നിങ്ങൾ ചിന്തിക്കുന്നതിനുമപ്പുറമാണയാൾ; ശരദ് പവാർ
മഹാരാഷ്ട്രയിലെ ഭാരമതിയിൽ ബാർബർഷോപ്പുകളിലും ചായക്കടകളിലും ദൈവങ്ങളോടൊപ്പം ആ നാട്ടുകാർ ഒരു മനുഷ്യന്റെ ചിത്രം കൂടി വെച്ചാരാധിക്കാറുണ്ട്. അത് മാറാത്താ രാഷ്ട്രീയത്തിൽ പ്രവചനാധീനനായ ഒരു മനുഷ്യന്റെ ചിത്രമായിരുന്നു. ചോദിച്ചാൽ കരളു പറിച്ച് കൊടുക്കുന്ന, ഒടക്കിയാൽ കരളു പറിച്ചെടുക്കുന്ന നേതാവ്, നാല് തവണ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി. രണ്ടു തവണ, പി.വി നരസിംഹ റാവുവും മൻമോഹൻ സിംഗും പ്രധാനമന്ത്രിമാരായിരുന്ന കാലത്ത് അജയ്യനായി കേന്ദ്ര കാബിനറ്റിൽ സാന്നിധ്യം. ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരനെന്ന് കണക്കുകളിൽ മാത്രമല്ല ഇരിപ്പിലും നടപ്പിലും തെളിയിക്കുന്ന നേതാവ്, രാജീവ് ഗാന്ധി മരിച്ചപ്പോൾ പ്രധാനമന്ത്രിപോലുമായേക്കും എന്ന് കരുതിയ, എന്തൊക്കെ സംഭവിച്ചാലും അവസാനം കാര്യങ്ങൾ തന്റെ കയ്യിൽ തന്നെ നിൽക്കുമെന്ന് ഉറച്ച ബോധ്യമുള്ള നേതാവ്, ഇതാണയാൾ, ശരദ് ഗോവിന്ദറാവു പവാർ അഥവാ ശരദ് പവാർ.
മഹാരാഷ്ട്രയുടെ പൊളിറ്റിക്കൽ സ്പെക്ട്രത്തിൽ തിളങ്ങാൻ വയസൊരു വിഷയമേയല്ല. മുടി നരച്ചവർക്ക് അവിടെ പ്രത്യേക പരിഗണനയൊന്നുമില്ല. ശരദ് പവാർ തന്റെ ചോരതിളയ്ക്കുന്ന യൗവ്വനത്തിലാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. 1956 ൽ ശരദ് പവാർ കോൺഗ്രസിൽ ചേരുന്നു. 58 ൽ യൂത്ത് കോൺഗ്രസിൽ സജീവമായി. മറാഠാ രാഷ്ട്രീയത്തിലെ എക്കാലത്തെയും അതികായനായ വൈ.ബി ചവാനായിരുന്നു ശരദ് പവാറിന്റെ രാഷ്ട്രീയ ഗുരു. 1962 ൽ വി.കെ കൃഷ്ണ മേനോൻ മാറിയപ്പോൾ വൈ.ബി ചവാനെയായിരുന്നു നെഹ്‌റു പ്രതിരോധ മന്ത്രി സ്ഥാനത്തേക്കു വിളിച്ചത്. ഇന്ത്യൻ പ്രതിരോധമേഖലയിൽ മോഡേൺ മെഷിനറി ശക്തമായി അവതരിപ്പിക്കുന്നതിൽ വൈ.ബി ചവാന്റെ പങ്ക് വളരെ വലുതാണ്. ചവാന്റെ പ്രിയ ശിഷ്യനായി ശരദ് പവാർ പാർട്ടിയിൽ വളർന്നു.
ആദ്യമായി അസ്സംബ്ലിയിൽ മത്സരിക്കുന്നത് 1967 ൽ തന്റെ സ്വന്തം ഭാരാമതിയിൽ നിന്നാണ്. അന്നയാൾക്ക് വയസ് 27. ആ തെരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം കുറച്ച് ബുദ്ധിമുട്ടുള്ളതായിരുന്നു. എങ്കിലും തുടക്കക്കാരനായ പവാർ ജയിച്ചു കയറി. ഉടൻ തന്നെ ശങ്കർ റാവു സർക്കാരിൽ അയാൾ മന്ത്രിയുമായി. വളരെ ചെറിയ പ്രായത്തിൽ അയാൾ മഹാരാഷ്ട്രയുടെ ആഭ്യന്തരമന്ത്രിയായി. അവിടെ അവസാനിക്കുന്നില്ല ശരദ് പവാർ എന്ന തുടക്കക്കാരന്റെ അത്ഭുതങ്ങൾ. 1978 ൽ 38 ആം വയസിൽ അയാൾ കയറികയറി മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി കസേരയിൽ കയറിയിരുന്നു. പുറത്ത് നിന്ന് നോക്കിയാൽ വളരെ വേഗം മുകളിലേക്ക് പോയ ഒരു ഗ്രാഫായി നിങ്ങൾക്ക് ശരദ് പവാറിന്റെ രാഷ്ട്രീയ ജീവിതത്തെ കാണാൻ സാധിക്കും. അങ്ങനെ എവിടെയും ഒതുങ്ങുന്ന മനുഷ്യനല്ലയാൾ. നിങ്ങൾ പ്രതീക്ഷിക്കാത്ത സ്ഥാനങ്ങളിലെല്ലാം അയാളെത്തും അതും പ്രതീക്ഷിക്കാത്ത സമയത്ത്.
ശരദ് പവാറിന്റെ രാഷ്ട്രീയജീവിതം മുന്നോട്ടു പോയി, മുന്നോട്ടുപോകുംതോറും അതിൽ നാടകീയത വർധിച്ചു വരികയും ചെയ്തു. ശരദ് പവാർ സ്വന്തം പാർട്ടിയും കുടുംബവും ഒരുപോലെ പ്രധാനപ്പെട്ടതായി കാണുന്നയാളാണ്. അതിൽ ആരെങ്കിലും വിള്ളലുണ്ടാക്കാൻ ശ്രമിച്ചാൽ അയാളത് പൊറുക്കില്ല. മകൾ സുപ്രിയ സുലെയും മരുമകൻ അജിത് പവാറും അയാൾ ചിറകിനടിയിൽ ഒളിപ്പിച്ചു കൊണ്ട് നടക്കുന്ന അടുത്ത തലമുറയാണ്. അവരെ കൊണ്ടുപോയാൽ അയാൾ സഹിക്കില്ല. അയാൾ ജീവിതത്തിൽ ഒരിക്കൽ മാത്രമേ ബി.ജെ.പി യോടൊപ്പം ചേർന്നിട്ടുള്ളൂ. അത് 2014 ലെ അസ്സംബ്ലി തെരഞ്ഞെടുപ്പിന്റെ ഒടുക്കമാണ്. സീറ്റ് വിഭജന തർക്കത്തിൽ കോൺഗ്രസ്സുമായി തെറ്റിപ്പിരിഞ്ഞ്, ശിവസേനയുടെ പിന്തുണയില്ലാതെ സർക്കാരുണ്ടാക്കാൻ ബി.ജെ.പിക്ക് 22 സീറ്റിന്റെ കുറവുള്ള സമയത്ത് ആശ്രയമായത് ശരദ്പവാറായിരുന്നു. ആറുമാസം മാത്രമേ ആ സർക്കാരിന് ആയുസുണ്ടായിരുന്നുള്ളു. എങ്കിൽ കൂടി മാനം രക്ഷിക്കാൻ കൂടെ നിന്നതിന് ശരദ് പവാർ പ്രത്യുപകാരം പ്രതീക്ഷിച്ചിരുന്നു. അത് തന്റെ പാർട്ടിയെയും കുടുംബത്തെയും തകർക്കാൻ ബി.ജെ.പി ശ്രമിക്കരുത് എന്ന പ്രത്യുപകാരമായിരുന്നു. ആ മര്യാദ അമിത് ഷായുടെയോ മോദിയുടെയോ ഭാഗത്ത് നിന്നുണ്ടാകാത്തതുകൊണ്ടാണ്, 2019 ൽ എൻ.സി.പി ശിവസേന സഖ്യ സർക്കാർ രൂപീകരിച്ച് അയാൾ തിരിച്ചടിച്ചത്.
ഫ്ലാഷ് ബാക്കിലേക്ക് തിരിച്ചു പോയാൽ അടിയന്തരാവസ്ഥയ്ക്കു ശേഷം കോൺഗ്രസ് പലതായി പിളർന്നു. തന്റെ രാഷ്ട്രീയ ആചാര്യൻ വൈ.ബി ചവാൻ പാർട്ടിവിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് യു എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ദേവർജർസിന്റെ പുതിയ പാർട്ടി. അത് കഴിഞ്ഞ ഉടനെ വന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കോൺഗ്രസ് യു ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ്സുമായി നേർക്കുനേർ മത്സരിച്ചു. വലിയ പ്രകടനമൊന്നും കാഴ്ചവെക്കാൻ സാധിച്ചില്ലെങ്കിലും പിടിച്ച് നിന്ന് എന്ന് പറയാം. ഏറ്റവും വലിയ ഒറ്റക്കക്ഷി ജനത പാർട്ടിയായിരുന്നു. പിന്നെ സംഭവിച്ചത് ചരിത്രമാണ്. എന്ത് സംഭവിച്ചാലും ജനത പാർട്ടി ഭരണത്തിൽ വരരുത് എന്നുള്ളതുകൊണ്ട് അടിച്ചുപിരിഞ്ഞ ഇന്ദിര ഗാന്ധിയോടും ഇന്ത്യൻ നാഷണൽ കോൺഗ്രെസിനോടും ഒരുമിക്കാൻ ശരദ് പവാറും കോൺഗ്രസ് യുവും തയ്യാറായി. എത്ര ദേഷ്യമുണ്ടെങ്കിലും ഒരാവശ്യം വന്നാൽ പവാർ കോൺഗ്രസിനൊപ്പം നിന്നിട്ടുണ്ട്. പക്ഷെ പിന്നീട് വിട്ടുപോയി ജനത പാർട്ടിയോടൊപ്പം ചേർന്ന് സർക്കാരുണ്ടാക്കി. മുഖ്യമന്ത്രിയുമായി. 1980 ൽ കോൺഗ്രസ് കേന്ദ്രഭരണത്തിൽ വന്നപ്പോൾ മഹാരാഷ്ട്രയിലെ സഖ്യസർക്കാരിനെ പിരിച്ചു വിട്ടു. ആർട്ടിക്കിൾ 356 ഉപയോഗിച്ച് ഏതു സംസ്ഥാന സർക്കാരിനെയും പിരിച്ചുവിടാൻ കഴിയുന്ന നിർദാക്ഷിണ്യം അങ്ങനെ ചെയ്യുന്ന കാലമായിരുന്നു അത്.
1987 ൽ രാജീവ് ഗാന്ധിയുടെ സമയത്ത് ശരദ് പവാർ തിരിച്ച് കോൺഗ്രസിലേക്ക് തന്നെ വന്നു. 1988 ൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും മുഖ്യമന്ത്രിയായി. 88 ലെ തെരഞ്ഞെടുപ്പിൽ 141 സീറ്റിലാണ് കോൺഗ്രസ് വിജയിക്കുന്നത് കേവല ഭൂരിപക്ഷം കിട്ടാൻ 145 സീറ്റുകൾ വേണം. ആ വിടവ് നികത്തിക്കൊണ്ടാണ് ശരദ് പവാറിന്റെ എൻട്രി. 1991 ൽ രാജീവ് ഗാന്ധി കൊലചെയ്യപ്പെടുന്നു. അത് കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം ഒരു രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു. രാജീവിന് ശേഷം ആര് എന്ന ചർച്ചകൾ ഉയർന്നു വന്നപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരസിംഹറാവുവിനൊപ്പം പരിഗണിക്കപ്പെട്ട പേരായിരുന്നു ശരദ് പവാറിന്റേത്. നേതൃത്വം തെരഞ്ഞെടുത്തത് നരസിംഹ റാവുവിനെ ആണെങ്കിലും ശരദ് പവാറിനെ കൂടെ തന്നെ നിർത്തണമെന്ന് നരസിംഹ റാവുവിന് നിർബന്ധമുണ്ടായിരുന്നു. ആ മന്ത്രിസഭയിൽ ശരദ് പവാർ പ്രതിരോധ മന്ത്രിയായി. കുടുംബത്തിനകത്തോ, തെരുവിലോ പോലും സ്ത്രീകളെ കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും മിണ്ടാൻ പറ്റാതിരുന്ന ആ കാലത്ത്, ഏതാണ്ട് 38 വർഷങ്ങൾക്ക് മുമ്പ് സായുധസേനകളിൽ സ്ത്രീകൾക്ക് അംഗത്വം നൽകിയ ആളുകൂടിയാണ് ശരദ് പവാർ.
1992 ഇന്ത്യൻ ചരിത്രത്തിൽ ഒരു തരത്തിലും ഒഴിച്ചുകൂടാനാകാത്ത വർഷമാണല്ലോ. ബാബരി പള്ളി കർസേവകർ തകർത്തു. ആ കാലത്ത് കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ഓഫീസിലുണ്ട് ശരദ് പവാർ. കർസേവയ്ക്കു ശേഷം രാജ്യത്ത് പലയിടത്തും വലിയ ലഹളകളും കലാപങ്ങളും സംഭവിച്ചു. ബോംബയിൽ മുൻപെങ്ങുമില്ലാത്ത തരം വർഗ്ഗീയ ലഹള നടന്നു. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി സുധാകർ റാവുവിനു കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചില്ല. എങ്ങനെയെങ്കിലും കലാപം അടിച്ചമർത്തണം. പാർട്ടിയും സന്നാഹങ്ങളും ആവുന്നതെല്ലാം ചെയ്തു നോക്കി. ഒന്നും നടന്നില്ല. ഒറ്റവഴിയെ ഉള്ളു. പവാറിനെ വിളിക്കുക. സുധാകർ റാവു എല്ലാം ശരദ് പവാറിന് മുന്നിൽ വെച്ച് മാറി നിന്നു. കേന്ദ്രമന്ത്രിയുടെ സൗകര്യങ്ങളും സുഖങ്ങളുമെല്ലാം മാറ്റി വെച്ച് ഒരു കലാപത്തിന്റെ ഇടയിലേക്ക്. നിൽക്കാനോ ഇരിക്കാനോ സമയമില്ലാത്ത സമയത്ത് അദ്ദേഹത്തിന് മുന്നിലേക്ക് പാർട്ടി മുഖ്യമന്ത്രികസേര വെച്ച് നീട്ടി. 93 ൽ ബോംബയിൽ സ്‌ഫോടനങ്ങൾ നടന്നു. എൽ.ടി.ടി.ഇ ആസൂത്രണം ചെയ്തതാണ് ഈ സ്‌ഫോടനങ്ങൾ എന്നായിരുന്നു ആ സമയത്ത് വിലയിരുത്തപ്പെട്ടത്. സ്ഫോടനങ്ങളുടെ എണ്ണം 12 ആണോ 13 ആണോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. ആ സംശയത്തിന് കാരണം ശരദ് പവാർ എന്ന ഒരൊറ്റ മനുഷ്യനാണ്. മാധ്യമപ്രവർത്തകൻ ശേഖർ ഗുപ്ത ശരദ് പവാറുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറയുന്നുണ്ട്. ശരിക്കും 12 സ്ഫോടനങ്ങളെ നടന്നിട്ടുള്ളൂ. എന്നാൽ 13 എണ്ണം നടന്നു എന്ന് പവാർ മാധ്യമങ്ങളോട് പറഞ്ഞു. എന്തായിരിക്കും അതിനു കാരണം?
നിലവിൽ നടന്ന സ്‌ഫോടനങ്ങളിൽ ഭൂരിഭാഗവും ഹിന്ദു വിഭാഗം കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലായിരുന്നു. അങ്ങനെ ഒരു വാർത്ത പുറത്ത് വന്നാൽ വീണ്ടും വർഗ്ഗീയ കലാപങ്ങൾ നടക്കും എന്നറിയാവുന്നത് കൊണ്ട് തന്നെ, 13 ആമത് ഒരു സ്ഫോടനം മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്ത് കൂടി നടന്നിട്ടുണ്ട് എന്ന് ശരദ് പവാർ പറഞ്ഞു. അത് ഒരു പ്രതിരോധമായിരുന്നു. എൽ.ടി.ടി.ഇ ആണ് സ്ഫോടനങ്ങളുടെ സൂത്രധാരർ എന്ന് പൊതുസമൂഹം വിശ്വസിച്ചിരുന്നെങ്കിലും, മുംബൈ അധോലോകത്തിന്റെ മുടിചൂടാമന്നൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി- കമ്പനിയാണ് ഇതിനു പിന്നിലെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇങ്ങനെ ഓരോ തവണയും നമ്മളെ വലയ്ക്കുന്ന പ്രതികരണങ്ങളും സ്റ്റേറ്റ്മെന്റുകളുമാണ് പവാറിന്റേതായി പുറത്ത് വന്നത്. ഒരു തരത്തിലും അയാൾ നമുക്ക് പിടി തരില്ല. പി.എ സാംഗ്മയും താരിഖ് അൻവറും പവാറും സോണിയ ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്ത് 1999 ൽ കോൺഗ്രസ് വിട്ടു. ഒരു ഇറ്റാലിയൻ പൗരത്വമുള്ളയാളല്ല ഈ സംഘടനയെ നയിക്കേണ്ടത് എന്ന വാദത്തിൽ അവർ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അഥവാ എൻ.സി.പി രൂപീകരിച്ചു. രാഷ്ട്രീയത്തിൽ ആരോടും തൊട്ടുകൂടായ്മയില്ല എന്ന് അർഥശങ്കയ്ക്കിടയില്ലാതെ പറയുമ്പോഴും, ഒരിക്കൽ പോലും ബി.ജെ.പിയെ അടുപ്പിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ശരദ് പവാർ എന്ന രാഷ്ട്രീയക്കാരനെ ചുരുക്കി എങ്ങനെ വിവരിക്കാം? അയാൾ സെക്കുലർ ആണ്, ദേശീയതയുടെ പേരിൽ കോൺഗ്രസ് വിട്ട് ഒരു പാർട്ടി തന്നെ രൂപീകരിക്കാൻ കെൽപ്പുള്ള മനുഷ്യൻ. ഒരു രാഷ്ട്രീയ പ്രതിസന്ധിയെ ആരെക്കാളും നന്നായി മനസിലാക്കാനും ആരെക്കാളും വേഗത്തിൽ അവിടെ പ്രവർത്തിക്കാനും കഴിയുന്ന വ്യക്തി. ആ വേഗതയിൽ അയാളെ തോൽപ്പിക്കാനാകില്ല. ആളും ആവേശവും ഭരണവുമെല്ലാം നഷ്ടപ്പെട്ട ഈ സമയത്തും അയാൾ അടുത്തതെന്തു ചെയ്യുമെന്ന് പ്രവചിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. ഈ 82 ആം വയസിലും തനിക്കൊരു തളർച്ചയുമില്ല എന്നയാൾ പറയുന്നതും ആ ഭയം പ്രതിയോഗികളുടെ കണ്ണിൽ കണ്ടുകൊണ്ടാണ്. ഈ വിശേഷണങ്ങൾക്കെല്ലാമൊപ്പം അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണെന്നും, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ധനികനായ മനുഷ്യനാണെന്നും ആളുകൾ പവാറിനെ കുറിച്ച് പറയും. ഇതെല്ലാം ശരിയാണെന്നും പറയാം.
ഒറ്റക്കാര്യം മാത്രമേ ഇവിടെയുള്ളു. നിങ്ങൾക്കെന്തു പ്രശ്നമുണ്ടെങ്കിലും അയാളെ ബന്ധപ്പെടാം. അത് സാമ്പത്തിക സഹായമാണെങ്കിലും. എന്തിനും പരിഹാരമയാളിലുണ്ടായിരുന്നു. ഒരു ജനതയ്ക്ക് അയാളായിരുന്നു ജീവിതം. ഭാരമതിയിലെ ജനങ്ങൾ ദൈവങ്ങളോടൊപ്പം ഇയാളുടെ ഫോട്ടോയും വെച്ചാരാധിക്കുന്നത് അതുകൊണ്ടു തന്നെയാണ്. അയാളാണ് അവരുടെ ലോകം. സ്ത്രീകൾക്ക് സ്വത്തവകാശം നൽകിയ നേതാവാണ് ശരദ് പവാർ. സ്ത്രീകൾക്ക് 33 % റിസർവേഷൻ നൽകിയ മുഖ്യമന്ത്രി. ജനങ്ങളുടെ വിശ്വാസ്യതയാർജ്ജിക്കാൻ അവർക്ക് എന്തൊക്കെ കൊടുക്കണോ അതൊക്കെ അയാൾ കൊടുത്തു. പക്ഷെ ആർക്കും അയാൾ പിടികൊടുത്തില്ല. ശരദ് പവാർ പറയുന്ന ഓരോ വാചകവും പലവുരു ആവർത്തിച്ച് കേട്ട് മനസിലാക്കണം. അതിന് അർഥങ്ങൾ പലതാണ്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ ബി.ജെ.പി ക്കെതിരെ ഒരു വിശാല സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത് നടക്കുമ്പോൾ, സ്റ്റാലിനും മമതയും നാവിൻ പട്നായിക്കും ഉൾപ്പെടെ എല്ലാവരും ഒരു ഭാഗത്ത് നിന്ന് ഒരുമിച്ച് തുടങ്ങുമ്പോൾ, ആളുകൾ പറഞ്ഞു ശരദ് പവാർ ബി.ജെ.പിയോടൊപ്പം പോകും. ഒരുപക്ഷെ പവാർ പോലും പലപ്പോഴും കോൺഗ്രസ് ചേരിയോടൊപ്പമില്ലെന്ന സൂചനകൾ നൽകി. എന്നാൽ നിങ്ങൾ പ്രതീക്ഷിച്ച പോലെ ബി.ജെ.പി യോടൊപ്പമല്ല പവാർ പോയത്, ശിവസേനയോടൊപ്പമാണ്. ഏത് ശിവസേനയോടൊപ്പം? ബാൽ താക്കറെയുടെ കാലത്ത് പവാറിനെ നിരന്തരം ആക്രമിച്ച അതേ ശിവസേനയോടൊപ്പം. പവാർ ഒരു നിരീശ്വരവാദിയാണ്. പൂർണ്ണമായും മതേതരത്വത്തിൽ വിശ്വസിക്കുന്ന വ്യക്തി. എന്നാൽ അയാൾക്ക് ആരോടൊപ്പം പോകുന്നതിലും പ്രശ്നമുണ്ടായിരുന്നില്ല. ബി.ജെ.പിയോടൊപ്പം പോകുമെന്ന് എല്ലാവരും കരുതുമ്പോൾ അപ്രതീക്ഷിതമായി ശിവസേനയോടൊപ്പം പോകും. ഒരു പ്രതിസന്ധിയിൽ ഏറ്റവും നിർണ്ണായകമാവുന്നത് നമ്മൾ എന്ത് തെരഞ്ഞെടുക്കുന്നു എന്നതാണ്. അയാൾ നിങ്ങൾക്കെന്തും തരും. പക്ഷെ നിങ്ങൾ അയാളുടെ വഴിമുടക്കിയാൽ നിങ്ങളെ വെറുതെ വിടില്ല. അതിന് കൗതുകകരമായ ഒരുദാഹരണവുമുണ്ട്. പവാറിന് നിരന്തരമായി ഗുഡ്ക ചവയ്ക്കുന്ന ശീലമുണ്ട്. 2004 ൽ ആണ് മൗത് കാൻസർ സ്ഥിരീകരിച്ച് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത്. അന്ന് പവാർ തന്റെ രോഗത്തിന് കാരണമായ ഗുഡ്ക മഹാരാഷ്ട്രയിൽ നിരോധിച്ചു. തന്റെ വഴി മുടക്കുന്നത് ഗുഡ്ക്കയാണെങ്കിൽ അതിനെയും പവാർ വെറുതെ വിടില്ല.
കയ്യിലുണ്ടായിരുന്ന ഭരണം ശിവസേനയെ പിളർത്തി ഏക്‌നാഥ് ഷിൻഡെയിലൂടെ ബി.ജെ.പി നേടിയപ്പോഴും പവാർ തിരിച്ചടിക്കാതെ സമ്യപനം പാലിച്ചിരുന്നിട്ടേ ഉള്ളു.. എന്നാൽ ഒടുവിൽ സ്വന്തം മരുമകൻ അജിത് പവാറിനെ ഉപയോഗിച്ച് പിന്നിൽ നിന്ന് കുത്തിയത് അയാൾ സഹിക്കില്ല, പൊറുക്കില്ല. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ അയാൾ ഈ 82 ആം വയസിൽ സംസ്ഥാനം മുഴുവൻ സഞ്ചരിക്കാൻ തീരുമാനിച്ചിരിക്കുന്നു, തന്റെ ദൗർബല്യങ്ങളിൽ നിന്നുകൊണ്ടല്ല ഈ യാത്ര. പാർട്ടി വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരാൻ താൻ പ്രത്യേകിച്ച് ഒന്നും ചെയ്യില്ല എന്ന് കയ്യുയർത്തി പറയുന്ന ശരദ് പവാറിനെ നിങ്ങൾക്കിവിടെ കാണാം. വേണമെങ്കിൽ അവർക്ക് വീണ്ടുവിചാരം ഉണ്ടാകട്ടെ. എന്ന് പറയാനേ അയാളിലെ രാഷ്ട്രീയക്കാരന് സാധിക്കൂ. പാർട്ടി ഓഫീസിനെ ചൊല്ലി പാർട്ടി വിട്ടു പോയവരും പാർട്ടിയിലുള്ളവരും തമ്മിൽ തർക്കമുണ്ടായപ്പോൾ പോയവർക്ക് പോകാം, ഒരു പാർട്ടി ഓഫീസ് പോലും ചോദിച്ച് വന്നേക്കരുത് അത് പാർട്ടിയുടെ ആസ്തിയാണ് അതിന്റെ അധികാരി ഞാൻ മാത്രമാണെന്ന് അയാൾ മുന്നറിയിപ്പ് നൽകി. നിരവധി യാത്രകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിത്തത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്, ഇപ്പോൾ ഏറ്റവും ഒടുവിൽ പാർട്ടിയെ ഒരുമിപ്പിക്കാനുള്ള യാത്ര അദ്ദേഹം തുടങ്ങുന്നത് നാസിക്കിൽ നിന്നാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവായ, ഇന്നത്തെ മഹാരാഷ്ട്രയല്ല പഴയ ബോംബെ സ്റ്റേറ്റിന്റെ മുഖ്യമന്ത്രിയായിരുന്ന യശ്വന്ത് റാവു ചവാൻ എതിരില്ലാതെ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് നാസിക്കിൽ നിന്നാണ്. അവിടെ നിന്ന് തന്നെ തന്റെ പാർട്ടിയെ തിരിച്ചു പിടിക്കാൻ തുടങ്ങുകയാണ് ശരദ് പവാർ. അയാൾ സ്വന്തം സംഘടനയിലും അതിന്റെ പാരമ്പര്യത്തിലും അത്രയധികം വിശ്വസിക്കുന്നുണ്ട്. എന്ത് സംഭവിച്ചാലും അയാൾ ആ പാർട്ടിയെ തകർക്കാൻ സമ്മതിക്കില്ല. നിങ്ങൾ അയാളുടെ പാർട്ടിയെ മാത്രമല്ല കുടുംബത്തെ കൂടിയാണ് തകർക്കാൻ ശ്രമിച്ചത്. അയാൾ പൊറുക്കില്ല. അഴിമതിക്കാരനെന്നും, എന്തും ചെയ്യാൻ മടിക്കാത്തവനുമെന്നൊക്കെ കുത്തുവാക്കുകൾ അയാൾ ജീവിതകാലം മുഴുവൻ കേട്ടിട്ടുണ്ട്. അതിൽ സത്യമുണ്ടെന്ന് നിങ്ങൾക്ക് തെളിയിക്കാനും സാധിക്കും, പക്ഷെ അതിനൊന്നും അയാൾ ഒരുകാലത്തും ചെവികൊടുത്തിട്ടില്ല. തന്റെ കുടുംബത്തെയും പാർട്ടിയെയും തകർത്താൽ എന്ത് വിലകൊടുത്തും അയാൾ തിരിച്ചടിക്കും. 2024 പാർലമെന്റ് തെരഞ്ഞെടുപ്പ് ശരദ് പവാറിനെ സംബന്ധിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തനുള്ള തെരഞ്ഞെടുപ്പ് മാത്രമല്ല. തനിക്ക് സ്വയം വിജയിച്ചു കാണിക്കാനുള്ള അവസരം കൂടിയാണ്. അയാൾ എല്ലാ സന്നാഹങ്ങളുമായി ഒരുങ്ങും നമ്മൾ കാത്തിരുന്ന് കാണേണ്ടിവരും.