ബസില്‍ വെച്ച് ഉണ്ടായത് ഭീകരമായ അനുഭവം: മാല പാര്‍വതി അഭിമുഖം
ആ രാത്രി ഒറ്റയ്ക്ക് നടക്കാന്‍ ഇറങ്ങിയപ്പോള്‍, ഞാന്‍ ആകെ വിറച്ച് പോയി
2005ലാണ് മനോരമ പത്രവുമായി ഞാന്‍ 'രാത്രി ഒരു സ്ത്രീ ഇറങ്ങി നടന്നാല്‍ എന്ത് സംഭവിക്കുമെന്ന' പരീക്ഷണം നടത്തുന്നത്. അതിന് കാരണമായത് എനിക്ക് ബസില്‍ വെച്ച് ഉണ്ടായ മോശം അനുഭവമാണ്.
പാലക്കാട് ഒരു വിവാഹത്തിന് പോയി തിരിച്ചു വരുമ്പോള്‍ സാധാരണ ബസിലാണ് കയറിയത്. പിറ്റേ ദിവസം ആങ്കറിങ്ങ് ഉണ്ടായിരുന്നു. രാവിലെ ലൈവ് ഷോയാണ്. അതുകൊണ്ട് എങ്ങനെയെങ്കിലും രാത്രി തന്നെ തിരുവനന്തപുരം എത്തണം. അങ്ങനെ ഉച്ഛയ്ക്ക് ഒന്നര മണിക്കാണ് പാലക്കാട് നിന്ന് ബസ് കയറിയത്. അങ്കമാലി എത്തിയപ്പോള്‍ മറ്റൊരു ബസ് ബ്രേക്ക് ഡൗണ്‍ ആയതുകൊണ്ട് അതിലെ യാത്രക്കാര്‍ മുഴുവന്‍ ഞാന്‍ യാത്ര ചെയ്യുന്ന ബസില്‍ കയറി. ഞാന്‍ ഏറ്റവും പിന്നിലായാണ് ഇരുന്നിരുന്നത്. പിന്നീട് എന്തൊക്കെയാണ് എന്റെ ശരീരത്തില്‍ സംഭവിച്ചതെന്ന് എനിക്ക് തന്നെ അറിയില്ല. മൂന്ന് പേരുള്ള സീറ്റില്‍ ഞാന്‍ അനങ്ങാന്‍ കഴിയാതെ താഴ്ന്ന് ഇരിക്കുകയായിരുന്നു. എന്നെ പിച്ചുകയും നുള്ളുകയും ഒക്കെ ചെയ്തു. എന്റെ ഷോള്‍ എല്ലാം മുഴുവനായി നനഞ്ഞ് ഇരിക്കുകയായിരുന്നു. പക്ഷെ തിരിഞ്ഞ് നോക്കിയാല്‍ ആരെയും കാണില്ല. ബാഗ് രണ്ട് കൈ കൊണ്ടും പിടിച്ച് ഇരിക്കുന്നത് കൊണ്ട് എന്റെ മുന്‍വശത്തേക്ക് ഉപദ്രവം ഉണ്ടായില്ല. അവസാനം ഞാന്‍ കണ്ടക്ടറോട് കാര്യം പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞത്, 'ടിവിയില്‍ വരുന്നവരൊക്കെ ബസില്‍ വലിഞ്ഞു കയറിയിട്ട് ഇനി ഞാന്‍ എന്ത് ചെയ്യാനാണ്' എന്നായിരുന്നു. എന്റെ കൂടെ ഇരിക്കുന്ന സ്ത്രീ ചോദിച്ചു 'ബസില്‍ കയറി ശീലമില്ലല്ലേ' എന്ന്. അവര്‍ ഇറങ്ങാരായി അതുകൊണ്ട് മുന്നിലെ സീറ്റില്‍ പോയി ഇരിക്കാന്‍ പറഞ്ഞു.
അങ്ങനെ ഞാന്‍ മുന്നിലെ സീറ്റില്‍ ഇരുന്നു. എന്റെ ഫോണ്‍ ആണെങ്കില്‍ സ്വിച്ച് ഓഫ് ആകാനായിരുന്നു. പിന്നെ അവരുടെ ഇടയില്‍ നിന്ന് ഫോണ്‍ എടുക്കാന്‍ നിവര്‍ന്ന് ഇരിക്കാന്‍ പോലും എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. അവസാനം അടുത്തിരിക്കുന്ന കുട്ടിയുടെ ഫോണില്‍ നിന്ന് ഭര്‍ത്താവിനെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ ഭര്‍ത്താവ് ആറ്റിങ്ങല്‍ വന്ന് നിന്നു. ബസിലെ അവസാന പെണ്‍കുട്ടി ഇറങ്ങിയപ്പോള്‍ ഞാനും ഒപ്പം ഇറങ്ങി. ഞാന്‍ ചെന്ന് കരഞ്ഞ് എന്റെ ഷോളും ഉടുപ്പും എല്ലാം കത്തിച്ചു കളഞ്ഞു. അത് ഭീകരമായൊരു അവസ്ഥയായിരുന്നു.
ആ സംഭവത്തിന് ശേഷമാണ് മനോരമയുമായി എക്‌സ്പിരിമെന്റ് ചെയ്യുന്നത്. എംഎസ്എലില്‍ ജോലി ചെയ്യുന്ന സമയത്ത് മനോരമയില്‍ ഒരു പ്രസ് റിലീസ് കൊടുക്കാന്‍ വേണ്ടി പോയിരുന്നു. എന്നോട് എന്തോ സംസാരിക്കാനുള്ളതുകൊണ്ട് രണ്ട് മിനിറ്റ് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. പക്ഷെ ഞാന്‍ പെട്ടന്ന് പോകണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ ബാക്കി ആരും രാത്രി പുറത്തിറങ്ങി നടക്കുന്നില്ലേ, 'നിങ്ങള്‍ കുറച്ച് കൊച്ചമ്മമാര്‍ക്ക് മാത്രം എന്താണ് പ്രശ്‌നം' എന്ന രീതിയില്‍ സംസാരിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, 'സ്ത്രീകള്‍ ഒറ്റക്ക് രാത്രി ഇറങ്ങി നടന്നാല്‍ അവരെ വേശ്യകളായാണ് ആളുകള്‍ കാണുന്നത്' എന്ന്. ഞാന്‍ അത് തെളിയിച്ച് തരാമെന്നും പറഞ്ഞിരുന്നു. ആ സംസാരിത്തെ തുടര്‍ന്നാണ് 2005ല്‍ ആ എക്‌സ്പിരിമെന്റ് ചെയ്തത്.
രാത്രി എട്ട് മണിക്ക് ഇറങ്ങി നടന്നിട്ട് പോലും.....
രാത്രി എട്ട് മണി തൊട്ടാണ് ഞങ്ങള്‍ നടന്നത്. പത്രത്തില്‍ എഴുതി വന്നപ്പോള്‍ അവര്‍ 12 മണി എന്ന് എഴുതിയതാണ്. എട്ട് മണിക്ക് നടന്നിട്ട് പോലും ആളുകള്‍ വന്നു. അവസാനം അവര്‍ക്ക് തന്നെ പേടിയാകാന്‍ തുടങ്ങി. സ്വര്‍ണ്ണമാല ഇട്ടിട്ടുണ്ടോ എന്ന് ചോദിച്ചു ആളുകള്‍ എന്റെ അടുത്തേക്ക് വരുന്നത് കണ്ടിട്ട്. സ്വര്‍ണ്ണമാലയല്ലല്ലോ വിഷയം ഞാന്‍ ഉണ്ടല്ലോ. മാല പൊയ്‌ക്കോട്ടേ എനിക്ക് മാല പ്രശ്‌നമല്ല. അത് കഴിഞ്ഞ് ഞാന്‍ ഗാന്ധി പാര്‍ക്കില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ ഒരാള്‍ വന്ന് എന്റെ കയ്യില്‍ പിടിച്ച് വലിച്ചു. ഓട്ടോ വെയിറ്റ് ചെയ്യുന്നു വാ എന്ന്. എന്റെ കയ്യും കാലും എല്ലാം വിറച്ച് ഞാന്‍ ആകെ പേടിച്ചു. അപ്പോഴേക്കും ഫോട്ടോഗ്രാഫര്‍ ജയചന്ദ്രന്‍ ചേട്ടന്‍ ഓടി വന്നിട്ട് അയാളെ തട്ടി മാറ്റി. ആക്റ്റിവിസവും കോപ്പുമെല്ലാം എനിക്ക് മതിയായി. ഞാന്‍ ആകെ വിറച്ച് പോയിരുന്നു.
പക്ഷെ ആ എക്‌സ്പിരിമെന്റിനെതിരെ ഭയങ്കരമായ എതിര്‍പ്പാണ് സമൂഹത്തില്‍ ഉണ്ടായത്. ഏഷ്യാനെറ്റില്‍ ശ്രീകണ്ഠന്‍ നായര്‍ ഒരു ടോക് ഷോ നടത്തിയിരുന്നു. അതില്‍ മധു എന്നൊരാള്‍ നമ്മളെ വല്ലാതെ അതിക്ഷേപിച്ച് സംസാരിച്ചു. രാത്രി ഇറങ്ങി നടന്നത് നമുക്ക് സൗന്ദര്യം ഉണ്ടെന്ന് തെളിയിക്കാനാണെന്നാണ് അയാള്‍ പറഞ്ഞത്. ആ എതിര്‍പ്പുകള്‍ക്ക് ശേഷം പിന്നീട് ആളുകള്‍ അത് എടുക്കേണ്ട രീതിയില്‍ എടുത്തു. വി എസ് അച്ചുദാനന്ദന്‍ വിളിച്ചു. അങ്ങനെ ഞങ്ങള്‍ റോഡില്‍ വെളിച്ചം വേണം, വനിത ഓട്ടോ, രാത്രി അകപ്പെട്ട് പോയാല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തോടെ താമസിക്കാന്‍ ലോഡ്ജ് അല്ലാതെ വീടുകള്‍ വേണം, പിന്നെ പൊലീസ് എയ്ഡ് പോസ്റ്റ് വേണം എന്നുള്ള കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. സ്ട്രീറ്റ് ലൈറ്റുകളെല്ലാം ആ വര്‍ഷം തന്നെ സര്‍ക്കാര്‍ ശരിയാക്കി. അങ്ങനെ ഒരുപാട് കാര്യങ്ങളില്‍ മാറ്റം വന്നു.