മോഹന്‍ലാലിന് ശേഷം എംജിആറായി ഇന്ദ്രജിത്ത്; ജയലളിതയുടെ ജീവിതമാസ്പദമാക്കി ‘ക്വീന്‍’

മോഹന്‍ലാലിന് ശേഷം എംജിആറായി ഇന്ദ്രജിത്ത്; ജയലളിതയുടെ ജീവിതമാസ്പദമാക്കി ‘ക്വീന്‍’

Published on

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന വെബ്‌സീരീസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. രമ്യ കൃഷ്ണന്‍ ജയലളിതയായി വേഷമിടുന്ന സീരീസില്‍ ഇന്ദ്രജിത്ത് സുകുമരാനാണ് എംജിആറാവുന്നത്. ‘ക്വീന്‍’ എന്നാണ് സീരീസിന്റെ പേര്.

22 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു മലയാളി താരം തന്നെ തമിഴില്‍ എംജിആറാകുന്നു എന്ന പ്രത്യേകതയും സീരീസിനുണ്ട്. മുന്‍പ് മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവറി’ല്‍ മോഹന്‍ലാലായിരുന്നു എംജിആറായി വേഷമിട്ടത്. 1997ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ജയലളിതയുടെ ചെറുപ്പകാലവും രാഷ്ട്രീയ അരങ്ങേറ്റവും എംജിആറിന്റെ മരണത്തിന് ശേഷമുള്ള രാഷ്ട്രീയമാറ്റം തുടങ്ങിയവയെല്ലാം സീരീസില്‍ പറയുന്നുണ്ട്. ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. എംഎക്‌സ് പ്‌ളയറിന്റെ ഒറിജിനല്‍ സീരീസായിരിക്കും ക്വീന്‍. ആദ്യ സീസണില്‍ 10 എപ്പിസോഡുകളുണ്ടാവുമെന്നും പ്രേക്ഷകരുടെ പ്രതികരണം അറിഞ്ഞതിന് ശേഷം മാത്രമേ അടുത്ത സീസണ്‍ ആരംഭിക്കുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് താരം കങ്കണ റണാവത് ജയലളിതയാകുന്ന മറ്റൊരു ചിത്രം കൂടി അണിയറയിലൊരുങ്ങുന്നുണ്ട്. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കങ്കണ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

logo
The Cue
www.thecue.in