ലാലു: വില്ലനോ നായകനോ? | Lalu Prasad Yadav | RJD | Bihar | The Cue
1990 സെപ്റ്റംബർ ഇരുപത്തഞ്ചിന് ഗുജറാത്തിലെ സോമനാഥിൽ നിന്ന് ഒരു രഥം പയ്യെ ഉരുണ്ടു തുടങ്ങി. ബിജെപിയുടെ ദേശീയ അധ്യക്ഷൻ എൽ.കെ അദ്വാനി ആ രഥത്തിൽ നിന്ന് ആളുകളെ അഭിവാദ്യം ചെയ്തു. രഥം ഗുജറാത്ത് പിന്നിട്ട്, മഹാരാഷ്ട്രയും ആന്ധ്രാ പ്രദേശും പിന്നിട്ട് മധ്യപ്രദേശും കടന്ന് മുന്നോട്ട് ഉരുണ്ടു. ലക്‌ഷ്യം അയോധ്യയാണ്. ഉത്തർപ്രദേശിലെ അയോദ്ധ്യ. രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ ആ രഥത്തിനൊപ്പം അയോധ്യയിലേക്ക്. രഥമുരുളുന്ന വഴികളിൽ കലാപത്തിന്റെ ഉഷ്ണക്കാറ്റ് വീശി. വർഗീയമായ, വിഷലിപ്തമായ അന്തരീക്ഷം രാജ്യമാകെ കനം വെച്ചൊരു കാർമേഘം കണക്ക് ഇരുണ്ട് കിടന്നു. ചോരപ്പാടുള്ള വഴിയിലൂടെ രഥം പിന്നെയുമുരുണ്ടു. ആരുണ്ട് ഇതിനെ തടുക്കാനെന്ന വെല്ലുവിളിയായി സംഘ്പരിവാരവും നിസ്സഹായതയോടെ മറുപക്ഷവും ചോദിച്ചു. രാജ്യത്തെ രണ്ടായി വിഭജിച്ച് കുതിച്ച ആ യാത്ര ബീഹാറിലെ സമസ്തിപൂരിലെത്തിയപ്പോൾ പൊടുന്നനെ നിശ്ചലമായി. രഥത്തിന് മുന്നിൽ വെള്ള ജുബ്ബയിട്ട ഒരു കുറിയ മനുഷ്യൻ നിൽക്കുന്നു. അയാൾ വിളിച്ച് പറയുന്നു, ഇതെന്റെ സംസ്ഥാനമാണ്. ഇവിടത്തെ മുഖ്യമന്ത്രി ഞാനാണ്. എൽ.കെ അദ്വാനിയെന്ന അതികായനെ അവിടെ വെച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ആ കുറിയ മനുഷ്യന്റെ പേര് ലാലു പ്രസാദ് യാദവ് എന്നായിരുന്നു.
'ജബ് തക് ഹോഗാ സമൂസാ മേ ആലൂ, തബ് തക് ഹോഗാ ബീഹാർ മേ ലാലൂ' എന്നത് ബീഹാറിൽ മുഴങ്ങിക്കേട്ടിരുന്ന ഒരു പഴഞ്ചൊല്ലാണ്. നെഹ്‌റു അടങ്ങുന്ന രാജ്യത്തെ സെക്കുലർ പരമ്പരയിൽ ഉഗ്രപ്രതാപത്തോടെ ശോഭിച്ച് നിൽക്കുന്നുണ്ട് ലാലു എന്ന ബീഹാറുകാരൻ. വർഗീയതയുടെ രഥചക്രത്തിനടിയിൽ ചതഞ്ഞരഞ്ഞ മനുഷ്യരെ നോക്കി, അയാൾ പ്രസംഗിച്ചത് ഇന്നും മതേതര ഭാരതത്തിന്റെ ചരിത്രപുസ്തകത്തിൽ മായാതെ കിടപ്പുണ്ട്. മനുഷ്യരില്ലെങ്കിൽ നിങ്ങളുടെ അമ്പലത്തിൽ ആരാണ് മണിയടിക്കുക എന്നും മനുഷ്യരില്ലെങ്കിൽ നിങ്ങളുടെ മസ്ജിദിൽ ആരാണ് ഇബാദത്ത് ചെയ്യാനെത്തുകയെന്നും ചോദിച്ച ലാലു, ഒരു കാലത്തിന്റെ പ്രതിരോധത്തിന്റെ ശബ്ദവും രൂപവുമാണ്. ലാലു എപ്പോഴും വ്യത്യസ്തനാണ്. ലാലുവിന്റെ പ്രസംഗങ്ങൾ ചിരിയുടെ പൂരമൊരുക്കാറുണ്ട്. തമാശയായിരുന്നു ലാലുവിന്റെ ആയുധം. തമാശയിൽ പൊതിഞ്ഞാണ് ലാലു സംസാരിച്ചിരുന്നത്. ആ തമാശകളെ അട്ടത്ത് വെച്ച് അയാളന്ന് അദ്ധ്വാനിയോട് നിശിതമായി പറഞ്ഞത്, ഈ രാജ്യത്തിന്റെ പ്രാധാനമന്ത്രിയുടെ ജീവന് എത്ര മൂല്യമുണ്ടോ അത്രയും മൂല്യം ഈ രാജ്യത്തെ ഓരോ മനുഷ്യനുമുണ്ട് എന്നായിരുന്നു. അവരുടെ ജീവൻ ഒരു കലാപക്കെടുതിയിൽ ഒഴുകിപ്പോകാനുള്ളത്ര നിസാരമല്ലെന്നായിരുന്നു.
ലാലുവിന്റെ വെല്ലുവിളിയോട് അന്ന് അദ്വാനി പ്രതികരിച്ചത്, രാസ്താ മേ മത്ത് ആവോ അഥവാ എന്റെ വഴിയിൽ വരരുത് എന്ന് പറഞ്ഞായിരുന്നു. ആര് എന്നെ തടയും, ഏത് സർക്കാരുണ്ട് തടയാൻ എന്ന് വെല്ലുവിളിച്ചായിരുന്നു. മന്ദിർ വഹീ ബനായേങ്കേ എന്ന് പറഞ്ഞ് ഉരുണ്ട ആ രഥമാണ് അന്ന് ലാലു ബീഹാറിന്റെ മണ്ണിൽ തടഞ്ഞിട്ടത്.
1948ൽ ഗോപാൽഗഞ്ചിലെ ഫുൽവാരിയയിൽ ജനിച്ച്, വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തി, തെരുവിൽ പോരാടി, ജനഹൃദയങ്ങളിൽ ചേക്കേറി, ലാലു മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെയായി. പാൽ വില്പനക്കാരനായ അച്ഛന്റെ മകൻ, ജാതിസമവാക്യത്തിൽ താഴ്ന്നവൻ, അങ്ങനെ പല ഉയരത്തിലേക്കും നടന്നുകയറി. കാലിത്തൊഴുത്തിൽ നിന്ന് മുഖ്യമന്ത്രിക്കസേരയിലേക്കും പിന്നീട് കാലിത്തീറ്റ കുംഭകോണത്തിലേക്കും അവിടന്ന് ജയിലിലേക്കും യാത്ര ചെയ്ത ലാലുവിന്റെ രാഷ്ട്രീയ ജീവിതം അയാളുടെ ചീകിയൊതുക്കാത്ത തലമുടി പോലെയായിരുന്നു. അത് പല സമയങ്ങളിൽ പലയിടത്തേക്കായി പാറിക്കളിച്ചു.
1977ൽ ഇരുപത്തിയൊമ്പതാം വയസ്സിൽ ചാപ്രയിൽ നിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലാലു അതുവരെയുള്ള പാർലിമെന്ററി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. 1985ൽ ബീഹാറിന്റെ പ്രതിപക്ഷ നേതാവും 1990ൽ മുഖ്യമന്ത്രിയുമായി. ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനത്തുമെന്ന പോലെ കോൺഗ്രസ്സ് തന്നെ ആയിരുന്നു ബിഹാറിലും ഭരിച്ചുകൊണ്ടിരുന്നത്. 1989 ൽ ഭഗൽപൂരിൽ നടന്ന വർഗീയ കലാപമാണ് കോൺഗ്രസ്സിനെ ബീഹാറിന്റെ മനസ്സിൽ നിന്ന് പടിയിറക്കിയത്. ഭഗല്പൂരിലെ ഹിന്ദുമുസ്ലീം വർഗീയകലാപത്തിൽ രണ്ടായിരത്തോളം മനുഷ്യർ അന്ന് കൊല്ലപ്പെട്ടു. അതിൽ ബീഹാറുകാർക്കുണ്ടായ നീരസം അവർ മാസങ്ങൾക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് കോൺഗ്രസ്സിനെ പിന്നിലാക്കി ലാലുവിന്റെ സർക്കാർ ബിഹാറിൽ അധികാരത്തിലെത്തുന്നത്. ആ കാലയളവിലാണ് ലാലു അദ്ധ്വാനിയുടെ രഥയാത്ര തടയുന്നതും. ഭഗൽപൂരിന്റെ വേദന മറന്നുതുടങ്ങുന്ന ഈ നാട്ടിൽ, ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ അകലം മറന്ന് സ്നേഹിച്ച് തുടങ്ങുന്ന എന്റെ ബിഹാറിൽ ഇനിയൊരു വർഗീയകലാപത്തിന് വഴിമരുന്നിടരുതെന്ന് അന്ന് അദ്ധ്വാനിയോട് പറയുമ്പോൾ ലാലു സ്വയമൊരു മുസ്ലിം യാദവ സംരക്ഷക പരിവേഷം കൂടി എടുത്തണിയുന്നുണ്ട്. ആ ഇരു സമുദായങ്ങളുടെ ബലത്തിലാണ് ലാലു പിന്നീട് ബീഹാറിന്റെ സീമന്ത പുത്രനാകുന്നത്.
ലാലു മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിൽ വലിയ മാറ്റം ബിഹാറിൽ വന്നത്. ഇംഗ്ലീഷിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ലാലു സിലബസിൽ ഇംഗ്ലീഷ് ഉൾപ്പെടുത്തുകയെന്നത് ഒരു നയമായി സ്വീകരിച്ചു. തൊട്ടടുത്ത ഉത്തർപ്രദേശിൽ 'അങ്ക്രേസി ഹട്ടാവോ' എന്ന പേരിൽ ഇംഗ്ലീഷിനെ അകറ്റി നിർത്തുന്ന കാലത്തായിരുന്നു ലാലു ബിഹാറിനെ ആധുനികവത്കരിക്കുന്ന നയം സ്വീകരിച്ചത്. അങ്ങനെ ആ അഞ്ചുവർഷത്തെ ഭരണത്തിനൊടുവിൽ ബിഹാറിൽ ലാലു ഭരണത്തുടർച്ചയും നേടി.
ലാലുവിന്റെ രാഷ്ട്രീയജീവിതത്തിന്റെ സകല ശോഭയും കെടുത്തുന്ന ഒരു ആരോപണം ലാലുവിന്റെ രണ്ടാമൂഴത്തിൽ സംഭവിച്ചു. കാലിത്തീറ്റ കുംഭകോണം. 940 കോടി രൂപയുടെ അഴിമതിയായിരുന്നു ആരോപിക്കപ്പെട്ടത്. കൃത്രിമ രേഖയുണ്ടാക്കി ഉദ്യോഗസ്ഥർ ട്രഷറികളിൽ നിന്ന് പണം തട്ടി എന്നായിരുന്നു ആരോപണം. 1996ൽ തുടങ്ങിയ കേസിൽ 1997ൽ ലാലു പ്രതി ചേർക്കപ്പെട്ടു. തുടർന്ന് മുഖ്യമന്ത്രിക്കസേരയിൽ നിന്നുള്ള പടിയിറക്കവും. ആറ് കേസുകളിലാണ് ലാലു പ്രതിയായിരുന്നത്.
സമൂസയിൽ ഉരുളക്കിഴങ്ങ് ഉള്ളിടത്തോളം കാലം ബിഹാറിൽ ലാലുവുമുണ്ടാകുമെന്ന പഴഞ്ചൊല്ല് പതിരായിപ്പോയെന്ന് കരുതിയ കാലമാണ് പിന്നീടുണ്ടായത്. എന്നാൽ 2004 ലോകസഭാ തെരഞ്ഞെടുപ്പിൽ ലാലു ബിഹാറിലെ രണ്ട് മണ്ഡലങ്ങളിൽ ഒരുമിച്ച് മത്സരിച്ചു. ചാപ്രയിലും മധേപുരയിലും. രണ്ടിടത്തും റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയിച്ച് ലാലു നിവർന്ന് നിന്നു. ലാലുവില്ലാതെ ബിഹാറില്ലെന്ന പ്രഖ്യാപനമായിരുന്നു ആ ജയങ്ങൾ നൽകിയ സന്ദേശം. ആ തെരഞ്ഞെടുപ്പിൽ മൊത്തം 21 സീറ്റുകൾ നേടിയ ലാലുവിന്റെ ആർജെഡി ഒന്നാം യുപിഎ സർക്കാരിൽ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയുമായി. റെയിൽവേ മന്ത്രിസ്ഥാനം ലാലു വിലപേശി തന്നെ ചോദിച്ച് വാങ്ങിച്ചു.
ഭീമമായ നഷ്ടത്തിലായിരുന്നു അന്ന് റെയിൽവേ ഓടിയിരുന്നത്. ആ റെയിൽവേയെ ഒരു മായാജാലക്കാരനെ പോലെ ലാലു 38,000 കോടി രൂപയുടെ ലാഭത്തിലേക്ക് എത്തിച്ചു. അന്താരാഷ്‌ട്ര തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട ഒരു സംഭവമായിരുന്നു അത്. ഒരു വലിയ പൊതുമേഖലാ പ്രസ്ഥാനത്തെ എങ്ങനെയാണ് ലാലു മാനേജ് ചെയ്യുന്നതെന്ന് പഠിക്കാൻ അമേരിക്കയിൽ നിന്നും ലോകത്തിന്റെ പലഭാഗത്തെ ബിസിനസ് സ്‌കൂളുകളിൽ നിന്നും ഇന്ത്യയിലേക്ക് പലരുമെത്തി. ഹാർവാര്ഡിലേയും വാർട്ടനിലെയും കുട്ടികൾക്ക് ലാലു ക്ലാസ്സ് എടുത്തു. ഗോപാൽഗഞ്ചിലെ പാൽക്കാരന്റെ മകൻ ഹിന്ദിയിൽ ഇംഗ്ളീഷുകാരെ പഠിപ്പിച്ചത് അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി. റെയിൽവേയുടെ ലാഭം ലാലു പെരുപ്പിച്ച് കാണിച്ചതാണെന്ന് പിന്നീട് മന്ത്രിയായ മമത ബാനർജി പറഞ്ഞതും അതെ ചരിത്രത്തിന്റെ തന്നെ ഭാഗമായുണ്ട്.
കേന്ദ്രമന്ത്രി പദത്തിൽ നിന്ന് ഇറങ്ങുമ്പോഴും ലാലുവിന്റെ തലക്ക് മുകളിൽ കാലിത്തീറ്റ കുംഭകോണത്തിന്റെ വാൾ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. കേസും ജയിൽ വാസവും കൊണ്ട് ലാലു രാഷ്ട്രീയവേദികളിൽ നിന്ന് പയ്യെ അപ്രത്യക്ഷമായി. മുഖ്യമന്ത്രിയായും കേന്ദ്ര മന്ത്രിയായും രാഷ്ട്രീയ ഭൂപടത്തിൽ സ്വന്തം കയ്യൊപ്പ് ചാർത്തിയ ലാലുവിന്, വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ലാലുവിന്, അഴിമതിക്കാരനെന്ന ചാപ്പയാണ് ഒടുവിൽ ചാർത്തപ്പെട്ടത്. ഉദ്യോഗസ്ഥർ ചെയ്ത വെട്ടിപ്പിന് ലാലു എങ്ങനെ പ്രതിയാകുമെന്ന ചോദ്യമുണ്ട്. പ്രതിപക്ഷത്തിന്റെ തലക്ക് മുകളിൽ അന്വേഷണ ഏജൻസികൾ വട്ടമിട്ട് പറക്കുന്ന സമീപകാല രാഷ്ട്രീയ രീതികൾ കാണുമ്പോൾ ആ ചോദ്യങ്ങളിൽ ശരിയുണ്ടെന്ന് തോന്നാവുന്നതുമാണ്. എന്തുതന്നെയായാലും ലാലു അഴിമതിക്കാരനാണ്. അതുപോലെത്തന്നെ സെക്കുലറുമാണ്.
വീട്ടുമുറ്റത്തെ മത്സ്യക്കുളത്തിൽ മീനിന് തീറ്റയിട്ട് കൊടുക്കുമ്പോൾ വരൂ മത്സ്യക്കുഞ്ഞുങ്ങളെ, ബിജെപിയെ പരാജയപ്പെടുത്തൂ എന്ന് തമാശ പറയുന്ന ലാലുവിനെ ബിഹാറുകാർ കണ്ടിട്ടുണ്ട്. ജയിൽ വാസത്തിനിടക്ക് ജാമ്യത്തിലിറങ്ങി വരുമ്പോഴും ലാലു ബിജെപിയോട് ഒരു മയവും കാണിച്ചിട്ടില്ല. പണ്ടത്തെ സഹയാത്രികനായ നിതീഷ് കുമാർ പോലും ബിജെപിക്ക് ഒപ്പം പോയിട്ടും കുലുങ്ങിയിട്ടില്ല. കേസുകളുടെ മുൾക്കിരീടം അണിഞ്ഞു നിന്നിട്ടും തരിമ്പും ഭയപ്പെട്ടിട്ടില്ല. ഒരുകാലത്തും തീരാത്ത കുംഭകോണ കേസിൽ ഇനിയും അകത്തിടുമെന്ന ബോധ്യം കത്തിനിൽക്കുമ്പോഴും ലാലു ചോദിക്കും, ബിജെപിക്ക് എന്ത് പാരമ്പര്യമുണ്ടെന്ന്. സ്വാതന്ത്ര്യ സമരത്തിൽ അവർക്കെന്ത് പങ്കുണ്ടെന്ന്. അതാണ് ലാലു. ചാർത്തപ്പെട്ട ചാപ്പകൾക്കപ്പുറം രാജ്യം ഇന്ന് ആവശ്യപ്പെടുന്ന കരുത്തുറ്റ നിലപാടിന്റെ പേര് കൂടിയാണ് ലാലു. ലാലു നിശ്ശബ്ദനാകുമ്പോൾ, അല്ലെങ്കിൽ നിശ്ശബ്ദനാക്കപ്പെടുമ്പോൾ ബലം കുറയുന്നത് ആ നിലപാടിനാണ്. ഇന്ത്യക്ക് കൈമോശം വന്നുകൂടാൻ പാടില്ലാത്ത മതേതര മൂല്യങ്ങൾക്കാണ്.