'അന്ന് വാരികകള്‍ റിപ്പോര്‍ട്ട് ചെയ്തത് അവതാരകന്‍ കരയുകയായിരുന്നുവെന്നാണ്, ഇ.എം.എസ് മരിച്ച ദിവസത്തെ റിപ്പോര്‍ട്ടിംഗ്; പ്രമോദ് രാമന്‍
അന്ന് വാരികകള്‍ റിപ്പോര്‍ട്ട് ചെയ്തത് അവതാരകന്‍ കരയുകയായിരുന്നുവെന്നാണ്. ഇഎംഎസ് മരിച്ച ദിവസത്തെ ആദ്യ തത്സമയ റിപ്പോര്‍ട്ടിങ്.
ഇന്ത്യയില്‍ സാറ്റലൈറ്റ് ചാനലില്‍ ആദ്യ തത്സമയ വാര്‍ത്ത വായിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ പ്രമോദ് രാമന്‍ ദ ക്യു അഭിമുഖത്തില്
പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ എഴുതിയത്
മാർച്ച് 19. 1998.
സിംഗപ്പൂരിലായിരുന്നു അന്ന്. ഏഷ്യാനെറ്റിന്റെ ഭാഗമായി വാർത്താ അവതരണം, നിർമാണം എന്നൊക്കെയുള്ള പണികളുമായി. തൊട്ടു മുന്നേ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ആദ്യമായി അധികാരത്തിൽ വന്ന NDA സർക്കാർ സത്യപ്രതിജ്ഞ ചെയ്ത ദിവസം. ഉച്ച ബുള്ളറ്റിന്റെ ജോലി കഴിഞ്ഞ് ST Teleport (അന്ന് ഉപഗ്രഹ സംപ്രേഷണം നടത്തിയിരുന്ന സ്റ്റുഡിയോ ഉൾപ്പെട്ട സ്ഥാപനം) ലെ ന്യൂസ് ഫ്ലോറിൽ ഒരു മൂലയ്ക്ക് തലചായ്ച്ചിരിക്കുന്ന നേരം. തിരുവനന്തപുരത്ത് ന്യൂസ് ഡെസ്കിൽ നിന്ന് എൻ.പി.സിയുടെ വിളി.
ഇ.എം ആശുപത്രിയിൽ. ഒന്ന് അലർട് ആവണം.
സത്യം പറഞ്ഞാൽ വലിയ ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ല. ആ സമയത്തൊക്കെ ഇ.എം.എസിനെ എത്രയോ പ്രാവശ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് മടങ്ങിവരികയും ചെയ്തിട്ടുണ്ട്.
ഇത് അങ്ങനെയല്ല. ചന്ദ്രശേഖരൻ പറഞ്ഞു. കുറച്ച് സീരിയസ് ആണ്.
ഒരു മൂന്നുമണിയോട് അടുപ്പിച്ചായിരുന്നു ഇത്. അല്പം കഴിഞ്ഞപ്പോൾ തന്നെ വീണ്ടും കോൾ വന്നു. എല്ലാം കഴിഞ്ഞുവെന്നാണ് പറയുന്നത്.
അന്നേരം അനുഭവിച്ച ഒരു സ്വയം ഇല്ലായ്മയുണ്ട്. ജീവിച്ചുനിൽക്കുന്ന കാലത്തിന്റെ തായ്‌വേര് മുറിഞ്ഞുപോയ നിമിഷം എന്ന് ഇന്ന് ഞാൻ അതിനെ വിശേഷിപ്പിക്കുന്നു എന്നേയുള്ളൂ.
ആശുപത്രിയുടെ സ്ഥിരീകരണം വൈകിയില്ല.
ഏതാണ്ട് 4 മണിയോടെ പ്രോഗ്രാമിൽ ബ്രേക്ക് എടുത്ത് ഒരു നാലുവരി വാർത്ത ചാനലിൽ ഞാൻ വായിച്ചു. എന്റെ മുന്നിൽ ടെക്സ്റ്റ് ഒന്നുമില്ല. മലയാളത്തിൽ ടിവി വാർത്തയിൽ ആദ്യമായി തത്സമയ ശൂന്യതയിൽ വാക്കുകളുടെ വിരൽത്തുമ്പ് ഞാൻ തപ്പി. അത് പറഞ്ഞൊപ്പിച്ചു. കഴിഞ്ഞപ്പോഴേക്ക് മദ്രാസിൽ നിന്ന് ശശികുമാർ സർ വിളിച്ചു.
പിന്നെ വൈകുന്നേരം7 മണിക്കായിരുന്നു വാർത്ത. നികേഷ് വായിച്ച ആ ബുള്ളററ്റിന്റെ പ്രൊഡ്യൂസർ ഞാനായിരുന്നു. നികേഷും ഞാനും ഇ.എം.എസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പ്രമുഖരുടെ ടെലി ഇൻ എടുത്തു. അതിൽ കെ.ആർ.നാരായണൻ മുതൽ ജ്യോതി ബസു വരെ ഉണ്ടായിരുന്നു. കൂടാതെ NDA സർക്കാരിന്റെ സത്യപ്രതിജ്ഞാ വാർത്തകളും. രണ്ടു വാർത്തകളുടെയും വിശദാംശങ്ങൾ ഒരംശം പോലും നഷ്ടപ്പെടാതെ ചെയ്ത ആ അര മണിക്കൂർ വാർത്ത നികേഷും ഞാനും കരിയറിൽ മറക്കാത്ത ഒന്നാണ്.
ഇന്ത്യയിൽ 7 മണി വാർത്ത എന്നാൽ സിംഗപ്പൂരിൽ രാത്രി 9.30 ആയിരുന്നു സമയം. 10 മണിക്ക് ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ ഇ.എം.എസ് മരിച്ചുവെന്ന വാർത്ത വിശ്വസിക്കുക എന്ന അവിശ്വസനീയ അവസ്ഥയിൽ ഞങ്ങളെല്ലാവരും പെട്ടു. അതുവരെ തിരക്കിൽ ഒന്നും ആലോചിച്ചിരുന്നില്ല.
നികേഷും ഞാനും താമസ സ്ഥലത്തേക്ക് മടങ്ങിയില്ല. Jayashankaran Pv ജയശങ്കർ താമസിക്കുന്ന ഇടത്തേക്ക് ടാക്സി വിളിച്ചു പോയി. വാർത്ത കേട്ടതിന്റെ ക്ഷീണത്തിലായിരുന്നു ജയശങ്കറും. അന്ന് ആ രാത്രി ഞങ്ങൾ മൂവരും ആ നഗരത്തിൽ കുറെ നടന്നു. സിംഗപ്പൂർ ജനതയോട് ഞങ്ങൾ ചോദിച്ചു, ഇന്ന് കടന്നുപോയത് ആരാണെന്ന് അറിയുമോ സുഹൃത്തുക്കളെ? ഫുഡ് കോർട്ടിൽ ഇരുന്ന് ഏറെ നേരം അന്യോന്യം തിരക്കി. രാത്രി നീണ്ടുപോയത് ഞങ്ങൾ അറിഞ്ഞേയില്ല. ഒരു ചോദ്യം മാത്രം ഞങ്ങളെ ഏതൊക്കെയോ വഴികളിലൂടെ കൊണ്ടുപോയി.
ഇനിയാരുണ്ട്?
എന്റെ ഓർമയിൽ ഒരുപക്ഷേ ആ ചോദ്യം ബാക്കിവച്ച് മറഞ്ഞുപോയ ഒരെയൊരാൾ ഇ.എം.എസ് മാത്രം.