‘കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന് കണ്ടുപിടിക്കുന്നത് ഇതിലും എളുപ്പം’; ഡാര്‍ക്കിലെ കിളി പറത്തുന്ന കഥാപാത്രങ്ങള്‍  ഇവര്‍ 

‘കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന് കണ്ടുപിടിക്കുന്നത് ഇതിലും എളുപ്പം’; ഡാര്‍ക്കിലെ കിളി പറത്തുന്ന കഥാപാത്രങ്ങള്‍ ഇവര്‍ 

Published on

സ്‌പോയിലര്‍ അലേര്‍ട്ട്‌

നെറ്റ്ഫ്‌ലിക്‌സിന്റെ ആദ്യ ജെര്‍മന്‍ സീരീസായ ഡാര്‍ക്കിന് പ്രേക്ഷകര്‍ കൂടി വരുകയാണ്. സയന്‍സ് ഫിക്ഷന്‍, മിസ്റ്ററി ത്രില്ലറായ ഡാര്‍ക്ക് ആദ്യ രണ്ട് സീസണ്‍ പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ കിളി പറത്തുന്ന അനുഭവമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ഗെയിം ഓഫ് ത്രോണ്‍സ്, ബ്രേക്കിങ്ങ് ബാഡ്, ചെര്‍ണോബില്‍ തുടങ്ങിയ സീരീസുകള്‍ മലയാളികള്‍ക്കിടയില്‍ നേടിയ ജനപ്രീതി ഡാര്‍ക്കും ആവര്‍ത്തിക്കുകയാണ്.

ടൈം ട്രാവല്‍ പശ്ചാത്തലത്തിലുള്ള സീരീസ് ഓരോ എപ്പിസോഡും കഴിയുന്തോറും പ്രേക്ഷകര്‍ക്ക് കൂടുതല്‍ സംശയങ്ങളുണര്‍ത്തുന്നതും തിരിച്ചറിവുകള്‍ ഉണ്ടാക്കുന്നതുമാണ്. സീരീസില്‍ ഏറ്റവും കൂടുതല്‍ സങ്കീര്‍ണ്ണത ഉണ്ടാക്കുന്നത് അതിനകത്തെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധമാണ്, പ്രധാന കഥാപാത്രങ്ങള്‍ വിവിധ കാലഘട്ടത്തില്‍ മാറി മാറിയെത്തുമ്പോള്‍ ആ ബന്ധങ്ങളും കുഴഞ്ഞു മറിയുന്നു.

എപ്പോഴോ ഉണ്ടായ ടൈം ട്രാവല്‍ ലൂപ്പ് അടയ്ക്കാന്‍ ശ്രമിക്കുന്ന ജോനാസ്, ക്ലോഡിയ എന്നിവരുടെ ശ്രമങ്ങളാണ് സീരീസ്, എന്നാല്‍ ഒരു ഘട്ടത്തില്‍ ഇതില്‍ ആരാണ് ശരി എന്ന സംശയം സീരീസ് പ്രേക്ഷകരിലേക്കിടുന്നു. ഈ രണ്ട് ടൈം ട്രാവലേഴ്‌സുമായി ചുറ്റിപ്പറ്റിയാണ് കഥകള്‍ മാറി മറിയുന്നത്. സീരീസിലെ പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ജോനാസ് കാന്‍വാല്‍ഡ് / സ്‌ട്രേഞ്ചര്‍ / ആദം

സീരീസ് 2019ല്‍ ആരംഭിക്കുമ്പോള്‍ ജോനാസും പ്രേക്ഷകനും ഏകദേശം ഒരേ തട്ടിലാണ്. ജോനാസിന്റെ യാത്രയിലൂടെയാണ് പലതും പ്രേക്ഷകനും തിരിച്ചറിയുന്നത്. അയാള്‍ക്കുള്ള സംശയങ്ങള്‍ പ്രേക്ഷകനുമുണ്ട്. ജോനാസ് പരിചയപ്പെടുന്ന ജോനാസിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്ന അപരിചിതനായ യാത്രക്കാരനാണ് രണ്ടാമത്തേത്. ടൈം ട്രാവല്‍ ചെയ്യുന്ന യാത്രക്കാരന്‍. ആദമിലെത്തുമ്പോഴാണ് മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായതെന്ന ചോദ്യം പോലെ എല്ലാം കുഴഞ്ഞു മറിയുന്നത്. ആദം ജോനാസിന്റെ പ്രായം ചെന്ന കഥാപാത്രമാണെന്ന് പറയുന്നുവെങ്കിലും അയാള്‍ 1921 ല്‍ സിക് മുണ്ടസിന്റെ നേതാവായി ഉണ്ടെന്ന് പറയുന്നുണ്ട്.

ക്ലോഡിയ ടിഡെര്‍മാന്‍

1986ല്‍ ആണവ നിലയത്തിന്റെ ചുമതലയുള്ള ക്ലോഡിയ പ്ലാന്റില്‍ സംഭവിച്ച അപകടം അറിയുകയും അതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ഈ ഘട്ടത്തിലാണ് ടൈം ട്രാവലിങ്ങിനെക്കുറിച്ച് ഇവര്‍ അറിയുന്നത്. അത് പറഞ്ഞു കൊടുക്കുന്നത് ഭാവിയില്‍ നിന്ന് വന്ന മറ്റൊരു ക്ലോഡിയ തന്നെയണ്. ടൈം ട്രാവലില്‍ ആദമിനെതിരെ പ്രവര്‍ത്തിക്കുന്നതും ഇവര്‍ തന്നെ. പിന്നീട് നോഹ ഇവരെ കൊലപ്പെടുത്തുന്നു. 1986ലെ ക്ലോഡിയ പിന്നീട് ടൈം ട്രാവലിങ്ങിലൂടെ ഇവര്‍ 2019ലെത്തി ക്യാന്‍സര്‍ ബാധിതയായ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു.

മൈക്കിള്‍ നീല്‍സണ്‍ / മിക്കല്‍ കാന്‍വാല്‍ഡ്

സീരീസിലെ എല്ലാം കുഴഞ്ഞു മറിയിക്കുന്ന കഥാപാത്രം, സീരീസ് ആരംഭിക്കുമ്പോള്‍ 2019ല്‍ ജോനാസിന്റെ അച്ഛനായ മിക്കലും ഉള്‍രിച്ചിന്റെ മകനായ മൈക്കിളുമുണ്ട്. മിക്കല്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞു, മാസങ്ങള്‍ക്ക് ശേഷം ഉള്‍റിച്ചിന്റെ മകനായ മെക്കിള്‍ കാണാതാകുന്നു. കാണാതായ മൈക്കിള്‍ പിന്നീട് 1986ല്‍ എത്തുന്നു. അവിടെ അയാള്‍ പിന്നീട് മിക്കലായി മാറുകയാണ്.

നോഹ

നോഹയെ ഒരു വില്ലനായിട്ടാണ് ആദ്യം ചിത്രീകരിച്ചിരുന്നത്. കുട്ടികളില്‍ ടൈം ട്രാവല്‍ എക്‌സ്പിരിമെന്റെ് നടത്തുന്ന ഒരാള്‍, പിന്നീട് ഇയാള്‍ ആദം പറയുന്നത് കേള്‍ക്കുന്ന ഒരു പാവ മാത്രമാണെന്ന് വ്യക്തമാകുന്നു. സീരീസില്‍ ഇനി വരാനുള്ള ഏറ്റവും വലിയ ചോദ്യം തുറന്നിട്ടിട്ടാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. ചാര്‍ലറ്റിന്റെ പിതാവ് താനാണെന്ന് നോഹ വെളിപ്പെടുത്തുന്നുണ്ട്. അത് എങ്ങനെ എന്ന ചോദ്യം ആയിരിക്കും ഇനി സങ്കീര്‍ണമാകുക.

ഹെല്‍ജെ ഡോപ്പ്‌ലര്‍

ടൈം ട്രാവലുമായി നേരിട്ട് ബന്ധമുള്ള മറ്റൊരാള്‍, 1953ല്‍ നോഹയുടെ പരീക്ഷണങ്ങള്‍ യാഥാര്‍ഥ്യമാകുന്നതും ഇയാളിലാണ്. 1986ല്‍ ഹെല്‍ജെ നോഹയ്ക്ക് പരീക്ഷണങ്ങള്‍ നടത്താന്‍ വേണ്ടി കുട്ടികളെ കടത്തുന്നു. 2019ല്‍ ഇയാളെ കാണിക്കുന്നത് അപകടത്തില്‍ പരുക്കേറ്റ ഒരാളായിട്ടാണ്, നോഹ ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമുള്ള ഇയാള്‍ സ്വയം തിരുത്താനായി 1986ലേക്ക് തിരിച്ചു പോയി ചെറുപ്പക്കാരനായ ഹെല്‍ജെയെ അപകടത്തില്‍ പെടുത്തുന്നു. വൃദ്ധനായ ഹെല്‍ജെ മരിക്കുകയും മറ്റെയാള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്യുന്നു.

ഉള്‍റിച്ച് നീല്‍സണ്‍

ടൈം ട്രാവല്‍ ചെയ്ത് തിരിച്ചു വരാന്‍ കഴിയാതെ കുടുങ്ങി പോകുന്ന മറ്റൊരു കഥാപാത്രം. 1986ല്‍ ഉള്‍രിച്ചിന്റെ സഹോദരന്‍ കാണാതാകുന്നു. 2019ല്‍ പൊലീസുകാരനായ ഉള്‍റിച്ചിന്റെ മകനാണ് കാണാതാകുന്ന മൈക്കിള്‍. ഇയാളുടെ അന്വേഷണം എത്തുന്നത് ആണവനിലയത്തിലാണ്. എന്നാല്‍ ഹെല്‍ജെ ഡോപ്പ്‌ലറെ പിന്തുടരുന്ന ഇയാള്‍ ടൈം ട്രാവല്‍ ചെയ്ത് 1953ലെത്തുന്നു. ഹെല്‍ജെയെ കൊല്ലാന്‍ ശ്രമിക്കുന്നതോടെ ഉള്‍റിച്ച് അവിടെ കുടുങ്ങുന്നു.

ഹന്ന കാന്‍വാല്‍ഡ്

രണ്ടാം സീസണ്‍ അവസാനിക്കുമ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് ഹന്ന എവിടെയാണെന്നത്. ജോനാസിന്റെ അമ്മയായ ഹന്ന 2019ല്‍ ഉണ്ട്, ജോനാസ് എണ്‍പതുകളിലേക്ക് സഞ്ചരിക്കുമ്പോള്‍ അവിടെ പഴയ ഹന്നയെ കാണാം, ഈ ഹന്നയാണ് ടൈം ട്രാവല്‍ ചെയ്ത് എത്തിയ മിക്കലിനെ വിവാഹം ചെയ്യുന്നത്. ഇവരുടെ മകനാണ് ജോനാസ്. രണ്ടാം സീസണ്‍ അവസാനിക്കുമ്പോള്‍ 2019ലെ ഹന്ന ടൈം ട്രാവല്‍ ചെയ്്ത് 1953ല്‍ എത്തിക്കഴിഞ്ഞു. ഹന്ന തിരിച്ചു വരുന്നത് കാണിച്ചിട്ടില്ല. അവര്‍ അവിടെ സ്ഥിരമാക്കുകയാണെങ്കില്‍ ബന്ധങ്ങള്‍ ഇനിയും കുഴഞ്ഞു മറിഞ്ഞേക്കാം.

ട്രോന്റ് നീല്‍സണ്‍

ഉള്‍റിച്ചിന്റെ പിതാവ്, 1953ല്‍ ഇയാള്‍ അമ്മയുമായി വിന്‍ഡനിലേക്ക് എത്തുന്നത് കാണിക്കുന്നുണ്ട്. ഇയാളുടെ അച്ഛനാരാണെന്ന് പറയുന്നില്ല. കയ്യില്‍ പൊള്ളിയ പാടുകളും കാണാം. ക്ലോഡിയയുമായി് ഇയാള്‍ക്ക് ചെറുപ്പം മുതല്‍ അടുപ്പമുണ്ടായിരുന്നു. 1986ല്‍ ഉള്‍രിച്ചിന്റെ സഹോദരനായ മാഡ് കാണാതെ പോകുന്നതും 2019ല്‍ ഉള്‍റിച്ചിന്റെ മകന്‍ മൈക്കിള്‍ കാണാതാകുന്നതും ഇയാള്‍ കാണുന്നുണ്ട്. ഇയാളുടെ അമ്മ നോഹയുടെ സഹോദരി ആണെന്നിരിക്കെ ഇനിയുള്ള സീസണില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ടാവാം.

എലിസബെത്ത് ഡോപ്പ്‌ലര്‍

വിന്‍ഡനിലെ പൊലീസ് ഓഫീസറായ ചാര്‍ലറ്റിന്റെ മകള്‍, സംസാര ശേഷിയില്ലാത്ത എലിസബെത്ത് ആദ്യം മുതല്‍ സീരീസിലുണ്ട്, ജോനാസ് 2052ലെത്തുമ്പോള്‍ അവിടെ മുതിര്‍ന്ന എലിസബത്തിനെയും കാണാം, എന്നാല്‍ ചാര്‍ലറ്റിന്റെ അമ്മ ഇതേ എലിസബെത്ത് ആണെന്നതാണ് സീരീസിന്റെ അവസാനം പറഞ്ഞു വെയ്ക്കുന്നത്. അതായത് ചാര്‍ലറ്റിന്റെ മകള്‍ എലിസബെത്ത് തന്നെയാണ് ചാര്‍ലറ്റിന്റെ അമ്മ. ചാര്‍ലറ്റിന്റെ പിതാവ് നോഹ ആണെന്നിരിക്കെ എങ്ങനെ എലിസബെത്തും നോഹയും കണ്ടു മുട്ടി എന്നത് അടുത്ത സീസണിലുണ്ടാവും.

ഏഗോന്‍ ടൈഡര്‍മാന്‍

1953,1986 കാലഘട്ടങ്ങളിലെ പൊലീസ് ഓഫീസറായി ഇയാളെ കാണാം, രണ്ട് സമയത്തും ഉള്‍റിച്ചുമായിട്ടാണ് ഇയാള്‍ ഇടപെഴകുന്നത്. 1986ല്‍ ഇയാള്‍ ടൈം ട്രാവലിനെ കുറിച്ച് കണ്ടുപിടിക്കുന്നുണ്ട്. 1953ല്‍ ഉള്‍റിച്ചിന്റെ പിതാവും അമ്മയും വന്നെത്തുന്നതും ഇയാളുടെ വീട്ടിലേക്കാണ്. ഒപ്പം ടൈം ട്രാവല്‍ ചെയ്ത ഹന്ന വന്നു നില്‍ക്കുന്നതും ഇയാള്‍ക്കരികിലാണ്. 1986ല്‍ ക്യാന്‍സര്‍ ബാധിതനായ ഇയാളെ രക്ഷിക്കാന്‍ മകളായ ക്ലോഡിയ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല.

എച്ച് ജി ടാന്‍ഹസ്

ചാര്‍ലറ്റിനെ എടുത്തു വളര്‍ത്തുന്നത് ഇയാളാണ്. ടൈം ട്രാവലിങ്ങിന് വേണ്ട മെഷീന്‍ കണ്ടു പിടിക്കുന്നതും ഇയാള്‍ തന്നെ. 1953ലും 1986ലും ഇയാളെ കാണാം, ജോനാസ്, ടൈം മെഷീന്‍ നന്നാക്കാനെത്തുന്നതും ഇയാള്‍ക്കരികില്‍ തന്നെ

ആഗ്നസ് നീല്‍സണ്‍

നോഹയുടെ സഹോദരി. 1953ല്‍ മകനുമൊത്ത് ആഗ്നസ് വിന്‍ഡനില്‍ എത്തുന്നുണ്ട്... 1921ല്‍ കുട്ടിയായ അവരെയും കാണാം, ക്ലോഡിയയെ സഹായിക്കുന്ന വ്യക്തിയാണ് ഇവരെന്ന് ആദ്യം തോന്നുമെങ്കിലും പിന്നീട് ആദത്തിന്റെ പക്ഷം ചേര്‍ന്ന് നോഹയെ കൊല്ലുന്നതും ഇവര്‍ തന്നെ

മാര്‍ത്ത നീല്‍സണ്‍

മാര്‍ത്ത യാത്ര ചെയ്‌തെങ്ങും പോയിട്ടില്ല, മരിച്ച് വേറേതോ ലോകത്തു നിന്ന് വന്ന മാര്‍ത്തയാണ് ഉള്ളത്. പക്ഷേ രണ്ടാം സീസണില്‍ മരിക്കുന്ന മാര്‍ത്തയെ തിരിച്ചു കൊണ്ടുവരാനുള്ള ജോനാസിന്റെ ശ്രമം അടുത്ത സീസണിലുണ്ടാകാം എന്നത് വ്യക്തമാണ്.

ടൈം ട്രാവലിങ്ങില്‍ സംശയമുണര്‍ത്തുന്ന കഥാപാത്രങ്ങള്‍ ഡാര്‍ക്കില്‍ ഇനിയുമുണ്ട്. ഓരോ യാത്ര കഴിയുമ്പോഴും കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും വ്യത്യാസപ്പെടുന്നു. നാലു കുടുംബങ്ങളെ ചുറ്റിപ്പറ്റി ആരംഭിക്കുന്ന സീരീസ് രണ്ടാം സീസണിന്റെ അവസാനം എത്തുമ്പോള്‍ ചുരുങ്ങുന്നു. 2017 ഡിസംബര്‍ 10നായിരുന്നു ഡാര്‍ക്കിന്റെ ആദ്യ സീസണ്‍ എയര്‍ ചെയ്തത്. രണ്ടാം സീസണ്‍ 2019 ജൂണ്‍ 21നും. ബരന്‍ ബോ ഒഡര്‍, ജാന്റേ ഫ്രീസെയും ചേര്‍ന്നാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.

logo
The Cue
www.thecue.in