അടുത്ത ‘ഡെമോഗോര്‍ഗന്‍’ ഹോക്കിങ്ങ്‌സിന് പുറത്താകുമോ ?; ‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ്’ നാലാം സീസണെക്കുറിച്ച് ഡഫര്‍ ബ്രദേഴ്‌സ്

അടുത്ത ‘ഡെമോഗോര്‍ഗന്‍’ ഹോക്കിങ്ങ്‌സിന് പുറത്താകുമോ ?; ‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ്’ നാലാം സീസണെക്കുറിച്ച് ഡഫര്‍ ബ്രദേഴ്‌സ്

Published on

നെറ്റ്ഫ്‌ലിക്‌സിന്റെ ഹിറ്റ് സീരീസ് ‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ്’ ആരാധകര്‍ മൂന്നാം സീസണ്‍ കഴിഞ്ഞതോടെ അല്‍പം നിരാശയിലാണ്. വില്ലന്മാരായി റഷ്യന്‍ സര്‍ക്കാരിനെ കൊണ്ടു വന്നതും ആദ്യ രണ്ട് സീസണിലുണ്ടായിരുന്ന ത്രില്ലടിപ്പിക്കുന്ന അപ്രതീക്ഷിത മുഹൂര്‍ത്തങ്ങള്‍ കുറവായിരുന്നു എന്നതും സീരീസിനെ ബാധിച്ചുവെന്നാണ് പ്രധാന വിമര്‍ശനം. പ്രിയ കഥാപാത്രങ്ങള്‍ പല ഇടങ്ങളിലേക്ക് ചിതറിപ്പോയതും ഹോപ്പറുടെ മരണവുമെല്ലാം കൂടിയായപ്പോള്‍ സീസണിന്റെ ക്ലൈമാക്‌സ് സങ്കടപ്പെടുത്തുന്നതായെന്നും അഭിപ്രായങ്ങള്‍ വരുന്നു.

ഇഷ്ട കഥാപാത്രമായ ഹോപ്പര്‍ മരിച്ചോ ഇല്ലയോ എന്ന ചോദ്യം മുന്‍നിര്‍ത്തിയുള്ള ടെയില്‍ എന്‍ഡിലാണ് ഇനിയുള്ള പ്രേക്ഷകരുടെ പ്രതീക്ഷ. സീരീസിന്റെ നാലാം സീരീസിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതും അതു കൊണ്ട് തന്നെ. നെറ്റ്ഫ്‌ലിക്‌സ് ഔദ്യോഗികമായി നാലാം സീസണ്‍ ഉണ്ടോ ഇല്ലയോ എന്ന് അറിയിച്ചിട്ടില്ലെങ്കിലും അടുത്ത സീസണ്‍ ഇപ്പോള്‍ കഥ നടക്കുന്ന ഹോക്കിങ്ങ്‌സില്‍ നിന്ന് മാറി പുതിയൊരിടത്താകുമെന്ന് ഷോ റണ്ണേഴ്‌സായ ഡഫര്‍ ബ്രദേഴ്‌സ് പറഞ്ഞു. ‘എന്റര്‍ടെയ്‌മെന്റ് വീക്കിലി’ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

നാലാം സീസണില്‍ സംഭവിക്കാന്‍ പോകുന്ന ഏറ്റവും വലിയ മാറ്റമെന്തെന്ന് വച്ചാല്‍ സീരീസിന്റെ പ്ലോട്ട് കുറച്ചു കൂടി വലുതായി ഹോക്കിങ്ങ്‌സിന് പുറത്തേക്ക് വരുമെന്നതാണ്

മാറ്റ് ഡഫര്‍

സീസണ്‍ 3 ആരംഭിച്ചത് റഷ്യയിലെ ചില രംഗങ്ങള്‍ കാണിച്ചു കൊണ്ടായിരുന്നു. എന്‍ഡ് ക്രെഡിറ്റ് സീനില്‍ മാത്രമാണ് പിന്നീട് റഷ്യയിലേക്ക് തിരിച്ചു പോയത്. എന്‍ഡ് ക്രെഡിറ്റ് സീനീല്‍ പരാമര്‍ശിക്കുന്ന അമേരിക്കന്‍ ഹോപ്പറാണോ എന്നും എങ്ങനെ ഡെമോഗോര്‍ഗന്‍ റഷ്യക്കാര്‍ക്ക് ലഭിച്ചുവെന്നും ഇരുവരും തല്‍ക്കാലത്തേക്ക് വെളിപ്പെടുത്തിയില്ല, മറിച്ച് അടുത്ത സീസണ്‍ മുന്നോട്ട് കൊണ്ടു പോകുന്നത് ആ രണ്ട് കാര്യങ്ങളായിരിക്കുമെന്നും സംവിധായകര്‍ അറിയിച്ചു.

നെറ്റ്ഫ്‌ലിക്‌സ് നിര്‍മിച്ച സീരീസുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സീരീസായി സീസണ്‍ 3 ഇതിനകം മാറിയിട്ടുണ്ട്. 26 മില്ല്യണിലധികം ആളുകളാണ് ഇതുവരെ സീസണ്‍ 3 കണ്ടിരിക്കുന്നത്. കുട്ടികളെ കേന്ദ്ര കഥാപാത്രമായൊരുക്കിയ ഹൊറര്‍ മിസ്റ്ററി സീരീസായ സ്‌ട്രേഞ്ചര്‍ തിങ്‌സ് 2016 ജൂലായിലായിരുന്നു ആദ്യ സീസണ്‍ സംപ്രേഷണം ചെയ്തത്. 1980 കളുടെ പശ്ചാത്തലത്തില്‍ ഇന്റ്യാനയിലെ ഹോക്കിങ്ങ്‌സ് എന്ന നഗരമായിരുന്നു മൂന്ന് സീസണിന്റെ പശ്ചാത്തലം. മൂന്നാം സീസണ്‍ ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണ്.

logo
The Cue
www.thecue.in