പ്രവചിക്കാനാകാത്ത കർണാടക

കര്‍ണാടകം ഇന്ത്യയിലെ പ്രധാന ദേശീയ പാര്‍ട്ടികളായ ബി.ജെ.പി ക്കും കോണ്‍ഗ്രസിനും വിട്ടുകൊടുക്കാന്‍ കഴിയാത്തതരം വികാരവും വാശിയുമാകുന്നതിന് ഒറ്റക്കാരണമേ ഉള്ളു, ബി.ജെ.പി ക്ക് തെക്കേ ഇന്ത്യയില്‍ സ്വാധീനമുള്ള ഏക സംസ്ഥാനാമാണ് കര്‍ണാടക. എന്നാല്‍ ഈ നാട് ബി.ജെ.പി ക്ക് നിരുപാധിക പിന്തുണയൊന്നും നല്‍കിയിട്ടുമില്ല. ശ്രമിച്ചാല്‍ വിജയിച്ചു കയറാന്‍ സാധിക്കുന്ന ദൂരത്തില്‍ തന്നെ കോണ്‍ഗ്രസ് ഉണ്ട്.

ആവേശഭരിതമായ പ്രചാരണങ്ങള്‍ക്കും, വെല്ലുവിളികള്‍ക്കും ദേശീയ നേതാക്കളുടെ വമ്പന്‍ റോഡ് ഷോകള്‍ക്കും ശേഷം, ആലോചിച്ചുറപ്പിച്ച് കര്‍ണാടക പോളിങ് ബൂത്തിലേക്ക് പോവുമ്പോള്‍, ഒരു വശത്ത് ഗ്യാരണ്ടി പദ്ധതിയും കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ആദ്യ ക്യാബിനറ്റ് എടുക്കുന്ന തീരുമാനങ്ങളെന്തൊക്കെയായിരിക്കും എന്നതൊക്കെയാണ്  മുഖ്യ പ്രചാരണ ആയുധമെങ്കില്‍ മറുവശത്ത് ജനസാഗരത്തെ കൂട്ടാനുള്ള മോദി എന്ന രാഷ്ട്രീയക്കാരന്റെ കരിസ്മ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.  രാജ്യത്തെമ്പാടും പയറ്റിത്തെളിഞ്ഞ ബിജെപിയുടെ അതേ അടവ്. മുഖ്യപ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന വാഗ്ദാനവും മുമ്പത്തേതുപോലെ തന്നെ, ഡബിള്‍ എന്‍ജിന്‍  സര്‍ക്കാരാണ്.

സാധാരണക്കാരനെ പിടിച്ചാലേ കാര്യം നടക്കൂ എന്ന് കോണ്‍ഗ്രസ് മനസിലാക്കിയതായി വേണം കരുതാന്‍. ഇത്തവണ കുംഭകോണങ്ങളോ അഴിമതി ആരോപണങ്ങളോ ഫോക്കസ് ചെയ്യുന്നതിന് പകരം ഭരണത്തില്‍ വന്നാല്‍ നടപ്പിലാക്കാന്‍ പോകുന്ന വെല്‍ഫെയര്‍ പദ്ധതികള്‍ 'ഗ്യാരണ്ടി' എന്ന ടാഗ് ലൈനില്‍ അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസ്.

മുമ്പ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രചാരണങ്ങളുടെ ഒടുവില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച ന്യായ് പദ്ധതി, അത്യാവശ്യം അനുകൂല പ്രതികരണങ്ങളുണ്ടാക്കിയെങ്കിലും, കോണ്‍ഗ്രസിന്റെ ഫോക്കസ് അദാനിയും റാഫേല്‍ അഴിമതിയുമായതിനാല്‍ പൂര്‍ണ്ണമായി അത് ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചില്ല.

രണ്ടു ഭാഗത്തിനും അനുകൂലമായ പ്രീപ്പോള്‍ സര്‍വ്വേകള്‍ വന്നിട്ടുണ്ടെങ്കിലും. ജയിച്ചാല്‍പോലും ഒരു രാഷ്ട്രീയ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറയാന്‍ കഴിയാത്ത രാഷ്ട്രീയ ഭൂമികയാണ് കര്‍ണാടക. ബി.ജെ.പി യോ അതല്ല കോണ്‍ഗ്രെസ്സോ പരാജയപ്പെടുകയാണെങ്കില്‍ അതിന് എന്തൊക്കെയായിരിക്കും കാരണം എന്ന് പരിശോധിക്കുന്നതായിരിക്കും കുറച്ചുകൂടി യുക്തിസഹം.

ബി.ജെ.പിക്ക് അധികാരം നഷ്ടമാവുകയാണെങ്കില്‍ എന്തായിരിക്കും അതിന് കാരണം? ആദ്യത്തെ കാരണം, അഥവാ ഏറ്റവും പ്രധാനപ്പെട്ട കാരണം കര്‍ണാടകയുടെ സാമുദായിക സമവാക്യങ്ങള്‍ ബി.ജെ.പി എങ്ങനെ നേരിടുന്നു എന്നതാണ്. മുസ്ലിം വിഭാഗങ്ങള്‍ക്കുള്ള കോട്ട സംവരണം പൂര്‍ണ്ണമായും എടുത്തുകളയുകയും അത് കര്‍ണാടകത്തിലെ ഏറ്റവും പ്രബലമായ ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങള്‍ക്ക് നല്‍കുകയും ചെയ്ത നീക്കം എത്രത്തോളം ബി.ജെ.പിയെ സഹായിക്കും എന്ന് കണ്ടറിയണം.

ബി.ജെ.പി സര്‍ക്കാരിന്റെ അവസാന കാലത്ത് കൊണ്ടുവന്ന ഈ മാറ്റം പൂര്‍ണ്ണമായും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് ബി.ജെ.പി കരുതിയത്. എന്നാല്‍ ചര്‍ച്ചകള്‍ പലവിധത്തില്‍ അതില്‍നിന്ന് മാറിപ്പോവുകയും ചെയ്തിട്ടുണ്ട്. ലിംഗയാത്തും ബ്രാഹ്‌മണരും തമ്മിലുള്ള പ്രശ്‌നമായി പാര്‍ട്ടിക്കുള്ളില്‍ യെദ്യുരപ്പയും ബി.എല്‍ സന്തോഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാറുന്നത് തങ്ങളുടെ കൂടെ നില്‍ക്കുമെന്ന് കരുതുന്ന ലിങ്കായത്ത് വോട്ട് ബാങ്ക് ഇല്ലാതാക്കാനുള്ള സാധ്യതയും ഉണ്ട്. മാത്രവുമല്ല, സംവരണവും പ്രത്യേക മതമെന്ന പദവിയും ആവശ്യപ്പെട്ട് പ്രധാനപ്പെട്ട ലിംഗായത്ത് വിഭാഗമായ പഞ്ചമശാലി വിഭാഗം 2021 ല്‍ നടത്തിയ സമരത്തിന്റെ ചൂടിലാണ് ഈ തീരുമാനനത്തിലേക്ക് ബി.ജെ.പി ക്ക് എത്തേണ്ടി വന്നത്.

യെദ്യുരപ്പയെ പോലെ, ഇപ്പോഴത്തെ മുഖ്യമന്ത്രി ബസവരാജ ബൊമ്മയും ഞങ്ങളോട് നീതി  കാണിക്കുന്നില്ല, എന്നതായിരുന്നു പ്രധാന ആരോപണം. യെദ്യൂരപ്പ വീണ്ടും പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി മുന്‍പന്തിയിലേക്ക് വരുന്നത് ചിലപ്പോള്‍ ബി.ജെ.പി യെ പ്രശ്‌നത്തിലാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ യെദ്യൂരപ്പ വളരെ ശ്രദ്ധിച്ചാണ് പ്രചാരണങ്ങളില്‍ ഇടപെട്ടതും സംസാരിച്ചതും എന്ന് കാണാം.

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ക്യാമ്പിനെ ആശ്വസിപ്പിച്ച കാര്യമായിരുന്നു, ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ ബി.ജെ.പി വിട്ട മുന്മുഖ്യമന്ത്രി ജഗദിഷ് ഷെട്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിലേക്ക് വന്നത്. അത് വലിയ രീതിയില്‍ പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയും ചെയ്തു. പലയിടങ്ങളിലും സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടവര്‍ എന്തുകൊണ്ടാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് പ്രവര്‍ത്തകര്‍ക്ക് പോലും സംശയമുണ്ടാക്കുന്നതരത്തിലേക്കെത്തിയത് ബി.ജെ.പി ക്ക് തിരിച്ചടിയാകുമോ എന്ന് പറയാന്‍ കഴിയില്ല.

കര്‍ണാടകത്തിന്റെ തീരദേശ ജില്ലകളില്‍ ബി.ജെ.പി യുടെ ഹിന്ദുത്വ കാര്‍ഡില്‍ ആളുകള്‍ക്ക് വിശ്വാസമില്ലാ എന്നത് വ്യക്തമായിരുന്നു. അവിടെ ജെ.ഡി.എസ്സാണ് ശക്തമായി നില്‍ക്കുന്നത്. ഹിന്ദുത്വകൊണ്ട് മാത്രം പിടിച്ചെടുക്കാനാവുമോ കര്‍ണാടകം എന്ന ചോദ്യം ശക്തമായി തന്നെ നില്‍ക്കുന്നുണ്ട്. കര്‍ണാടകയിലെ ബി.ജെ.പി യുടെ പ്രചാരണ ചുമതല ഒന്നിലധികം ആളുകള്‍ക്ക് നല്‍കിയതിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. അരുണ്‍ സിംഗ്, ഡി.കെ അരുണ, ധര്‍മേന്ദ്ര പ്രധാന്‍, അണ്ണാമലൈ, മനസുഖ് മാണ്ഡവ്യ ഉള്‍പ്പെടെയുള്ളവര്‍ കര്‍ണാടകയില്‍ ബി.ജെ.പിയുടെ പ്രചാരണം ഏകോപിപ്പിക്കാനുള്ള ചുമതലയുള്ളവരാണ്. എന്നാല്‍ ഇവര്‍ക്കിടയിലെ ഏകോപനം സാധ്യമാകുന്നില്ല എന്നതാണ് പ്രശ്‌നം.

വലിയ കോട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു കുറവ്, ബി.ജെ.പി ക്ക് കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല എന്നതാണ്. ഏത് അസംബ്ലി തെരഞ്ഞെടുപ്പിലും ബി.ജെ.പി ഏറ്റവും ആദ്യം തീരുമാനിക്കുന്നതും പുറത്തുവിടുന്നതും ആരായിരിക്കും മുഖ്യമന്ത്രി എന്ന വിവരമാണ്. സംസ്ഥാനത്തെ ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കുകയും അയാളുടെ മാര്‍ഗ്ഗദര്‍ശിയായി മോദി അവതരിക്കുകയും ചെയ്യുന്നതാണ് പതിവ് രീതി. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി എല്ലാം പൂര്‍ണ്ണമായും മോദിയുടെ കയ്യില്‍ ഏല്‍പ്പിക്കുകയാണ് കര്‍ണാടക ബി.ജെ.പി. അതുകൊണ്ടു തന്നെ പല പ്രാദേശിക വിഷയങ്ങളും ഈ പ്രചാരണത്തില്‍ അഭിമുഖീകരിക്കാന്‍ സാധിക്കില്ല എന്ന കാര്യവുമുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി വച്ച അമുല്‍ നന്ദിനി വിവാദമാണ് മറ്റൊരു വയ്യാവേലി. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ഡയറി ബ്രാന്‍ഡ് ആയ നന്ദിനി ഇനിമുതല്‍ അമൂലുമായി സഹകരിക്കും എന്ന് അമിത് ഷാ കര്‍ണാടകത്തിലെ പൊതുയോഗത്തില്‍ വച്ച് പ്രസംഗിച്ചത് പിന്നീട് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. ദേവ ഗൗഡയെയും ജെ.ഡി.എസിനെയും പ്രചരണത്തിലുടനീളം ആക്രമിച്ച ബി.ജെ.പിക്ക് നന്ദിനി അമുല്‍ പ്രശ്‌നം കൂടി വരുമ്പോഴത്തേക്ക് കര്‍ണാടകയുടെ തീരദേശ ജില്ലകളിലെ വൊക്കലിംഗ വോട്ടുകളില്‍ ഒരു പ്രതീക്ഷയും വെക്കേണ്ടി വരില്ല.

ഓപ്പറേഷന്‍ ലോട്ടസ് ബി.ജെ.പി നേരിടേണ്ടിവരുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ്. മറ്റുപാര്‍ട്ടികളില്‍ നിന്ന് പാര്‍ട്ടിയിലെത്തിയവരെ എങ്ങനെ അക്കോമഡേറ്റ് ചെയ്യാം, അത്തരം നേതാക്കള്‍ക്ക് നല്‍കുന്ന പദവികള്‍, സ്ഥാനങ്ങള്‍ എല്ലാം നിലവിലെ പ്രവര്‍ത്തകരെ എങ്ങനെയൊക്കെ ബാധിക്കും എന്ന ചോദ്യവും പ്രസക്തമാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രിമാരായിരുന്നവര്‍ പോലും പാര്‍ട്ടി വിട്ട് പോകുന്ന സാഹചര്യത്തില്‍. നിലവിലെ പ്രശ്‌നങ്ങളെല്ലാം നേതാക്കളെ മാറ്റിയതുകൊണ്ടു മാത്രം ഇല്ലാതാക്കാന്‍ കഴിയുന്നതാണോ എന്നതാണ് ചോദ്യം.

ഇനി കോണ്‍ഗ്രസ് ആണ് തോല്‍ക്കാന്‍ പോകുന്നതെങ്കില്‍ എന്തൊക്കെയായിരിക്കും കാരണം?

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി സോണിയ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവര്‍ റോഡ് ഷോകളും പൊതുയോഗങ്ങളുമായി സംസ്ഥാനത്ത് സജീവമാണ്. തെരഞ്ഞെടുപ്പിലേക്ക് അധികം ദൂരമില്ല എന്നോര്‍മ്മപ്പെടുത്തി കര്‍ണാടകത്തില്‍ പ്രചാരണങ്ങള്‍ക്ക് ആരംഭം കുറിച്ചത് ഭാരത് ജോടോ യാത്രയിലൂടെ കോണ്‍ഗ്രസ്സ് തന്നെയാണ്. എന്നാല്‍ നിലവില്‍ ബി.ജെ.പിയില്‍ നിലനില്‍ക്കുന്ന ചില അസ്വാരസ്യങ്ങളും അനിശ്ചിതത്വങ്ങളും തങ്ങളെ എന്തായാലും വിജയിപ്പിക്കും എന്ന ഓവര്‍ കോണ്‍ഫിഡന്‍സ് ആയിരിക്കും കോണ്‍ഗ്രസ് തോല്‍ക്കുകയാണെങ്കില്‍ അതിന്റെ ആദ്യത്തെ കാരണം.

മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി പ്രധാനപ്പെട്ട നേതാക്കള്‍ക്കിടയില്‍ നടക്കുന്ന തമ്മില്‍ തല്ല് പ്രചാരണത്തില്‍ ശ്രദ്ധിക്കേണ്ട കോണ്‍ഗ്രസിന്റെ സമയം ഒരുപാട് അപഹരിച്ചിട്ടുണ്ട്. എന്നാല്‍ അത് തോല്‍വിക്കുകാരണമാകുമോ എന്നതാണ് ചോദ്യം. കോണ്‍ഗ്രസിനു പഠിക്കാന്‍ കോണ്‍ഗ്രസിന്റെ തന്നെ ചരിത്രമാണ് പുറകിലുള്ളത്. സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവരിലുള്ള ആത്മവിശ്വാസക്കുറവ് മറ്റുള്ളവരിലേക്ക് പടരാതെ പിടിച്ച് നിര്‍ത്താനാകുമോ കോണ്‍ഗ്രസിന്? ഗ്യാരന്റി പദ്ധതിയുമായി ബി.ജെ.പി യുടെ  ഗ്രാന്‍ഡ് നരേറ്റീവിനെ പൊളിക്കാനാകുമോ കോണ്‍ഗ്രസിനു? ഇതെല്ലം പ്രധാനപ്പെട്ട ചോദ്യങ്ങളാണ്.

എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്കുള്‍പ്പെടെ സംവരണത്തില്‍ വര്‍ദ്ധനവ് വരുത്തിയ ബി.ജെ.പിയുമായി ദളിത് വിഭാഗങ്ങള്‍ അടുക്കുന്നത് കൃത്യമായി പ്രതിരോധിക്കാന്‍ കിഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകും എന്ന കാര്യത്തില്‍ സംശയമില്ല. ലിംഗായത്ത് വിഭാഗങ്ങളെ അടുപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോണ്‍ഗ്രസ്, മറ്റു വിഭാഗങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നത് ഒരു പ്രശ്‌നമായി മാറാന്‍ സാധ്യതയുണ്ട്. ബി.ജെ.പി വിട്ടു വന്ന ജഗദിഷ് ഷെട്ടാറും ലക്ഷ്മണ്‍ സാവഡിയും കോണ്‍ഗ്രസിന് ഒരു ബാധ്യതയായി എന്നതാണ് സത്യം. ബി.ജെ.പി വിരുദ്ധ വൊക്കലിംഗ വോട്ടുകള്‍ വലിയരീതിയില്‍ ജെ.ഡി.എസ് പിടിക്കാന്‍ സാധ്യതയുണ്ട്. 'രാജ്യത്ത് ബി.ജെ.പി ഭരണത്തില്‍ വരാന്‍ ആരാണ് കാരണക്കാര്‍' എന്ന് ജെ.ഡി.എസിന്റെ ഏക മുഖമായ എച്.ഡി ദേവഗൗഡ കോണ്‍ഗ്രസിനെ നേരിട്ട് പരാമര്‍ശിക്കാതെ കഴിഞ്ഞ ദിവസം പറഞ്ഞ സ്ഥിതിക്ക് ദേവഗൗഡയെ കണക്കിലെടുക്കേണ്ട കാര്യവും കോണ്‍ഗ്രസ്സിനുണ്ട്.

കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഡി.കെ ശിവകുമാര്‍ തന്നെ അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടിവരികയും, ജയിലില്‍ പോകേണ്ട അവസ്ഥയുമുണ്ടായതുകൊണ്ട് അഴിമതി എന്ന് മിണ്ടാന്‍ കോണ്‍ഗ്രസിനു കഴിയില്ല. ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങളും, അതിനെ തുടര്‍ന്ന് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തതിന്റെ വൈകാരികത അതുകൊണ്ടു തന്നെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനു ഇവിടെ പയറ്റാനാകില്ല. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഹിന്ദുത്വ സംഘടനയായ ബജ്രംഗ് ദള്ളിനെ, അധികാരത്തിലെത്തിയാല്‍ നിരോധിക്കുമെന്ന് പറഞ്ഞത്, മുഴുവന്‍ കാമ്പയിനും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് മാറുന്ന തരത്തില്‍ ബോള്‍ ബി.ജെ.പി യുടെ കോര്‍ട്ടിലേക്കാണ് എത്തിച്ചത്. എല്ലാ ബി.ജെ.പി റാലികളിലും 'ജയ് ഹനുമാന്‍' ' ബോലോ ബജ്രംഗ്ബാലി കി ജയ്' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. നരേന്ദ്രമോദി ഹനുമാന്‍ ചാലിസ ചൊല്ലി പ്രസംഗങ്ങള്‍ ആരംഭിച്ചു.

2024 ലെ പാര്‌ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലാണ് ഈ തെരഞ്ഞെടുപ്പ്. ബി.ജെ.പി ക്ക് ഇത് പ്രധാനമാകുന്നത് തെക്കേ ഇന്ത്യയിലെ ഏക ശക്തി കേന്ദ്രം നിലനിര്‍ത്തുക എന്ന താരത്തിലാണെങ്കില്‍, തെക്കന്‍ കേരളത്തില്‍ ഒരിടത്തുപോലും ബി.ജെ.പിക്ക് സ്വാധീനമില്ല എന്ന് ഉറപ്പാക്കലായിരിക്കും കോണ്‍ഗ്രസിന്റെ ദൗത്യം. അതിനുമപ്പുറം അടുത്തവര്‍ഷം നടക്കുന്ന ഗ്രാന്‍ഡ് ഫിനാലയിലേക്ക് ശക്തമായ സാന്നിധ്യമായി പാര്‍ട്ടിയെ അവതരിപ്പിക്കുകയാണ് ഇരുപാര്‍ട്ടികളുടെയും ഉദ്ദേശ്യം. ഒറ്റ ചോദ്യം മാത്രമേ ബാക്കിയാകുന്നുള്ളു.. ആരായിരിക്കും തോൽക്കുക? എന്ന ചോദ്യം.

Related Stories

No stories found.
logo
The Cue
www.thecue.in