'പറയിപെറ്റപന്തിരുകുലത്തില്‍ ഒരാള്‍ മുസ്ലീമായിരുന്നു, പ്രശ്‌നങ്ങളുണ്ടായത് പോര്‍ച്ചുഗീസുകാര്‍ വന്നശേഷം'; മനു എസ് പിള്ള

കേരളചരിത്രത്തില്‍ ന്യായമായ ഒരു സ്ഥാനം മുസ്ലീം സമുദായങ്ങള്‍ക്കുണ്ടായിരുന്നുവെന്ന് ചരിത്രകാരന്‍ മനു എസ് പിള്ള. പോര്‍ച്ചുഗീസുകാരുടെ കടന്നുവരവോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും എഴുത്തുകാരനും നിരൂപകനുമായ എന്‍.ഇ.സുധീറുമായുള്ള അഭിമുഖത്തിനിടെ മനു എസ് പിള്ള ദ ക്യുവിനോട് പറഞ്ഞു.

'ചുരുങ്ങിയത് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പെങ്കിലും കേരളത്തില്‍ മുസ്ലിം കമ്മ്യൂണിറ്റി ഉണ്ടെന്നാണ് ചരിത്രം പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. പറയിപെറ്റ പന്തിരുകുലം എന്ന കഥയില്‍ ഒരു കുട്ടി ബ്രാഹ്മണനാണ്, വേറൊരാള്‍ പെരുന്തച്ചനാണ്, വേറൊരാള്‍ കാരക്കാട്ടമ്മ എന്ന് പറഞ്ഞ ഒരു പെണ്‍കുട്ടിയാണ്, ഒരു കുട്ടി മുസ്ലീമാണ്, മറ്റൊരാള്‍ ഒരു ദൈവവുമുണ്ട്, വായില്ലാക്കുന്നിലപ്പന്‍.

ബാണപെരുമാള്‍ എന്നു പറഞ്ഞ രാജാവ് ബുദ്ധമതമാണ് സ്വീകരിച്ചതെങ്കില്‍, ചേരമാള്‍ പെരുമാളിന്റെ കഥയില്‍ അദ്ദേഹം മക്കയിലേക്കാണ് പോകുന്നത്. കഥകള്‍ സത്യമാണോ അസത്യമാണോ എന്നതല്ല കാര്യം, ഈ കഥകള്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്നാണ്. കേരള ചരിത്രത്തില്‍ ന്യായാനുസൃതമായ ഒരു സ്ഥാനം മുസ്ലീം സമുദായത്തിനുണ്ടെന്നാണ് ഈ കഥകളൊക്കെ വ്യക്തമാക്കുന്നത്.

ഇതിന് സാമ്പത്തികമായ ഒരു വശം കൂടിയുണ്ട്. ഹിന്ദുക്കള്‍ക്ക് ഭൂമിയും മറ്റുകാര്യങ്ങളും ഒക്കെയാണെങ്കില്‍, വ്യാപാരവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചെയ്തിരുന്നത് മുസ്ലീം അല്ലെങ്കില്‍ ക്രിസ്ത്യന്‍ സമുദായാംഗങ്ങളായിരുന്നു. പോര്‍ച്ചുഗീസുകാര്‍ വന്ന് വ്യാപാരമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ അവരുടെ കുത്തക കൊണ്ടു വരാന്‍ ശ്രമിച്ചപ്പോഴാണ് ഇതെല്ലാം മാറിയത്. ആദ്യ കാലങ്ങളില്‍ സാമൂതിരി പോലുള്ള രാജാക്കന്മാരും മാപ്പിളമാരും ഇതെല്ലാം എതിര്‍ത്തു. കുറെ യുദ്ധങ്ങള്‍ ഇങ്ങനെ ഉണ്ടായിട്ടുണ്ട്. പക്ഷെ അവസാനം സമ്മര്‍ദ്ധം കൂടി രാജാക്കന്മാര്‍ അവരുമായി കരാറുണ്ടാക്കുകയാണ് ചെയ്തത്. ഇതില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരാണ് മാപ്പിളമാര്‍.

സാമ്പത്തികമായി മുന്നില്‍ നിന്നിരുന്ന ഈ വിഭാഗം കാലങ്ങള്‍ കഴിയും തോറും പാര്‍ശ്വവത്കരിക്കപ്പെട്ട് ഒരു മൂലയിലേക്ക് ആയി പോയി. അതാണ് പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ സാധിക്കുന്നത്. സാമ്പത്തികമായും മതപരമായും കൂടി ഈ വ്യത്യാസം വന്നപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായത്.

ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലും അവര്‍ക്ക് ചായ്‌വ് ജന്മിമാരോടായിരുന്നു. അങ്ങനെ അവര്‍ കര്‍ഷകരുടെ അടുത്ത് നിന്നുള്‍പ്പടെ തോന്നിയപോലെ കരം വാങ്ങാന്‍ തുടങ്ങി. ഇതുമൂലം സാമ്പത്തികമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു, ചെറിയ ചെറിയ പ്രശ്‌നങ്ങളും ഉണ്ടായി വരുന്നുണ്ടായിരുന്നു.

ചിലര് പറയും 1921 കലാപം ഹിന്ദു മേല്‍ക്കോയ്മയ്‌ക്കെതിരെയായിരുന്നുവെന്ന്, ചിലര്‍ പറയും സാമൂഹിക വിവേചനങ്ങള്‍ക്കെതിരെ ആയിരുന്നുവെന്ന്, മറ്റ് ചിലര്‍ പറയുന്നത് കൊളോണിയലിസത്തിന് എതിരെയായിരുന്നുവെന്നാണ്. യഥാര്‍ത്ഥത്തില്‍ മൂന്നും ഉണ്ട് ഇതില്‍. ആകെ നോക്കിയാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ തന്നെയായിരുന്നു അന്ന് കലാപം നടന്നത്. ബ്രിട്ടീഷുകാര്‍ വന്നതില്‍ പിന്നെയായിരുന്നു അവര്‍ക്ക് അവരുടെ അന്തസ് നഷ്ടപ്പെട്ടത്. ജന്മിമാരും ബ്രിട്ടീഷുകാരും ഒരുകൈയാണെന്ന് അവര്‍ക്ക് തോന്നല്‍ വന്നിട്ടുണ്ടാകാം', മനു എസ് പിള്ള പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in