വര്‍ഗീയ വിഷം ചീറ്റുന്നവര്‍ക്കെതിരെ നിലപാടുണ്ടോ?
കേരളത്തിലെ യുവജനങ്ങള്‍ക്കിടയിലെ പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങളെന്ന നിലക്കാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നാര്‍കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ പ്രയോഗങ്ങളെ ഒരാഴ്ച മുമ്പ് അവതരിപ്പിച്ചത്. ഒന്നോ രണ്ടോ സംഭവങ്ങളെ ചൂണ്ടിക്കാണിച്ചോ, വസ്തുതാന്വേഷണത്തെ മുന്‍നിര്‍ത്തിയോ ആയിരുന്നില്ല പാല രൂപതാ മെത്രാന്റെ പ്രസംഗം. ഒരു പാന്‍ഡമിക്കിനെതിരെ ലോകം സകലവഴികളിലൂടെയും പൊരുതുന്നതിനിടെയാണ് മതസ്പര്‍ധയും ഇതരമത വിദ്വേഷവും ചൊരിഞ്ഞുകൊണ്ട് ബിഷപ്പ് നടത്തിയ പ്രസംഗമെന്നോര്‍ക്കണം. ബിഷപ്പിന്റെ വിദ്വേഷ വാദത്തെ തള്ളിക്കളയാനല്ല, ഓടിച്ചെന്ന് ആശ്വസിപ്പിക്കാനും ഐക്യദാര്‍ഡ്യപ്പെടാനുമാണ് സെക്യുലര്‍ കാഴ്ചപ്പാടിനെക്കുറിച്ചും മതേതര അടിത്തറയെക്കുറിച്ചും നാല് നേരം വാചാലരാകുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ശ്രമിച്ചത്.
ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം കഴിഞ്ഞ് കൃത്യം ഒരാഴ്ച പിന്നിടുമ്പോള്‍ കത്തോലിക്ക സഭയിലെ പ്രധാനിയായ ഫാദര്‍ റോയ് കണ്ണന്‍ചിറ മറ്റൊരു വാദവുമായി എത്തിയിരിക്കുന്നു. ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയിച്ച് തട്ടിയെടുക്കാന്‍ ഈഴവ ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുവെന്നാണ് ഫാദര്‍ കണ്ണന്‍ചിറ പറഞ്ഞിരിക്കുന്നത്. കുറുവിലങ്ങാട് പള്ളിയിലെ എട്ട് നോമ്പ് തിരുനാളിനെത്തിയ വിശ്വാസികള്‍ക്ക് മുന്നിലാണ് പാലാ മെത്രാന്റെ വിദ്വേഷ പ്രസംഗമെങ്കില്‍ ഇവിടെ കുട്ടികളെ മതവിശ്വാസം പഠിപ്പിക്കുന്ന അധ്യാപകരിലേക്കാണ് ഫാദര്‍ റോയ് കണ്ണന്‍ചിറ അപരമത വിദ്വേഷത്തിന്റെ വിഷം നിറച്ചിരിക്കുന്നത്. ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് രണ്ട് വൈദികരിലൂടെ രണ്ട് വ്യാജവാദങ്ങളുമെത്തിയതെങ്കിലും ഇത് തന്നെ കേരളം മുമ്പേ കേട്ടിട്ടുണ്ട്.
അന്തരിച്ച മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ 2015ല്‍ ഇടുക്കി ബിഷപ്പായിരിക്കെ സമാനരൂപത്തിലൊരു ഗൂഢാലോചന വാദവുമായി രംഗത്തെത്തിയിരുന്നു. പതിനാലാം വയസ് വരെ വേദപാഠം പഠിക്കുകയും 18 വയസ് വരെ വീട്ടുകാര്‍ വളര്‍ത്തുകയും ചെയ്ത മകള്‍ വിശ്വാസത്തെയും പ്രബോധനത്തെയും ഉപേക്ഷിച്ച് മുസ്ലിമിന്റെയോ, ഏതെങ്കിലും ഓട്ടോക്കാരന്റെയോ, എസ്.എന്‍.ഡി.പിക്കാരുടെയോ കൂടെ പോകുന്ന അവസ്ഥയുണ്ടെന്നായിരുന്നു അന്ന് ബിഷപ്പ് പറഞ്ഞത്. ബിഷപ്പിന്റെ പ്രസ്താവനക്ക് പിന്നാലെ പരസ്യപ്രതിഷേധവും ചേരിതിരിഞ്ഞുള്ള ആരോപണങ്ങളും അരങ്ങേറി. അന്നും ഗാലറിയിരിപ്പായിരുന്നു മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം.
പാലാ ബിഷപ്പിന്റെ വാദങ്ങളില്‍ ആരാണ് മുതലെടുപ്പ് നടത്തിയതെന്ന് കഴിഞ്ഞ ഒറ്റയാഴ്ച കൊണ്ട് കേരളം കണ്ടതാണ്. ബിഷപ്പ് ഹൗസിലേക്ക് ആദ്യം ഓടിയണഞ്ഞത് ബി.ജെ.പി-സംഘപരിവാര്‍ നേതൃത്വമാണ്. പ്രധാനമന്ത്രിയെ ധരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തത് ബി.ജെ.പിയുടെ രാജ്യസഭാംഗമാണ്. ധ്രുവീകരണ സാധ്യത മുതലെടുത്ത് ആളെക്കൂട്ടാനും എരിതീയില്‍ എണ്ണയൊഴിക്കാനും എസ്.ഡി.പി.ഐയും ജമാ അത്തെ ഇസ്ലാമി പോലുള്ള തീവ്രസംഘടനകളും സമാന്തരമായി ശ്രമം തുടങ്ങി. ഈ മുതലെടുപ്പു് നീക്കങ്ങള്‍ക്കും, പച്ചക്ക് വര്‍ഗീയതയും വ്യാജപ്രചരണവും നടത്തി മനുഷ്യരെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കും മുന്നില്‍ കൃത്യമായ നിലപാടെടുക്കാന്‍ ഇടതുപക്ഷത്തിനോ യു.ഡി.എഫിനോ സാധിക്കാതെ പോകുന്നിടത്താണ് കേരളം നിരാശപ്പെടേണ്ടത്. ഇസ്ലാമോഫോബിക് പ്രസംഗം നടത്തിയ വൈദികനെ ബഹിഷ്‌കരിച്ച കുറവിലങ്ങാട് സിസ്റ്റേഴ്സിന്റെ രാഷ്ട്രീയ സ്ഥൈര്യം പോലും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഈ ഘട്ടത്തില്‍ കാണിച്ചിട്ടില്ല.
വര്‍ഗീയ പരാമര്‍ശം നടത്തിയ ബിഷപ്പിനെ അരമനയിലെത്തിക്കണ്ട് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെക്കുറിച്ച് സംസാരിക്കുന്ന അശ്ലീലത സി.പി.ഐ.എം നേതാവ് കൂടിയായ മന്ത്രി വി.എന്‍ വാസവനിലൂടെ കേരളം കഴിഞ്ഞദിവസം കണ്ടു. ബിഷപ്പിന്റെ വിവാദ പ്രസ്താവന പ്രശ്‌നമാക്കുന്നത് വര്‍ഗീയ വാദികളാണെന്ന് മാധ്യമങ്ങളോട് പറയുന്ന ഇടത് പ്രതിനിധി കേരള ജനതയ്ക്ക് എന്ത് പ്രതീക്ഷയാണ് നല്‍കുന്നത്?
വിഷലിപ്തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടുമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നിട്ട് ബിഷപ്പിനെതിരെയോ, തൊട്ടടുത്ത ദിവസം തന്നെ വര്‍ഗീയ പ്രചാരണം നടത്തിയ വൈദികര്‍ക്കെതിരെയോ എന്ത് നടപടിയാണ് സര്‍ക്കാരും പൊലീസും സ്വീകരിച്ചത്. വിദ്വേഷ പ്രചരണങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മതവിദ്വേഷം തുപ്പുന്നവരെ ആശ്വസിപ്പിക്കുന്നതാണോ സര്‍ക്കാരിന്റെ നയപരിപാടി, അതാണോ ഇടതുപക്ഷത്തിന്റെ മതേതര നിലപാട്. കെ.പി ശശികലയുടെയും മുജാഹിദ് ബാലുശേരിയുടെയും എം.എം.അക്ബറിന്റെയും മതവിദ്വേഷ പ്രസംഗങ്ങളെ മലയാളിയുടെ പ്രബുദ്ധത തള്ളിക്കളഞ്ഞിട്ടുണ്ട്. അവരുടെ പാണ്ഡിത്യമോ, ബിരുദമോ നോക്കിയല്ല വര്‍ഗീയതക്കെതിരെ മലയാളികള്‍ നിലപാടെടുത്തത്.
ഇന്ന് സംഘപരിവാറും തീവ്ര വലതുപക്ഷവും ഇന്ത്യയിലൊട്ടാകെ ലവ് ജിഹാദ് നടക്കുന്നുവെന്ന് ആരോപിക്കുമ്പോള്‍ അതിന്റെ ഉത്ഭവം കേരളത്തിലായിരുന്നു എന്ന് ഓര്‍ക്കണം.
2009ല്‍ ഒരു ഹിന്ദുത്വസംഘടനയുടെ ഓണ്‍ലൈന്‍ പേജിലാണ് കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന വാര്‍ത്ത ആദ്യമായി വരുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച യുവാക്കള്‍ പെണ്‍കുട്ടികളെ മതം മാറ്റാനായി നടക്കുന്നുണ്ടെന്നും ഇവര്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളെ മതം മാറ്റി പാകിസ്ഥാനിലേക്ക് കൊണ്ടു പോകുന്നു, റെഡ്‌സ്ട്രീറ്റില്‍ വില്‍ക്കുന്നു തുടങ്ങിയ കഥകളായിരുന്നു പ്രചരിച്ചത്. ലവ് ജിഹാദ് ആരോപണത്തെ ഇന്ന് ചോദ്യം ചെയ്യുന്ന അതേ മുഖ്യധാരാ മലയാള മാധ്യമങ്ങള്‍ തന്നെയായിരുന്നു അതിനെ ഏറ്റെടുത്ത് പ്രചരിപ്പിക്കാന്‍ മുന്നില്‍ നിന്നതും.
കോടതി പോലും നിരാകരിച്ച 'ലവ് ജിഹാദി'നെതിരെ നിയമം പോലും പാസാക്കി, കര്‍ണാടകയും ഉത്തര്‍പ്രദേശും. അടുത്തകാലത്ത് ലവ് ജിഹാദ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചപ്പോള്‍ സംഘപരിവാറും ബിജെപിയും ചില ക്രൈസ്തവ സംഘടനകളുമെല്ലാം ഒരുപോലെ ലവ് ജിഹാദ് ഉണ്ടെന്ന വാദവുമായി പരസ്യമായി രംഗത്തെത്തി. ഇതിനിടെയാണ് കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന വര്‍ഗീയ പരാമര്‍ശവുമായി ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രംഗത്തെത്തുന്നത്. ബിഷപ്പിന് ഐക്യപ്പെട്ട് ദീപിക ദിനപത്രവും ബിജെപിയുമടങ്ങുന്ന ഒരു വിഭാഗം രംഗത്തെത്തുമ്പോഴും അമ്പരപ്പിക്കുന്നത് നവകേരളം മുന്നോട്ട് വെച്ച കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുക്കുന്ന ഇരട്ടത്താപ്പാണ്.
ബിഷപ്പിന്റെ ഉദ്ദേശശുദ്ധി സംശയിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ ആവര്‍ത്തിക്കുന്നണ്ട്. എന്താണ് ഉദ്ദേശ ശുദ്ധി?
പ്രണയത്തിലെയും വിവാഹത്തിലെയും തെരഞ്ഞെടുപ്പില്‍ യാതൊരു ഏജന്‍സിയുമില്ലാത്തവരാണോ കേരളത്തിലെ സ്ത്രീകള്‍. അങ്ങനെയാണ് ഈ മതപുരോഹിതരുടെ ഭാഷ്യം. ഐസിസില്‍ ചേരാന്‍ മതം മാറി പുറപ്പെട്ട കുറച്ചുപേരെ മുന്‍നിര്‍ത്തിയാണോ കേരളത്തിലെ പെണ്‍കുട്ടികളെയത്രയും നിങ്ങളെല്ലാം വിലയിരുത്തുന്നത്?
വിദ്വേഷ പ്രസംഗത്തിലൂടെ ഒരു മതവിഭാഗത്തെ അപരവല്‍ക്കരിക്കുമ്പോള്‍ മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കുമ്പോള്‍
സര്‍ക്കാര്‍ ചെയ്യേണ്ടത് അതിനെ ചെറുക്കാനുള്ള നടപടികളാണ്. മതസാമുദായിക സംഘടനകളുമായ തുറന്ന ചര്‍ച്ചക്കുള്ള സാധ്യത ഉള്‍പ്പെടെ നിലനില്‍ക്കുമ്പോള്‍ വിദ്വേഷ പ്രസംഗം നടത്തുന്നവരിലേക്ക് ഓടിയണയുകയല്ല സര്‍ക്കാരും ഇടതുപക്ഷവും ചെയ്യേണ്ടത്. നവകേരളം, പുരോഗന കേരളം, മതേതര കേരളം എന്നൊക്കെ പറയുമ്പോഴും കേരളം വര്‍ഗീയതയ്ക്ക് അത്രമേല്‍ വളക്കൂറുള്ള മണ്ണായി മാറിക്കൊണ്ടിരിക്കുന്നത് കാണാതിരിക്കാനാകില്ല.