നേട്ടങ്ങളും വിവാദങ്ങളും നിറഞ്ഞ കരിയര്‍, ബലാല്‍സംഗക്കേസിലടക്കം ശിക്ഷ വാങ്ങിയ ചരിത്രം, 58-ാം വയസില്‍ തിരിച്ചു വരവ്; മൈക്ക് ടൈസണ്‍ | Watch

നേട്ടങ്ങളും വിവാദങ്ങളും നിറഞ്ഞ കരിയര്‍, ബലാല്‍സംഗക്കേസിലടക്കം ശിക്ഷ വാങ്ങിയ ചരിത്രം, 58-ാം വയസില്‍ തിരിച്ചു വരവ്; മൈക്ക് ടൈസണ്‍ | Watch
Published on

ലോക ഹെവിവെയ്റ്റ് ബോക്‌സിംഗില്‍ വേറിട്ടു നില്‍ക്കുന്ന പേരാണ് മൈക്ക് ടൈസന്റേത്. അമേരിക്കന്‍ ബോക്‌സറായ ടൈസന്റെ കരിയറും ജീവിതവും എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. 20-ാം വയസില്‍ ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാംപ്യനായ ടൈസണ്‍ ആ നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന് ബഹുമതിക്ക് അര്‍ഹനായി. ആ ചാംപ്യന്‍ പദവി ഏറെക്കാലം സ്വന്തം പേരില്‍ നിലനിര്‍ത്താനും ടൈസന് കഴിഞ്ഞു. ഇടിക്കൂട്ടിലെ ചൂടന്‍ എന്ന പേരിനൊപ്പം തന്നെ റിംഗിന് പുറത്ത് കേസുകളും വിവാദങ്ങളും ടൈസനൊപ്പമുണ്ടായിരുന്നു. 1992ല്‍ ഒരു ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുമായി. ആറു വര്‍ഷത്തെ ശിക്ഷ ലഭിച്ചെങ്കിലും മൂന്നു വര്‍ഷത്തിന് ശേഷം പുറത്തിറങ്ങി. അതിനു ശേഷവും പല വിവാദങ്ങളിലും നായകനായ ടൈസന്‍ 2005ല്‍ റിട്ടയര്‍ ചെയ്തതിന് ശേഷം 58-ാം വയസില്‍ വീണ്ടും റിംഗിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ്. ജെയ്ക്ക് പോളുമായി നടന്ന പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും ടൈസണ്‍ എന്ന താരത്തിന്റെ ആരാധകര്‍ അദ്ദേഹത്തെ ആഘോഷിക്കുന്നു. മൈക്ക് ടൈസണ്‍ എന്ന ബോക്‌സറെക്കുറിച്ച്.

നേട്ടങ്ങളും വിവാദങ്ങളും നിറഞ്ഞ കരിയര്‍, ബലാല്‍സംഗക്കേസിലടക്കം ശിക്ഷ വാങ്ങിയ ചരിത്രം, 58-ാം വയസില്‍ തിരിച്ചു വരവ്; മൈക്ക് ടൈസണ്‍ | Watch
മരണത്തിന്റെ വക്കില്‍ നിന്ന് റിംഗിലേക്ക് മടങ്ങിയെത്തിയ മൈക്ക് ടൈസണ്‍! എന്താണ് ടൈസണ് സംഭവിച്ചത്?

മിച്ച് ബ്ലഡ് ഗ്രീന്‍ എന്ന ബോക്‌സറുമായുള്ള പോരാട്ടം തെരുവിലേക്ക് നീണ്ടതിന്റെ ചരിത്രമുണ്ട് മൈക്ക് ടൈസണ്. ഡബ്ല്യുബിസി റാങ്കിംഗില്‍ വരെയുണ്ടായിരുന്ന മിച്ച് ഗ്രീന്‍ പക്ഷേ ബ്ലാക്ക് സ്‌പേഡ്‌സ് എന്ന മാഫിയ സംഘത്തിന്റെ തലവനായിരുന്നു. നിരന്തരം വെല്ലുവിളിച്ചു കൊണ്ടിരുന്ന മിച്ച് ഗ്രീനിനെ 20കാരനായ ടൈസണ്‍ ഇടിച്ചു വീഴ്ത്തി. ടൈസണേക്കാള്‍ എഴിഞ്ച് ഉയരക്കൂടുതലുണ്ടായിരുന്നിട്ടും മിച്ചിന് പിടിച്ചു നില്‍ക്കാനായില്ല. ടൈസന് ലഭിക്കുന്ന പ്രതിഫലത്തുക കൂടുതലാണെന്നതായിരുന്നു ഗ്രീനിന്റെ പകയ്ക്ക് കാരണം. രണ്ടു വര്‍ഷത്തിന് ശേഷം 1988 ഓഗസ്റ്റ് 23ന് ന്യൂയോര്‍ക്കിലെ ഹാര്‍ലെമില്‍ ടൈസണ്‍ എത്തിയതായി ഗ്രീന്‍ അറിഞ്ഞു. ഒരു ലെതര്‍ ജാക്കറ്റ് വാങ്ങാനെത്തിയ ടൈസണ് മുന്നിലേക്ക് ഗ്രീന്‍ പാഞ്ഞെത്തി. വാക്കുതര്‍ക്കത്തിനൊടുവില്‍ ഗ്രീന്‍ ടൈസന്റെ പോക്കറ്റ് വലിച്ചു കീറി. ടൈസണ്‍ തിരിച്ചടിച്ചു. പിന്നീട് നടന്ന സംഘട്ടനത്തില്‍ ഗ്രീനിന്റെ വലതു കണ്ണ് ടൈസന്റെ ഇടികൊണ്ട് കലങ്ങി. ടൈസന്റെ കൈ ഒടിയുകയും ചെയ്തു. ഫൈറ്റിനൊടുവില്‍ രണ്ടു പേരും ആശുപത്രിയിലാവുകയും ചെയ്തു.

1985ല്‍ പ്രൊഫഷണല്‍ ബോക്‌സിംഗ് കരിയര്‍ ആരംഭിച്ച ടൈസണ്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഈ സംഭവം. വെറും 5 അടി 11 ഇഞ്ച് മാത്രം ഉയരമുള്ള, പ്രൊഫഷണല്‍ ബോക്‌സര്‍മാരുടെ ശരീരപ്രകൃതി ഒട്ടുമില്ലാതിരുന്ന ടൈസണ്‍ ഫ്‌ളോയ്ഡ് പാറ്റേഴ്‌സണ്‍, മുഹമ്മദ്അലി, ടിം വിതര്‍സ്പൂണ്‍ തുടങ്ങിയ പ്രമുഖരായ ഹെവി വെയ്റ്റ് ബോക്‌സര്‍മാരുടെ നിരയിലേക്ക് എത്തിയതിന് പിന്നില്‍ വലിയൊരു കഥയുണ്ട്. 1985 മുതലാണ് ടൈസന്റെ പ്രൊഫഷണല്‍ ബോക്‌സിംഗ് കരിയര്‍ ആരംഭിക്കുന്നത്. അയണ്‍ മൈക്ക്, കിഡ് ഡൈനമൈറ്റ് എന്നൊക്കെയുള്ള വിളിപ്പേരുകളില്‍ ആദ്യം അറിയപ്പെട്ടിരുന്ന ടൈസണ്‍ പിന്നീട് ദി ബാഡസ്റ്റ് മാന്‍ ഓണ്‍ ദി പ്ലാനറ്റ് എന്ന് അറിയപ്പെടാന്‍ തുടങ്ങി.

എതിരാളിയെ വിരട്ടിക്കൊണ്ടുള്ള ബോക്‌സിംഗ് ശൈലിയും വ്യക്തിജീവിതത്തില്‍ കേള്‍പ്പിച്ച ദോഷപ്പേരുകളും ഈ വിളിപ്പേരിന് അര്‍ത്ഥം നല്‍കിയെന്ന് പറയാം. ബോക്‌സിംഗില്‍ എത്തുന്നതിന് മുന്‍പ് തെരുവുഗുണ്ടകള്‍ക്കൊപ്പം കറങ്ങി നടന്ന ഒരു ഭൂതകാലം മൈക്ക് ടൈസണുണ്ട്. 1978ല്‍ റിഫോം സ്‌കൂളില്‍ ടൈസണ്‍ അടയ്ക്കപ്പെട്ടു. അവിടെ വെച്ച് ബോക്‌സിംഗ് പ്രേമിയായ ബോബി സ്റ്റുവര്‍ട്ട് എന്ന സോഷ്യല്‍ വര്‍ക്കര്‍ ടൈസന്റെ കഴിവ് തിരിച്ചറിയുകയും പ്രശസ്തനായ ബോക്‌സിംഗ് പരിശീലകന്‍ കുസ് ദി അമാറ്റോയുടെ അരികിലേക്ക് അവനെ അയയ്ക്കുകയും ചെയ്തു. ഫ്‌ളോയ്ഡ് പാറ്റേഴ്‌സന്റെ പരിശീകനായിരുന്ന ഡി അമാറ്റോയുടെ കീഴില്‍ ടൈസണ്‍ അമച്വര്‍ റെക്കോഡുകള്‍ നേടി. 1985ല്‍ പ്രൊഫഷണല്‍ ബോക്‌സിംഗില്‍ തുടക്കം കുറിച്ചു.

ടൈസന്റെ തനതായ ഡിഫന്‍സ് ശൈലി രൂപപ്പെടുത്തിയതില്‍ ഡി അമാറ്റോയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ഉയരക്കുറവിന്റെ അഡ്വാന്റേജും ടൈസണുണ്ടായിരുന്നു. അതിനൊപ്പം ടൈസന്റേതു മാത്രമായ ചടുലതയും ചേര്‍ന്ന് 1986ല്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹെവിവെയ്റ്റ് ചാംപ്യനാക്കി അവനെ മാറ്റി. 1990വരെ ലോക ഹെവിവെയ്റ്റ് ചാംപ്യന്‍ പട്ടം ടൈസണ്‍ സ്വന്തം ഷെല്‍ഫില്‍ സൂക്ഷിച്ചു. പ്രൊഫഷണല്‍ കരിയറിലെ 19 പോരാട്ടങ്ങളിലും നോക്കൗട്ട് വിജയം. അതില്‍ 12ലും ആദ്യ റൗണ്ടില്‍ തന്നെ നോക്കൗട്ട്. 1991ല്‍ മൈക്കിള്‍ സ്പിന്‍ക്‌സിനെ ആദ്യ റൗണ്ടിന്റെ 91-ാം സെക്കന്‍ഡില്‍ നോക്കൗട്ട് ചെയ്തു. പക്ഷേ, 1992ല്‍ ഒരു ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ടൈസന്റെ കരിയറിന്റെ നിറം മങ്ങി. ആറു വര്‍ഷത്തെ തടവുശിക്ഷയായിരുന്നു ലഭിച്ചതെങ്കിലും മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മോചിതനായി. 1996ല്‍ തന്നെ റിംഗില്‍ ടൈസണ്‍ മടങ്ങിയെത്തി.

1997ല്‍ ലോക ബോക്‌സിംഗ് അസോസിയേഷന്‍ ടൈറ്റില്‍ മത്സരത്തില്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിനോട് ഏറ്റുമുട്ടിയതാണ് ടൈസന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന സംഭവം. രണ്ട് തവണ ലോക ഹെവിവെയ്റ്റ് ചാംപ്യനായ ഹോളിഫീല്‍ഡുമായി 1996 നവംബറില്‍ ടൈസണ്‍ ഏറ്റുമുട്ടിയിരുന്നു. 11 റൗണ്ട് നീണ്ട ആദ്യ മത്സരം ഹോളിഫീല്‍ഡിനെ വിജയിയായി പ്രഖ്യാപിച്ചുകൊണ്ട് റഫറി അവസാനിപ്പിക്കുകയായിരുന്നു. 97ലെ രണ്ടാം മാച്ചിന്റെ മൂന്നാം റൗണ്ടില്‍ ഹോളിഫീല്‍ഡിന്റെ വലതു ചെവി ടൈസണ്‍ കടിച്ചു മുറിച്ചു. ഹോളിഫീല്‍ഡിന്റെ തല പലവട്ടം ടൈസന്റെ മുഖത്തിടിക്കുകയും ടൈസണ് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു പ്രകോപനം.

ഹോളിഫീല്‍ഡ് പരാതിപ്പെട്ടെങ്കിലും മത്സരം തുടരാനായിരുന്നു റഫറിയുടെ തീരുമാനം. അടുത്ത റൗണ്ടില്‍ ടൈസണ്‍ ഹോളിഫീല്‍ഡിന്റെ ഇടതു ചെവിയും കടിച്ചുമുറിച്ചു. അതോടെ മാച്ച് നിര്‍ത്തുകയും നെവാദ സ്‌റ്റേറ്റ് അത്‌ലറ്റിക്ക് കമ്മീഷന്‍ ടൈസന്റെ ബോക്‌സിംഗ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം ടൈസണ് ലൈസന്‍സ് നല്‍കി. 2002ല്‍ വീണ്ടും ലോക ഹെവിവെയ്റ്റ് ചാംപ്യനാകാനുള്ള പോരാട്ടത്തില്‍ ലെനക്‌സ് ലൂയിസ് ടൈസണെ നോക്കൗട്ട് ചെയ്തു.

1999ല്‍ ടൈസണ്‍ വീണ്ടും ജയിലില്‍ അടയ്ക്കപ്പെട്ടു. ഒരു കാറപകടത്തെ തുടര്‍ന്ന് പ്രായമായ രണ്ടുപേരെ ആക്രമിച്ചുവെന്നതായിരുന്നു കുറ്റം. 2000ല്‍ ആന്‍ഡ്രൂ ഗൊലോട്ടയുമായി നടന്ന പോരാട്ടത്തില്‍ ടൈസണ്‍ വിജയിച്ചെങ്കിലും പിന്നീട് നടന്ന പരിശോധനയില്‍ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മത്സരഫലം റദ്ദാക്കി. വാര്‍ത്താസമ്മേളനത്തിനിടെ ലെനക്‌സ് ലൂയിസിനെ കടിച്ച സംഭവം വീണ്ടും ടൈസണെ വാര്‍ത്തകളില്‍ എത്തിച്ചു. 2005ല്‍ ടൈസണ്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു.

വീണ്ടും 19 വര്‍ഷത്തിന് ശേഷം സോഷ്യല്‍ മീഡിയ താരവും ബോക്‌സറുമായ ജേക്ക് പോളിനോട് ഏറ്റുമുട്ടിക്കൊണ്ട് തിരിച്ചെത്തിയിരിക്കുകയാണ് ടൈസണ്‍. പരാജയപ്പെട്ടെങ്കിലും അതിന് ശേഷം എക്‌സില്‍ ടൈസണ്‍ ഇങ്ങനെ കുറിച്ചു. തോറ്റുപോയാലും വിജയിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ ഒന്നാണ് ഇത്. കഴിഞ്ഞ രാത്രിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ കൂടി റിംഗില്‍ തിരികെയെത്തിയതില്‍ എനിക്ക് യാതൊരു വിഷമവുമില്ല.

കഴിഞ്ഞ ജൂണില്‍ ഗുരുതരമായ രോഗാവസ്ഥയില്‍ കൂടി കടന്നു പോയതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് തന്റെ തിരിച്ചുവരവിലെ പരാജയത്തെയും വിജയമായി ടൈസണ്‍ സ്വീകരിക്കുന്നത്. അള്‍സര്‍ ബാധയെത്തുടര്‍ന്ന് ശരീരത്തില്‍ നിന്ന് രക്തം നഷ്ടമായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ടൈസണ് ഇത് അത്ഭുതകരമായ തിരിച്ചുവരവാണ്. ജൂലൈ 20നായിരുന്നു ജേയ്ക്കുമായുള്ള പോരാട്ടം ആദ്യം തീരുമാനിക്കപ്പെട്ടിരുന്നതെങ്കിലും ടൈസന്റെ അനാരോഗ്യം കാരണം അത് മാറ്റുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇടിക്കൂട്ടിലേക്കെത്താന്‍ ടൈസണ് കഴിഞ്ഞു. പ്രായക്കൂടുതല്‍ അദ്ദേഹത്തിന്റെ റിഫ്‌ളക്‌സുകളെ ബാധിച്ചിരുന്നെങ്കിലും മത്സരം എട്ടു റൗണ്ടുകള്‍ വരെ നീണ്ടു. തെമ്മാടിയായിരുന്നെങ്കിലും ഹെവി വെയ്റ്റ് ബോക്‌സിംഗില്‍ ടൈസണ്‍ ദി റിയല്‍ ഗോട്ട് തന്നെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in