ജനാധിപത്യത്തിലൂടെ സ്വേച്ഛാധികാരമായ് മാറുന്ന എര്‍ദോഗാനിസം

റജബ് ത്വയിബ് ഏര്‍ദോഗനെ കേന്ദ്രീകരിച്ചുള്ളതാണ് രണ്ട് പതിറ്റാണ്ടായി തുര്‍ക്കിയുടെ രാഷ്ട്രീയ ചലനം. റഷ്യയിലെ വ്‌ലാദിമര്‍ പുടിനെ പോലെ. അവര്‍ക്കിടയില്‍ സമാനതകള്‍ കുറേ കാണാം. ജനാധിപത്യത്തിലൂടെ എങ്ങനെ തുടര്‍ച്ചയായി അധികാരത്തിലെത്താമെന്നും അതെങ്ങനെ സ്വച്ഛേധികാരമാക്കി മാറ്റാമെന്നും തെളിയിച്ചവര്‍. രണ്ടുപേരും ഏതാണ്ട് ഒരുപോലെ, ഓരേ കാലത്ത് അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കും വിധം സ്വന്തം നാട്ടിലെ രാഷ്ട്രീയ ക്രമത്തെ പുനര്‍നിര്‍ണയിച്ചവരാണ്.

ജനാധിപത്യത്തിലൂടെയാണ് എര്‍ദോഗന്‍ അധികാരത്തിലെത്തുന്നത്. എങ്കിലും അന്നാട്ടിലെ പ്രതിപക്ഷം ആ തെരഞ്ഞെടുപ്പ് രീതിയെ തന്നെ വിമര്‍ശിക്കുന്നു. ജനാധിപത്യമില്ലെന്ന് കുറ്റപ്പെടുത്തുന്നു. പാശ്ചാത്യരാജ്യങ്ങളും അതേ വിമര്‍ശനം ഉന്നയിക്കുന്നു. ആ വിമര്‍ശനങ്ങളെ തള്ളിക്കളയാന്‍ പറ്റില്ല. ഈ 20 കൊല്ലത്തിനിടയില്‍ അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കുന്ന വിധത്തില്‍ രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ പോലും എര്‍ദോഗന്‍ തിരുത്തിയെഴുതിയിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകളും അനുയായികളുടെ ബലവും കൗശലവും എല്ലാം അതിന് ശക്തിപകര്‍ന്നു. മൂന്ന് തവണ പ്രധാനമന്ത്രിയും അത്രയും പ്രാവശ്യം പ്രസിന്റായും തെരഞ്ഞെടുക്കപ്പെട്ട എര്‍ദോഗന്റെ ഭരണക്രമത്തിലൂടെ ഒരു എര്‍ദോനിസം തന്നെ പുതുതായി രൂപപ്പെട്ടു.

മൂര്‍ച്ചയേറിയ വാക്കുകള്‍, കാര്‍ക്കശ്യമുള്ള നിലപാടുകള്‍. വിമര്‍ശകര്‍ക്ക് കുറ്റപ്പെടുത്താനും അനുയായികള്‍ക്ക് ആരാധിക്കാനും ഉള്ള വകകള്‍ എര്‍ദോഗന്‍ എപ്പോഴും നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശങ്ങള്‍ മാനിക്കുന്നില്ല എന്നും ജനാധിപത്യം ധ്വംസിക്കപ്പെടുന്നു എന്നും രാജ്യത്തുനിന്ന് തന്നെ വിമര്‍ശനം ഉയരുമ്പോഴും വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള വൈകാരിക തലം അദ്ദേഹം സ്വന്തം പാര്‍ട്ടി അണികളിലൂടെ സാധ്യമാക്കിയെടുക്കുകയായിരുന്നു.

എങ്ങനെയാണ് എര്‍ദോഗന് ഇത് സാധ്യമായത്? ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗത്തില്‍ മിടുക്കനായിരുന്നു. പിന്നീട് കഴിവ് തെളിയിച്ചത് ഫുട്ബോളില്‍. മര്‍മറാ യൂണിവേഴ്സിറ്റിയിലെ സോക്കര്‍ ടീമില്‍ മികച്ച പ്ലെയര്‍. ഇതൊക്കെയായായിരുന്നു ഏര്‍ദോഗാന്റെ ചെറുപ്പം.

ലെക്മെറ്റിന്‍ എര്‍ബാകാന്‍ എന്ന ഇസ്ലാമിസ്റ്റ് പൊളിറ്റീഷ്യനെ ജീവിതത്തില്‍ കണ്ട്മുട്ടുന്നതാണ് എര്‍ദോഗന്റെ ജീവിതത്തിലെ ഡ്രാസ്റ്റിക്ക് ചേയ്ഞ്ച്. അന്ന് മുതല്‍ തന്നെ എര്‍ബാക്കാനും രാഷ്ട്രീയവും എര്‍ദോഗാന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമായ് മാറുന്നു. 1994 ല്‍ വെല്‍ഫേര്‍ പാര്‍ട്ടി ബാനറില്‍ ഇസ്താംബുള്‍ മേയറായി തെരഞ്ഞടുക്കപ്പെട്ടു. ഇസ്താംബൂളിലെ അദ്യത്തെ ഇസ്ലാമിസ്റ്റ് മേയര്‍. അതുവരെ അവിടെ നിലനിന്നിരുന്ന മതേതര സംവിധാനത്തെ അത് ഉലച്ചു. പാര്‍ലമെന്ററി രംഗത്തേക്കുള്ള എര്‍ദോഗന്റെ പ്രവേശനമായിരുന്നു അത്. അദ്ദേഹം തന്ത്രജ്ഞനായിരുന്നു. ഒരു ഉദാഹരണം പറയാം. നഗരമധ്യത്തില്‍ ഒരു പള്ളി പണിയാന്‍ തീരുമാനിച്ചപ്പോള്‍ അവിടെ പ്രതിഷേധങ്ങളുണ്ടായി. അദ്ദേഹം അതിന് വഴങ്ങി. പള്ളി പണിയാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറി. പക്ഷെ, കഫേകളില്‍ മദ്യം വിറ്റിരുന്ന ശീലം കര്‍ശനമായി നിരോധിച്ചു.

എങ്കിലും മേയര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ യാത്ര അത്ര സുഖകരമായിരുന്നില്ല. 1998ല്‍ കോടതി അദ്ദേഹത്തെ 10 മാസം തടവിന് ശിക്ഷിച്ചു. അതോടെ മേയര്‍ സ്ഥാനത്തുനിന്ന് പുറത്തായി. മതവിദ്വേഷം ഇളക്കിവിട്ട ഒരു കവിത ചൊല്ലിയതായിരുന്നു ജയില്‍ ശിക്ഷയ്ക്കുള്ള കുറ്റം. മസ്ജിദുകളെ ബാരക്കുകളോടും മിനാരങ്ങളെ ബയണറ്റുകളോടും വിശ്വാസികളെ സൈന്യത്തോടും ഉപമിച്ചുള്ളതായിരുന്നു ആ കവിത. ശിക്ഷ നാല് മാസമേ അനുഭവിക്കേണ്ടിവന്നുള്ളൂ. 1999ല്‍ ജയില്‍ മോചിതനായി.

രാഷ്ട്രീയ പരിസരം അതിനിടയില്‍ കുഴഞ്ഞു മറിഞ്ഞിരുന്നു. രാഷ്ട്രീയ ഗുരു എര്‍ബാഗാന്റെ പാര്‍ട്ടിയെ നിരോധിച്ചിരുന്നു. അതിനാല്‍ അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ചു. ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി എന്ന എകെപിയുടെ രൂപീകരണത്തിന്റെ ഭാഗമായി. അതിന്റെ നേതാവായി. പാര്‍ട്ടി പിന്നീട് തുര്‍ക്കിയില്‍ അതിശക്തമായ രാഷ്ട്രീയ സാന്നിധ്യമായി മാറി. അങ്ങനെ എര്‍ദോഗനും തുര്‍ക്കി ഭരണസംവിധാനത്തില്‍ സമഗ്രാധിപത്യത്തിലേക്ക് നീങ്ങി. 2002ല്‍ എകെപിക്ക് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും, ആദ്യം എര്‍ദോഗന് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞില്ല. പഴയ കേസിലെ ശിക്ഷാവിധി കാരണമുള്ള അയോഗ്യത തടസ്സമായി. പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടായതിനാല്‍ ഭരണഘടന ഭേദഗതി ചെയ്താണ് പിന്നീട് പ്രധാനമന്ത്രിയായത്.

അതിന് ശേഷം തുര്‍ക്കിയുടെ രാഷ്ട്രീയ ഭാഗദേയം നിര്‍ണയിക്കുന്നതില്‍ എര്‍ദോഗന്‍ സുപ്രധാന ഘടകമായി. പാര്‍ട്ടിയിലും രാജ്യത്തും എര്‍ദോഗനിസം തന്നെ രൂപപ്പെട്ടു. എല്ലാം തന്നിലേക്ക് കേന്ദ്രീകരിക്കുന്ന രീതിയില്‍ അദ്ദേഹം പാര്‍ട്ടിയെ പരുവപ്പെടുത്തി. രാജ്യത്തെ ഭരണസംവിധാനം പോലും തന്നിലേക്ക് കേന്ദ്രീകരിച്ചു. അതിനായി ഭരണഘടന പൊളിച്ചെഴുതി. തുടര്‍ച്ചയായി നാല് തവണ പ്രധാനമന്ത്രിയാകാന്‍ എകെപിയിലെ വ്യവസ്ഥകള്‍ അംഗീരിക്കുന്നില്ല. അതുകൊണ്ട് 2014ല്‍ അദ്ദേഹം മത്സരിച്ചത് പ്രസിഡന്റ് ആകാനായിരുന്നു. അതിന് മുമ്പ് തന്നെ പ്രസിഡന്റ് പദവിയുടെ ശക്തികൂട്ടാനുള്ള വ്യവസ്ഥകള്‍ ഭരണഘടനാ പരമായി അദ്ദേഹം കൊണ്ടുവന്നിരുന്നു.

ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന വിധത്തില്‍ തെരഞ്ഞെടുപ്പ് സമ്പ്രദായം തന്നെ പുനക്രമീകരിക്കുകയാണ് അതിനായി ചെയ്തത്. മുമ്പ് പ്രസിഡന്റ് പദവി വലിയ അധികാരങ്ങളില്ലാത്ത ആലങ്കാരിക സ്ഥാനമായിരുന്നുവെങ്കില്‍ ഈ ഭേദഗതിയിലൂടെ പ്രസിഡന്റിന് കൂടുതല്‍ അധികാരം ലഭിച്ചു. നേരിട്ടുള്ള തെരഞ്ഞെടുപ്പില്‍ ജയിക്കാം എന്ന ആത്മവിശ്വാസം അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടാകണം. അത് തെറ്റിയില്ല. ആദ്യ തെരഞ്ഞെടുപ്പില്‍ അനായാസം ജയിച്ചു. പ്രസിഡന്റിന്റെ അധികാരം വിലുലപ്പെടുത്താം എന്ന് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ പക്ഷെ പാളി. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ പാര്‍മെന്റില്‍ എര്‍ദോഗന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി. അതിനാല്‍ വിശാലമായ ആ പ്ലാന്‍ തല്‍ക്കാലം നടപ്പാക്കാനായില്ല. എന്നാല്‍ 2017ല്‍ ആ ലക്ഷ്യം സാധ്യമാക്കി. ഭരണഘടന ഭേദഗതി ചെയ്തു. പ്രധാനമന്ത്രി പദം ഇല്ലാതാക്കി. എല്ലാ അധികാരവും പ്രസിഡന്റില്‍ കേന്ദ്രീകരിച്ചു.

വര്‍ഷം 2016. എര്‍ദോഗനെ പുറത്താക്കാന്‍ ഒരു അട്ടിമറി ശ്രമമുണ്ടായി. ജൂലയ് പതിനഞ്ചിന് സേനയിലെ ഒരു വിഭാഗം അങ്കാറയിലും ഇസ്താംബുള്ളിലും എത്തി പാലവും റോഡും ടെലിവിഷന്‍ പ്രക്ഷേപണ കേന്ദ്രവും എല്ലാം കീഴിടക്കി. എര്‍ദോഗാനും എ.കെ പാര്‍ട്ടിയും രാജ്യത്തെ ജനാധിപത്യം ഇല്ലായമ ചെയ്യുന്നു എന്നായിരുന്നു അവരുടെ വിമര്‍ശനം. എര്‍ദോഗന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇസ്താംബുള്ളിലേക്ക് പെട്ടെന്ന് മടങ്ങിയെത്തിയ അദ്ദേഹം സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തന്റെ അണികളെ ചേര്‍ത്തുനിര്‍ത്തി ഈ നീക്കത്തെ പ്രതിരോധിച്ചു. ആ ഏറ്റുമുട്ടലില്‍ 300ലേറെ പേരുടെ ജീവന്‍ പൊലിഞ്ഞു. അട്ടിമറിയെ അതിജീവിച്ചപ്പോള്‍ എര്‍ദോഗന്‍ കൂടുതല്‍ കര്‍ക്കശക്കാരനായി. പതിനായരത്തോളം പേരെ- പട്ടാളക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ -അങ്ങനെ സമൂഹത്തിന്റെ പലകോണുകളിലുള്ളവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. അതില്‍ കുറേ പേരെ കരുതല്‍ തടങ്കലിലാക്കി.

ജനാധിപത്യ സംവിധാനം ഉപയോഗപ്പെടുത്തി സ്വേച്ഛാധികാരത്തിന് തുല്യമായ സമഗ്രാധിപത്യം എങ്ങനെ സാധ്യമാക്കാം എന്ന് തെളിയിക്കുകയായിരുന്നു എര്‍ദോഗന്‍. ഒരുപക്ഷെ റഷ്യയില്‍ വ്‌ലാദിമര്‍ പുടിന്‍ ചെയ്യുതിന്റെ നേര്‍ പതിപ്പ്. ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ ഓരേ രീതിയില്‍ അവരവരുടെ നാട്ടിലെ അധികാര ഘടനയെ മാറ്റിമറിച്ചവര്‍ എന്ന് ഏര്‍ദോഗനെയും പുടിനെയും വിശേഷിപ്പിക്കാം.

റഷ്യയുമായുള്ള ചങ്ങാത്തത്തിലും ഈ സാമ്യങ്ങളുണ്ട്. പുടിന്റെ റഷ്യയോട് എര്‍ദോഗന് അടുപ്പമുണ്ട്. രാജ്യങ്ങളുടെ നയം എന്നതിനൊപ്പം ഇരുവരും പിന്തുടരുന്ന ശൈലിയിലെ ഈ സമാനത അതിന് കാരണമായേക്കാം. യുഎസ്സുമായി ഇണക്കവും പിണക്കവും എര്‍ദോഗന്‍ കാണിച്ചിട്ടുണ്ട്. യുഎസ് നേതൃത്വം കൊടുക്കുന്ന നാറ്റോ അംഗരാജ്യം തന്നെയാണ് തുര്‍ക്കി. ജനാധിപത്യത്തില്‍ അമേരിക്ക വിമര്‍ശനം ഉന്നയിക്കുന്നത് പോലെ എര്‍ദോഗനും യുഎസിനെ സാധ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ വിമര്‍ശിക്കും. അറബ് രാജ്യങ്ങളോടും ഈ വ്യത്യസ്ത സമീനപനം കാണാം. ജമാല്‍ ഗഷോഗിയുടെ മരണത്തില്‍ സൗദിക്കെതിരെ കര്‍ശന നിലപാട് എടുക്കാത്ത യുഎസിനെ എര്‍ദോഗന്‍ വിമര്‍ച്ചിട്ടുണ്ട്.

അതേസമയം ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരായ് എര്‍ദോഗന്റെ നിലപാട് എപ്പോഴും ശക്തമായിരുന്നു. 20 കൊല്ലം മുമ്പ് അധികാരത്തില്‍ വന്നത് മുതല്‍ പലസ്തീനെയും ഹമാസിനെയും പിന്തുണയ്ക്കുന്നതില്‍ മാറ്റം വരുത്തിയിട്ടില്ല. ഇസ്രായേല്‍ ഒരു ഭീകര രാജ്യമാണ് എന്നതാണ് കടുത്ത വിമര്‍ശനം. ഇസ്രയേലിന്റെ ആക്രമണം മൃഗീയമെന്ന് കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ പലസ്തീന് എതിരായ നീക്കത്തെ അപലപിക്കാത്ത ഏല്ലാ രാജ്യങ്ങളെയും വിമര്‍ശിച്ചു. ഗാസയോടുള്ള സമീപനത്തില്‍ യുഎസിനെതാരായ എര്‍ദോഗന്റെ വിമര്‍ശനസ്വരത്തിനും കടുപ്പം കൂടുതലേ ഉണ്ടായിട്ടുള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in