നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch
ഹാര്‍ട്ട് അറ്റാക്കിന്റെ പ്രധാന ലക്ഷണമായി കണക്കാക്കുന്നത് നെഞ്ചുവേദനയും നെഞ്ചില്‍ ഭാരം തോന്നിക്കുന്നതു പോലെയുള്ള അവസ്ഥയെയുമാണ്. എന്നാല്‍ ഇത് മാത്രമല്ല ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണം. അകാരണമായ ക്ഷീണം, നെഞ്ചിടിപ്പ് കൂടുക, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ രോഗി പ്രകടിപ്പിക്കാം. പല്ലു വേദനയായും നടക്കുമ്പോള്‍ ഉണ്ടാകുന്ന താടിയെല്ലിന്റെ വേദനയായും ഹാര്‍ട്ട് അറ്റാക്ക് പ്രത്യക്ഷപ്പെടാം. കൂടാതെ നിശബ്ദനായി യാതൊരു ലക്ഷണവും പ്രകടിപ്പിക്കാതെയും ഹാര്‍ട്ട് അറ്റാക്ക് വന്നേക്കാം. ഹാര്‍ട്ട് അറ്റാക്ക് വന്ന രോഗിയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യാവുന്നത്. സോര്‍ബിട്രേറ്റ് പോലെയുള്ള മരുന്നുകള്‍ ഉപയോഗിക്കാമെങ്കിലും രോഗം സ്ഥിരീകരിക്കാതെ മറ്റു മരുന്നുകള്‍ ഒന്നും തന്നെ ഉപയോഗിക്കരുതെന്ന് ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ.സജി കുരുട്ടുകുളം പറയുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം തലവനാണ് ഡോ.സജി.