Watchlist: Ennu Swantham Janakikutty(1998)|Hariharan|MT Vasudevan Nair
മലയാളികൾ അങ്ങനെപെട്ടെന്ന് മറന്നുപോകാനിടയില്ല ജാനകി കുട്ടിയെയും, അവളുടെ കുഞ്ഞാത്തോലിനെയും. അക്കരെ മുത്തശ്ശി പറഞ്ഞു കേൾക്കുന്ന കെട്ടുകഥയിൽ നിന്ന് അവൾ മെനെഞ്ഞെടുക്കുന്ന കുഞ്ഞാത്തോൽ. കൂട്ടിനാരുമില്ലാത്തവർ, ഒറ്റപ്പെടുന്നവർ പിന്നീട് കെട്ടുകഥകളിലെ പേടിപ്പെടുത്തുന്ന കഥാപാത്രങ്ങളായി മാറുമെന്നത് അവളെങ്ങു നിന്ന് പഠിച്ചുവെന്നറിയില്ല. പക്ഷെ അവൾ കുഞ്ഞാത്തോലിന് അവളുടെ കളിക്കൂട്ടുകാരിയുടെ ഭാവം നൽകുന്നുണ്ട്. പേടിപ്പിച്ചാൽ മതി കൊല്ലണ്ട എന്നവൾ പലകുറി കുഞ്ഞാത്തോലിനോട് പറയുന്നുണ്ട്. ആദ്യം ദേഷ്യം തോന്നുന്നവരോടും, അവരുടെ ഇഷ്ടത്തോടും ജാനൂട്ടി കാണിച്ച നീതിയൊന്നും ആ സിനിമയിലൊരുപക്ഷേ മറ്റൊരു കഥാപാത്രവും ആ പ്രണയത്തോട് കാണിച്ചിട്ടില്ല.
കഥ പോലൊരു സിനിമ. വായന കൂട്ടിക്കൊണ്ടു പോകുന്ന പോലെ ഒരു പ്രത്യേക കാലത്തേക്ക്, ലോകത്തേക്ക്, ഒരു കഥാപാത്രത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്ന നരേഷൻ. 98-ൽ ഫോര്ത് വോൾ ബ്രേക്കിംഗ് എത്ര മലയാളികളറിഞ്ഞ പ്രയോഗമായിരിക്കും? അറിഞ്ഞു കൂടാ. പക്ഷെ കണ്ടവർക്ക് ജാനകിക്കുട്ടിയെ മനസ്സിലായിരുന്നു. ഇവിടെയുള്ള എത്രയോ പെൺകുട്ടികൾ അവളിൽ അവരെ തന്നെ കണ്ടെത്തിയിരുന്നു. മിണ്ടാനാരുമില്ലാതെ പ്രേക്ഷരോട് സംസാരിച്ചിരുന്ന അവളെ നമ്മളിങ്ങനെ മറന്നു കളയാനാണ്?