തെക്കനമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിൻറെ പ്രസിഡന്റായി തൊഴിലാളി നേതാവ് ലുല ഡി സിൽവ തെരഞ്ഞെടുക്കപ്പെടുമ്പോൾ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഇടതു മുന്നേറ്റത്തിന് ആക്കം കൂടുകയാണ്.
ബ്രസീലിലെ തെരഞ്ഞെടുപ്പിൽ വർക്കേഴ്സ് പാർട്ടിയെന്ന അവിടുത്തെ ഒരു രാഷ്ട്രീയ കക്ഷിക്കുണ്ടാകുന്ന വിജയം ലോകമാകെയുള്ള തൊഴിലാളി രാഷ്ട്രീയത്തിന് ഒപ്പം നിൽക്കുന്ന മനുഷ്യരുടെ സന്തോഷത്തിന് വഴിവെക്കുന്നത് എങ്ങനെയാണ്
ഇന്ത്യയിൽ നിന്ന് എത്രയോ രാജ്യാതിർത്തികൾക്കപ്പുറം കിടക്കുന്ന ബ്രസീലിലെ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ് ആനന്ദിക്കുന്ന മനുഷ്യരുടെ കൂട്ടം ഇന്ത്യയിലടക്കം ഉണ്ടാകുന്നത് എങ്ങനെയാണ്. മനുഷ്യ നൻമക്കായുള്ള പോരാട്ടത്തിന്റെ രാഷ്ട്രീയത്തിന് രാജ്യാതിർത്തികൾ തടസമല്ല എന്നത് തന്നെയാണ് കാരണം.
എന്തുകൊണ്ട് ലുല ഡി സിൽവയുടെ വിജയം ഇത്രത്തോളം ആഘോഷിക്കപ്പെടുന്നു എന്ന ചോദ്യത്തിനുള്ള രാഷ്ട്രീയ ഉത്തരം കൂടിയായിരുന്നു തീവ്ര വലതുപക്ഷത്തിന്റെ വക്താവും നിലവിലെ പ്രസിഡന്റുമായിരുന്ന ജെയ്‍ർ ബോൾസനാരോയെ പരാജയപ്പെടുത്തിയ ശേഷമുള്ള ലുലയുടെ പ്രസംഗം.
'അവരെന്നെ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ചു. എന്നിട്ടും ഞാൻ ഇന്നിവിടെ നിൽക്കുന്നു. ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് രാജ്യത്തെ നയിക്കാൻ ഞാനെത്തുന്നത്. പക്ഷേ എന്റെ ജനങ്ങളുടെ സഹായത്തോടെ എനിക്കത് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആമസോൺ മഴക്കാടുകൾ ബ്രസീലിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്വാസകോശമാണ്. അത് നമ്മൾ സംരക്ഷിക്കും. ബ്രസീലിൽ ജനാധിപത്യവും സമാധാനവും നമ്മൾ തിരിച്ചുകൊണ്ടുവരും'. ഇതായിരുന്നു ആ പ്രസംഗത്തിലെ പ്രസക്ത ഭാഗം.
മൂന്നാം തവണയാണ് ലുല ബ്രസീലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. മുൻപ് 2003 ലും 2007 ലും പ്രസിഡന്റായിരുന്നു. കള്ളക്കേസുകളിൽ കുടുക്കി രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള തീവ്ര വലതുപക്ഷത്തിന്റെ ശ്രമങ്ങളെയെല്ലാം അതിജീവിച്ചാണ് ലുല വീണ്ടും ബ്രസീലിന്റെ അമരത്തേക്ക് എത്തുന്നത്.
രണ്ട് പതിറ്റാണ്ടിന്റെ ചരിത്രമെടുത്താൽ ബ്രസീലിലെ ഏറ്റവും ജനകീയനായ നേതാവാണ് ലുല. തൊഴിലാളി പ്രവർത്തനത്തിന്റെ അനുഭവ സമ്പത്തുമായി രാഷ്ട്രീയത്തിലെത്തിയ ലുല തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കുകയും സമരങ്ങൾ നയിക്കുകയും ചെയ്തു. അതുവഴി വലതുപക്ഷ രാഷ്ട്രീയത്തിന്റെ കണ്ണിലെ കരടായി മാറി. രണ്ട് തവണയായി പ്രസിഡന്റായിരുന്ന എട്ട് വർഷക്കാലം ബ്രസീലിനെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ ലുലക്ക് കഴിഞ്ഞു. ഐ.എം.എഫ് പ്രോഗ്രാമിന് കീഴിൽ പുതിയ പദ്ധതികളിലൂടെയും നിലവിലുള്ള പദ്ധതികളുടെ തുടർച്ചയിലൂടെയും ജനങ്ങൾക്ക് ഉപകാരപ്രദമായ പല പരിപാടികളും നടപ്പിലാക്കി. ബാലവേല ഇല്ലാതാക്കാനും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും നയരൂപീകരണം നടത്തി. ലുലയുടെ പദ്ധതികളും പരിപാടികളും ബ്രസീലിന്റെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് വഴിവെച്ചു.
തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ലുല രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. എഴുപതുകളിൽ ഫാക്ടറി തൊഴിലാളിയായിരിക്കെയാണ് തൊഴിലാളികളുടെ അവകാശങ്ങൾക്കായി ലുല മുന്നിൽ നിന്ന് സമരങ്ങൾ നയിക്കുന്നത്. 1978 നും 80 നും ഇടയിൽ പട്ടാളത്തിനെതിരെ അവകാശ സമരം നയിച്ചതോടെ ലുല അറസ്റ്റിലായി. ഈ സംഭവത്തിലൂടെയാണ് തൊഴിലാളി സമരത്തിന്റെ മുഖമായി ലുല വളർന്നു.
1980 ലാണ് ലുല വർക്കേഴ്സ് പാർട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നത്. 1985 ൽ വലതുപക്ഷ പട്ടാള ഭരണത്തിൽ നിന്ന് മോചിതമായ ബ്രസീലിൽ 1989 ലാണ് ലുല ആദ്യമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വെറും 17 ശതമാനം വോട്ട് മാത്രമാണ് ആ തെരഞ്ഞെടുപ്പിൽ ലുലക്ക് നേടാനായത്. എന്നാൽ പിന്നീടങ്ങോട്ട് ബ്രസീലിൽ ചവപ്പ് പടരുകയായിരുന്നു. നാല് വർഷംമ കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിൽ 27 ശതമാനമായും അടുത്ത നാല് വർഷത്തിൽ 32 ശതമാനമായും ലുലയുടെ പിന്തുണ വർധിച്ചു. 2002 ൽ നടന്ന അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ലുല ആദ്യമായി വിജയിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിലും വിജയിച്ചതോടെ 2003 മുതൽ 2010 വരെ ലുല ബ്രസീലിന്റെ പ്രസിഡന്റ് പഥം അലങ്കരിച്ചു.
ലുലയുടെ ഭരണകാലത്ത് സർക്കാർ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ ഭാഗമായി രണ്ട് കോടിയിൽ പരം ബ്രസീലുകാർ അതി ദാരിദ്ര്യത്തിൽ നിന്ന് മോചിതരായി
2011 തെരഞ്ഞെടുപ്പിൽ ലുലയുടെ പിൻഗാമിയായി ദിൽമ റൂസഫ് അധികാരത്തിൽ വന്നു. 2016 ൽ പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് വലതുപക്ഷം ദിൽമയുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിനെ അട്ടിമറിച്ച് ഭരണത്തിലേറി. സാമൂഹികമായും രാഷ്ട്രീയപരമായും ആഗോള തലത്തിൽ ബ്രസീലിന്റെ യശസ്സുയർത്തിയ ലുലയെ 2017 ൽ അഴിമതി ആരോപണമുയർത്തി 580 ദിവസം ജയിലിലടച്ചും 2018 തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടഞ്ഞും ബോൾസെനാരോയുടെ വിജയം വലതുപക്ഷം ഉറപ്പിച്ചു. ഇതുവഴി തൊഴിലാളി രാഷ്ട്രീയത്തെയും വർക്കേഴ്സ് പാർട്ടിയെയും ഇല്ലാതാക്കാമെന്ന് വലതുപക്ഷം സ്വപ്നം കണ്ടു.
ബോൾസെനാരോ ഭരണത്തിന് കീഴിൽ ബ്രസീൽ ജനത ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലെത്തി. ബ്രസീലിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങ് വീണു. ശാസ്ത്ര വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ നയങ്ങൾ കൊണ്ട് ബോൾസെനാരോ ലാറ്റിൻ അമേരിക്കയുടെ ട്രംപ് എന്ന കുപ്രസിദ്ധി നേടി. കൊവിഡ് മഹാമാരി പടർന്ന് പിടിച്ചപ്പോൾ വാക്സിൻ എടുത്താൽ നിങ്ങൾ മുതലയായി മാറും എന്നതടക്കമുള്ള വാക്സിൻ വിരുദ്ധ സിദ്ധാന്തങ്ങൾക്ക് അയാൾ ചൂട്ട് പിടിച്ചു. അങ്ങനെ ഏറ്റവും ഭീകരമായി കൊവിഡ് ബാധിച്ച രാജ്യമായി ബ്രസീൽ മാറി. ഏഴ് ലരക്ഷത്തോളം മനുഷ്യർ അവിടെ കൊവിഡ് ബാധിച്ച് മരിച്ചു.
സി.എൻ.എന്നിന്റെ കണക്ക് അനുസരിച്ച് ജനസംഖ്യയുടെ 33 ശതമാനം ദരിദ്രരായി മാറി. സ്കൂളുകളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പകുതിയായി കുറഞ്ഞു. ലോകത്തിന്റെ ശ്വാസകോശം എന്നു വിളിക്കപ്പെടുന്ന ആമസോൺ മഴക്കാടുകൾ പരക്കെ ചുട്ടുകരിക്കപ്പെട്ടു.
ആമസോൺ കാടുകളിൽ അഗ്നി പടരുന്നത് കണ്ട് ലോകമാകെ വിറങ്ങലിച്ച് നിന്നപ്പോൾ, കത്തിയെരിയുന്ന കാടിനൊപ്പം ആദിവാസി മനുഷ്യരും ഒന്നൊഴിയാതെ നശിച്ച് തീരുമല്ലോ എന്ന് കരുതി നിഷ്കരുണം നോക്കിയിരുന്ന നരാധമ ഭരണകൂടത്തെയും ബ്രസീൽ കണ്ടു
ബോൾസെനാരോ ഭരണത്തിൽ ബ്രസീൽ ജനതക്കും പരിസ്ഥിതിക്കുമേറ്റ മുറിവുകളുടെ ആഴം അത്രത്തോളം ഭീകരമായിരുന്നു. ബോൾസെനാരോയുടെ വിജയം അന്തിമമാണെന്നും തൊഴിലാളി രാഷ്ട്രീയത്തിന്റെ അന്ത്യമാണെന്നും തീവ്ര വലതുപക്ഷവും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും വിധിയെഴുതി. 2021 മാർച്ചിൽ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതോടെയാണ് ലുല വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. 34 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ബ്രസീലിൽ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽക്കുന്നത്. ശക്തമായ മല്‍സരം നടന്ന തിരഞ്ഞെടുപ്പില്‍ ലുല 50.83 ശതമാനം വോട്ടുനേടിയാണ് വിജയിച്ചത്.
ലുല വന്നാൽ ബ്രസീലിൽ സോഷ്യലിസം വരുമോ, ബ്രസീൽ സോഷ്യലിസ്റ്റ് രാജ്യമാകുമോ എന്നെല്ലാമുള്ള കേവല പരിഹാസങ്ങളുമായി വലതുപക്ഷം സജീവമാണ്. തൊഴിലാളി വർഗത്തിന് പുഴുക്കളുടെ പരിഗണന പോലും കൊടുക്കാതിരുന്ന തീവ്ര വലതുപക്ഷത്തിന്റെ വക്താവായ ജെയ്‍ർ ബോൾസനാരോക്ക് പകരം, ചൂഷണം ചെയ്യപ്പെടുന്ന, ചൂഷണത്തിനെതിരെ പൊരുതുന്ന മനുഷ്യരോട് ഞാൻ ഐക്യപ്പെടുന്നു എന്ന് പറയുന്നൊരാളാണ്, തന്റെ ഭരണ കാലത്ത് അവർക്ക് വേണ്ടി പ്രവർത്തിച്ച് കാണിച്ചൊരാളാണ് ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ലുല ഡി സിൽവ എന്നത് മാത്രമാണ് അവർക്കുള്ള മറുപടി.
ബോൾസെനാരോ ഭരണത്തിന് അന്ത്യം കുറിച്ചെങ്കിലും ബ്രസീലിൽ ലുലയെ കാത്തിരിക്കുന്ന വെല്ലുവിളികൾ ചെറുതല്ല. വിലക്കയറ്റത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ് രാജ്യം. ഗാർഡിയന്റെ റിപ്പോർട്ട് അനുസരിച്ച് 33 മില്യൺ മനുഷ്യർ അതിദരിദ്രരുടെ പട്ടികയിലും 100 മില്യൺ ദരിദ്രരുടെ പട്ടികയിലുമാണ്.
ഇതിന് പുറമെ രാഷ്ട്രീയപരമായ വെല്ലുവിളികളും നിരവധിയാണ്. ബ്രസീൽ പാർലമെന്റിൽ തീവ്ര വലതുപക്ഷത്തിന് തന്നെയാണ് ആധിപത്യം. 2016 ൽ ദിൽമക്കെതിരെ ഉണ്ടായത് പോലൊരു അട്ടിമറി നീക്കം ലുലക്ക് നേരെയും ഉണ്ടായേക്കാം. അതിനെയെല്ലാം അതിജീവിച്ച് ബ്രസീലിനെ വീണ്ടും ജനാധിപത്യത്തിലേക്ക് കൊണ്ടുവരാൻ ലുലക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.