നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് സീരീസ് 'സ്ട്രേഞ്ചര്‍ തിങ്ങ്സ്' മൂന്നാം സീസണ്‍ റിലീസ് ചെയ്ത് 4 ആഴ്ചയ്ക്കുള്ളില്‍ 64 മില്യണ്‍ പ്രേക്ഷകര്‍ കണ്ടെങ്കിലും ആരാധകര്‍ അല്‍പം നിരാശയിലായിരുന്നു. ആദ്യ രണ്ട് സീസണുകളിലുണ്ടായിരുന്നത്ര സസ്‌പെന്‍സും ത്രില്ലുമൊന്നും മൂന്നാം സീസണിലില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. സീസണ്‍ ഫിനാലെയില്‍ പ്രിയ കഥാപാത്രങ്ങള്‍ വിവിധ ഇടങ്ങളിലേക്ക് ചിതറിപ്പോയതും ഹോപ്പറുടെ മരണവുമെല്ലാം നാലാം സീസണ്‍ എന്തെന്ന ചോദ്യവുമുയര്‍ത്തി. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ സീസണ്‍ 4 ടീസര്‍ പ്രേക്ഷകരുടെ പ്രതീക്ഷ വീണ്ടെടുക്കുകയാണ്
ഹോപ്പര്‍ എന്ന പ്രിയ കഥാപാത്രം മരിച്ചിട്ടില്ലെന്നത് തന്നെയാണ് പ്രേക്ഷകരെ വീണ്ടും ആവേശത്തിലാക്കുന്നത്. നാലാം സീസണ്‍ ഹോക്കിങ്ങ്‌സിന് പുറത്തായിരിക്കുമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ സൂചന നല്‍കിയികുന്നു. മൂന്നാം സീസണിന് തുടര്‍ച്ചയായി റഷ്യയായിരിക്കും സീരീസില്‍ വില്ലനെന്നും ടീസര്‍ സൂചിപ്പിക്കുന്നു. സമാനമായ സൂചനകള്‍ മൂന്നാം സീസണിന്റെ ടെയില്‍ എന്‍ഡിലുമുണ്ടായിരുന്നു.
സീസണ്‍ 3 ആരംഭിച്ചത് റഷ്യയിലെ ചില രംഗങ്ങള്‍ കാണിച്ചു കൊണ്ടായിരുന്നു. എന്‍ഡ് ക്രെഡിറ്റ് സീനില്‍ മാത്രമാണ് പിന്നീട് റഷ്യയിലേക്ക് തിരിച്ചു പോയത്. എന്‍ഡ് ക്രെഡിറ്റ് സീനീല്‍ പരാമര്‍ശിക്കുന്ന അമേരിക്കന്‍ ഹോപ്പറാണെന്ന് തന്നെയാണ് ടീസര്‍ വ്യക്തമാക്കുന്നത്. നാലാം സീസണില്‍ സംഭവിക്കാന്‍ പോകുന്ന ഏറ്റവും വലിയ മാറ്റം സീരീസിന്റെ പ്ലോട്ട് കുറച്ചു കൂടി വലുതായി ഹോക്കിങ്ങ്സിന് പുറത്തേക്ക് വരുമെന്നതാണെന്ന് സംവിധായകരായ ഡഫര്‍ ബ്രദേഴ്‌സ് മുന്‍പ് അറിയിച്ചിരുന്നു.
കുട്ടികളെ കേന്ദ്ര കഥാപാത്രമായൊരുക്കിയ ഹൊറര്‍ മിസ്റ്ററി സീരീസായ സ്ട്രേഞ്ചര്‍ തിങ്സ് 2016 ജൂലായിലായിരുന്നു ആദ്യ സീസണ്‍ സംപ്രേഷണം ചെയ്തത്. 1980 കളുടെ പശ്ചാത്തലത്തില്‍ ഇന്റ്യാനയിലെ ഹോക്കിങ്ങ്സ് എന്ന നഗരമായിരുന്നു മൂന്ന് സീസണിന്റെ പശ്ചാത്തലം. ടീസര്‍ പുറത്തുവിട്ടെങ്കിലും എന്നാണ് നാലാം സീസണ്‍ സംപ്രേക്ഷണം ചെയ്യുക എന്ന് നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചിട്ടില്ല .
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം