വ്യക്തികളുടെ ചോയ്‌സിനെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് 'സാറാസ്'; നടി അന്ന ബെൻ
വ്യക്തികളുടെ ചോയ്‌സിനെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് 'സാറാസ്' എന്ന് നടി അന്ന ബെൻ. വ്യത്യസ്‍തമായ രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോളാണ് അത് ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ച് സമൂഹം ചിന്തിക്കുന്നതെന്ന് അന്ന ബെൻ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ജൂലൈ അഞ്ചിന് ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യും. സ്വന്തമായി ഒരു സിനിമ ചെയ്യണമെന്ന മോഹവുമായി നടക്കുന്ന വ്യക്തിയാണ് സാറ. സാറയുടെ ജീവിതത്തെയും തീരുമാനങ്ങളെയും കുറിച്ചുള്ളതാണ് സിനിമ. ഡോ അക്ഷയ് ഹരീഷാണ് തിരക്കഥ ഒരുക്കുന്നത്.
അന്ന ബെൻ ദ ക്യുവിനോട് പറഞ്ഞത്
കുടുംബ ബന്ധങ്ങളൊക്കെ ഹ്യുമറിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന സിനിമയാണ് സാറാസ്. വ്യക്തികളുടെ ചോയ്‌സിനെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. വ്യത്യസ്‍തമായ രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോളാണ് അത് ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ച് സമൂഹം ചിന്തിക്കുന്നത്. കുട്ടികളെ ഇഷ്ട്ടപ്പെടാത്ത ഒരു കാരക്ടറാണ് സാറ. കുട്ടികളെ ഇഷ്ടപ്പെടുന്നതും ഇഷ്ട്ടപ്പെടാത്തതുമൊക്കെ ഒരാളുടെ ചോയ്സ് ആണ്. ചിലർക്ക് കുട്ടികളോട് ഇടപെടാനുള്ള താത്പര്യം കാണുകയില്ല. അത് അവരുടെ ചോയ്‌സാണ്. അത്തരം കാര്യങ്ങളെ കുറിച്ച് ഒരു സിനിമയിലൂടെ സംസാരിക്കുന്നത് വളരെ നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നു.