വീണ്ടും പറയുന്നു, പെണ്ണിന് കാലുകളുണ്ട്
''ഞാന്‍ വിചാരിച്ചത് സ്ത്രീകള്‍ക്ക് തുടയില്‍ ഉണ്ടാകുന്ന വട്ടവച്ചൊറി എങ്ങനെ മാറ്റാം എന്നതിനെ കുറിച്ചുള്ള ക്ലാസ് ആണെന്നാ ..എന്റെ പൊന്നു ആന്റി, ബൈജു സിനിമയില്‍ പറഞ്ഞ പൊലെ, ഒരു മര്യാദ ഒക്കെ വേണ്ടെടെ''
''മേല്‍ പറഞ്ഞ വിഷയത്തില്‍ സ്റ്റഡി ക്ലാസ് എടുക്കാന്‍ പറ്റിയ വേഷവിധാനം''
''ഈ ജാതി വേഷത്തില്‍ ഇരുന്നാല്‍ സ്റ്റഡി ക്ലാസിന്റെ ആവശ്യം വരില്ല''
''ഇമ്മാതിരി വേഷം ധരിച്ചുകൊണ്ട് ഒരു പൊതു വേദിയില്‍ വന്നിരുന്നു സംസാരിക്കാന്‍ ആരാണ് ഇവരെ അനുവദിച്ചത്.. കഷ്ടം തന്നെ... വസ്ത്രധാരണം സ്വാതന്ത്ര്യം ആണെന്ന് പറയുന്നതൊക്കെ മനസിലാക്കാം... പക്ഷെ എന്ത് ഉദ്ദേശിച്ചിട്ടാണ് ഇങ്ങനെയൊരു അവരാതം കാണിച്ചുകൊണ്ട് പൊതുവേദിയില്‍ പങ്കെടുത്തതെന്ന് ഒട്ടും മനസിലാവുന്നില്ല''
കമന്റുകള്‍ അവസാനിക്കുന്നില്ല, ഇതുപോലെ പറയാന്‍ അറയ്ക്കുന്ന, ഒട്ടും മര്യാദയില്ലാത്ത നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മലയാള സിനിമയില്‍ ഇന്റേര്‍ണല്‍ കംപ്ലയിന്‍സ് കമ്മിറ്റി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടി റിമ കല്ലിങ്കല്‍ സംസാരിക്കുന്ന വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളാണിത്.
നടി ആക്രമിക്കപ്പെട്ട ഞെട്ടിക്കുന്ന സംഭവം നടന്നതുമുതല്‍ ഒരുഭാഗത്ത് നിന്ന് ശക്തമായി ഉയര്‍ന്നുവന്ന ആവശ്യമാണ് ഇന്റേര്‍ണല്‍ കംപ്ലയിന്‍സ് കമ്മിറ്റി നടപ്പാക്കുക എന്നത്. അത് മലയാള സിനിമയില്‍ മാത്രമല്ല, സ്ത്രീകള്‍ തൊഴിലെടുക്കുന്ന എല്ലാ സ്ഥലങ്ങളിലും അത്യാവശ്യമാണുതാനും. പക്ഷെ സംശയമിതാണ്, ഇന്റേര്‍ണല്‍ കംപ്ലയിന്‍സ് കമ്മിറ്റി രൂപീകരിക്കണമെന്ന, റിമ മുന്നോട്ട് വെക്കുന്ന ആവശ്യത്തോടല്ല, അവരുടെ കാലുകളിലേക്കാണ് സൈബര്‍ സദാചാര സ്ഥാപിത സംഘത്തിന്റെ നോട്ടവും ആകുലതയും.
അതിന്റെ പ്രതിഫലനമാണ് കമന്റുകളായി വീഡിയോയ്ക്കും വാര്‍ത്തകള്‍ക്കും താഴെ നിറയുന്നത്. ഇതൊരു മനോനിലയുടെ പ്രശ്‌നമാണ്.
ഫിലിം മേക്കറായ ലോറ മള്‍വേയുടെ മേല്‍ ഗേസ് എന്ന് തിയറി കേട്ടിട്ടില്ലേ, തുറിച്ചു നോട്ടങ്ങളായും അശ്ലീലം പറച്ചിലുകളായും പ്രവൃത്തികളായും സ്ത്രീയെ ഒരു ലൈംഗിക വസ്തുമാത്രമാക്കി കാണുന്ന അതേ മനോനിലയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
അതെ ഞങ്ങള്‍ക്കും കാലുകളുണ്ട്. കുറച്ചുകാലങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയ ഒരു മൂവ്‌മെന്റ് ആയിരുന്നു വുമണ്‍ ഹാവ് ലെഗ്‌സ് എന്ന മൂവ്‌മെന്റ്. ഷോട്‌സ് ധരിച്ച് നടി അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് കീഴെ വന്ന സദാചാര കമന്റുകളായിരുന്നു വുമണ്‍ ഹാവ് ലെഗ്‌സ് എന്ന മൂവ്‌മെന്റിന് ആധാരം. തുടര്‍ന്ന് റിമ അടക്കമുള്ള നിരവധി സിനിമാ താരങ്ങളും, സെലിബ്രിറ്റികളും എല്ലാം വുമണ്‍ ഹാവ് ലെഗ്‌സ് എന്ന ടാഗോടെ അവരുടെകാലുകള്‍ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. അതൊക്കെ മറന്നു പോയതാണോ കാലം?
എന്തുകൊണ്ടാണ് കാലുകള്‍, കൈകള്‍, വയര്‍, പുറം തുടങ്ങി സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ തുടര്‍ച്ചയായി ലൈംഗിക വസ്തുകളായി മാറുന്നത്?
കാല് കാണിക്കും, ചിലപ്പോള്‍ കൈ കാണിക്കും, ഇഷ്ടമുള്ളത് ധരിക്കും. അത് പെണ്ണുങ്ങളുടെ തെരഞ്ഞെടുപ്പല്ലേ... ഷോട്‌സ് ധരിച്ചും സ്ലീവ് ലെസ് ധരിച്ചും ചിലപ്പോള്‍ ബിക്ക്‌നി ധരിച്ചും നിരത്തിലൂടെ നടക്കും, ഫോട്ടോയ്ക്ക് പോസ് ചെയ്യും. ഇനിയും എത്രകാലം ഇതൊക്കെ പറഞ്ഞും വിശദീകരിച്ചും തരണം?
മുണ്ടും റൗക്കയും ധരിച്ച് സ്ത്രീകള്‍ മലയാള സിനിമയില്‍ എന്നല്ല, നമ്മുടെ ഒക്കെ വീടുകളില്‍ പോലും നടന്ന കാലമുണ്ടായിരുന്നു അന്നില്ലാത്ത എന്ത് പ്രത്യേകതയാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കാലിനും കൈക്കുമുള്ളത്. പക്ഷെ അന്നില്ലാത്ത ഒരു പ്രത്യേകത ഇന്നുള്ളത്, സ്ത്രീകള്‍ കാലങ്ങളായി ധരിച്ച് വരുന്ന സാരിയടക്കമുള്ള പല വസ്ത്രങ്ങളും ആണുങ്ങളുടെ കാഴ്ചയുടെ തൃപ്തിക്ക് വേണ്ടി നിര്‍മിച്ചെടുക്കുന്നതാണ് എന്നതാണ്. റിമയുടെ കാലിന്റെയും അവര്‍ ധരിച്ച വസ്ത്രത്തിന്റെയും അളവെടുക്കുന്നത് അവസാനിപ്പിക്കൂ, അത് അവരുടെ സൗകര്യവും സ്വാതന്ത്ര്യവുമാണ്. സാധിക്കുമെങ്കില്‍ അവരെ കേള്‍ക്കുക, അവര്‍ മുന്നോട്ട് വെക്കുന്ന ആശയത്തിന്റെ ഗാംഭീര്യം മനസിലാക്കുക.
സര്‍വോപരിയായി സ്ത്രീകളെ അവരുടെ ഇഷ്ടത്തിന് വിട്ടേക്കൂ... അല്ലെങ്കിലും നിങ്ങള്‍ ആണുങ്ങളുടെ വിഷ്വല്‍ പ്ലഷറിന് വേണ്ടി നിന്ന് തരാന്‍ അവര്‍ക്ക് സമയമില്ല. തൊഴിലെടുക്കുന്ന, തലയുയര്‍ത്തിപ്പിടിച്ച് നടക്കുന്ന, നിലപാടുകളുള്ള സ്ത്രീകളാണ്. അവരെ ചവിട്ടി താഴ്ത്താന്‍ നിങ്ങളുടെ കേവലം സദാചാര ലൈംഗിക വൈകൃത കമന്റുകള്‍ കൊണ്ട് സാധിക്കില്ലെന്നേ.