‘നഗ്നയാകണം, ആരാധകരെ നിരാശരാക്കരുത്’; ജിഒറ്റിയ്ക്ക് ശേഷം ന്യൂഡ് രംഗങ്ങള്‍ ചെയ്യാന്‍ സമ്മര്‍ദമുണ്ടായെന്ന് എമിലിയ ക്ലാര്‍ക്ക്‌ 

‘നഗ്നയാകണം, ആരാധകരെ നിരാശരാക്കരുത്’; ജിഒറ്റിയ്ക്ക് ശേഷം ന്യൂഡ് രംഗങ്ങള്‍ ചെയ്യാന്‍ സമ്മര്‍ദമുണ്ടായെന്ന് എമിലിയ ക്ലാര്‍ക്ക്‌ 

Published on

‘ഗെയിം ഓഫ് ത്രോണ്‍സി’ന് ശേഷം നഗ്നരംഗങ്ങളില്‍ അഭിനയിക്കാന്‍ പലരില്‍ നിന്നും സമ്മര്‍ദം നേരിട്ടിരുന്നുവെന്ന് എമിലിയ ക്ലാര്‍ക്ക്. അതിന്റെ പേരില്‍ സെറ്റില്‍ പലതവണ വഴക്കുകൂടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്ത് വേണമെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും താരം പറഞ്ഞു. ‘ഡാക്‌സ് ഷെപ്പേര്‍ഡിന്റെ പോഡ്കാസ്റ്റി’ലായിരുന്നു എമിലിയയുടെ പ്രതികരണം.

സ്‌ക്രിപ്റ്റില്‍ നഗ്നരംഗങ്ങള്‍ ഉണ്ടാവില്ല, പക്ഷേ ‘ജിഒറ്റി’ ആരാധകരെ നിരാശപ്പെടുത്തരുതെങ്കില്‍ നഗ്നയാകണമെന്നാണ് പലരും പറയുകയെന്നും എമിലിയ പറഞ്ഞു. ‘ഗെയിം ഓഫ് ത്രോണ്‍സി’ല്‍ ഡനേരിയസ് ടാര്‍ഗേറിയന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച എമിലിയ സീരീസിന് വേണ്ടി നഗ്നരംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഗെയിം ഓഫ് ത്രോണ്‍സിലെ ആദ്യ സീസണില്‍ നഗ്നയായി അഭിനയിച്ചത് ഭയപ്പെടുത്തുന്ന അനുഭവമായിരുന്നുവെന്നും താരം പറഞ്ഞു. ഡ്രാമ സ്‌കൂളില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ലഭിച്ച വേഷമായിരുന്നു ജിഒറ്റിയിലേത്. അഭിനയം ഒരു ജോലി ആയിട്ട് കാണാമെന്ന് തന്നെയായിരുന്നു തീരുമാനിച്ചിരുന്നത്, അതുകൊണ്ട് സ്‌ക്രിപ്റ്റില്‍ നഗ്നരംഗങ്ങള്‍ ഉണ്ടെങ്കില്‍ അത് ആവശ്യമുള്ളതെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അതുവരെ ഒന്നോ രണ്ടോ സിനിമാ സെറ്റില്‍ മാത്രം പോയിട്ടുള്ള താന്‍ ഒരു ദിവസം പെട്ടെന്ന് എല്ലാവരുടെയും മുന്നില്‍ നഗ്നയായി നില്‍ക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, ഷൂട്ടിന് ശേഷം പലപ്പോഴും ബാത്ത്‌റൂമില്‍ ചെന്ന് കരഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.

ഗെയിം ഓഫ് ത്രോണ്‍സില്‍ സഹതാരമായിരുന്ന ജേസന്‍ മോമയാണ് ആ സമയത്ത് മാനസികമായ പിന്തുണ നല്‍കിയതെന്നും താരം പറഞ്ഞു. ഈ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ എന്താണ് ശരിയെന്നും എന്തെല്ലാമാണ് ശരിയല്ലാത്തതെന്നും ജേസന്‍ പറഞ്ഞു. എല്ലാം ശരിയായിട്ടാണ് പോകുന്നതെന്നും മോമ ഉറപ്പു വരുത്തി. താരത്തിന്റെ പിന്തുണയോടെ ഒന്നാമത്തെ സീസണിന് ശേഷം നഗ്നരംഗങ്ങള്‍ കുറയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും എമിലിയ പറഞ്ഞു.

ഈ വര്‍ഷം അവസാനിച്ച ഗെയിം ഓഫ് ത്രോണ്‍സിന് ശേഷം ‘ലാസ്റ്റ് ക്രിസ്മസ്’ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചിരിക്കുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in