കെജിഎഫ്; അമ്മയ്ക്ക് കൊടുത്ത വാക്കിന്റെ കഥ
SPOLER ALERT
പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല, കെജിഎഫ് വണ്ണില്‍ റോക്കി ഭായ് എന്ന യഷിന്റെ കഥാപാത്രം താഴെ വീണ ബ്രഡ് എടുത്ത് കൊടുത്തുകൊണ്ട് വഴിവക്കില്‍ ഭയന്നു നില്‍ക്കുന്ന ഒരമ്മയോട് പറയുന്ന ഡയലോഗാണിത്. കെജിഎഫ് കന്നഡ സിനിമയുടെ അതിര്‍ത്തികള്‍ ഭേദിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്ത ഡയലോഗുകളില്‍ ഒന്ന്.
യഷ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു, കെജിഎഫ് എന്നത് ഒരു അമ്മയുടെ കഥയാണെന്ന്, നമ്മുടെ രാജ്യത്തിന് മുഴുവന്‍ ഈ കഥ റിലേറ്റ് ചെയ്യാന്‍ സാധിക്കും. ആകെ ഒരു ശതമാനം മാത്രം വരുന്ന ജനങ്ങളാണ് രാജ്യത്ത് പ്രവിലേജ്ഡ് ആയിട്ടുള്ളത്. ഒരുപക്ഷെ അവര്‍ക്ക് മാത്രമായിരിക്കും ചിത്രം റിലേറ്റ് ചെയ്യാന്‍ സാധിക്കാത്തതെന്നുമായിരുന്നു യഷ് പറഞ്ഞത്. ഇന്ത്യ മുഴുവന്‍ ആഘോഷിക്കുന്ന ഒരു ഗാങ്സ്റ്ററിന്റെ കഥ, ആരാധകര്‍ സെലിബ്രേറ്റ് ചെയ്യുന്ന റോക്കി ഭായ് എന്ന മോണ്‍സ്റ്ററിന്റെ കഥയെ എന്തുകൊണ്ടായിരിക്കും ചിത്രത്തിലെ നായകന്‍ തന്നെ അതങ്ങനെയല്ല ഒരമ്മയുടെ കഥയാണെന്ന് പറഞ്ഞത്, അതിനുള്ള ഉത്തരമാണ് കെജിഎഫ് ചാപ്റ്റര്‍ 2.
സിംപിളായി പറയുകയാണെങ്കില്‍ കെജിഎഫ് ഒരമ്മയുടെയും മകന്റെയും കഥ തന്നെയാണ്. ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും കരുത്തോടെ സ്വന്തം മകനെ വളര്‍ത്തിയ ശക്തയായൊരു അമ്മയുടെ കഥ. തന്റെ മകന്റെ ജീവിതം ഒരിക്കലും ദുരിത പൂര്‍ണ്ണമാകരുതെന്ന് ആഗ്രഹിക്കുകയും അതിനായി മകനോട് പ്രയത്‌നിക്കാന്‍ പറയുകയും ചെയ്ത അമ്മയാണ് കെജിഎഫിലെ യഥാര്‍ത്ഥ ഹീറോയിന്‍. ചാപ്റ്റര്‍ 2വിന് ഒടുവില്‍ സംവിധായകന്‍ പറഞ്ഞുവെക്കുന്നത് പോലെ തന്നെ കെജിഎഫ്, അമ്മയുടെ കഥയായി തന്നെയാണ് കാണേണ്ടതും.
കെജിഎഫില്‍ ഉടനീളം അമ്മയെ പ്ലേസ് ചെയ്തിരിക്കുന്നത് റോക്കി ഭായി എന്ന ക്യാരക്ടറിന്റെ ഓര്‍മകളിലായിട്ടാണ്. ഇന്നെത്ര പേരെ കൊന്നുവെന്ന് ചോദിക്കപ്പെടുന്ന ക്രിമിനലായ റോക്കിയുടെ ഇമോഷണല്‍ ലെയര്‍ ഈ അമ്മയെക്കുറിച്ചുള്ള ഓര്‍മകളില്‍ മാത്രമാണ്. ചിത്രത്തില്‍ അയാള്‍ നായകനാകുമ്പോഴും, അയാള്‍ വില്ലന്മാരില്‍ നിന്ന് സാധാരണക്കാര്‍ക്ക് രക്ഷകനാകുമ്പോഴുമൊന്നും ഇല്ലാത്ത ഇമോഷണല്‍ ലെയര്‍ നിലനില്‍ക്കുന്നത് അമ്മയില്‍ മാത്രമാണ്. ആ കണക്ഷനെയാണ് പ്രശാന്ത് നീല്‍ ചാപ്റ്റര്‍ 2വില്‍ പ്ലേസ് ചെയ്തിരിക്കുന്നത്. റോക്കിയെന്ന ഗാങ്ങ്സ്റ്ററേക്കാള്‍ അയാള്‍ അമ്മയ്ക്ക് നല്‍കുന്നൊരു ട്രിബ്യൂട്ടായി ചിത്രത്തിന്റെ ക്ലൈമാക്സ് സംവിധായകന്‍ പ്ലേസ് ചെയ്യുകയും ചെയ്തു.
ഈ അമ്മ എലമെന്റിനെ ചിത്രത്തില്‍ പ്ലേസ് ചെയ്തിരിക്കുന്നത് റോക്കിയുടെ അമ്മയിലൂടെ മാത്രമല്ല. കെജിഎഫിലെ തന്നെ മറ്റൊരു അമ്മയെയും മകനെയും അവരുടെ ബന്ധത്തെയും സിനിമയില്‍ കാണിക്കുന്നുണ്ട്. തന്റെ മകന്‍ മരിച്ച ശേഷം അവസാനമായി അവനെ കാണണം എന്ന ആ അമ്മയുടെ ആഗ്രഹം നിറവേറ്റുന്ന റോക്കിക്ക് അനുഗ്രഹവും അവര്‍ നല്‍കുന്നുണ്ട്. റോക്കി അമ്മയുടെ പേര് മറ്റൊരു കുഞ്ഞിനിടുന്ന രംഗം, തന്റെ ഭാര്യ അമ്മയാകാന്‍ പോകുന്ന രംഗം, സിനിമാറ്റിക്കലി ക്ലീഷേ തോന്നിപ്പിക്കുന്ന സിറ്റുവേഷന്‍സാണെങ്കിലും ഈ രംഗങ്ങളിലെല്ലാം പൊതുവായി അമ്മ എന്ന ഫാക്ടര്‍ സംവിധായകന് പ്രേക്ഷകനിലേക്കെത്തിക്കാന്‍ കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ കെജിഎഫ് എന്ന കഥയുടെ അടിത്തറ മാതൃത്വത്തിന്റെ ശക്തിയാണെന്ന് വ്യക്തമായി പറഞ്ഞുവെക്കുകയും ചെയ്യുന്നു.
സാധാരണ സിനിമകളിലെ പോലെ മകന്‍ തല്ലാനും അക്രമത്തിനുമൊന്നും പോകരുതെന്ന് വാശിപിടിക്കുന്ന അമ്മയല്ല കെജിഎഫിലേത്. തന്നെ ശല്യം ചെയ്തവനെ കൂട്ടത്തോടെയല്ല ഒറ്റക്കാണ് തല്ലാന്‍ പോകേണ്ടത് എന്ന് പറഞ്ഞ് കൊടുക്കുന്ന അമ്മ. മകന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍ എന്റെ താരാട്ടിന് മാത്രമെ അവന്‍ കണ്ണടക്കൂ എന്ന് പറയുന്ന അമ്മ. നൂറ് ദിവസം അടിമയായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് ഒരുദിവസം സുല്‍ത്താനായി ജീവിക്കുക എന്നതാണെന്ന് അവര്‍ പറയുന്നുണ്ട്.
റോക്കി എന്ന ക്യാരക്ടര്‍ അഗ്രസീവാണോ, ടോക്സിക്കാണോ എന്നുള്ള ലെയറുകള്‍ ചിന്തിച്ചെടുത്താല്‍ അമ്മ പറഞ്ഞുകൊടുത്തതെല്ലാം അതില്‍ ഭാഗമായി തന്നെ വരും, ചിത്രത്തിലെ തന്നെ തന്റെ മകന്‍ അപകടത്തിലേക്ക് പോകുന്നത് തിരിച്ചറിയുന്ന , അവന്റെ മരണത്തില്‍ സര്‍വതും നഷ്ടപ്പെടുന്ന മറ്റൊരു അമ്മയെയും റോക്കിയുടെ അമ്മയെയും താരതമ്യം ചെയ്താല്‍ രണ്ട് പേരും രണ്ട് ചിന്താഗതിയില്‍ നില്‍ക്കുന്നവരാണ്, അതിലാരാണ് ശരി എന്ന ചോദ്യങ്ങളുണ്ടായും വരാം.
ഒരുപാട് ആഗ്രഹങ്ങളോടെ വിവാഹം കഴിച്ച റോക്കിയുടെ അമ്മയ്ക്ക് ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും അനുഭവിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അത് അവരെ ഒരിക്കലും തളര്‍ത്തുന്നില്ല. തന്റെ മകന് വേണ്ടിയാണ് അവര്‍ ജീവിച്ചത്. ആ അമ്മയുടെ മനസിലെ തീയാണ് റോക്കി എന്ന കരുത്തനായ വ്യക്തിക്ക് ജന്മം നല്‍കിയതെന്ന് പറഞ്ഞുകൊണ്ടാണ് സിനിമയുടെ രണ്ടാം ഭാഗം അവസാനിക്കുന്നത് പോലും.
കെജിഎഫ് 2 തീര്‍ച്ചയായും റോക്കി എന്ന ഡോണിന്റെ ഷോ തന്നെയാണ്. പക്ഷെ ഒരിക്കലും വീഴാത്തൊരു ഹീറോ ആയല്ല പ്രശാന്ത് നീല്‍ റോക്കി എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ കാണിക്കുന്നത്. ജയത്തിനൊപ്പം തന്നെ തന്റെ എതിരാളിക്ക് മുന്നില്‍ പൊരുതി വീഴുകയും ചെയ്യുന്നുണ്ട് റോക്കി.
കെജിഎഫ് അവസാനിക്കുന്നതും റോക്കി താന്‍ നേടിയതെല്ലാം അമ്മയ്ക്കായി സമര്‍പ്പിച്ചുകൊണ്ടാണ്. അവന്‍ ജീവിച്ചതും ലോകം വെട്ടിപ്പിടിച്ചതും അമ്മയ്ക്ക് വേണ്ടിയാണ്. അത് തന്നെയാണ് സിനിമയെ വെറും മാസ് മസാല ഫോര്‍മുലയ്ക്കുള്ളില്‍ ഒതുങ്ങിപ്പോകാതിരിക്കാന്‍ കാരണവും.