വൃക്കയ്ക്കായി നീളുന്ന കാത്തിരിപ്പ്; പ്രതിസന്ധിയിലായ മരണാനന്തര അവയവ ദാനം

വൃക്കയ്ക്കായി നീളുന്ന കാത്തിരിപ്പ്; പ്രതിസന്ധിയിലായ മരണാനന്തര അവയവ ദാനം
Published on
Summary

ജീവന്‍ നിലനിര്‍ത്താനായി അവയവത്തിനായി കാത്തിരിക്കുന്നവരും ഇതിനിടെ പൊലിഞ്ഞു പോകുന്നവരും. മരണാനന്തര അവയവ ദാനത്തിന്റെ തോത് കുറഞ്ഞത് ലൈവ് ഓര്‍ഗണ്‍ ഡൊണോഷന്റെ മറവിലുള്ള കൊള്ളയ്ക്ക് വഴിയൊരുക്കി. അടുത്ത ബന്ധുക്കള്‍ അവയവം നല്‍കാനില്ലാത്തവരെ ലക്ഷ്യമിടുന്ന ഇടനിലക്കാര്‍ പത്ത് ലക്ഷം രൂപ വരെ കമ്മീഷന്‍ കൈപ്പറ്റിയാണ് ദാതാവിനെ എത്തിച്ച് നല്‍കുന്നത്.

'ഇതെങ്ങനെയെങ്കിലും കഴിഞ്ഞ് കിട്ടിയാല്‍ സമാധാനമായിരുന്നു. വല്ലാത്ത ടെന്‍ഷനാണ്. ഒരു വര്‍ഷമായില്ലേ ഇപ്പം ശരിയാകുമെന്നും വിചാരിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. പല തവണ ക്രോസ്മാച്ച് ടെസ്റ്റ് നടത്തി. ഏട്ടനും ഇതേ രക്തഗ്രൂപ്പാണെങ്കിലും അച്ഛനില്ലാത്തത് കൊണ്ട് കുടുംബം നോക്കുന്നത് അവരാണ്. എട്ട് വര്‍ഷം മുമ്പ് ന്യൂമോണിയ ബാധയെത്തുടര്‍ന്നുള്ള ചികിത്സയിലാണ് വൃക്കകള്‍ തകരാറിലായതായി കണ്ടെത്തിയത്. രണ്ടാമത് ഗര്‍ഭിണിയായിരുന്നു. അത് അബോഷനാക്കി. മൂത്ത ആള്‍ക്ക് അന്ന് രണ്ടര വയസായിരുന്നു. ഒരു വര്‍ഷം മുമ്പ്് കിഡ്‌നി മാറ്റിവെക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഒമ്പത് മാസമായി ഡയാലിസിസ് ചെയ്യുന്നു. ഇടയ്ക്ക് ന്യൂമോണിയ ബാധിച്ചതോടെ ഭയമായി'.

ഡയാലിസിസ് സെന്ററിന്റെ വരാന്തയില്‍ കണ്ടുമുട്ടിയ ഈ മുപ്പതുകാരിയുടെ അനുഭവം മാത്രമല്ല ഇത്. 2298 പേരാണ് മരണാനന്തര അവയവ കൈമാറ്റ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസഷനില്‍ (കെസോട്ടോ) രജിസ്റ്റര്‍ ചെയ്ത് വൃക്കയ്ക്കായി കാത്തിരിക്കുന്നത്. 1747 പുരുഷന്‍മാരും 551 സ്ത്രീകളും. പട്ടികയില്‍ പേര് നല്‍കിയിട്ടും മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ അവയവം സ്വീകരിക്കാന്‍ കഴിയാത്ത 298 പേരുണ്ടെന്നാണ് കെസോട്ടോയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. പട്ടികയിലുള്ള 956 പേരും ഒ പോസിറ്റീവ് രക്ത ഗ്രൂപ്പുകാരാണ്.

2011നും 2016നും ഇടയില്‍ വൃക്കയ്ക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നവരില്‍ 680 പേര്‍ മരിച്ചു.

രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ പ്രായമനുസരിച്ചുള്ള കണക്ക് ഇതാണ്.

വൃക്കയ്ക്കായി കാത്തിരിക്കുന്നവര്‍

20 വയസ്സില്‍ താഴെയുള്ളവര്‍- 73

21നും 30നും ഇടയില്‍ പ്രായമുള്ളവര്‍- 293

31നും 40നും ഇടയില്‍ പ്രായമുള്ളവര്‍ 553

41നും 50നും ഇടയില്‍ പ്രായമുള്ളവര്‍ 758

51നും 60നും ഇടയില്‍ പ്രായമുള്ളവര്‍ 512

61നും 70നും ഇടയില്‍ പ്രായമുള്ളവര്‍ 99

പിന്നോട്ടടിക്കുന്ന മരണാനന്തര അവയവ ദാനം

പല കോണുകളില്‍ നിന്നുണ്ടായ കുപ്രചരണങ്ങള്‍ മരണാനന്തര അവയവ ദാനത്തിനെ വലിയ തോതില്‍ ബാധിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 12 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 348 മരണാനന്തര അവയവ ദാനം മാത്രമാണ് നടന്നിട്ടുള്ളത്.

2012- 9

2013- 36

2014- 58

2015- 76

2016- 72

2017- 18

2018- 8

2019- 19

2020- 21

2021- 17

2022- 14

ഇടനിലക്കാരുടെ വിളനിലം

അടുത്ത ബന്ധുക്കളാരും വൃക്ക നല്‍കാനില്ലാത്ത നിസഹായാവസ്ഥയെ കച്ചവട കണ്ണോടെ മാത്രം മുതലെടുക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവമാണ്. പതിനെഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ ഏത് രക്ത ഗ്രൂപ്പിലുമുള്ള വൃക്ക ലഭിക്കും. അവയവം മാറ്റിവെക്കുന്നതിനായി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളെയാണ് ഏജന്റുമാര്‍ സമീപിക്കുന്നത്. ഇങ്ങനെ വൃക്ക ലഭിച്ച് സര്‍ജറി ചെയ്യുന്നതിനായി 30 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് ഒരു രോഗിയുടെ ബന്ധു പറഞ്ഞു. ഇതില്‍ ആറ് ലക്ഷം രൂപയാണ് വൃക്ക നല്‍കുന്നവര്‍ക്ക് ലഭിക്കുക. ഏജന്റുമാര്‍ക്കുള്ള കമ്മീഷന്‍ ഏഴ് മുതല്‍ പത്ത് ലക്ഷം വരെയാണ്. അടുത്ത ബന്ധുക്കള്‍ ദാതാക്കളാകുമ്പോള്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ആറ് ലക്ഷം രൂപ ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ പുറമേ നിന്നുള്ളവരാണ് വൃക്ക നല്‍കുന്നതെങ്കില്‍ പതിനൊന്ന് ലക്ഷം രൂപയാണ് വാങ്ങുന്നതെന്നും രോഗിയുടെ ബന്ധു പറഞ്ഞു. നേരിട്ട് ആശുപത്രികളുമായി ബന്ധപ്പെട്ടാല്‍ നിയമക്കുരുക്കുകള്‍ പറഞ്ഞ് തിരിച്ചയക്കുമെങ്കിലും ബ്രോക്കര്‍മാര്‍ വഴിയാകുമ്പോള്‍ എല്ലാം എളുപ്പമാകുന്നു.

അടുത്ത ബന്ധുക്കള്‍ വൃക്ക നല്‍കാനില്ലാത്തവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നും ബ്രോക്കര്‍മാര്‍ വഴി സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലേക്ക് എത്തിക്കുന്ന സംഘങ്ങളും സജീവമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അടുത്ത ബന്ധുക്കളുടെ അവയവദാനമാണ് നടത്തുന്നത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 392 ഉം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 222ഉം കോട്ടയത്ത് 155 ഉം ആലപ്പുഴയില്‍ ആറ് വൃക്ക മാറ്റ ശസ്ത്രക്രിയകളാണ് നടന്നിട്ടുള്ളത്. ഇതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് അവയവ മാറ്റം അടുത്ത ബന്ധുക്കളല്ലാത്തവര്‍ ദാനം നല്‍കിയതാണ്. സ്വകാര്യ ആശുപത്രികളില്‍ നിന്നും വൃക്ക മാറ്റിവെക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങള്‍ക്കായി പണപ്പിരിവ് നടക്കുന്നതും പതിവാണ്. അവയവദാനത്തിന് യോഗ്യമാണോയെന്ന് വിവിധ പരിശോധനകള്‍ നടത്തി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇതിന്റെ ചിലവും രോഗിയാണ് വഹിക്കേണ്ടി വരുന്നു.

ബന്ധുക്കളല്ലാത്തവര്‍ തമ്മിലുള്ള അവയവദാനത്തിന് പ്രാദേശിക അംഗീകാര കമ്മിറ്റിയാണ് അനുമതി നല്‍കേണ്ടത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് അംഗീകാരത്തിനുള്ള സമിതികളുള്ളത്. പ്രിന്‍സിപ്പള്‍ ചെയര്‍മാനും ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റ് ഹെഡ് കണ്‍വീനറുമായ സമതി. പതിനെട്ട് വയസ്സു കഴിഞ്ഞവര്‍ക്ക് അവയവം ദാനം ചെയ്യാം. അവയമമാറ്റ നിയമപ്രകാരം ഭാര്യ, മകന്‍, മകള്‍, അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി, മുത്തശ്ശി, മുത്തശ്ശന്‍, ചെറുമക്കള്‍ എന്നിവരെയാണ് അടുത്ത ബന്ധുക്കളായി പരിഗണിക്കുന്നത്. അല്ലാത്ത ഒരാള്‍ക്ക് സ്‌നേഹത്തിന്റെയോ കരുണയോടെയോ പേരിലാണെന്നും ലാഭേച്ഛയോടെയല്ലെന്ന് കമ്മിറ്റിയെ ബോധ്യപ്പെടുത്തി അടുത്ത ബന്ധുവല്ലാത്ത ആള്‍ക്ക് അവയവം ദാനം ചെയ്യാന്‍ കഴിയും. അപേക്ഷയില്‍ ഫോട്ടോ പതിപ്പിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ നല്‍കുകയും വേണം. ദാതാവിന്റെ അടുത്ത ബന്ധുവും അവയവദാനത്തിന് എതിര്‍പ്പില്ലെന്ന് സാക്ഷ്യപ്പെടുത്തണം. ദാതാവും സ്വീകര്‍ത്താവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഫോട്ടോകള്‍ റവന്യൂ അധികാരി സാക്ഷ്യപ്പെടുത്തിയത് ഹാജരാക്കണം. ഇത്തരം രേഖകളെല്ലാം തന്നെ ഏജന്റുമാര്‍ തന്നെ തയ്യാറാക്കി നല്‍കും. കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി സന്നദ്ധത അറിയിക്കണം. പണമോ പാരിതോഷികങ്ങളോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും അവയവമാറ്റ നിയമമനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്. അവയവം വാങ്ങുന്നതും വില്‍ക്കുന്നതും അഞ്ച് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവും ഇരുപത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന ശിക്ഷയാണ്.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ നിന്നുള്ളവരെയാണ് ഏജന്റുമാര്‍ വലയിലാക്കുന്നത്. ഏജന്റുമാര്‍ വഴിയെത്തുന്ന ഡോണര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട പണം പലപ്പോഴും കിട്ടാറില്ല. എന്നാല്‍ പണം വാങ്ങിയുള്ള അവയവ കൈമാറ്റം നിരോധിക്കപ്പെട്ടതിനാല്‍ പരാതി നല്‍കാമോ നിയമപരമായി മുന്നോട്ട് പോകാനോ ഡോണര്‍മാര്‍ക്ക് കഴിയില്ല. മാത്രമല്ല ഇവരുടെ തുടര്‍ ചികിത്സയും ആരും ശ്രദ്ധിക്കാതെ പോകുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in