ഒന്‍പത് മണിക്കൂര്‍ ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തിയ അയ്യങ്കാളിപ്പട

1996 ഒക്ടോബര്‍ നാലിന് പാലക്കാട് കളക്ടറേറ്റിലേക്ക് പോലീസ് ജീപ്പുകള്‍ ഇരച്ചെത്തുന്നു. കളക്ടര്‍ ഡബ്ല്യു.ആര്‍.റെഡ്ഡിയുടെ ഓഫീസ് പൊലീസ് വളഞ്ഞതോടെ ആളുകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് സംശയമായി. പിന്നെയാണ് പൊതുജനം ആ വിവരമറിയുന്നത്. രാവിലെ പത്തരയോടെ നാല് പേരടങ്ങുന്ന ഒരു സംഘം കളക്ടര്‍ ഡബ്ല്യു.ആര്‍.റെഡ്ഡിയെ ബന്ദിയാക്കിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരെന്ന് സ്വയം പരിചയപ്പെടുത്തി നാലു യുവാക്കള്‍ പാലക്കാട് കളക്ടര്‍ ഡബ്ല്യു.ആര്‍.റെഡ്ഡിയുടെ ഓഫീസിലേക്ക് കടന്നുവന്നു. അകത്ത് കടന്നതോടെ ഒരു മുന്നറിയിപ്പും കൂടാതെ ഇവര്‍ ഓഫീസിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചിരുന്ന കളക്ടറെ കയ്യില്‍ കരുതിയ കേബിള്‍ ഉപയോഗിച്ച് കസേരയില്‍ കെട്ടിയിട്ടു. കളക്ടറെ രക്ഷിക്കാന്‍ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ തോക്ക് ചൂണ്ടിയും പടക്കം എറിഞ്ഞും ഓടിച്ചു. ജില്ലാ കളക്ടറെ നാല് പേര്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തിയിരിക്കുകയാണെന്ന വാര്‍ത്ത നാടെങ്ങും പരന്നു. ആരായിരുന്നു ആ ചെറുപ്പക്കാര്‍. ജില്ലാ ഭരണസിരാകേന്ദ്രത്തില്‍ പട്ടാപ്പകല്‍ കയറിച്ചെന്ന് കളക്ടറെ ബന്ദിയാക്കാന്‍ മാത്രം ധൈര്യവും ആയുധ ബലവുമുള്ള ഏത് തീവ്രവാദ സംഘടനയുടെ ആളുകളാണവര്‍? എന്താണ് അവരുടെ ആവശ്യം? നാടെങ്ങും പല ചോദ്യങ്ങള്‍ ഉയര്‍ന്നു.

ആന്ധ്രാപ്രദേശിലെ നക്സല്‍ സംഘടനയായ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ അംഗങ്ങളാണ് ഈ നാലുപേരെന്നായിരുന്നു ആദ്യം വാര്‍ത്ത പരന്നത്. കേട്ടവരെല്ലാം അത് വിശ്വസിച്ചു. എന്നാല്‍ അധികം വൈകാതെ കളക്ടര്‍ ഓഫീസില്‍ നിന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് ഒരു കോള്‍ വന്നു. കളക്ടറെ ബന്ദിയാക്കിയവര്‍ അദ്ദേഹത്തെ വിട്ടയക്കാനായി മുന്നോട്ടുവെച്ച ആവശ്യം കേട്ട് ഫോണെടുത്ത ഉദ്യോഗസ്ഥനും കേട്ടറിഞ്ഞവരും ഒരുപോലെ ഞെട്ടി. ആദിവാസി ഭൂനിയമ ഭേദഗതി പിന്‍വലിക്കണം. ഇതായിരുന്നു അവരുടെ ആവശ്യം. എന്തായിരുന്നു ഈ ആദിവാസി ഭൂനിയമം? എന്തായിരുന്നു ഇതില്‍ വന്ന ഭേതഗതി. കയ്യേറ്റം നടന്ന ആദിവാസി ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് തിരികെ നല്‍കുന്നതായിരുന്നു 1975 ലെ ആദിവാസി ഭൂനിയമം. എന്നാല്‍ 1996ലെ നായനാര്‍ മന്ത്രിസഭ ഇതില്‍ ഭേദഗതി അവതരിപ്പിച്ചു. ആദിവാസികള്‍ക്ക് നഷ്ടപ്പെട്ടുപോയ ഭൂമി തിരിച്ചുകൊടുക്കണമെന്ന വ്യവസ്ഥ മാറ്റി അവര്‍ക്ക് മറ്റൊരിടത്ത് ഭൂമി കൊടുത്താല്‍ മതിയെന്നതായിരുന്നു നിയമഭേദഗതി. ആദിവാസികള്‍ക്ക് അവരുടെ ഭൂമി നഷ്ടമാകാന്‍ ഈ ഭേദഗതി കാരണമാകുമെന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും, ഇടത് വലത് എംഎല്‍എമാര്‍ സഭയില്‍ ഐകകണ്ഠ്യേന നിയമം പാസാക്കി. എന്നാല്‍ അന്ന് ഈ നിയമഭേദഗതിയെ സഭയില്‍ ഒരാള്‍ മാത്രം എതിര്‍ത്തു. ജെ.എസ്എ.സ് അംഗം കെ. ആര്‍.ഗൗരിയമ്മ. കേരള രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും പിന്‍തിരിപ്പന്‍ നിയമം എന്നായിരുന്നു ഗൗരിയമ്മ അതിനെ വിശേഷിപ്പിച്ചത്.

പാലക്കാട് കളക്ടറെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ നാല്‍വര്‍ സംഘവും ആദിവാസി ഭൂനിയമ ഭേദഗതിയും തമ്മില്‍ എന്തായിരുന്നു ബന്ധം. ആദിവാസി ഭൂമി തട്ടിയെടുക്കുന്നവരെ സഹായിക്കുന്ന നിയമഭേദഗതിക്കെതിരെ സമരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു ആ നാലുപേര്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി മാവോയിസ്റ്റ് ആശയങ്ങളിലൂടെ പോരാടുന്ന ആ സംഘടനയുടെ പേരായിരുന്നു അയ്യങ്കാളിപ്പട. കല്ലറ ബാബു, വിളയോടി ശിവന്‍കുട്ടി, കാഞ്ഞങ്ങാട് രമേശന്‍, അജയന്‍ മണ്ണൂര്‍ ഇവരായിരുന്നു അവകാശ സമരചരിത്രത്തില്‍ കേരളം അന്നോളം കണ്ടിട്ടില്ലാത്ത ആ സമരമാര്‍ഗത്തിന് ഇറങ്ങിപ്പുറപ്പെട്ട ആ നാല് ചെറുപ്പക്കാര്‍. അവരുടെ ഉദ്ദേശ്യം പോലെ വിഷയം ചര്‍ച്ചയാക്കപ്പെട്ടു. ചീഫ് സെക്രട്ടറിയും ഉന്നത പോലീസ് മേധാവിമാരുമൊക്കെ ഇടപെട്ട് വൈകുന്നേരം ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. നിയമഭേദഗതി പിന്‍വലിക്കാന്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കളക്ടര്‍ ഒപ്പിട്ടുനല്‍കി. ഈ വാര്‍ത്ത ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യണമെന്നും ഏഷ്യാനെറ്റുമായി പത്രസമ്മേളനം നടത്തണം എന്നതുമായിരുന്നു അയ്യങ്കാളിപ്പടയുടെ മറ്റൊരു ആവശ്യം. അന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഏഷ്യാനെറ്റായിരുന്നു. വാര്‍ത്താ സംഘം വന്ന ശേഷം മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നു. കളക്ടറെ ബന്ധിയാക്കിയവരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ 9 മണിക്കൂറുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് അവസാനമായി. അയ്യങ്കാളിപ്പട കളക്ടറെ മോചിപ്പിച്ചു. കളക്ടറുടെ ശരീരത്തില്‍ കെട്ടിവെച്ചിരുന്ന ബോംബ് അഴിച്ചുമാറ്റി. കളക്ടര്‍ അവരെ ഭയന്നില്ല. മറിച്ച് അവരെ ആലിംഗനം ചെയ്തു. കാരണം അദ്ദേഹത്തിന് അറിയാമായിരുന്നു ആ ചെറുപ്പക്കാരുടെ ആവശ്യം ന്യായമായിരുന്നുവെന്ന്.

പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നടുവിലേക്ക് ഈ നാല്‍വര്‍ സംഘം ഇറങ്ങിച്ചെന്നു. ആ കൂട്ടത്തിന് നടുവില്‍ നിന്ന് ബാബു എഴുതി തയ്യാറാക്കിയ ഒരു കുറിപ്പ് വായിച്ചു. അത് ഇങ്ങനെയായിരുന്നു. 'ഞങ്ങളുടെ ആവശ്യങ്ങള്‍ വളരെ ചെറുതാണ്. നിങ്ങള്‍ നിങ്ങളുടെ ഭരണഘടനയോടും നിയമവ്യവസ്ഥയോടും നീതി പുലര്‍ത്തണം. മനുഷ്യാവകാശ ധാരണകള്‍ക്കെതിരായ ആദിവാസി ഭൂമിസംരക്ഷണ ഭേദഗതി റദ്ദാക്കണം. മര്‍ദ്ദിതരുടെ ഐക്യം തകര്‍ത്ത് നിങ്ങളുടെ വൃത്തികെട്ട വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ഈ നീക്കത്തെ സര്‍വ്വശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ ചെറുക്കും'.

കാഞ്ഞങ്ങാട് രമേശന്‍ കയ്യിലെ തോക്കും ബോംബും ഉയര്‍ത്തിയപ്പോള്‍ കൂടിനിന്നവരെല്ലാം ഭയന്നു. പക്ഷേ അയാള്‍ പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കുകയും അതേസമയം അത്ഭുതപ്പെടുകയും ചെയ്തു. കാരണം കഴിഞ്ഞ ഒന്‍പത് മണിക്കൂറുകള്‍ ഒരു സംസ്ഥാനത്തിന്റെ ഭരണസംവിധാനങ്ങളെയും സേനകളെയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ആ തോക്ക് ഒരു കളിത്തോക്കാണെന്നും, കളക്ടറുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ബോംബ് നൂല് ചുറ്റിയ വെറും പന്താണെന്നും അറിഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ എല്ലാവരും ഞെട്ടി. മുന്‍നിശ്ചയിച്ച പ്രകാരം നാലുപേരെയും വിട്ടയച്ചെങ്കിലും പിന്നീട് നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട കേസ് നടത്തിപ്പിനൊടുവില്‍ കല്ലറ ബാബു ഒഴികെ ബാക്കിയെല്ലാവരെയും കോടതി ശിക്ഷിച്ചു. നിയമഭേദഗതി പിന്‍വലിച്ചില്ല. പക്ഷേ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പുറം ലോകത്തെ അറിയിക്കുന്നതിലും അതിനെതിരായ തങ്ങളുടെ പ്രതിഷേധം ഭരണസിരാകേന്ദ്രങ്ങളെ അറിയിക്കുന്നതിലും അയ്യങ്കാളിപ്പടയുടെ സമരം വിജയം തന്നെയായിരുന്നു. ബധിര കര്‍ണങ്ങള്‍ തുറക്കാന്‍ വലിയ ശബ്ദം കേള്‍പ്പിക്കേണ്ടി വരും എന്ന ഭഗത് സിങ്ങിന്റെ വാക്കുകളാണ് അയ്യങ്കാളിപ്പട പ്രയോഗത്തില്‍ വരുത്തിയതെന്ന് പിന്നീട് നിരീക്ഷണങ്ങളുണ്ടായി. അയ്യങ്കാളിപ്പടയുടെ സമരം സംസ്ഥാനത്തെ ആദിവാസി സമരചരിത്രത്തിലെ നിര്‍ണായക സംഭവങ്ങളിലൊന്നായി മാറി. എന്നിട്ടും ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ഇന്നും അന്ത്യമില്ലാതെ പെരുവഴിയില്‍ തന്നെ തുടരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in