ഇസുധാൻ ഗധ്വി ഗുജറാത്തിൽ ആം ആദ്മിയുടെ ട്രമ്പ് കാർഡ്

എന്തുകൊണ്ടായിരിക്കും കഴിഞ്ഞവർഷം മാത്രം പാർട്ടിയിൽ ചേർന്ന ഒരാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചത്? അതും കേവലം ഒരു പാർട്ടി നാമനിർദേശമല്ല, വലിയ ക്യാൻവാസിൽ നടത്തിയ ഒരു സർവേയുടെ ഭാഗമായി 73 % പാർട്ടി പ്രവർത്തകരുടെ പിന്തുണയോടെ ഇസുദാൻ ഗധ്വി മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോൾ അതിൽ ഒരു മോബ് സൈക്കോളജി വർക്ക് ചെയ്തിട്ടുണ്ട് എന്ന് തന്നെ മനസ്സിലാക്കാവുന്നതാണ്. ഇന്ത്യയിലെമ്പാടും രാഷ്ട്രീയപാർട്ടികൾ നിരന്തരം പ്രയോഗിക്കുന്ന ഒരു തന്ത്രമാണ് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള ആളുകളെ തിരഞ്ഞുപിടിച്ച് പാർട്ടിയിലേക്ക് എത്തിക്കുക എന്നത്.

2021 ൽ ഇസുധാൻ ഗധ്വി തന്റെ പതിനഞ്ചു വർഷം നീണ്ട മാധ്യമപ്രവർത്തന ജീവിതം അവസാനിപ്പിച്ച് രാഷ്‌ടീയത്തിലേക്കിറങ്ങാം എന്ന് തീരുമാനിക്കുമ്പോൾ, അയാൾക്ക്‌ മുന്നിൽ ഓഫറുകളുമായി ബി.ജെ.പി യും കോൺഗ്രസ്സും, ആം ആദ്മിയുമുണ്ടായിരുന്നു. അവിടെ ഈ പാർട്ടികൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നേതാവിനെ മാത്രമല്ല, ആയാൾ ഈ കണ്ട കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത ജനസമ്മതികൂടിയാണ്.

വ്യത്യസ്തത മേഖലയിൽ നേടിയ ജന പിന്തുണ രാഷ്ട്രീയത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിച്ച് വിജയിച്ചവരെയും പരാജയപ്പെട്ടവരെയും എം.ജി.ആർ മുതൽ കങ്കണ റണാവത് വരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരുപാട് കാണാം. അതിൽ ഭൂരി ഭാഗവും സിനിമയിൽ നിന്നുള്ളവരായിരുന്നു. സിനിമകൾക്കു ലഭിക്കുന്ന പിന്തുണ അതേ തോതിൽ രാഷ്ട്രീയത്തിലും ലഭിക്കുന്ന ചുരുക്കം സ്ഥലങ്ങൾ മാത്രമേ ഇന്ത്യയിലുള്ളൂ. പക്ഷെ ഇവിടെ പൊതുസമ്മതനായ ഒരു ജേർണലിസ്റ്റിനെ കളത്തിലിറക്കുന്നതിലൂടെ ആം ആദ്മിക്ക് ഒരു ലാഭമുണ്ട്.

ഇസുധാൻ ഗധ്വിക്ക് ലഭിക്കുന്ന ജന പിന്തുണ മുഴുവനും അയാൾ ഒരു ജേർണലിസ്റ് എന്ന രീതിയിൽ ഇടപെട്ട സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ലഭിച്ചതാണ്. മാധ്യമപ്രവർത്തനം ഒരു തരത്തിൽ രാഷ്ട്രീയ പ്രവർത്തനത്തോടടുത്ത് നിൽക്കുന്നതുകൊണ്ട് തന്നെ അയാൾക്ക് ഒരു രാഷ്ട്രീയപ്രവർത്തകനാകാൻ വലിയ ബുദ്ധിമുട്ടുണ്ടായിക്കാണില്ല. ഒരു സിനിമാക്കാരന് വേണ്ട തയ്യാറെടുപ്പുകളൊന്നും ഒരു പക്ഷെ ഒരു ജേണലിസ്റ്റിനു വേണ്ടിവരില്ല.

ഇസുധാൻ ഗധ്വിയെ പറ്റി എഴുതുന്ന എല്ലാ മാധ്യമങ്ങളും ഉയർത്തിക്കാട്ടുന്ന അയാളുടെ മാധ്യമപ്രവർത്തന ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം, 150 കോടിയുടെ മരംമുറി തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന സംഭവമാണ്. ഇന്ത്യയിൽ ഏതിലക്ഷനിലും, ഏതു കാലാവസ്ഥയിലും വളരെ എളുപ്പത്തിൽ ചിലവാകുന്ന ഒന്നാണ് അഴിമതി വിരുദ്ധത. വി.ടി.വി യിൽ ഇസുധാൻ ഗധ്വി ചെയ്തിരുന്ന പ്രൈം ടൈം ഷോ ആയിരുന്ന മഹാമന്തൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയതും, അഴിമതി, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ്‌. ഇത് തന്നെയാണ് ആം ആദ്മിയുടേയും ഫോക്കസ് ഏരിയ. രോഗി ഇച്ചിച്ചതും, വൈദ്യൻ കല്പിച്ചതും എന്ന് പറഞ്ഞത് പോലെ, ഇങ്ങനെ ഒരു കൂടിച്ചേരൽ മറ്റേതെങ്കിലും പാർട്ടിയിൽ സാധ്യമാകുമായിരുന്നോ? എന്ന് നമുക്ക് തോന്നും.

ഈ തെരഞ്ഞെടുപ്പിൽ ഇസുധാൻ ഗധ്വിയെ ശ്രദ്ധാകേന്ദ്രമാക്കുന്ന മൂന്നു കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചാൽ, മറ്റൊരു തരത്തിൽ ഇസുധാൻ ഗധ്വിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ബി.ജെ.പി യെ വലയ്ക്കുന്ന മൂന്നു കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചാൽ,

ഒന്ന് അയാളുടെ പ്രായമാണ് ഗധ്വിക്ക് 40 വയസു മാത്രമേയുള്ളു. ഇന്ത്യൻ രാഷ്ട്രീയത്തി അറുപതു വയസുവരെ യുവത്വമാണ്. അയാൾ ഹ്യൂമൻ ഇന്റെരെസ്റ്റ് ബീറ്റ് കൈകാര്യം ചെയ്ത മാധ്യമപ്രവർത്തകനാണ് അതുകൊണ്ടു തന്നെ സാമൂഹിക വിഷയങ്ങളിൽ നല്ല ധാരണയുണ്ട്. എന്ത് എവിടെ പറഞ്ഞാൽ കയ്യടി കിട്ടും എന്ന് കൃത്യമായി അറിയാവുന്ന ആളാണെന്ന് ചുരുക്കി പറയാം. ഒരു അർബൻ പാർട്ടിയാണ് ആം ആദ്മി എന്ന ബി.ജെ.പി വിമര്ശനത്തിനപ്പുറം റൂറൽ വോട്ടുകൾ കുടി പെട്ടിയിലാക്കാൻ ഗധ്വിയിലൂടെ കഴിയുമെന്ന് ആം ആദ്മി കരുതുന്നു. പ്രൈം ടൈം ഡിബേറ്റ് ചെയ്തുകൊണ്ടിരുന്ന ഒരു ജേർണലിസ്റ്റ് ആയതു കൊണ്ട് ഡാറ്റകൾക്ക് ഒരു പഞ്ഞവുമുണ്ടാകില്ല, അതുകൊണ്ടു തന്നെ ദേശീയതലത്തിൽ ബി.ജെ.പി യോട് അടിച്ചു നിൽക്കാൻ ഈ നേതാവിന് കഴിയും എന്ന് തന്നെ പറയണം.

കോവിഡിൽ ജനങ്ങൾ വലയുമ്പോൾ സഹായം ആവശ്യപ്പെട്ടു വന്നവരുടെ മുന്നിൽ ഒരു ജേർണലിസ്റ്റിന്റെ പരിമിതികൾക്കകത്ത് നിന്ന് കൊണ്ട് ഒന്നും ചെയ്യാതിരിക്കേണ്ടി വന്നതിന്റെ കുറ്റബോധത്തിൽ നിന്നുണ്ടായ രാഷ്ട്രീയ പ്രവേശനത്തിന്റെ കഥ ഇപ്പോൾ തന്നെ വലിയ രീതിയിൽ ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. എന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടുകൂടി പാർട്ടി ദേശീയ ജോയിന്റ് സെക്രട്ടറി കൂടിയായ ഇന്ദ്രനീൽ രാജ്യഗുരു രാജി വച്ച് കോൺഗ്രസിൽ ചേർന്നു. ആം ആദ്മി ലക്‌ഷ്യം വെക്കുന്നത് ബി.ജെ.പി യെ അല്ല എന്നും കോൺഗ്രസിനെ മാത്രമാണെന്നുമായിരുന്നു ഇന്ദ്രനീൽ രാജി വച്ചപ്പോൾ പറഞ്ഞത്. പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നിട്ടുകൂടി, താരതമ്യേന ജൂനിയർ ആയ ഒരു നേതാവിനെ പാർട്ടിക്കാരുടെ സർവേഫലം മാത്രം നോക്കി ബി.ജെ.പി ക്കെതിരെ നിർത്തുന്ന കെജരിവാൾ പഴുതടച്ച് ഒരുങ്ങുകയാണെന്ന് തന്നെ കരുതണം.

പട്ടീദാർ വിഭാഗങ്ങൾക്കിടയിൽ വലിയ രീതിയിൽ ഭരണ വിരുദ്ധ വികാരം നിലനിൽക്കുമ്പോൾ, ആം ആദ്മി ഒരു പാട്ടിദാർ സ്ഥാനാർത്ഥിയെ കൊണ്ട് വരുമെന്ന് ഒരുപാട് പേർ കരുതിയെങ്കിലും, പാട്ടിദാർ വിഭാഗത്തിൽ പെടാത്ത ഇസുധാൻ ഗധ്വിയെയാണ് പാർട്ടി കൊണ്ടുവന്നത്. ആം ആദ്മി സംസ്ഥാന പ്രസിഡന്റ് ഗോപാൽ ഇതാലിയയെ പരിഗണിക്കാതെയാണ് ഗദ്ധ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നത്. എന്നാൽ ഇവിടെയും ഒരു ട്വിസ്റ്റുണ്ട്. 2015 മുതൽ 2017 വരെ പാട്ടിദാർ സംഘടനയായ പാട്ടിദാർ അനാന്ത്മത് ആന്ദോളൻ സമിതിയുടെ ശബ്ദമായിരുന്നു ഇസുധാൻ ഗധ്വി. അതുകൊണ്ടു തന്നെ പാട്ടിദാർ വോട്ടുകൾ ചോർന്നു പോകാൻ ഒരു സാധ്യതയും ആം ആദ്മി കാണുന്നില്ല.

ആം ആദ്മി വിജയിക്കുമെന്ന് ഉറപ്പിച്ച് പറയുന്ന ഒരു മാധ്യമ സർവേകളും വന്നിട്ടില്ല. എന്നാൽ ഇനിയെങ്ങാനും വിജയിച്ചു പോകുമോ എന്ന പേടി എല്ലാവരിലുമുണ്ടെന്നു മനസിലാക്കണം. കോൺഗ്രസ് മേൽകൈ നേടുന്നതിലും ബി.ജെ.പി യെ ഭയപ്പെടുത്തുന്നത് ആം ആദ്മി മേൽക്കൈ നേടുന്നതാണ്. കോൺഗ്രസ് ജയിച്ചാൽ പോലും കോടികൾ എറിഞ്ഞ് എം.എൽ.എ മാരെ വാങ്ങി സർക്കാരിനെ അട്ടിമറിക്കാം എന്ന ആത്മവിശ്വാസം ബി.ജെ.പിക്കുണ്ട്, അത് മുമ്പും പലപ്പോഴായി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണല്ലോ. എന്നാൽ ഫലത്തിൽ ബലാബലമായാൽ പോലും ആം ആദ്മിയെ പേടിക്കണം. അത് മറികടക്കാൻ അവസാന നിമിഷം ബി.ജെ.പി എന്തൊക്കെ നമ്പറുകൾ ഇറക്കും എന്നതാണ് എല്ലാവരുടെയും കൗതുകം. എന്തടവും കാണേണ്ടിവരും. ഗാലറിയിൽ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in