അനുകൂലിക്കുന്നവര്‍ക്ക് തലോടല്‍, എതിര്‍ക്കുന്നവരെ വേട്ടയാടല്‍

രാഷ്ട്രീയ പ്രസ്താവന നടത്തുന്ന സിനിമാക്കാര്‍ ഇന്‍കംടാക്‌സ് അടച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്ന് ഒരു മാസം മുമ്പ് ഭീഷണിപ്പെടുത്തിയത് കേരളത്തിലെ ഒരു ബിജെപി നേതാവാണ്.

ജനുവരി 30

രജനികാന്തിനെതിരായി 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് രജനിയെ രക്ഷപ്പെടുത്തിയത്.

ഒരാഴ്ചയ്ക്കിപ്പുറം മറ്റൊന്ന് സംഭവിച്ചു

ഫെബ്രവരി 6

കേന്ദ്ര സര്‍ക്കാരിനെ സമരച്ചൂടില്‍ പൊള്ളിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് തമിഴകത്തെ ഈ സൂപ്പര്‍ താരം രംഗത്തെത്തി. മുസ്ലിങ്ങളെ ബാധിക്കില്ല. രാഷ്ട്രീയ കക്ഷികള്‍ മുതലെടുക്കുകയാണെന്നൊക്കെയാണ് രജനികാന്ത് ഇക്കാര്യത്തില്‍ പറഞ്ഞത്.

അതേ ദിവസം വൈകീട്ട് ബിജെപി വിരുദ്ധ നിലപാട് പരസ്യമായി പറഞ്ഞ, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ എതിര്‍ത്ത, സംഘപരിവാറിന്റെ എതിരാളികളുടെ പട്ടികയിലുള്ള നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു.

ഇവിടെ കാര്യങ്ങള്‍ വ്യക്തമാണ്. അനുകൂലിക്കുന്നവര്‍ക്ക് തലോടല്‍, എതിര്‍ക്കുന്നവരെ വേട്ടയാടല്‍

രജനീകാന്ത് സംഘപരിവാറിനെയും ബിജെപിയെയും അനുകൂലിച്ച് നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്. നോട്ട് നിരോധനം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ എന്നിവയിലെല്ലാം സ്ത്ുതിപാഠകനായിരുന്നു രജനി. ഒരുവേള ബിജെപിയിലെത്തുമെന്നും പ്രചാരണമുണ്ടായി. ഈ ഘട്ടത്തിലാണ് തന്നെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം നടക്കില്ലെന്നും ബിജെപിയുടെ കെണിയില്‍ വീഴില്ലെന്നും പ്രഖ്യാപിക്കുന്നത്. തിരുവള്ളുവരെ കൂട്ടുപിടിച്ചായിരുന്നു ആ നിലപാട് പ്രഖ്യാപനം. പൗരത്വ വിഷയത്തില്‍ തമിഴ്‌നാട് ഉള്‍പ്പെടെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുമ്പോളാണ് സമരവിരുദ്ധ നിലപാടുമായി, ബിജെപിയെ അനുകൂലിച്ച് രജനികാന്ത് എത്തുന്നത്. കേരളത്തിലെ ബിജെപി നേതാവ് പറഞ്ഞത് പ്രകാരമാണെങ്കില്‍ ആദായ നികുതി വകുപ്പ് ബിജെപിയെ രക്ഷിച്ചു.

ആദായ നികുതി വകുപ്പിന്റെ കുടുക്കിലകപ്പെട്ട നടന്‍ വിജയിയുടെ അടുത്തിടെയിറങ്ങിയ സിനിമകളില്‍ ബിജെപി വിരുദ്ധമായ, രാഷ്ട്രീയ പ്രഖ്യാപനമുണ്ടായിരുന്നു. മോദി സര്‍്ക്കാരിന്റെ ജിഎസ്ടിയെയും ചോദ്യം ചെയ്തിരുന്നു.

വിജയിയുടെ മതമെടുത്തായിരുന്നു ബിജെപി ഇതിന് തിരിച്ചടിച്ചത്. ജോസഫ് വിജയ് എന്ന തന്റെ പേര് ഉയര്‍ത്തി തന്നെ വിജയ് വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിട്ടു.

ഇനി രജനിയുടെയും വിജയിന്റെയും രാഷ്ട്രീയം വ്യക്തമാകുന്ന മറ്റൊന്ന് കൂടിയുണ്ട്.

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയുണ്ടാക്കുന്ന മലിനീകരണത്തിനെതിരെ സമരം ചെയ്തവരില്‍ 13 പേരെ വെടിവെച്ച് കൊന്നപ്പോള്‍, സാമൂഹികദ്രോഹികള്‍ നുഴഞ്ഞുകയറിയതാണ് വെടിവെപ്പിന് കാരണമെന്നും ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നുമാണ് രജനികാന്ത് പറഞ്ഞു

വിജയിയിവട്ടെ മാധ്യമങ്ങളെ പോലും അറിയിക്കാതെ രാത്രിയില്‍ ആ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ചു. സഹായധനം നല്‍കി.

തമിഴകത്തെ കാവി പുതപ്പിക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയിട്ട് കുറെ കാലമായി. സംഘപരിവാര്‍ വിരുദ്ധരായ രാഷ്ട്രീയപാര്‍ട്ടികളും താരങ്ങളും എഴുത്തുകാരും കലാകാരന്‍മാരും ഒരുപോലെ പ്രതിരോധം തീര്‍ക്കുന്നുണ്ട്. ആദായനികുതി കൊണ്ട് എതിര്‍പ്പിന്റെ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. നികുതി അടച്ചിട്ടില്ലെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടേണ്ടത്് തന്നെയാണ് പക്ഷേ എതിര്‍ക്കുന്നവരെ വേട്ടയാടുകയും വഴങ്ങിയവരെ പരിരക്ഷിക്കുകയും ചെയ്യുന്ന സംഘ്പരിവാറിന്റെ അജണ്ട പ്രതിരോധിക്കേണ്ടത് തന്നെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in