പ്രിയപ്പെട്ട ഫെഡറര്‍, ഈ ദിനം ഒരിക്കലും വരാതിരുന്നെങ്കില്‍

പരുക്കുകളും ശസ്ത്രക്രിയകളും എന്റെ ശരീരത്തെ തളര്‍ത്തിയിരിക്കുന്നു. ഇനിയൊരു മത്സരത്തിന് കൂടി എന്റെ ശരീരത്തിന് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ ഞാന്‍ കളി അവസാനിപ്പിക്കുന്നു. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ച ഈ വാക്കുകള്‍ നെഞ്ചിടിപ്പോടെയായിരുന്നു കായിക ലോകം കേട്ടത്.

കഴിഞ്ഞ 24 വര്‍ഷക്കാലം ലോക കായിക പ്രേമികളെ വിസ്മയിപ്പിച്ച് ഫെഡറര്‍ ടെന്നിസ് കോര്‍ട്ടില്‍ ഉണ്ടായിരുന്നു. പതിനേഴാം വയസില്‍ ടെന്നീസ് കോര്‍ട്ടില്‍ എത്തിയ ഫെഡറര്‍ 2003 ല്‍ വിംബിള്‍ഡണ്‍ കിരീടം നേടിക്കൊണ്ട് ടെന്നീസ് ലോകത്ത് ചരിത്രം കുറിച്ചു. പിന്നീടിങ്ങോട്ട് കായിക ലോകം വിസ്മയിച്ച് നോക്കിനിന്ന ഇതിഹാസ വിജയങ്ങള്‍ ആ റാക്കറ്റില്‍ പിറന്നു. 2003 ല്‍ തന്റെ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയ ഫെഡറര്‍ പിന്നീട് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത് ഇരുപത് ഗ്രാന്‍ഡ്സ്ലാമുകളാണ്.

കരിയറില്‍ എട്ട് വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടിയ ഫെഡറര്‍ അഞ്ച് തവണ യു.എസ്.ഓപ്പണും ആറുതവണ ഓസ്‌ട്രേലിയന്‍ ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും സ്വന്തമാക്കി. പുരുഷ ടെന്നീസില്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഫെഡററുടെ സ്ഥാനം. ഫെഡറര്‍ക്ക് പിന്നാലെ ടെന്നീസിലെത്തിയ നദാലും ജോക്കോവിച്ചും ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടത്തില്‍ ഫെഡററെ മറികടന്നു. പക്ഷേ അപ്പോഴും എതിരാളികള്‍ക്ക് പോലും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പ്ലെയര്‍ ആരെന്ന ചോദ്യത്തിന്റെ ഉത്തരമായി ഫെഡറര്‍ നിലനിന്നു.

പ്രായത്തെ മറികടന്ന് ഗ്രാന്‍ഡ്സ്ലാമുകള്‍ വെട്ടിപ്പിടിക്കുന്ന അത്ഭുതതാരം എന്നതിനപ്പുറം, ടെന്നീസില്‍ പ്രതിഭകളുടെ അടയാളം എന്ന് പറയപ്പെടുന്ന സെര്‍വ് ആന്റ് വോളി ഗെയിമിന്റെ ഏറ്റവും മനോഹരമായ പ്രയോക്താവ് എന്ന നിലയിലും ഫെഡറര്‍ കായിക പ്രേമികളുടെ ഹൃദയം കവര്‍ന്നു.

2004-ല്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടി, ആദ്യമായി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുമ്പോള്‍ ഫെഡറര്‍ക്ക് പ്രായം വെറും 23 വയസായിരുന്നു. 24 വര്‍ഷത്തെ കരിയറില്‍ ഫെഡറര്‍ നേടിയത് 103 കിരീടങ്ങളാണ്. ഒപ്പം ഒളിമ്പിക്‌സില്‍ സ്വര്‍ണവും വെള്ളിയും നേടി. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സിംഗിള്‍സില്‍ വെള്ളി നേടിയ ഫെഡറര്‍ 2008 ഒളിമ്പിക്‌സില്‍ ഡബിള്‍സില്‍ സ്വര്‍ണവും നേടി. ഒരു തവണ ഡേവിസ് കപ്പും മൂന്ന് തവണ ഹോപ്മാന്‍ കപ്പും സ്വന്തമാക്കി.

ലോക ഒന്നാം നമ്പര്‍ താരമായി 310 ആഴ്ചകളാണ് ഫെഡറര്‍ കളിച്ചത്. അതില്‍ 237 ആഴ്ചകളില്‍ റെക്കോര്‍ഡോടെ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തായിരുന്നു. പുരുഷ ടെന്നീസില്‍ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പര്‍ താരം എന്ന റെക്കോര്‍ഡും ഫെഡറര്‍ സ്വന്തമാക്കിയിരുന്നു. ഈ നേട്ടം കൈവരിക്കുമ്പോള്‍ പ്രായം 36 വയസ്. തുടര്‍ച്ചയായി അഞ്ചുതവണ യു.എസ്.ഓപ്പണ്‍ കിരീടം നേടിയ ഏകതാരമാണ് ഫെഡറര്‍. 369 വിജയങ്ങളുമായി ഓപ്പണ്‍ ഇറയില്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം മത്സരങ്ങളില്‍ വിജയിച്ച പുരുഷതാരം എന്ന റെക്കോഡും ഫെഡററുടെ കൈയ്യിലാണ്.

ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ കളിക്കളത്തിലെ കൂട്ടുകാരന്‍ നദാല്‍ പറഞ്ഞത്, ഈ ദിനം ഒരിക്കലും വരാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട ഫെഡറര്‍, നിങ്ങളെ ഓര്‍ക്കുമ്പോള്‍ സന്തോഷവും ബഹുമാനവും തോന്നുന്നു എന്നായിരുന്നു. അത് തന്നെയായിരുന്നു ലോക കായിക പ്രേമികളും മനസില്‍ പറഞ്ഞത്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പരിക്കുമൂലം ഫെഡറര്‍ ടെന്നീസ് കോര്‍ട്ടില്‍ സജീവമല്ലായിരുന്നു. പരിക്കിന്റെ പിടിയിലകപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഫെഡററുടെ റാക്കറ്റില്‍ നിന്ന് ഇനിയും ഇതിഹാസങ്ങള്‍ പിറന്നേനെ. 2021-ല്‍ പരിക്കില്‍ നിന്ന് മോചിതനായി വിംബിള്‍ഡണിലൂടെ തിരിച്ചുവരവ് നടത്താന്‍ ശ്രമിച്ചെങ്കിലും പരുക്ക് വില്ലനായെത്തി ക്വാര്‍ട്ടറില്‍ പുറത്താവുകയായിരുന്നു.

അടുത്തയാഴ്ച ലണ്ടനില്‍ വെച്ച് നടക്കുന്ന ലേവര്‍ കപ്പ് തന്റെ കരിയറിലെ അവസാന ടൂര്‍ണ്ണമെന്റ് ആയിരിക്കും എന്ന് ഫെഡറര്‍ അറിയിച്ചിട്ടുണ്ട്. രണ്ടരപ്പതിറ്റാണ്ടോളം ടെന്നീസ് ആരാധകരെ ത്രസിപ്പിച്ച ഫെഡററുടെ റാക്കറ്റ് അടുത്തയാഴ്ച ലണ്ടനില്‍ വെച്ച് വീണ്ടും ചലിക്കുമ്പോള്‍ ആ കാഴ്ച കാണാന്‍ ആരാധകര്‍ ഒഴുകിയെത്തും എന്നതില്‍ സംശയമില്ല. ലേവര്‍ കപ്പിന്റെ കോര്‍ട്ടില്‍ വെച്ച് ഫെഡറര്‍ ടെന്നീസിനോട് വിടപറയുമ്പോള്‍ അയാള്‍ക്കൊപ്പം പടിയിറങ്ങുന്നത് ലോക ടെന്നീസിലെ ഏറ്റവും മനോഹരമെന്ന് പറയാവുന്ന ഒരു കാലഘട്ടം കൂടിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in