എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ ഇല്ലാതാകണമെങ്കില്‍ സമൂഹത്തിന്റെ മനോഭാവം മാറുകയും പൊലീസിന് ആവശ്യമായ പരിശീലനം നല്‍കുകയും വേണമെന്ന് ജസ്റ്റിസ് ചന്ദ്രു. എന്‍കൗണ്ടര്‍ എന്നത് ഒരു കോമണ്‍മാന്‍ ലാംഗ്വേജായി മാറിയിരിക്കുന്നു. ഒരു കുറ്റകൃത്യം നടന്നാല്‍ ഉടനടി അതിന് പരിഹാരമുണ്ടാക്കുന്ന നടപടിയെന്നാണ് പലരും ഇതിനെക്കുറിച്ച് ധരിച്ചിരിക്കുന്നത്. ഇന്‍സ്റ്റന്റ് ജസ്റ്റിസ്! ഇന്‍സ്റ്റന്റ് കാപ്പി, ഇന്‍സ്റ്റന്റ് ഇഡലി, ഇന്‍സ്റ്റന്റ് റവ ദോശ എന്നതുപോലെ നീതിയും ഇന്‍സ്റ്റന്റായി നടക്കണമെന്നാണ് പലരുടെയും ധാരണ. ജനങ്ങള്‍ക്ക് എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് ഒരു വലിയ ഹീറോയായി മാറുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു കൃത്യം അയാള്‍ ചെയ്തതെന്ന് ആരും ചിന്തിക്കുന്നില്ല. ക്രിമിനല്‍ കേസുകളില്‍ വിചാരണയ്ക്കുണ്ടാകുന്ന കാലതാമസവും പല കുറ്റവാളികളും നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നതും ജനങ്ങള്‍ക്ക് നിയമ വ്യവസ്ഥയില്‍ അവിശ്വാസം സൃഷ്ടിക്കുന്നുണ്ട്. പൊലീസ് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നല്‍കണം. പ്രതികളെ വിചാരണ ചെയ്ത് അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുയെന്നതാണ് ചെയ്യേണ്ടതെന്ന് പരിശീലന കാലയളവില്‍ തന്നെ പൊലീസുകാരെ പറഞ്ഞു മനസിലാക്കണം. മേലധികാരികളുടെ അറിവില്ലാതെ ഒരു എന്‍കൗണ്ടറും നടക്കാറില്ല. അതുകൊണ്ടുതന്നെ മേലധികാരിയായാലും കീഴുദ്യോഗസ്ഥരായാലും അവരുടെ ട്രെയിനിംഗില്‍ തന്നെ ഇക്കാര്യം ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. ജയ് ഭീം എന്ന സിനിമയിലെ സൂര്യ അവതരിപ്പിച്ച കഥാപാത്രം അഭിഭാഷകനും മദ്രാസ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജുമായ ജസ്റ്റിസ് ചന്ദ്രുവിനെ ആസ്പദമാക്കിയാണ് സൃഷ്ടിക്കപ്പെട്ടത്.
ജസ്റ്റിസ് ചന്ദ്രു പറഞ്ഞത്
എന്‍കൗണ്ടര്‍ എന്നത് ഒരു കോമണ്‍മാന്‍ ലാംഗ്വേജായി മാറിയിരിക്കുന്നു. ഒരു കുറ്റകൃത്യം നടന്നാല്‍ ഉടനടി അതിന് പരിഹാരമുണ്ടാക്കുന്ന നടപടിയെന്നാണ് പലരും ഇതിനെക്കുറിച്ച് ധരിച്ചിരിക്കുന്നത്. ഇന്‍സ്റ്റന്റ് ജസ്റ്റിസ്! ഇന്‍സ്റ്റന്റ് കാപ്പി, ഇന്‍സ്റ്റന്റ് ഇഡലി, ഇന്‍സ്റ്റന്റ് റവ ദോശ എന്നതുപോലെ നീതിയും ഇന്‍സ്റ്റന്റായി നടക്കണമെന്നാണ്. നിലവിലുള്ള വ്യവസ്ഥിതിയില്‍ നീതി വൈകുന്നുവെന്ന തോന്നലും നിരാശയും ജനങ്ങള്‍ക്കുണ്ടാകുന്നതാണ് എന്‍കൗണ്ടറുകള്‍ വര്‍ദ്ധിക്കാന്‍ കാരണം. എന്‍കൗണ്ടര്‍ ചെയ്യുന്നവരെല്ലാം ഹീറോയായി മാറുകയാണ്. സൂര്യ അഭിനയിച്ച കാക്ക കാക്ക എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം പറയുന്നുണ്ട്. ഈ ബുള്ളറ്റിന് മൂന്നു രൂപയേ ആകൂ. എന്നാല്‍ കോടതിയും കേസുമായി എത്ര ലക്ഷം രൂപയാകും ചെലവാകുകയെന്ന്. ഇത് കേട്ട് തിയറ്ററില്‍ എല്ലാവരും കയ്യടിക്കുകയാണ്. അതിലൂടെ ജനങ്ങള്‍ക്ക് ഒരു തെറ്റായ സന്ദേശമാണ് ലഭിക്കുന്നത്. ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അവര്‍ ആലോചിക്കുന്നതേയില്ല. നമ്മള്‍ തെറ്റ് ചെയ്യുകയാണ്.
ഹൈദരാബാദില്‍ ഒരു വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമുണ്ടായി. വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇപ്പോള്‍ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രി സംഭവത്തില്‍ നടക്കുന്ന പ്രതിഷേധം പോലെയും മുന്‍പ് നിര്‍ഭയ സംഭവത്തില്‍ നടന്നതു പോലെയും. ഉടനെ ലോക്കല്‍ പോലീസ് നാല് യുവാക്കളെ പിടികൂടി വെടിവെച്ചു കൊന്നു. അതോടെ ആ വെടിവെച്ചു കൊലപ്പെടുത്തിയ ഇന്‍സ്‌പെക്ടറെയും മറ്റു പോലീസുകാരെയും ജനങ്ങള്‍ സ്വീകരിക്കുകയാണ്. കാറില്‍ കയറ്റി മാലയിട്ട്, ലഡു കൊടുത്ത് ആഘോഷിക്കുകയാണ്. ആ സംഭവത്തില്‍ ഒരു മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയില്‍ പരാതി നല്‍കി. ഒരേ ദിവസം തന്നെ എല്ലാ പ്രതികളെയും എങ്ങനെ പിടികൂടി, അവര്‍ എങ്ങനെ വെടിയേറ്റ് കൊല്ലപ്പെട്ടു, ഇത് അന്വേഷണത്തിന് വിധേയമാക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം. സുപ്രീം കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജ് ജസ്റ്റിസ് വി.എസ്.സിര്‍പുര്‍കര്‍ അധ്യക്ഷനായ ഏകാംഗ സമിതിയെ കോടതി നിയോഗിച്ചു. സമിതി ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കി. 196 പേജുകളുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ട് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. കൊല്ലപ്പെട്ട നാലുപേര്‍ക്കും കേസുമായി ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നും ലഭ്യമല്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അവര്‍ അന്യായമായി കൊലചെയ്യപ്പെടുകയായിരുന്നു. അപ്പോള്‍ ഏത് ഇന്‍സ്‌പെക്ടറെയും പൊലീസുകാരെയുമാണോ മാലയിട്ട്, ലഡു കൊടുത്ത് ജനങ്ങള്‍ സ്വീകരിച്ചത്, അവരെല്ലാവരും ഇപ്പോള്‍ ജയിലിലാണ്. ഈ സംഭവം നടന്നിട്ട് ആറു മാസമായി, നിരപരാധികള്‍ കൊല്ലപ്പെടുകയും ചെയ്തു. കുറ്റക്കാരായ പോലീസുകാര്‍ ഇപ്പോള്‍ ജയിലിലുമാണ്. എന്‍കൗണ്ടറില്‍ അന്വേഷണം നടത്തണം, കണ്ടെത്തലുകളുണ്ടാകണം. അതാണ് ഇപ്പോള്‍ നടക്കാത്തത്.
എന്‍കൗണ്ടര്‍ എന്നത് ക്രിമിനല്‍ കേസിലെ ഡിഫന്‍സ് മെക്കാനിസമായാണ് പോലീസ് അവകാശപ്പെടുന്നത്. അങ്ങനെയൊരു എന്‍കൗണ്ടര്‍ നടന്നാല്‍ അതില്‍ ഉള്‍പ്പെട്ട പൊലീസുകാരെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നും വിചാരണ നടത്തണമെന്നുമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശമുള്ളത്. എന്നാല്‍ അതൊന്നും നടക്കാറില്ല. ജനങ്ങള്‍ക്ക് എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് ഒരു വലിയ ഹീറോയായി മാറുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു കൃത്യം അയാള്‍ ചെയ്തതെന്ന് ആരും ചിന്തിക്കുന്നില്ല. ക്രിമിനല്‍ കേസുകളില്‍ വിചാരണയ്ക്കുണ്ടാകുന്ന കാലതാമസവും പല കുറ്റവാളികളും നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നതും ജനങ്ങള്‍ക്ക് നിയമ വ്യവസ്ഥയില്‍ അവിശ്വാസം സൃഷ്ടിക്കുന്നുണ്ട്. അതിന് എന്തു ചെയ്യാനാകും? എന്‍കൗണ്ടറുകളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. എന്‍കൗണ്ടറുകളുണ്ടായാല്‍ മേലധികാരികള്‍ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ്. അങ്ങനെയാകരുത്. നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറിയാലേ എന്‍കൗണ്ടറുകളും കുറയുകയുള്ളു. എന്‍കൗണ്ടര്‍ നടന്നാല്‍ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. അനീതി നടന്നുപോയിരിക്കുന്നു. മരിച്ചവരെ തിരികെ കൊണ്ടുവരാന്‍ കഴിയില്ലല്ലോ. ജയ് ഭീം സിനിമയിലെ മരിച്ച രാജാക്കണ്ണിനെ തിരിച്ചു കൊണ്ടുവരാന്‍ കഴിയില്ലല്ലോ. നഷ്ടപരിഹാരം കൊടുത്താലും ആ സിനിയിലെ സെങ്കനിയെപ്പോലെയുള്ളവര്‍ വിധവകളായി കഴിയണം. നീതി അവിടെ പൂര്‍ണ്ണമായും നടപ്പാകുന്നില്ല. അങ്ങനെ അനീതി നടപ്പാകുന്നത് തടയണമെങ്കില്‍ കുറ്റകൃത്യങ്ങളെ മഹത്വവല്‍ക്കരിക്കുന്നത് ഇല്ലാതാകണം. പൊലീസ് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നല്‍കണം. പ്രതികളെ വിചാരണ ചെയ്ത് അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുയെന്നതാണ് ചെയ്യേണ്ടതെന്ന് പരിശീലന കാലയളവില്‍ തന്നെ പൊലീസുകാരെ പറഞ്ഞു മനസിലാക്കണം. വിചാരണയെന്നത് വലിയ പ്രോസസാണ്. എന്നാല്‍ ഇത്തരം ഷോര്‍ട്ട് കട്ട് രീതികളിലേക്ക് തിരിയരുതെന്ന് അക്കാഡമിയില്‍ തന്നെ പരിശീലിപ്പിക്കണം.
ജയ് ഭീം ഇറങ്ങിയപ്പോള്‍ പല സംസ്ഥാനങ്ങളിലെയും ഡിജിപിമാര്‍ എന്നെ വിളിച്ചിരുന്നു. എനിക്ക് തോന്നിയത് പൊലീസിനെതിരെ ഒരു പരാതി ഉയര്‍ന്നാല്‍ മേലധികാരികള്‍ പൊലീസുകാരെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ്. ഈ സിനിമയില്‍ ഒരു മേലധികാരി നല്ലവനാണ്. മോശം പൊലീസുകാരെല്ലാവരും കീഴുദ്യോഗസ്ഥരുമാണ്. എന്നാല്‍ സത്യത്തില്‍ അങ്ങനെയല്ല നടക്കാറ്. മേലധികാരികളുടെ അറിവില്ലാതെ ഒരു എന്‍കൗണ്ടറും നടക്കാറില്ല. അതുകൊണ്ടുതന്നെ മേലധികാരിയായാലും കീഴുദ്യോഗസ്ഥരായാലും അവരുടെ ട്രെയിനിംഗില്‍ തന്നെ ഇക്കാര്യം ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.