‘സേക്രഡ് ഗെയിംസ് ദേശവിരുദ്ധം’; അനുരാഗ് കശ്യപും നെറ്റ്ഫ്‌ളിക്‌സും ഹിന്ദു-സിഖ് വിശ്വാസത്തെ അപമാനിക്കുന്നെന്ന് അകാലിദള്‍ നേതാവ്
നെറ്റ്ഫ്‌ലിക്‌സിന്റെ വെബ് സീരീസായ സേക്രഡ് ഗെയിംസ് സിഖ് മതവികാരവും ഹിന്ദു ചിഹ്നങ്ങളെയും അപമാനിക്കുന്നുവെന്ന് ആരോപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ അകാലി ദളിന്റെ എംഎല്‍എ. ഡല്‍ഹി നിയമസഭാംഗമായ മന്‍ജീന്ദര്‍ സിങ്ങ് സിര്‍സയാണ് സേക്രഡ് ഗെയിംസിനും നെറ്റ്ഫ്‌ലിക്‌സിനും എതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
സീരീസിലെ സെയ്ഫ് അലി ഖാന്‍ അവതരിപ്പിച്ച സര്‍താജ് സിങ്ങിന്റെ കഥാപാത്രം സിഖുകാര്‍ കയ്യില്‍ അണിയുന്ന ‘കഡ’ വലിച്ചെറിയുന്നതാണ് എംഎല്‍എയെ ചൊടിപ്പിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ് മഃനപ്പൂര്‍വ്വം ഈ രംഗം സീരീസില്‍ ഉള്‍പ്പെടുത്തിയതാണെന്നും എംഎല്‍എ ആരോപിക്കുന്നു.
സര്‍താജ് സിങ്ങ് (സെയ്ഫ് അലി ഖാന്റെ കഥാപാത്രം) തന്റെ അച്ഛനായ ദില്‍ബാഗ് സിങ്ങിനോടും തന്നോടുമുള്ള ദേഷ്യം പ്രകടിപ്പിക്കുന്ന രംഗമാണ് വിവാദമായിരിക്കുന്നത്. പിതാവ് മുന്‍പ് ധരിച്ചിരുന്നതും തനിക്ക് കൈമാറിയതുമായ കഡ സര്‍താജ് സിങ്ങ് കടലിലെറിയുന്നതാണ് രംഗം. ഈ രംഗം സംവിധാനം ചെയ്തിരിക്കുന്നത് അനുരാഗ് കശ്യപ് അല്ല മറിച്ച് നീരജ് ഗായ്വാനാണ്.
സിഖ്- ഹിന്ദു മത ചിഹ്നങ്ങളെ അപമാനിച്ച സേക്രഡ് ഗെയിംസിനും നെറ്റ്ഫ്‌ലിക്‌സിനും എതിരെ നടപടിയെടുക്കാന്‍ മന്ത്രി പ്രകാശ ജാവേദ്കറോട് ഞാന്‍ ആവശ്യപ്പെടുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തുന്നത് അനുവദിച്ചു കൂടാ
മന്‍ജീന്ദര്‍ സിങ്ങ് സിര്‍സ
ദൈവത്തില്‍(ഭഗവാനില്‍) വിശ്വാസമുണ്ടോ എന്ന സീരീസിലെ ആദ്യ സംഭാഷണത്തിനെതിരെയും എംഎല്‍എ ആരോപണമുന്നയിക്കുന്നു. ഭഗവാന് പകരം അള്ളാ എന്നോ ജീസസ് എന്നോ ആക്കിയിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ അനുവദിക്കുമോ എന്നാണ് എംഎല്‍എയുടെ ചോദ്യം. അത്തരം രംഗങ്ങള്‍ സഹിക്കാന്‍ ആവില്ലെന്നും ഇന്ത്യയിലെ ഭൂരിപക്ഷത്തെ അസഹിഷ്ണുതയുള്ളവരായി ചിത്രീകരിക്കാനാണ് അനുരാഗ് കശ്യപ് ഈ തിരക്കഥ തെരഞ്ഞെടുത്തതെന്നും ട്വീറ്റിലുണ്ട്.
തൊണ്ണൂറുകളിലെ മുംബൈയിലെ ഹിന്ദു-മുസ്ലീം കലാപ കാലം ചിത്രീകരിച്ചിരിക്കുന്നതിലും എംഎല്‍എ ആരോപണമുന്നയിക്കുന്നുണ്ട്. കലാപകാലത്ത് ഒരു സ്ത്രീ മുസ്ലീങ്ങളെ കൊല്ലാന്‍ പറയുന്ന രംഗം അനുരാഗ് കശ്യപിന്റെ ആന്റി ഇന്ത്യ അജണ്ടയാണെന്നും അത് മഃനപ്പൂര്‍വ്വം ഇന്ത്യയില്‍ മുസ്ലീങ്ങളെ ഹിന്ദുക്കള്‍ കൊലപ്പെടുത്തുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണെന്നും എംഎല്‍എ ആരോപിക്കുന്നു.
ഈ സ്വാതന്ത്ര്യ ദിനത്തിലാണ് സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ പുറത്തിറങ്ങിയത്. രാജ്യത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍, ഹിന്ദുത്വ ഭീകരത, ഇസ്ലാമോഫോബിയ എന്നിവയെല്ലാം അതിന്റെ തീവ്രതയോടെ രണ്ടാം സീസണ്‍ ചര്‍ച്ച ചെയ്തിരുന്നു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നടത്തിയ ട്വീറ്റിനെ തുടര്‍ന്ന് അനുരാഗ് കശ്യപിനും കുടുംബത്തിനും നേരെ ഭീഷണികളുണ്ടായിരുന്നു. തുടര്‍ന്ന് കശ്യപ് ട്വിറ്റര്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അസഹിഷ്ണുതയ്ക്കെതിരെയും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെയും മോഡിക്ക് കത്തയച്ച 49 പേരില്‍ ഒരാളാണ് അനുരാഗ് കശ്യപ്.