കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരുകളുടെ ചരിത്രം

കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരുകളുടെ ചരിത്രം
Published on

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാവുന്ന കേരളത്തിലെ കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി പാര്‍ട്ടിക്കുള്ളിലെ ഐക്യം നിലനിര്‍ത്തുക എന്നതാണ്. ഇപ്പോള്‍ പുറുത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആശങ്കകള്‍ ജനിപ്പിക്കുന്നതാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മില്‍ ഉണ്ടെന്ന് പറയുന്ന അഭിപ്രായ ഭിന്നതകളെ കുറിച്ചുള്ള വാര്‍ത്തകളാണ് വ്യാപകമാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തിന് ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി വയനാട്ടില്‍ ചേര്‍ന്ന നേതൃത്വക്യാമ്പ് തയ്യാറാക്കിയ 'വിഷന്‍ 2025 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ സംബന്ധിച്ച് ചില കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ എതിര്‍പ്പറിയിച്ചുവെന്നും അതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത യോഗം പ്രതിപക്ഷ നേതാവിനെതിരെയുള്ള കുറ്റവിചാരണയായി മാറി എന്നതുമാണ് പുറത്തുവന്ന വര്‍ത്തകള്‍.

യോഗം നടന്നതിലോ, തന്നെ വിമര്‍ശിച്ചതിലോ പരാതിയില്ലെന്ന് പറഞ്ഞ വി.ഡി. സതീശന്‍, പക്ഷെ വിമര്‍ശനങ്ങള്‍ പരസ്യമാക്കുന്നതിലെ അതൃപ്തി മറച്ചുവെച്ചില്ല. വാര്‍ത്തകള്‍ ചോര്‍ത്താന്‍ നിന്നവരെ കുറിച്ച് അന്വേഷിക്കാന്‍ എഐസിസി, കെപിസിസി അച്ചടക്ക സിമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയതോടെ സംഭവങ്ങള്‍ നടന്നതാണെന്നതിന് സ്ഥിരീകരണവും ലഭിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ എന്നത് യാതൊരു പുതുമയും ഉള്ള വാര്‍ത്തയല്ല. അഭിപ്രായ ഭിന്നതകളും പരസ്യമായ ഗ്രൂപ്പ് പോരുകളും കോണ്‍ഗ്രസിന്റെ ജീനിനകത്ത് തന്നെ ഉള്ളതാണ്. 1906 ഡിസംബറില്‍ സൂറത്തില്‍ നടന്ന എഐസിസി സമ്മേളനത്തിലാണ് ഇത് ആദ്യമായി പരസ്യമായി അരങ്ങേറുന്നത്. അന്ന് ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിലുള്ള മിതവാദികളും ബാലഗംഗാധര തിലകന്റെ നേതൃത്വത്തിലുള്ള തീവ്രനിലപാടുകാരും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടി. പരസ്പരം ചീമുട്ടയേറും കസേരയേറും വരെ നടന്നു. എഐസിസി സമ്മേളനം നിര്‍ത്തിവെക്കേണ്ടിവന്നു.

1920 ല്‍ നടന്ന നാഗ്പൂര്‍ എഐസിസി സമ്മേളനത്തില്‍ വച്ച് മഹാത്മജിയെ മിസ്റ്റര്‍ ഗാന്ധി എന്ന് അഭിസംബോധന ചെയ്ത മുഹമ്മദാലി ജിന്നയെ സദസ്യര്‍ കൂവി ഇറക്കിവിട്ടു. ജിന്നയുടെ കോണ്‍ഗ്രസില്‍നിന്നുള്ള പിന്‍മാറ്റത്തിലേക്കാണ് ആ സംഭവം നയിച്ചത്. ഗാന്ധിജിയും നേതാജി സുഭാഷ് ചന്ദ്രബോസും തമ്മിലുണ്ടായ അഭിപ്രായ വത്യാസങ്ങളും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ഹരിപുരയില്‍ നടന്ന 51-ാം എഐസിസി സമ്മളനത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നേതാജിയും പട്ടാഭി സീതാരാമയ്യയും തമ്മില്‍ മത്സരം നടന്നു. സീതാരാമയ്യക്ക് മഹാത്മജിയുടെ പിന്തുണയുണ്ടായിരുന്നു. പക്ഷെ, ചന്ദ്രബോസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അടുത്തു നടന്ന ത്രിപുരി എഐസിസി സമ്മേളനത്തില്‍ വച്ച് സുഭാഷ് ചന്ദ്രബോസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോവുകയും ചെയ്തു.

സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ് കോണ്‍ഗ്രസിനുള്ളില്‍ നടന്ന ഇത്തരം സംഭവങ്ങളെ നമുക്കറിയാവുന്ന കോണ്‍ഗ്രസിലെ സംഭവങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയുന്നതല്ല. പ്രധാനമായും സ്വാതന്ത്ര്യത്തിന് മുമ്പുള്ള കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിലുപരി സ്വാതന്ത്ര്യത്തിന് വേണ്ടി ദാഹിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു മുന്നേറ്റമായിരുന്നു. വ്യത്യസ്തങ്ങളും പലപ്പോഴും വിരുദ്ധങ്ങളുമായ പ്രത്യയശാസ്ത്ര ബോധ്യങ്ങളുള്ളവര്‍ അതില്‍ ഒന്നുചേര്‍ന്നു. അതില്‍ യാഥാസ്ഥിതികരുണ്ടായിരുന്നു. പുരോഗമന വാദികളുണ്ടായിരുന്നു. ഇടതുപക്ഷവും വലതുപക്ഷവും ഉണ്ടായിരുന്നു. ഹിന്ദുത്വവാദികളും തികഞ്ഞ മതേതര വിശ്വാസികളുമുണ്ടായിരുന്നു. കുറച്ചെങ്കിലും പ്രത്യയശാസ്ത്ര അടിത്തറയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയായി കോണ്‍ഗ്രസ് രൂപാന്തരം ചെയ്യുന്നത് 1951ലെ തെരഞ്ഞെടുപ്പിന് ശേഷവും പാര്‍ട്ടിയില്‍ ജവഹര്‍ലാല്‍ നെഹ്രുവിന് അപ്രമാദിത്വം കൈവരുന്നതോടെയുമാണ്.

കേരളത്തില്‍ സ്വാതന്ത്ര്യം ലഭിച്ച് അധികം താമസിയാതെ തന്നെ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് തകര്‍ക്കങ്ങളും ആരംഭിച്ചു. തിരുവിതാംകൂറിന്റെ ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത പട്ടം താണുപിള്ളക്കെതിരെ താമസിയാതെ തന്നെ വിമത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അദ്ദേഹം പ്രധാനമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജിവെച്ച് പിഎസ്പിയില്‍ ചേര്‍ന്നു. അടുത്ത എട്ടുവര്‍ഷത്തിനിടയില്‍ തിരുവിതാംകൂറിലും തിരുകൊച്ചിയിലുമായി പറവൂര്‍ ടി.കെ. നാരായണപിള്ള, സി.കേശവന്‍, എ.ജെ. ജോണ്‍, പനമ്പിള്ളി ഗോവിന്ദ മേനോന്‍, തുടങ്ങിയ വിവിധയാളുകള്‍ കോണ്‍ഗ്രസില്‍നിന്ന് മുഖ്യമന്ത്രിമാരായി. ആര്‍ക്കും അധികകാലം ആ സ്ഥാനത്തിരിക്കാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുകള്‍ മൂലം സാധിച്ചില്ല. 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിജയം നേടാനായതിന്റെ കാരണങ്ങളിലൊന്ന് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ അസ്ഥിരതയായിരുന്നു.

കേരള സംസ്ഥാനം രൂപീകരിച്ചതോടെ ഗ്രൂപ്പ് വഴക്കിന് താല്‍ക്കാലിക ശമനമുണ്ടായി. പക്ഷെ അറുപതില്‍ വീണ്ടും ഭരണം ലഭിച്ചതോടെ ഗ്രൂപ്പുകള്‍ വീണ്ടും സജീവമായി. ഉപമുഖ്യമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായ ആര്‍. ശങ്കറും ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയും ഒരു ഭാഗത്തും കെപിസിസി പ്രസിഡന്റ് ആയിരുന്ന സി.കെ. ഗോവിന്ദന്‍ നായര്‍ നയിക്കുന്ന സംഘടനാ വിഭാഗവും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരസ്യമായിരുന്നു. 1963 ഒക്ടോബര്‍ 6-ാം തിയതി നടക്കാനിരുന്ന പിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം അടിയുടെ വക്കിലെത്തിയതിനെ തുടര്‍ന്ന് മാറ്റിവെക്കേണ്ടിവന്നു. കെ.പി. മാധവന്‍ നായരായിരുന്നു സംഘടനാ വിഭാഗത്തിന്റെ സ്ഥാനാര്‍ഥി. ശങ്കര്‍-ചാക്കോ വിഭാഗത്തിന്റെ സ്ഥാനാര്‍ഥി എ.സി. ചാക്കോയും. റിട്ടേണിങ് ഓഫീസറായി എത്തിയ ഹരിഹര കംബോന്‍ജക്ക് ഭീഷണിക്കത്ത് ലഭിച്ചതിനെ തുര്‍ന്ന് കേരളം വിട്ടുപോകേണ്ടിവുന്നു. പിന്നീട് ഒക്ടോബര്‍ 27ന് മത്സരം നടന്നപ്പോള്‍ മാധവന്‍ നായര്‍ എം.സി. ചാക്കോയെ 87നെതിരെ 98 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

കേരളത്തിലെ കോണ്‍ഗ്രസിലെ ആദ്യത്തെ വലിയ പൊട്ടിത്തെറിയുണ്ടാകുന്നത് ആര്‍. ശങ്കറും പി.ടി. ചാക്കോയും തമ്മിലാണ്. അതിലേക്ക് നയിച്ച സംഭവ പരമ്പരകളുടെ തുടക്കം ഒരു കാര്‍ യാത്രയിലൂടെയാണ്. 1963 ഡിസംബര്‍ എട്ടാം തിയ്യതി പീച്ചിയിലേക്ക് പോവുകയായിരുന്ന ആഭ്യന്തരമന്ത്രി പി.ടി.ചാക്കോയുടെ കാര്‍ ഒരു ഉന്തുവണ്ടിയുായി കൂട്ടിമുട്ടി. വണ്ടിക്കാര്‍ തെറിച്ചുവീണു. ഡ്രൈവര്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ചാക്കോ, അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ചെന്ന് വിവരം ധരിപ്പിച്ചു. പക്ഷെ, ആ കാറില്‍ ഒരു സ്ത്രീയുണ്ടായിരുന്നു എന്ന് വാര്‍ത്ത പരന്നു. ചാക്കോ ആഭ്യന്തര മന്ത്രി പദം രാജിവെക്കണമെന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ ഒരു വിഭാഗവും രഹസ്യമായി ഈ ആവശ്യത്തെ പിന്തുണച്ചിരുന്നു. അവര്‍ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്പി സന്ദേശങ്ങളയച്ചു. മുഖ്യമന്ത്രി ആര്‍. ശങ്കര്‍ ആദ്യഘട്ടത്തില്‍ ചാക്കോ രാജിവെക്കേണ്ടതില്ല എന്ന നിലപാടുകാരനായിരുന്നു.

ജനുവരി 30 രക്തസാക്ഷി ദിനത്തില്‍ പ്രഹ്ളാദൻ ഗോപാലന്‍ എന്ന കോണ്‍ഗ്രസ് എംഎല്‍എ നിയമസഭയ്ക്ക് പുറത്ത് ചാക്കോയുടെ രാജി ആവശ്യപ്പെട്ട് നിരാഹാര സത്യഗ്രഹം ആരംഭിച്ചു. തലേന്ന് രാത്രി മഹാത്മജി തന്റെ സ്വപ്നത്തില്‍ ദര്‍ശിച്ചതായും സദാചാരം സംരക്ഷിക്കാന്‍ പോരാടാന്‍ തന്നോട് ആവശ്യപ്പെട്ടതായും ഗോപാലന്‍ പത്രലേഖകരെ അറിയിച്ചു. കോണ്‍ഗ്രസ് നേതൃതൃം ഇടപെട്ടതിനെ തുര്‍ന്ന് ഗോപാലന്‍ നിരാഹാരം അവസാനിപ്പിച്ചു. ഈ ഘട്ടത്തില്‍ ചാക്കോ എല്ലാ വകുപ്പുകളും കയ്യൊഴിയണമെന്ന് ശങ്കര്‍ ആവശ്യപ്പെട്ടു. ശങ്കറില്‍ തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് തുറന്നടിച്ച് ചാക്കോ മന്ത്രിസ്ഥാനം രാജിവെച്ചു. അതിന് ശേഷം അദ്ദേഹം സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് സ്വീകരണ യോഗങ്ങളില്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ചാക്കോ സ്ഥാനാര്‍ഥിയായി. കെ.സി. ഏബ്രഹാം മാസ്റ്റര്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. 70നെതിരെ 112 വോട്ടുകളോടെ ഏബ്രഹാം മാസ്റ്റര്‍ വിജയിച്ചു. സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ചാക്കോ അഭിഭാഷക വൃത്തിയില്‍ സജീവമായി. പൊതുപ്രവര്‍ത്തനം മൂലം തനിക്കുണ്ടായ വലിയ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുകയായിരുന്നു ഉദ്ദേശ്യം. ഒരു കേസ് സംബന്ധിച്ച് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍വെച്ച് പി.ടി. ചാക്കോ ഹൃദയാഘാതം മൂലം അന്തരിച്ചു.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തെ പി.കെ. കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി കോണ്‍ഗ്രസിലെ 15 എല്‍എമാര്‍ വോട്ടു ചെയ്തു. കെ.എം. ജോര്‍ജ് ആയിരുന്നു അവരുടെ നേതാവ്. പി.ടി. ചാക്കോ അന്തരിച്ചപ്പോള്‍ ജോര്‍ജിനെ മന്ത്രിയാക്കാതെ, ടി.എം. തൊമ്മനെ ശങ്കര്‍ മന്ത്രിയാക്കിയതാണ് ജോര്‍ജിനെ പ്രകോപിപ്പിച്ചത്. അവിശ്വാസ പ്രമേയം 50നെതിരെ 73 വോട്ടുകളോടെ നിയമസഭ പാസാക്കി. അതോടെ കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ഏകകക്ഷി ഭരണം എന്നെന്നേക്കുമായി അവസാനിച്ചു. താമസിയാതെ തന്നെ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി മന്നത്ത് പത്മനാഭന്റെ ആശീര്‍വാദങ്ങളോടെ പിറവിയെടുത്തു. ഈ പിളര്‍പ്പിന് ശേഷം മധ്യകേരളത്തിലാകെ കോണ്‍ഗ്രസിന്റെ ശക്തി ഗണ്യമായി ക്ഷയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in