ദൈവങ്ങൾ അല്ല മനുഷ്യരാണ് രോഗികളെ ചികിത്സിക്കുന്നത്, വൈദ്യശാസ്ത്രം മാജിക്കല്ല; ഡോ എസ് എസ് ലാൽ
ആരോഗ്യപ്രവർത്തകർക്കെതിരെ പെരുകി വരുന്ന ആക്രമണങ്ങളെക്കുറിച്ച് പൊതുജന ആരോഗ്യ വിദഗ്ധനായ ഡോക്ടർ എസ് എസ് ലാൽ ദ ക്യുവിലെ ടു ദി പോയിന്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങൾ:
മെഡിക്കൽ വിദ്യാഭ്യാസം ലഭിക്കുന്നത് തന്നെ വലിയ അവസരമായാണ് പൊതു സമൂഹം കാണുന്നത്. എങ്ങനെ പഠിച്ചാലും ഡോക്ടർമാർക്ക് ജോലി കിട്ടുമെന്ന വിശ്വാസമൊക്കെ ഉണ്ടായിരുന്നു. അതിലൊക്കെ ഇപ്പോൾ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ അവരുടെയൊക്കെ പ്രശ്നങ്ങളിൽ ആർക്കും അങ്ങനെ ഇടപെടണമെന്ന് തോന്നാറില്ല. ഐഎഎസുകാരുടെ പ്രശ്നങ്ങളിൽ പൊതു ജനം ഇടപെടാറുണ്ടോ? അവർക്കും പ്രശ്നങ്ങൾ ഉണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് മാത്രമാണ് ഐഎഎസുകാർക്ക് മെച്ചപ്പെട്ട ശമ്പളം പോലും കിട്ടിയത്. ഈ സമൂഹത്തിൽ നിന്നുമാണ് ഡോക്ടർമാർ ഉണ്ടാകുന്നത്. ഡോക്ടർമാരും കൂടെ ചേരുന്നതാണ് സമൂഹം.
പൊതുവെ ദരിദ്രരരുടെയും ദുർബലരുടെയും കാര്യത്തിലായിരിക്കാം കൂടുതൽ ഇടപെടലുകൾ ഉണ്ടാവുക. അതൊരു യാഥാർഥ്യമാണ്. ഡോക്ടർമാർക്കെതിരെയുണ്ടാകുന്നത് സംഘടിതമോ ആസൂത്രിതമോ ആയ ആക്രമണം അല്ല. ചിലർ വികാരത്തിന് തീ പിടിക്കുമ്പോൾ ആക്രമിച്ച് പോകുന്നതാണ്. അവരിൽ ക്രിമിനലുകളും ഉണ്ടായിരിക്കും. പലപ്പോഴും താങ്ങാൻ പറ്റാത്ത അത്രയും രോഗികൾ വരുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഞാൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്തിട്ടുള്ളതാണ്. ചിലപ്പോഴൊക്കെ ഒരു ദിവസം 300 രോഗികൾ വരെ വരാറുണ്ട്. അവരെ ചികിത്സിക്കുവാൻ രണ്ട് ഡോക്ടർമാർ മാത്രമായിരിക്കും ഉണ്ടാവുക. ഒരാൾ ലീവ് എടുത്താൽ എല്ലാ രോഗികളുടെയും ഉത്തരവാദിത്വം ഒരു ഡോക്ടറിന്റെ മാത്രം ചുമതലയായി മാറും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിയുടെ ദേഹത്ത് പുഴുവരിച്ചത് അവിടത്തെ ഡോക്ടർമാരും നഴ്‌സുമാരും ആശുപത്രിയും രോഗിയും മോശമായത് കൊണ്ടാണോ ? അവിടെ ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തത് കൊണ്ടാണ്? 1800 സ്റ്റാഫുകളെ വേണമെന്ന് എത്രകാലമായി പറയുന്നു. ഇതുവരെയും നിയമനം നടന്നിട്ടില്ല. അപ്പോൾ ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടാകുമ്പോൾ നാട്ടുകാരും പുഴുവുമൊക്കെ ആക്രമിച്ചെന്നിരിക്കും.
രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തത് കൊണ്ടാണ് ആരോഗ്യമേഖലയിൽ നിയമനം നടക്കാതെ പോകുന്നത്. ഇതിന് പിന്നിൽ മറ്റൊരു യഥാർഥ്യം കൂടിയുണ്ട്. ഉപകരണങ്ങളും കെട്ടിടങ്ങളും ഉദ്ഖാടനം ചെയ്യുവാൻ സാധിക്കും. സ്റ്റാഫുകളെ ഉദ്ഖാടനം ചെയ്യുവാൻ പറ്റില്ലല്ലോ. ലോകാരോഗ്യ സംഘടനയിൽ ജോലി ചെയ്യുമ്പോൾ തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ഇടുക്കിയിലൊക്കെ കാട്ടിനുള്ളിൽ മൂന്നുനില കെട്ടിടം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ആരോഗ്യപ്രവർത്തകർ ആരും ഉണ്ടാകില്ല. ഓപ്പറേഷൻ തീയറ്റർ വരെ ഉണ്ടായിരിക്കും. ഇപ്പോൾ ശ്രീചിത്ര ആശുപത്രിയുടെ കാര്യം തന്നെ എടുക്കാം, അവിടെ ഡോക്ടർമാർ ഒരു ദിവസം ഇരുപത് രോഗികളെ മാത്രമേ പരിശോധിക്കുകയുള്ളൂ. അവിടത്തെ സാഹചര്യം വ്യത്യസ്‍തമാണ്. എന്നാൽ മെഡിക്കൽ കോളേജ് പോലുള്ള ധർമ്മാശുപത്രികളിൽ അവസാനത്തെ രോഗിയെയും ഡോക്ടറിന് ചികിൽസിക്കണം. കമ്പ്യൂട്ടർ തന്നെ നിരന്തരം വർക്ക് ചെയ്‌താൽ ഹാങ് ആയി പോകും. അപ്പോൾ മനുഷ്യരുടെ കാര്യമൊന്ന് ആലോചിച്ച് നോക്കൂ, ആദ്യത്തെ രോഗിയെ ചികിൽസിക്കുന്ന ഭാഷയിൽ ആയിരിക്കില്ല അവസാനത്തെ രോഗിയെ ചികിൽസിക്കുമ്പോൾ സംസാരിക്കേണ്ടി വരുന്നത്.
ആശുപത്രികളിൽ രോഗിയെ കൊണ്ടുവന്നാൽ പിന്നീടുള്ള എല്ലാ ഉത്തരവാദിത്വവും അവിടെയുള്ളവർക്കാണെന്നാണ് ഭൂരിപക്ഷം ജനവും മനസ്സിലാക്കിയിരിക്കുന്നത്. എന്റെ ഒരു ഡോക്ടർ സുഹൃത്ത് പറഞ്ഞ അനുഭവം ഞാൻ പങ്കുവെയ്ക്കാം, രോഗിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന് ശേഷമാണ് അയാൾക്ക് നിമോണിയയും മറ്റ് അസുഖങ്ങളുമൊക്കെ വന്നത്. അപ്പോൾ രോഗിയുടെ ബന്ധുക്കൾ ചോദിക്കുന്നത്, ആശുപത്രിയിൽ എത്തിയതിന് ശേഷമാണല്ലോ കൂടുതൽ രോഗങ്ങൾ വന്നതെന്നാണ്. നമ്മുടെ നാടിനേക്കാൾ ദരിദ്രമായ രാജ്യത്ത് ഞാൻ ജോലി ചെയ്തിട്ടുണ്ട്. അവിടെ ശരിയായ പരിശീലനം പോലും ലഭിക്കാത്ത നഴ്‌സുമാരാണ് ഓപ്പറേഷൻ വരെ ചെയ്യുന്നത്. അവിടെ ഇത്തരം പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. നമ്മുടെ നാട് ദരിദ്രമാണെങ്കിലും മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങൾ ഉണ്ട്. അതുകൊണ്ടു തന്നെ പൊതു ജനങ്ങളിൽ കൂടുതൽ പ്രതീക്ഷ ഉണ്ടാകും.