ഞാന്‍ രജനികാന്തിനോട് പറഞ്ഞു, ഇനി നീ കണ്ടക്ടര്‍ പണി രാജി വച്ചോ; ദൃശ്യം2ലെ ജഡ്ജി ആദം അയൂബ് അഭിമുഖം
ദൃശ്യം സെക്കന്‍ഡില്‍ നിര്‍ണായകമായ കോടതി രംഗങ്ങളില്‍ ജഡ്ജിയായി എത്തിയത് മുതിര്‍ന്ന സംവിധായകന്‍ ആദം അയൂബ് ആണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠന കാലത്ത് രജനികാന്തിന്റെ സഹപാഠിയായിരുന്നു ആദം അയൂബ്. അതേക്കുറിച്ച ദ ക്യു അഭിമുഖത്തില്‍ ആദം അയൂബ് സംസാരിക്കുന്നു.
ആദം അയൂബ് സംസാരിച്ചത്
അന്ന് ഒപ്പം പഠിക്കുന്നവരെല്ലാം സാമ്പത്തികമായി നല്ല ചുറ്റുപാടുള്ള ആളുകളുടെ മക്കളാണ്. അന്ന് ഞാനും രജനികാന്തും ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്ത് ഒരു ചെറിയ ലോഡ്ജിലാണ് താമസം. അന്ന് മാസത്തില്‍ ആദ്യം വീട്ടില്‍ നിന്നും മണിയോര്‍ഡര്‍ വരും. രജനിക്ക് മാസത്തില്‍ പല തവണ വരും. വരുന്നത് 5 രൂപ 10 രൂപ അങ്ങനെയാണ്. ബംംഗളൂരുവില്‍ ഒപ്പം ജോലി ചെയ്തിരുന്ന ഡ്രൈവര്‍മാര്‍ കണ്ടക്ടര്‍മാര്‍ അവരൊക്കെ മിച്ചം പിടിക്കുന്നത് അയച്ചുകൊടുക്കും പഠിക്കാന്‍. അദ്ദേഹവും ഇടയ്ക്ക് ബസ് കണ്ടക്ടറായി ആ പഠിക്കുന്ന സമയത്തും പോകും. കാശുണ്ടാക്കും. മണിയോര്‍ഡര്‍ വരുന്ന ദിവസം മറ്റ് സുഹൃത്തുക്കളൊക്കെ ബിയര്‍ എടുക്കും. എനിക്കും രജനിക്കും അന്ന് അതിനുള്ള പണം ഇല്ല. ഞങ്ങള്‍ മുറിയില്‍ തന്നെ പരസ്പരം ദാരിദ്ര്യം പറഞ്ഞിരിക്കും. എനിക്ക് ഹിന്ദി അറിയാമായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ വലിയ കൂട്ടുകാരായിരുന്നു.
ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ അതിന്റെ പ്രിവ്യൂ ഷോ കാണാന്‍ ഞങ്ങളെയെല്ലാം അദ്ദേഹം ക്ഷണിച്ചു. ആ പടം കണ്ടിറങ്ങിയപ്പോള്‍ ഞാന്‍ രജനിയോട് പറഞ്ഞു. ഇനി നീ ബസ് കണ്ടക്ടര്‍ പണി രാജിവച്ചോളൂ. നിനക്ക് ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല. അദ്ദേഹത്തെ കൊണ്ട് ജോലി രാജി വെപ്പിച്ചത് ഞാനാണ്. ഞാന്‍ സഹസംവിധായകനായി കഷ്ടപ്പാടുകളോടെ തന്നെ ജീവിച്ചുപോകുന്നു. അങ്ങനെ ഒരു 7 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ച് ഞങ്ങള്‍ പരസ്പരം കണ്ടു. അന്നാണ് അവസാനമായി കണ്ടത്. എന്റെ ഒരു സിനിമയുടെ ഡബ്ബിങ് നടക്കുന്നു. അതിനിടയില്‍ അതേ സ്റ്റുഡിയോ ഒരു മണിക്കൂര്‍ രജനി പടത്തിന് വേണമെന്ന് പറഞ്ഞു. ഞാന്‍ പുറത്തിറങ്ങി കാത്തുനിന്നു. രജനി വന്നു. ഒരു സിഗററ്റ് വലിച്ച് നിന്ന് അദ്ദേഹം ഡബ്ബ് ചെയ്യുന്നു. ഒരു മണിക്കൂര്‍ നേരം പറഞ്ഞിട്ട് അത് തീര്‍ന്നില്ല. ഞങ്ങള്‍ക്കും തിരക്കുണ്ട്. അതോടെ ഞാന്‍ അകത്തുകയറി. രജനി അപ്പോഴാണ് എന്നെ ശ്രദ്ധിക്കുന്നത്. ഉടനെ ഓടിവന്നു. എന്നെ ഡേയ്.. അയ്യൂബാ..എന്ന് വിളിച്ചു. കയ്യിലിരുന്ന സിഗരറ്റ് കളഞ്ഞു. പൊഡക്ഷന്‍കാരോട് പറഞ്ഞ് എനിക്ക് ജ്യൂസ് കൊണ്ടുതന്നു. കുറേ നേരം സംസാരിച്ചു. ആദ്യ ഹിന്ദി പടത്തിന്റെ റിലീസ് ഉടനെ ഉണ്ടെന്ന് പറഞ്ഞു. നേരില്‍ ഇനിയും കാണണം എന്ന് പറഞ്ഞാണ് അന്ന് പിരിഞ്ഞത്. പക്ഷേ ഞാന്‍ അദ്ദേഹത്തെ തേടി പോയില്ല എന്നതാണ് സത്യം.
എസ്.ഐ.എഫ്.സി.സി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് ആദം അയൂബ് സിനിമയിലെത്തുന്നത്.ആദം അയ്യൂബിന്റെ മകന്‍ അര്‍ഫാസ് അയ്യൂബ് ജീത്തു ജോസഫിനൊപ്പം അസോസിയേറ്റ് ഡയറക്ടറാണ്. ബോഡി, റാം, ദൃശ്യം സെക്കന്‍ഡ് എന്നീ സിനിമകളില്‍ അര്‍ഫാസ് പ്രവര്‍ത്തിച്ചു. എ വിന്‍സെന്റ്, പി എ ബക്കര്‍ എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി തുടക്കമിട്ട ആദം അയ്യൂബ് ദൂരദര്‍ശനില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സീരിയലുകളുടെ സംവിധായകനായിരുന്നു.