കണ്ണുരുട്ടലുകൾ നോക്കി ചിരിക്കുന്ന തരൂർ

ശശി തരൂരിന്റെ മലബാര്‍ പര്യടനം എന്തോ ആലോചിച്ചുറപ്പിച്ചാണ്. പറയേണ്ടതോ ചെയ്യേണ്ടതോ ആയ കാര്യങ്ങളില്‍ തരൂരിന് ഒരു വ്യക്തതക്കുറവുമില്ല. ഈ ആത്മവിശ്വാസം ചുമ്മാ വന്നതല്ല, കൃത്യമായ കൂടിയാലോചനകള്‍ക്കൊടുവിലാണ് ഈ പര്യടനം എന്നത് കൊണ്ട് തന്നെയാണ്. അപ്രഖ്യാപിത വിലക്കുകളുണ്ടെന്നതും, കോഴിക്കോടും കണ്ണൂരും നേരത്തെ പറഞ്ഞ പരിപാടികളില്‍ നിന്നും യൂത്ത് കോണ്‍ഗ്രെസ്സുകാര്‍ പിന്മാറിയതുമൊന്നും ഒരു തരത്തിലും തരൂരിന്റെ ആത്മവിശ്വാസം ചോര്‍ത്തിയില്ല. അതിനെയൊക്കെ കവച്ചു വയ്ക്കാന്‍ കഴിയുന്ന തരം ആത്മവിശ്വാസം പല മുതിര്‍ന്ന നേതാക്കളില്‍നിന്നായി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് എന്നുവേണം മനസിലാക്കാന്‍. എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച സമയത്ത് പോലും പരസ്യമായി പിന്തുണയ്ക്കാത്ത നേതാക്കള്‍ പലരും ഒരു പേടിയുമില്ലാതെ തരൂരിനൊപ്പം ഇറങ്ങുന്നത് എന്തുകൊണ്ടായിരിക്കും? അതും ചില്ലറ ഇറങ്ങലോന്നുമല്ല, എം.കെ രാഘവന്‍ തരൂരിനായി ഏതറ്റം വരെ പോകുമെന്ന മട്ടില്‍ പടപ്പുറപ്പാടിലാണ്. അമ്പരപ്പിക്കുന്ന മറ്റൊന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ. മുരളീധരന്റെ മലക്കം മറിച്ചിലാണ്. അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം തരൂരിനെ എങ്ങനെ അക്കൊമഡേറ്റ് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ ഇലക്ഷനില്‍ മത്സരിച്ചതുകൊണ്ട് പാര്‍ട്ടിയില്‍ സംവരണമൊന്നുമില്ല എന്ന് പറഞ്ഞയാളാണ് മുരളീധരന്‍.

ആ മുരളീധരന്‍ ശശി തരൂരിന് വേണ്ടി പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. മുരളീധരന്റെ ഈ മലക്കം മറിച്ചില്‍ കുറച്ച് ദിവസം മുമ്പ് നടന്ന സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല നിലപാടുകളും അതിനെ ചൊല്ലിയുള്ള വിവാദങ്ങളുമായി ചേര്‍ത്ത് വായിക്കണം. മുസ്ലിം ലീഗിനെ ചൊടിപ്പിച്ചാല്‍ കോണ്‍ഗ്രസ് ഇല്ലാതാകും എന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് മുരളീധരന്‍. എപ്പോഴും ലീഗിനെ പരിഗണിച്ച് മാത്രം സംസാരിക്കുന്നയാള്‍. അന്ന് സുധാകരനെ പിന്തുണച്ച് രംഗത്ത് വന്നത് രമേശ് ചെന്നിത്തലയാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വരുമ്പോള്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരുപോലെ നെറ്റിചുളിച്ചിരുന്ന വ്യക്തിയാണ് കെ.സുധാകരന്‍. പക്ഷെ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ചെന്നിത്തല തന്നെ പിന്തുണയുമായി ഇറങ്ങുമ്പോള്‍ ചില അടിയൊഴുക്കുകള്‍ നടന്നതായി മനസിലാക്കേണ്ടതുണ്ട്. എല്ലാ സംഘടനാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്ന നിലയിലാണ് സുധാകരനും വി.ഡി സതീശനും നേതൃത്വത്തിലേക്ക് വരുന്നത്. എന്നാല്‍ അവിടം കൊണ്ടൊന്നും പ്രശ്‌നങ്ങള്‍ തീരുന്നില്ല എന്ന് വേണം ഇപ്പോള്‍ മനസിലാക്കാന്‍. തരൂരിന് എ ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയുണ്ട് എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും സ്വാധീന കേന്ദ്രങ്ങള്‍ ശശി തരുരിനായി പുതിയ

പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതും ഇതിന്റെ സൂചനയാണ്. അത് മാത്രമായിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു. മുസ്ലിം ലീഗിന് ഒരു അധിക വാത്സല്യം തരൂരിനോടുണ്ട് എന്ന് കഴിഞ്ഞ ദിവസം നടന്ന പാണക്കാട് സെയ്ദ് സാദിക്ക് അലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നു തന്നെ വ്യക്തമാണ്. മറ്റാരുടെ പിന്തുണയും നിങ്ങള്‍ക്ക് തള്ളിക്കളയാം, പക്ഷെ ലീഗിന്റെ പിന്തുണയുള്ള തരൂര്‍ ചില്ലറക്കാരനല്ല. നേരത്തെ പറഞ്ഞ ആത്മവിശ്വാസം വെറുതെയല്ല എന്ന് മനസിലായില്ലേ. എന്‍.എസ്.എസ് ന്റെ മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് കൂടി തരൂര്‍ അതിഥിയായാല്‍ ശുഭം. ചെന്നിത്തലയ്ക്ക് മറുകണ്ടം ചാടുകയല്ലാതെ വേറെ വഴിയില്ല. ഒന്നും പറയാനില്ലാതെ ഇനിയൊരു വിഭാഗീയതയ്ക്കുകൂടി കോണ്‍ഗ്രസിന് ബാല്യമില്ല എന്ന് പറഞ്ഞ് വി.ഡി. സതീശനും നിശ്ശബ്ദനാകേണ്ടി വരും.

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു, അയാള്‍ അടങ്ങി എന്ന് ആളുകള്‍ക്ക് തോന്നുന്ന സമയത്തതാണ് തരൂര്‍ സംഘപരിവാര്‍ വിരുദ്ധ പരിപാടികള്‍ അനൗണ്‍സ് ചെയ്ത് മലബാറിലേക്ക് വരുന്നത്. അയാളുടെ വരവും, ആ സ്ഥലത്തിന്റെയും സംസാരിക്കുന്ന വിഷയങ്ങളുടെയും തെരഞ്ഞെടുപ്പും കൃത്യമായി പ്ലാന്‍ ചെയ്തതാണ്. ഇങ്ങനെ മുമ്പും അയാള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു നില്‍ക്കുന്ന സമയത്ത് ഒരു മാസ്സ് എന്‍ട്രി നടത്തിയിട്ടുണ്ട്, അത് യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടപ്പോഴാണ്. രാഷ്ട്രീയത്തിലേക്കു തന്നെയുള്ള വരവ്. പരാജയങ്ങളിലെല്ലാം തരൂര്‍ ഞെട്ടിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് നേതാക്കള്‍ക്ക് തരൂരിനെ കുറിച്ചുള്ള നിലപാടുകള്‍ മാറ്റേണ്ടിവരുന്നത്? അതിനു കാരണം തരൂരിന് ചുറ്റുമുള്ള മധ്യവര്‍ഗ്ഗ വോട്ട് ബാങ്കാണ്. ജീവിതത്തില്‍ എല്ലാ തരത്തിലും വിജയിച്ചവന്‍ എന്ന റോള്‍ മോഡല്‍ ഇമേജ് തരൂരിനുണ്ട്. പ്രത്യേകിച്ച് ബ്യുറോക്രസിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്നവരോട് ഒരമിത വാത്സല്യം ആളുകള്‍ക്കുണ്ട്, അത് ഒരു തരത്തില്‍ മെറിറ്റോക്രസിയാണ്. നന്നായി പഠിക്കുന്ന ഉയര്‍ന്ന മാര്‍ക്കുവാങ്ങുന്ന യുവജനോത്സവത്തില്‍ പ്രൈസ് വാങ്ങുന്ന കുട്ടികളെ വച്ച് രക്ഷിതാക്കള്‍ സ്വന്തം കുട്ടികളെ അളക്കുന്നത് കണ്ടിട്ടില്ലേ അത് തന്നെയാണ് ഇതിനു പിന്നിലുള്ള അടിസ്ഥാന യുക്തി. പഠിപ്പിന് പഠിപ്പ്, യു.എന്‍ സിവില്‍ സര്‍വിസില്‍ ജോലി. പ്രസംഗത്തിന് പ്രസംഗം. ആ പറഞ്ഞ എല്ലാം തികഞ്ഞ കവിതാപാരായണത്തിനു പോകുന്ന ക്ലാസ്സിലെ പഠിപ്പിക്കുള്ള എല്ലാ യോഗ്യതകളും തരൂരിനുണ്ട്. അങ്ങനെയുള്ളവര്‍ പറഞ്ഞാല്‍ എന്തും വെള്ളം തൊടാതെ വിഴുങ്ങാനുള്ള ഒരു ത്വര നമുക്കുണ്ട്. അയാള്‍ പറയുന്നതെല്ലാം ശരിയായിരിക്കും എന്ന് നമ്മള്‍ നേരത്തെ ഉറപ്പിച്ച കാര്യമാണ്. ഇതിനു മുമ്പ് ഇത്തരം ഓറയുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ടയാള്‍ എ.പി.ജെ. അബ്ദുല്‍ കാലം ആയിരുന്നു. ശ്രദ്ധിച്ചു നോക്കിയാല്‍ മനസിലാകും, ഒരു ടെക്നോക്രാറ്റ് എന്നതിനപ്പുറം അബ്ദുല്‍ കലാമിന്റെ പ്രസംഗങ്ങളും വലിയ ജനകീയതയുണ്ടാക്കിയിരുന്നു. കലാം പ്രസംഗിച്ച പ്രധാനപ്പെട്ട വേദികളെല്ലാം, സ്‌കൂളുകളോ കോളേജുകളോ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലുണ്ടായിരുന്ന അപാരമായ മോട്ടിവേഷന്‍ കലാമിന് ഒരു കരിസ്മ ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്നെങ്കില്‍ പോലും ഒരു രാഷ്ട്രീയക്കാരനായി അബ്ദുല്‍ കലാമിനെ ആരും പരിഗണിച്ചിരുന്നില്ല. ആര്‍ക്കും തള്ളിപ്പറയാന്‍ ഒന്നും ഇല്ലാത്ത, ജനങ്ങളുടെ കണ്ണില്‍ വിജയങ്ങളും നേട്ടങ്ങളും മാത്രമുള്ള ഒരു ദൈവീക മനുഷ്യന്‍.

കേരളത്തില്‍ മറ്റൊരുദാഹരണമുണ്ട്. അത് മെട്രോ മാന്‍ ഇ ശ്രീധരനാണ്. അദ്ദേഹത്തിന് അതിനുള്ള പൊട്ടന്‍ഷ്യല്‍ ഉണ്ടായിരുന്നു, ഒരു കൈ ശ്രമിച്ചു നോക്കിയതുമാണ്. എന്നാല്‍ കേരളത്തില്‍ അട്ടിമറി വിജയം സാധ്യമാകാത്ത ബി.ജെ.പി യോടൊപ്പം നിന്നു എന്നതായിരുന്നു പ്രശ്‌നം. അതോടുകൂടി ആ പ്രതീക്ഷകള്‍ അസ്തമിച്ചു എന്നും പറയാം. ഇവര്‍ക്കൊന്നുമില്ലാത്ത ഒരു മേല്‍കൈ തരൂരിനുണ്ട്. അത് അയാള്‍ കൃത്യമായി ജനങ്ങള്‍ക്കിടയില്‍ സ്ഥാപിച്ചെടുത്ത സ്റ്റേറ്റ്‌സ് മാന്‍ ഇമേജ് ആണ്. ഒരു ബ്യുരോക്രാറ്റിന്റെ കുപ്പായം പൂര്‍ണ്ണമായും ഊരിക്കളയാനും രാഷ്ട്രീയക്കാരനാകാനും അയാള്‍ക്ക് സാധിച്ചു എന്ന് തന്നെ പറയണം. ഇംഗ്ലണ്ടില്‍ ഓസ്ഫോര്‍ഡ് യൂണിയനില്‍ അളന്നു മുറിച്ച് സംസാരിക്കാന്‍ സാധിക്കുന്നിടത്ത് ഏറ്റവും കൃത്യമായ അവസരം, അഥവാ സമയം അളന്നു മുറിച്ച് ഉപയോഗിക്കാന്‍ കഴിയുന്നിടത്ത്, തന്റെ ഇമേജ് ഉറപ്പിക്കുകയാണ് തരൂര്‍. വളരെയെളുപ്പത്തില്‍ ഒരു പാന്‍ ഇന്ത്യന്‍ നേതാവായി മാറാനുള്ള എല്ലാ സാധ്യതകളും അയാളില്‍ തന്നെയുണ്ട്. തരൂരിന് ചുറ്റും കൂടുന്ന ഈ മധ്യവര്‍ഗ്ഗ വോട്ട് ബാങ്ക് ആണ് ഇന്ത്യയിലെ ക്യാമ്പയിന്‍ സെറ്റ് ചെയ്യുന്നത്. ഇന്ത്യയിലെയോ കേരളത്തിലെയോ സാധാരണക്കാരായവരുടെ പ്രശ്‌നങ്ങളെയൊന്നും അഡ്രസ് ചെയ്യാന്‍ തരൂരിന് സാധിക്കണമെന്നില്ല. പ്രതലത്തില്‍ നില്‍ക്കുന്ന ഒരു മാസ്സ് ക്യാമ്പയിനറാകാന്‍ മാത്രമേ കഴിയൂ. ഒരു പ്രോപഗണ്ട പാര്‍ട്ടിക്ക് ആവശ്യവും അങ്ങനെ പ്രതലങ്ങളില്‍ നില്‍ക്കുന്ന മെസ്സേജ് കാരിയറെ ആണ്. എന്നാല്‍ സ്വയം ഒരു ക്യാമ്പയിനറായി മാറിയതുകൊണ്ടു മാത്രം തരൂരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്നാല്‍ അയാള്‍ക്കനുസരിച്ച് പാര്‍ട്ടിയെ പരുവപ്പെടുത്താനും സമ്മര്‍ദ്ദത്തിലാക്കാനുമുള്ള ആള്‍ബലമാണ് ആവശ്യം. അതിലേക്കാണ് തരൂര്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിലേക്കെത്താന്‍ അയാളെ ഏറ്റവും സഹായിക്കാന്‍ പോകുന്നത് അയാള്‍ക്ക് ചുറ്റുമുള്ള ഈ ആള്‍ക്കൂട്ടമാണ്. അത് ഒരു പാര്‍ട്ടി നിര്‍ദ്ദേശം കൊണ്ടോ കണ്ണുരുട്ടല്‍കൊണ്ടോ ഇല്ലാതാക്കാനാകില്ല

Related Stories

No stories found.
logo
The Cue
www.thecue.in