വിനായകന്റെ ധാര്‍ഷ്ട്യം ആണഹന്തയുടെ ആര്‍റാടലാണ്

എന്താണ് പെണ്ണിന്റെ വ്യാഖ്യാനം? എന്താണ് മീടൂ? എന്ത് ചോദ്യാണ് വിനായകന്‍ സാറെ ഇത് ? മീടൂ ആരോപണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ധാര്‍ഷ്ട്യത്തോടെ മീ ടൂ മൂവ്മന്റിനെ തന്നെ പരിഹസിച്ച്

മറുപടി പറഞ്ഞാല്‍ കയ്യടിച്ച് വരവേല്‍ക്കാനാളുകളെത്തുമെന്നാണ് വിനായകന്‍ എന്ന നടനും വ്യക്തിയും പ്രത്യാശിക്കുന്നത്.

നിങ്ങള്‍ തന്നെ പറയുന്നു ഭാര്യയല്ലാത്ത പത്ത് സ്ത്രീകളോട് സെക്സ് ചെയ്തിട്ടുണ്ടെന്ന്. ഫിസിക്കല്‍ റിലേഷനില്‍ ഏര്‍പ്പെടാന്‍ ആഗ്രഹമുണ്ടെന്ന് അവരോട് നിങ്ങള്‍ അങ്ങോട്ട് ചോദിച്ചതാണെന്ന്.

ഒരാളുടെ ലൈംഗിക സ്വാതന്ത്ര്യത്തെ കുറ്റം പറയാന്‍ മറ്റുള്ളവര്‍ ആളുകളല്ല. പക്ഷെ മുന്നില്‍ കാണുന്ന ഏത് സ്ത്രീയോടും എനിക്ക് സെക്സ് ചെയ്യണം എന്ന് തോന്നിയാല്‍ ഞാന്‍ ചെയ്യും എന്ന് പറയുന്ന ധാര്‍ഷ്ട്യം കണ്‍സെന്റല്ല, ഹരാസ്മെന്റെന്നാണ് അതിന് പേര്. അണപൊട്ടിയ ആണഹന്തയില്‍ നിന്നാണ് ഈ ധാര്‍ഷ്ട്യമിങ്ങനെ പെരുക്കുന്നത്. റോസ്റ്റിംഗിലൂടെയും ട്രോള്‍ ഗ്രൂപ്പിലൂടെയും ജെന്‍ഡര്‍ മൂവ്‌മെന്റിലൂടെയും പുരോഗമന സമൂഹം പിന്തിരിപ്പനായി ഓരോ ദിവസവും എയറിലാക്കുന്നത് ഇത്തരം സ്ത്രീവിരുദ്ധ ആറാടലുകളെയാണ്.

പുരുഷന്‍ സ്ത്രീയില്‍ നിന്നോ സ്ത്രീ പുരുഷനില്‍ നിന്നോ പിടിച്ചെടുത്ത് ഉണ്ടാകുന്നതല്ല സെക്‌സ്. അത് രണ്ട് പേര്‍ തമ്മിലുണ്ടാകുന്ന വൈകാരികവും ശാരീരികവുമായ ഇടപെടലാണ്. സ്ത്രീയെ ഉപഭോഗ വസ്തുവായി മാത്രം കണ്ട്, തന്റെ താത്പര്യങ്ങള്‍ക്ക് മാത്രം വിധേയമാക്കി സെക്സ് ചെയ്യുന്നതിനെ റേപ്പ് എന്നാണ് വിളിക്കുക.

രണ്ട് വര്‍ഷം മുമ്പ് താങ്കള്‍ക്കെതിരെ മീടൂ ആരോപണം വന്ന സംഭവം ഓര്‍ക്കുന്നുണ്ടല്ലോ അല്ലേ. നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന അതേ സ്വത്വ രാഷ്ട്രീയം പറയുന്ന ദളിത് ആക്ടിവിസ്റ്റിനോട് ഫോണിലൂടെ നിങ്ങള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. കേട്ടാലറയ്ക്കുന്ന വാക്കുകളാണ് നിങ്ങള്‍ പറഞ്ഞതെന്ന് അന്ന് അവര്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആക്ടിവിസ്റ്റിനോട് മോശമായി സംസാരിച്ചെന്ന് താങ്കള്‍ കുറ്റസമ്മതം നടത്തിയിട്ടുമുണ്ട്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പം നിന്ന നിങ്ങള്‍ തന്നെ, ഒരു മീടൂ ആരോപണം സംബന്ധിച്ച ചോദ്യം തന്റെ നേര്‍ക്ക് ഉയരുമ്പോള്‍ സ്ത്രീയുടെ ഡെഫിനിഷന്‍ ചോദിച്ചും, മീടൂവിനെ പരിഹസിച്ചും രക്ഷപ്പെടാനുള്ള ത്വര, ഇരട്ടത്താപ്പാണ്.

കയറിപിടിക്കുന്നതാണോ മീടൂ എന്നല്ലേ ഒരുത്തീയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത് ?

പക്ഷെ കയറിപിടിക്കുന്നത് മാത്രമല്ല, സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ ലൈംഗികമായി ഉപയോഗിക്കുന്നത്, സ്ത്രീകളോട് ഫോണിലൂടെ പോലും ലൈംഗിക വൈകൃതത്തോടെ സംസാരിക്കുന്നത്, തുടങ്ങി അവരുടെ മേല്‍ അനുവാദമില്ലാതെ ഒന്ന് തൊടുന്നതു പോലും സ്ത്രീകള്‍ പുറത്തുപറയാന്‍ തയ്യാറായാല്‍ അത് മീടൂ തന്നെയാണ്. ലൈംഗിക കുറ്റകൃത്യമാണ്.

മീടുവില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തിരിച്ച്, എന്താണ് മീടൂ എന്ന് വിനായകന്‍ ചോദിച്ചുകൊണ്ടിരുന്നപ്പോള്‍ സ്ത്രീ മുഖ്യകേന്ദ്ര കഥാപാത്രമായി റിലീസ് ചെയ്ത ഒരു ചിത്രത്തിന്റെ സംവിധായകനും നായികയും തൊട്ടപ്പുറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. എന്തിന് വിനായകന്റെ മറുചോദ്യത്തെ എതിര്‍ക്കാനോ, ചോദ്യം ചെയ്യാനോ അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പോലും തുനിഞ്ഞില്ല. തന്റെ ജോലിചെയ്യാന്‍ വന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ വിരല്‍ ചൂണ്ടി, നിന്നോട് എനിക്ക് സെക്സ് ചെയ്യാന്‍ തോന്നിയാല്‍ ഞാന്‍ നിന്നോട് നേരിട്ട് ചോദിക്കുമെന്ന് വിനായകന്‍ പറഞ്ഞ് അപമാനിച്ചപ്പോള്‍ പോലും സഹ മാധ്യമപ്രവര്‍ത്തകര്‍ കാണിച്ച മൗനം വേദനാജനകമാണ്.

ഞാന്‍ ചോദിച്ചാല്‍ പെണ്‍കുട്ടി മാന്യമായി നോ പറയും എന്നുകൂടി മാധ്യമപ്രവര്‍ത്തകയെ ചൂണ്ടിക്കാട്ടി വിനായകന്‍ പറയുന്നുണ്ട്. എന്താണ് സര്‍ മാന്യമായ നോ പറയല്‍? നോ പറയനാവാതെ നിങ്ങള്‍ പറയുന്ന 'കണ്‍സെന്റില്‍' കുടുങ്ങി സെക്സ് ചെയ്യാന്‍ വിധേയപ്പെട്ടു പോകുന്നവരെ നിങ്ങള്‍ ഏത് പട്ടികയില്‍ ഉള്‍പ്പെടുത്തും?

കീഴാള ജനതയുടെ രാഷ്ട്രീയത്തെക്കുറിച്ച് അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയിര്‍പ്പിനെക്കുറിച്ച് ഓരോ വേദിയിലും സംസാരിക്കുന്ന വിനായകനില്‍ നിന്ന് ലിംഗരാഷ്ട്രീയത്തിലും അത്ര തന്നെ കനമുള്ള നിലപാട് സമൂഹം പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. അവിടെയാണ് സ്ത്രീയെ ഉപഭോഗവസ്തു മാത്രമായി കാണുന്ന, ലൈംഗിക ആനന്ദത്തിനുള്ള ഉപകരണമായി വ്യാഖ്യാനിക്കുന്ന പിന്തിരിപ്പന്‍ ആണഹന്തയുടെ പ്രകടനമായി നിങ്ങളുടെ പ്രസ് മീറ്റ് മാറിയത്.

Related Stories

No stories found.
logo
The Cue
www.thecue.in