മാപ്പിരക്കാതെ കഴുമരത്തിലേക്ക് നടന്ന വിപ്ലവകാരികള്‍

പ്രായം മുപ്പത് കവിയാത്ത, ചുറുചുറുക്കുള്ള മൂന്ന് ചെറുപ്പക്കാര്‍ ലാഹോര്‍ ജയിലില്‍ വെച്ച് 1931 മാര്‍ച്ച് 23ന് തൂക്കിലേറ്റപ്പെടുന്നു. മൃതദേഹം പുറത്തു കാത്തിരുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാതെ ലാഹോര്‍ ജയിലിന് പുറകുവശത്തെ മതില്‍ പൊളിച്ച് കടത്തികൊണ്ട്ു പോയി 60 കിലോമീറ്റര്‍ അകലെ ഗഡ സിംഗ് വാല ഗ്രാമത്തില്‍ വെച്ച് അഗ്നിക്കിരയാക്കുന്നു. ചാരം സത്‌ലജ് നദിയിലൊഴുക്കുന്നു.

ധീര രക്തസാക്ഷികളായ ഭഗത് സിംഗ്, ശിവറാം രാജ്ഗുരു, സുഖ്‌ദേവ് ഥാപ്പര്‍ എന്നിവരാണ് ആ മൂന്നു പേര്‍.

ബ്രിട്ടീഷ് ദുഷ്പ്രഭുത്വത്തിനെതിരെ പടപൊരുതി രക്തസാക്ഷികളായ ആ മൂന്ന് വിപ്ലവകാരികളോട് ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രതികാരം ഇങ്ങനെയായിരുന്നു.

വര്‍ഷം 1930ല്‍ നിന്ന് 2022ല്‍ എത്തി നില്‍ക്കുമ്പോള്‍, ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ പോരില്‍ ഇവരുടെ പേരുകളുമുണ്ട്. അതില്‍ പ്രധാനം ഭഗത് സിംഗിന്റേത് തന്നെയാണ്. ഭഗത് സിംഗിനെ സംഘപരിവാര്‍ രാഷ്ട്രീയത്തോട് ചേര്‍ത്ത് നിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമായി തന്നെ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട്?

ആരായിരുന്നു ഭഗത് സിംഗും രാജ്ഗുരുവും സുഖ്‌ദേവും? എന്തായിരുന്നു ഇവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം? ഇവര്‍ക്കൊപ്പം പടപൊരുതിയവര്‍ ആരൊക്കെയാണ്?

ദേശാഭിമാനിയായ ഭഗത് സിംഗിന്റെ ജീവിതം 23ാം വയസില്‍ തൂക്കിലേറ്റപ്പെടുന്നതുവരെ അടിമുടി രാഷ്ട്രീയ സമരം തന്നെയായിരുന്നു.

1924ല്‍ സചീന്ദ്രനാഥ് സന്യാള്‍ രൂപീകരിച്ച ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷനില്‍ അംഗമായിരുന്നു ഭഗത് സിംഗ്. 1925ല്‍ ഭഗത് സിംഗ് ലാഹോറിലേക്ക് മടങ്ങുകയും 1926ല്‍ നൗജവാന്‍ ഭാരത് സഭ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. ബ്രിട്ടീഷ് രാജിനെതിരെ വിപ്ലവ സമരം സംഘടിപ്പിക്കാന്‍ യുവജനങ്ങളെയും കര്‍ഷകരെയും ഒരുമിപ്പിച്ച് നടത്തിയ സമരമായിരുന്നു അത്. ഇടത് ആശയങ്ങളുള്ള സംഘടനകൂടിയായിരുന്നു നവജവാന്‍ ഭാരത് സഭ. ഈ സംഘടന പിന്നീട് ആള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ അഥവാ എഐവൈഎഫിനോട് ലയിക്കുകയായിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം 1928ല്‍ ഈ സംഘടനയെ പുനസംഘടിപ്പിച്ച് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന വിപ്ലവ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് രൂപം കൊടുത്തു. ഭഗത് സിംഗ്, ചന്ദ്ര ശേഖര്‍ ആസാദ്, സുഖദേവ് ഥാപ്പര്‍ എന്നിവരായിരുന്നു എച്ച്എസ്ആര്‍എയുടെ സംഘാടകര്‍.

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടേണ്ടത് സായുധ സമരം കൊണ്ടാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഭഗത് സിംഗും സംഘവും. 1925ല്‍ ലഖ്‌നൗവിന് അടുത്ത് നിന്ന് ട്രെയിന്‍ കൊള്ളയടിച്ച ഇവര്‍ സായുധ സമരത്തിന് ആവശ്യമായ പണവും തോക്കും പിടിച്ചെടുത്തു.

രാം പ്രസാദ് ബിസ്മില്‍ , രാജേന്ദ്ര ലാഹിരി, ചന്ദ്രശേഖര്‍ ആസാദ്, സചീന്ദ്ര ബക്ഷി, കേശാബ് ചക്രവര്‍ത്തി, മന്‍മത്‌നാഥ് ഗുപ്ത, മുകുന്ദി ലാല്‍, മുരാരി ലാല്‍ ഗുപ്ത, ബന്‍വാരി ലാല്‍ എന്നിവരായിരുന്നു അന്ന് കൊള്ള നടത്തിയത്.

സംഭവത്തില്‍ അഷ്ഫഖുള്ള ഖാനെയും രാം പ്രസാദ് ബിസ്മിലിനെയും താക്കൂര്‍ റോഷന്‍ സിംഗിനെയും രാജേന്ദ്ര നാഥ് ലാഹിരിയെയും വധശിക്ഷയ്ക്ക് വിധിച്ചു. മറ്റു പ്രതികളില്‍ ചിലര്‍ക്ക് ജീവപര്യന്തവും ചിലരെ കാലാപാനിയിലെ ജയിലിലേക്ക് നാടുകടത്തുകയും ചെയ്തു.

എന്നിരുന്നാലും എച്ച് എസ്ആര്‍ എയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് തന്നെ പോയി.

1929ന് ഏപ്രില്‍ എട്ടിന് തൊഴില്‍ തര്‍ക്ക ബില്ലും പൊതു ബില്ലും സുരക്ഷാ ബില്ലും അവതരിപ്പിക്കാനിരിക്കെ ലാഹോറിലെ സെന്‍ട്രല്‍ ലജിസ്ലേറ്റീവ് അസംബ്ലി മന്ദിരം ഭഗത് സിംഗും കൂട്ടരും ആക്രമിച്ചു. ബോംബെറിഞ്ഞാണ് ആക്രമണം എന്നാണ് വാദമെങ്കിലും ആര്‍ക്കും പരുക്കേല്‍ക്കാത്ത വിധം ആഘാത ശേഷി കുറഞ്ഞ പടക്കം പോലെയുള്ള വസ്തുവാണ് ഉപയോഗിച്ചത് എന്നാണ് പറയപ്പെടുന്നത്.

വിപ്ലവം ജയിക്കട്ടെ എന്ന് അര്‍ത്ഥം വരുന്ന ഇന്‍ക്വിലാബ് സിന്ദാബാദ്, സാമ്രാജിത്വം മൂര്‍ദ്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിച്ചുകൊണ്ടാണ് ഭഗത് സിംഗും ബതുകേശ്വര്‍ ദത്തും അസംബ്ലി അക്രമിച്ചത്. തുടര്‍ന്ന് ബധിരര്‍ക്ക് ചെവി തുറക്കാന്‍ ഒരു വന്‍ സ്‌ഫോടനം തന്നെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ലഘുലഖകളും വിതരണം ചെയ്തു.

സ്‌ഫോടന ശേഷം രക്ഷപ്പെടാനുള്ള ഒരു ശ്രമവും നടത്താതെയാണ് അവര്‍ ബ്രിട്ടീഷ് പട്ടാളത്തിന് കീഴടങ്ങിയത്. ജയിലിലായ ഭഗത് സിംഗിന്റെയും കൂട്ടരുടെയും പേരില്‍ ലാഹോര്‍ ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തു.

ലാഹോര്‍ അസംബ്ലി കേസില്‍ വിചാരണ നടക്കവെയാണ് ഭഗത് സിംഗിന് ബ്രിട്ടീഷ് പൊലീസുകാരനായ സൗണ്ടേഴ്‌സിനെ വധിച്ച കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തുന്നത് ഇതാണ് പിന്നീട് മൂവരുടെയും വധശിക്ഷയിലേക്ക് നയിക്കുന്നത്.

സൈമണ്‍ കമ്മീഷനെതിരെ സമാധാന സമരം നയിച്ച ലാലാ ലജ്പത് റായിയെ ബ്രിട്ടീഷ് പൊലീസ് സംഘം ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട സംഭവമുണ്ടായിരുന്നു. തുടര്‍ന്ന് തീരെ അവശനായ ലാല ലജ്പത് റായ് മൂന്നാഴ്ചയ്ക്ക് ശേഷം മരണപ്പെടുകയായിരുന്നു. ലജ്പത് റായിയുടെ മരണത്തിന് പകരം വീട്ടാനായി ശിവറാം രാജ്ഗുരു, സുഖ്‌ദേവ്, ഭഗത് സിംഗ് എന്നിവര്‍ ജോണ്‍ സൗണ്ടേഴ്‌സ് എന്ന ബ്രിട്ടീഷ് പൊലീസിനെ വധിക്കുകയുണ്ടായി. ലക്ഷ്യം സീനിയര്‍ പൊലീസ് സൂപ്രണ്ടായിരുന്ന ജെയിംസ് സ്‌കോട്ട് ആയിരുന്നു. ബൈക്കില്‍ വരികയായിരുന്ന ജോണ്‍ സൗണ്ടേഴ്‌സിനെ ആളുമാറി വെടിവെക്കുകയായിരുന്നു.

അറസ്റ്റിലായ ഭഗത് സിംഗിനെ ഡല്‍ഹി ജയിലില്‍ നിന്ന് മിയാന്‍വാളിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇവിടെ ഇന്ത്യന്‍ തടവുകാരെയും യൂറോപ്യന്‍ തടവുകാരെയും വേര്‍തിരിക്കുന്നതിന് സാക്ഷിയായ ഭഗത് സിംഗും സഖാക്കളും നിരാഹാര സമരം തുടങ്ങി. ഭക്ഷണം നല്‍കുന്നതിലും വസ്ത്രം നല്‍കുന്നതിലും ബാത്ത് റൂം അടക്കമുള്ള കാര്യങ്ങളിലെ ശുചിത്വം ആവശ്യപ്പെട്ടും, ജയിലില്‍ പുസ്തകങ്ങളും ദിനപത്രങ്ങളും നല്‍കണം തുടങ്ങിയവ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നിരാഹാരം.

63-ാം ദിവസത്തെ നിരാഹാരത്തിന് ശേഷം ഭഗത് സിംഗിനൊപ്പം അറസ്റ്റിലായ ജതിന്ദ്ര നാഥ് ദാസ് മരണപ്പെട്ടു. തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും തന്റെ പിതാവിന്റെയും അപേക്ഷ പരിഗണിച്ച് 116-ാം ദിവസമാണ് ഭഗത് സിംഗ് നിരാഹാരം അവസാനിപ്പിച്ചത്.

സൗണ്ടേഴ്‌സിനെ വധിച്ച കേസില്‍ മൂവരെയും വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവിട്ടു. മാര്‍ച്ച് 24നായിരുന്നു വധശിക്ഷ നടപ്പാക്കാനുള്ള ദിവസം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജനരോഷം പേടിച്ച് മാര്‍ച്ച് 23ന്, നേരത്തെ തീരുമാനിച്ചതിനും 11 മണിക്കൂറുകള്‍ക്ക് മുമ്പ് മൂവരെയും തൂക്കിലേറ്റുകയായിരുന്നു.

തൂക്കിലേറ്റപ്പെടുമ്പോള്‍ ഭഗത് സിംഗിനും സുഖ്‌ദേവിനും 23 വയസ്സും രാജ്ഗുരുവിന് 22 വയസ്സുമാണ്.

ഇന്‍ക്വിലാബ് സിന്ദാബാദ്, ബ്രിട്ടീഷ് സാമ്രാജിത്വം മൂര്‍ദ്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടും ചിരിയോടെയുമാണ് മൂവരും കൊലക്കയറിലേക്ക് നടന്നടുത്തത്.

മാപ്പെഴുതിക്കൊടുത്താല്‍ വധശിക്ഷ ഒഴിവാക്കാമെന്ന് ബ്രിട്ടീഷ് ഭരണാധികരികള്‍ അറിയിച്ചെങ്കിലും രാജ്യത്തിന്റെ അഭിമാനത്തിനപ്പുറം മറ്റൊന്നിനും സ്ഥാനമില്ലെന്ന ഉറച്ച നിലപാടോടെയായിരുന്നു ഭഗത് സിംഗും കൂട്ടരും തൂക്കിലേറ്റപ്പെട്ടത്.

ജയിലില്‍ വെച്ച് ഭഗത് സിംഗ് എഴുതിയ ലേഖനം പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ടു യങ് പൊളിറ്റിക്കല്‍ വര്‍ക്കേഴ്‌സ് എന്ന് തുടങ്ങുന്ന ലേഖനം കോമ്രേഡ്‌സ് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് തുടങ്ങുന്നത്. അതില്‍ ഭഗത് സിംഗ് സോവിയറ്റ് യൂണിയനെയും മാക്‌സിനെയും ലെനിനെയും കുറിച്ച് പരാമര്‍ശിച്ച് എഴുതിയ ഭാഗങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്നാണ് കരുതപ്പെടുന്നത്. ഈ ലേഖനത്തില്‍ തനിക്ക് കോണ്‍ഗ്രസിന്റെ വര്‍ഗ സ്വഭാവത്തോടും ഗാന്ധിയുടെ ആശയങ്ങളോടുമുള്ള വിയോജിപ്പും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

ജയിലില്‍ വെച്ചു തന്നെ എന്തുകൊണ്ട് ഞാന്‍ ഒരു നിരീശ്വര വാദിയായി അഥവാ വൈ ഐആം എ എത്തീയിസ്റ്റ് എന്ന ലേഖനവും എഴുതുകയുണ്ടായി.

ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ ഭഗത് സിംഗിനെ ആദ്യകാല മാക്‌സിസ്റ്റ് എന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ കാലം മാറുന്നു, കാലം മാറുന്നതിനനുസരിച്ച് ഭഗത് സിംഗിന്റെ കഥയും മാറുന്നു. ജയില്‍വാസകാലത്ത് മാക്‌സിസത്തിലേക്ക് കൂടുതല്‍ അടുത്ത ഭഗത് സിംഗിനെകുറിച്ചല്ല, ഇന്ന് പ്രചരിക്കുന്നത്. അതിനുള്ള ചെറു ഉദാഹരണങ്ങള്‍ ഇങ്ങനെയാണ്.

ബംഗാളിലെ ഭഗത് സിംഗ് ചൗകിലെ ഭഗത് സിംഗ് പ്രതിമയുടെ പ്രത്യേകതയിങ്ങനെയാണ് അടിമുടി നിരീശ്വരവാദിയായ ഭഗത് സിംഗ് പ്രതിമയുടെ തലയില്‍ സിഖുകാരുടെ മഞ്ഞ തലപ്പാവോടുകൂടി പ്രതിമ നിര്‍മിക്കുകയും ഭഗത് സിംഗിന്റെ പേരിന് മുന്നില്‍ സര്‍ദാര്‍ എന്ന് ചേര്‍ക്കുകയും ചെയ്തിരിക്കുന്നതായി കാണാം. ഇത് ബംഗാളിലെ മാത്രം കാഴ്ചയല്ല, ലുധിയാനയിലും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിര്‍മിക്കുന്ന ഭഗത് സിംഗ് പ്രതിമകള്‍ക്ക് ഇതേ രൂപമാണ്. ഇതേ പേരാണ്.

സിഖുകാരനായിരുന്നിട്ടും താടി ക്ലീന്‍ ഷേവ് ചെയ്ത് മാത്രം നടന്നിരുന്ന ഭഗത് സിംഗിനെ, തലപ്പാവ് വെച്ച് നാം ഇതുവരെ കണ്ടിട്ടില്ലാത്ത ഭഗത് സിംഗിനെയാണ് മറ്റൊരു രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കാനുള്ള ശ്രമം ഉണ്ടാകുന്നത്.

ഭഗത് സിംഗ് എന്ന വിപ്ലവകാരിയുടെ സോഷ്യലിസ്റ്റ് ആശയങ്ങളെ വെള്ള പൂശി പൂര്‍ണമായും അദ്ദേഹത്തെ സംഘപരിവാറിനാവശ്യമുള്ള ദേശസ്‌നേഹിയാക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായി തന്നെയാണ് ഇതും കാണേണ്ടത്.

2018ലെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു പ്രസ്താവന നടത്തുകയുണ്ടായി. ഭഗത് സിംഗ്, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജയിലില്‍ കഴിയവെ, കോണ്‍ഗ്രസ് നേതാക്കളാരും അദ്ദേഹത്തെ ജയിലില്‍ പോയി സന്ദര്‍ശിച്ചില്ലെന്ന തരത്തിലായിരുന്നു മോദി പറഞ്ഞത്.

ഭഗത് സിംഗ് ജയിലില്‍ കിടക്കുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു ജയിലില്‍ പോയി സന്ദര്‍ശിച്ചത് ചരിത്രത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. മോദി അധികാരത്തിലെത്തിയതില്‍ പിന്നെ പലപ്പോഴായി ചരിത്രത്തില്‍ നിന്ന് നെഹ്റുവിനെ മായ്ച്ച് കളയാന്‍ ശ്രമിച്ചതിന്റെ തുടര്‍ച്ചയായിട്ട് തന്നെയായിരുന്നു ഈ നുണപ്രചരണവും. അതിനൊപ്പം ആര്‍എസ്എസിനും ബിജെപിക്കും സ്വാതന്ത്ര്യ സമരചരിത്രത്തില്‍ പങ്കെടുത്തുവെന്ന് പറയാന്‍ നേതാക്കളില്ലെന്നിരിക്കെ നുണകളിലൂടെയും പ്രതിമകളിലൂടെയുമെല്ലാം ഭഗത് സിംഗിനെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാമെന്നും മോദിയും കൂട്ടരും കണക്കുകൂട്ടുന്നു. അവരുടെ ഏറ്റവും വലിയ സ്വാതന്ത്ര്യസമര പോരാളി സവര്‍ക്കര്‍ ആണെന്നിരിക്കെയും അവരുടെ ഏറ്റവും വലിയ ആയുധം ദേശീയത ആണെന്നിരിക്കെയും രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത ഭഗത് സിംഗിനെ സംഘ്പരിവാറിനോട് ചേര്‍ക്കുക എന്നത് അവരുടെ നിലനില്‍പ്പിനുള്ള ആവശ്യമാണ്.

ജയിലില്‍ കിടക്കവെ മാപ്പെഴുതിക്കൊടുത്താല്‍ വധശിക്ഷ ഒഴിവാക്കാമെന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ അറിയിച്ചപ്പോള്‍ രാജ്യത്തിന്റെ അഭിമാനത്തിനപ്പുറം മറ്റൊന്നിനും സ്ഥാനമില്ലെന്ന ഉറച്ച നിലപാടെടുത്ത ഭഗത് സിംഗിനെ ചേര്‍ക്കാന്‍ ശ്രമിക്കുന്നത് മാപ്പെഴുതിക്കൊടുക്കല്‍ ശീലമാക്കിയിരുന്ന സവര്‍ക്കറിന്റെ രാഷ്ട്രീയ പാരമ്പര്യത്തിനോടാണ് എന്നതാണ് സത്യാനന്തര ഇന്ത്യയിലെ വിരോധാഭാസം. എന്നിരുന്നാലും സത്യം ഒരിക്കലും മൂടിവെക്കാന്‍ കഴിയില്ലെന്ന പ്രതീക്ഷയില്‍ തന്നെ അടിവരെയിട്ട് ഉറപ്പിച്ച് പറയാം വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം ഇന്ത്യന്‍ യുവതയ്ക്കിടയില്‍ കൂടുതല്‍ ജനകീയമാക്കിയ, അടിമുടി വിപ്ലവകാരിയായ, ഭഗത് സിംഗിനെ സംഘ് പ്രചാരകനാക്കാനുള്ള ശ്രമങ്ങള്‍ പാഴാണ്.

Related Stories

No stories found.
logo
The Cue
www.thecue.in