന്ന എ-ഐ എന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍ അവസാനിച്ചു. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പ് പൂര്‍ണ്ണമായി ശിഥിലമാവുകയും ചെയ്തു. മുകള്‍ത്തട്ടുമുതല്‍ ബൂത്ത് തലം വരെ ഗ്രൂപ്പിനോട് വിശ്വസ്തതയും വിധേയത്വവുമുള്ള ആളുകളുടെ സംഘടനാ രൂപമായിരുന്നു ഗ്രൂപ്പുകള്‍. ഗ്രൂപ്പ് നേതൃത്വം ഒരു സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ തീരുമാനമെടുത്താല്‍ ബൂത്ത് തലത്തില്‍ അതിനുവേണ്ടിയുള്ള പ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന സംവിധാനമായിരുന്നു എ, ഐ ഗ്രുപ്പുകള്‍. തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കു ശേഷം അത്തരം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മാനസികാവസ്ഥയിലല്ല ഇപ്പോള്‍ പ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെ കേന്ദ്രീകൃതമായ നിയന്ത്രണമുള്ള ഗ്രൂപ്പ് സംവിധാനങ്ങള്‍ പ്രതിപക്ഷത്തിരിക്കെ അടിസ്ഥാനതലം വരെ വളര്‍ത്തിയെടുക്കാന്‍ കഴിയില്ല. ഇനി അധികാരം ലഭിച്ചാല്‍ മാത്രമേ അതിന്റെ ഗുണഫലങ്ങള്‍ വിതരണം ചെയ്തുകൊണ്ട് അത്തരം സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുകയുള്ളൂ.

ഇപ്പോഴുള്ള തര്‍ക്കങ്ങള്‍ പാര്‍ട്ടിയില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തിലുപരി വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ആണ്. പാര്‍ട്ടിയിലെ സ്വാധീനം വര്‍ധിപ്പിച്ച് ഏതെങ്കിലും സ്ഥാനം നേടാം എന്ന ധാരണ ആര്‍ക്കുമുണ്ടാകാന്‍ സാധ്യതയില്ല. കേരളത്തില്‍ ഗാന്ധികുടുംബത്തിന്റെ സാന്നിധ്യമുള്ളതുകൊണ്ട് ഏതെങ്കിലും രീതിയില്‍ പരിധിവിടുന്ന ഗ്രൂപ്പ് പ്രവര്‍ത്തനം നടത്താന്‍ ആരും തയ്യാറാവില്ല. മാത്രവുമല്ല കെ.സി. വേണുഗാപാലിന്റെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി കേരള വിഷയങ്ങളില്‍ ഒരു തീരുമാനവും ഉണ്ടാവില്ല എന്നും എല്ലാവര്‍ക്കും അറിയാം.

പക്ഷെ, ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങള്‍ സംഘടനാ തലത്തില്‍ സാമുദായിക സന്തുലനം ആവശ്യമാണെന്ന വാദത്തിലെത്തിയേക്കാം. ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉറപ്പാക്കുന്ന നടപടികള്‍ ഉണ്ടാകാം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പുകളുടെ പഴയ രൂപങ്ങള്‍ 2021ല്‍ അവസാനിച്ചു. പുതിയ രൂപങ്ങള്‍ ഇനിയും ഉരുത്തിരിഞ്ഞു വന്നിട്ടില്ല. ഇടവേള ഇപ്പോഴും നീളുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in