കടലിനെ തടഞ്ഞ് ടെട്രാപോഡ്; ചെല്ലാനത്ത് ദുരിതത്തിന് ആശ്വാസം

കാലങ്ങളായി കടലേറ്റ ഭീഷണി ദുരന്തം വിതക്കുന്ന ചെല്ലാനം തീരദേശം ഇത്തവണ ശാന്തമാണ്. സംസ്ഥാനത്ത് മണ്‍സൂണ്‍ കനത്തിട്ടും ചെല്ലാനത്ത് കടലേറ്റ ഭീഷണി രൂക്ഷമായിരുന്ന പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടില്ല. ടെട്രാപോഡ് പദ്ധതി ഉള്‍പ്പെടെ ജലസേജന വകുപ്പിന് കീഴില്‍ നടപ്പാക്കിയ 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഈ ഗ്രാമത്തില്‍ വരുത്തിയിരിക്കുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങളാണ്. ചെല്ലാനം നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു കടലേറ്റ ഭീഷണി ചെറുക്കുന്നതിന് ആവശ്യമായ കടല്‍ ഭിത്തി. ചെല്ലാനത്തെ ടെട്രാപോഡ് പദ്ധതിയുടെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. പകുതി പണി പൂര്‍ത്തിയായപ്പോള്‍ തന്നെ വലിയ ആശ്വാസമുണ്ടെന്നും ഇത്തവണ മഴ കൂടിയിട്ടും കടല്‍ കയറിയിട്ടില്ലെന്നും പ്രദേശവാസികള്‍ ദ ക്യൂ' വിനോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെല്ലാനത്ത് കടല്‍ ക്ഷോഭം വലിയ ദുരന്തം വിതച്ചിരുന്നു. എന്നാല്‍ ഇത്തവണ ചെല്ലാനത്ത് ടെട്രാപോഡ് സ്ഥാപിച്ച സ്ഥലങ്ങള്‍ സുരക്ഷിതമാണ്. കിഫ്ബി സഹായത്തോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ടെട്രാപോഡ് സ്ഥാപിക്കുന്നത്. ചെന്നൈ ആസ്ഥാനമായ നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച് (എന്‍.സി.സി.ആര്‍) പഠനം നടത്തി തയാറാക്കിയ 344.20 കോടിയുടെ പദ്ധതിയാണ് ചെല്ലാനത്ത് നടപ്പാക്കുന്നത്.

ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള 17.9 കിലോമീറ്ററില്‍ കണ്ണമാലി വരെയുള്ള 7.32 കിലോമീറ്ററാണ് ഒന്നാംഘട്ടം. 6.10 മീറ്റര്‍ ഉയരത്തിലും 24 മീറ്റര്‍ വീതിയിലുമാണ് കടല്‍ ഭിത്തി നിര്‍മിക്കുന്നത്. 2022 ജനുവരി മൂന്നിന് ആരംഭിച്ച നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാകുകയാണ്. ടൂറിസം സാധ്യത കണക്കിലെടുത്ത് കടലിനോട് അഭിമുഖമായി മൂന്നുമീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിക്കുന്നുണ്ട്. കാലങ്ങളായുള്ള തങ്ങളുടെ ആവശ്യം നടപ്പിലായതിന്റെ സന്തോഷത്തില്‍ ചെല്ലാനം നിവാസികള്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in