ചര്‍ച്ച രഹന ഫാത്തിമയില്‍ ഒതുങ്ങുമോ
രഹന ഫാത്തിമയുടെ മക്കള്‍ അമ്മയുടെ ശരീരത്തെ ക്യാന്‍വാസാക്കുകയും ബോഡി ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടില്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. മകനും മകളും ചേര്‍ന്ന് രഹനയുടെ നഗ്ന ശരീരത്തില്‍ ചിത്രം വരയ്ക്കുന്നതാണ് വീഡിയോ. ഇത് വിവാദമായതോടെ ബാലാവകാശ കമ്മിഷന്‍ രഹനക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു. ലൈംഗിക വിദ്യാഭ്യാസം വീട്ടില്‍ നിന്നും തുടങ്ങണമെന്ന സന്ദേശം നല്‍കാനാണ് ഈ വീഡിയോയിലൂടെ ലക്ഷ്യമിട്ടതെന്ന് രഹന ഫാത്തിമ പറയുന്നു. രഹനയോട് യോജിച്ചും വിയോജിച്ചും ചര്‍ച്ചകള്‍ തുടരുകയാണ്. രഹന ചെയ്തതിലെ തെറ്റും ശരിയും ഇവിടെ പരിശോധിക്കുന്നില്ല. മലയാളികള്‍ക്കിടയില്‍ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകളിലേക്ക് രഹന ഫാത്തിമയുടെ ബോഡി ആന്‍ഡ് പൊളിറ്റിക്‌സ് എന്ന വീഡിയോ വഴിവെക്കുമോയെന്നാണ് ചോദ്യം.
കാരണം നമ്മളിപ്പോഴും ഒളിനോട്ട തൃപ്തിയടയുന്ന സമൂഹമാണ്. സദാചാര പൊലീസ് ചമയുന്നതിനെതിരെ നടന്ന കിസ് ഓഫ് ലൗ സമരത്തെ പോലും ഉള്‍ക്കൊള്ളാന്‍ കേരളത്തിന് കഴിഞ്ഞിരുന്നില്ല. രണ്ട് പേര്‍ ചുംബിക്കേണ്ടത് നാലു ചുവരുകള്‍ക്കുള്ളിലാണെന്ന പൊതുബോധത്തെ മറിച്ചിടാന്‍ തയ്യാറായതുമില്ല. ഒരുവിഭാഗത്തിലേക്ക് മാത്രം ഒതുങ്ങുന്ന ചര്‍ച്ചകളായി ഇതൊക്കെ അവസാനിക്കുകയാണ് പതിവ്.
സോഷ്യല്‍ മീഡിയയിലുള്‍പ്പടെ വ്യക്തിയുടെ സ്വകാര്യത ആക്രമിക്കപ്പെടുന്നത് ഇവിടെ പതിവ് സംഭവമാണ്. സൈബര്‍ അക്രമണങ്ങള്‍ നടക്കുന്നതും സ്ത്രീകള്‍ക്കെതിരെയാണ്. മുത്തച്ഛന്‍ കൊച്ചുമകളെ ചുംബിക്കുന്നതില്‍ പോലും ലൈംഗികത കാണുന്നവരാണ്. വിരുദ്ധമായ അഭിപ്രായമുള്ള സ്ത്രീയെ അവളുടെ നിലപാട് കൊണ്ടല്ല ശരീരം കൊണ്ടാണ് എതിര്‍ക്കുക. തെറിവിളിക്കുക. അപരിചിതരായ സ്ത്രീകളുടെ ഫോട്ടോയ്ക്ക് കീഴില്‍ പോലും അശ്ലീലമെഴുതാന്‍ മടിക്കാത്തവരാണ്. സ്ത്രീയുടെ ശരീരം സംബന്ധിച്ചുള്ള ഗൗരവമുള്ള ചര്‍ച്ച മലയാളികള്‍ക്കിടയില്‍ നടക്കണം. സ്ത്രീ ശരീരം ആരുടെ സ്വന്തമാണ്. അത് അവളുടെ തന്നെയാണ്. പുരുഷന്റെ കണ്ണിലൂടെ സ്ത്രീ ശരീരത്തെ കാണാന്‍ ശീലിച്ച മലയാളി സമൂഹത്തിന് അത് അംഗീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം.
കുട്ടികളുടെ അവകാശങ്ങളും രഹന ഫാത്തിമയുടെ വീഡിയോയ്ക്ക് പിന്നാലെ ചര്‍ച്ചയാവുന്നുണ്ട്. ഇതില്‍ സംവാദത്തിന് പകരം തീര്‍പ്പുകളും കുറ്റപ്പെടുത്തലുകളുമാണുണ്ടാകുന്നത്. രഹനയോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അവര് ചെയ്തത് കുറ്റമാണോ അല്ലയോ എന്നത് തീരുമാനിക്കേണ്ടത് കോടതിയാണ്. സോഷ്യല്‍മീഡിയയിലെ ആള്‍ക്കൂട്ടമല്ല.