ദശാബ്ദത്തിലെ മികച്ച ടെലിവിഷന്‍ സീരീസുകള്‍ ; ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടം നേടി ‘സേക്രഡ് ഗെയിംസ്’
ന്യൂയോര്‍ക്ക് ടൈംസിന്റെ ദശാബ്ദത്തിലെ മികച്ച 30 അന്താരാഷ്ട്ര ടെലിവിഷന്‍ സീരീസുകളുടെ പട്ടികയില്‍ ഇടം നേടി സേക്രഡ് ഗെയിംസ്. ബോളിവുഡ് സംവിധായകരായ അനുരാഗ് കശ്യപും വിക്രമാദിത്യ മോട്വാനെയും ചേര്‍ന്നൊരുക്കിയ സീരീസ് പട്ടികയില്‍ 28-ാമതായാണ് ഇടംപിടിച്ചിരിക്കുന്നത്, എങ്കിലും റാങ്കിംഗ് അടിസ്ഥാനപ്പെടുത്തിയാണോ സീരീസ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന ഏക ഷോയാണ് സേക്രഡ് ഗെയിംസ്.
ബോളിവുഡ് എനര്‍ജിക്കൊപ്പം സാഹിത്യവും മാജിക്കല്‍ റിയലിസവും സീരീസ് പ്രേക്ഷകന് സമ്മാനിക്കുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് സേക്രഡ് ഗെയിംസിന് നല്‍കിയിരിക്കുന്ന ആമുഖം. സ്പാനിഷ് സീരീസായ മണി ഹെയ്സ്റ്റ്, എമ്മി പുരസ്‌കാരം നേടിയ ഫ്‌ലീബാഗ്, ക്രൗണ്‍ തുടങ്ങിയ സീരീസുകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സിന്റെ ഡല്‍ഹി ക്രൈം സ്റ്റോറീസ് ഓഫ് രബീന്ദ്രനാഥ ടാഗോര്‍ എന്നിവ പ്രത്യേക പരാമര്‍ശം നേടി.
വിക്രം ചന്ദ്രയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് നിര്‍മിച്ചിരിക്കുന്ന സീരീസില്‍ നവാസുദ്ദീന്‍ സിദ്ധിഖി, സെയ്ഫ് അലി ഖാന്‍, രാധിക ആപ്‌തെ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ എമ്മി പുരസ്‌കാരങ്ങള്‍ക്കും ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. സീരീസിന്റെ രണ്ടാം സീസണ്‍ ഈ വര്‍ഷമായിരുന്നു പുറത്തിറങ്ങിയതെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം