ജാതിയുണ്ട് ജാതിവേലിയുമുണ്ട്, ജീവിക്കുന്ന കാലത്തോട് സംസാരിക്കുന്ന ഹ്രസ്വസിനിമ കാണാം

ജാതിയുണ്ട് ജാതിവേലിയുമുണ്ട്, ജീവിക്കുന്ന കാലത്തോട് സംസാരിക്കുന്ന ഹ്രസ്വസിനിമ കാണാം

Published on

നവോത്ഥാന മുന്നേറ്റത്തിന് വീണ്ടും രാഷ്ട്രീയ ആഹ്വാനമുയരുന്ന കാലത്ത് തന്നെ ജാതിരാഷ്ട്രീയം വേലികെട്ടിത്തിരിച്ച നാടിനോട് സംസാരിക്കുകയാണ് വേലി എന്ന ചെറു സിനിമ. വിനീത് വാസുദേവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിം കുട്ടികളുടെ ഒരു സ്‌കൂള്‍ നാടക റിഹേഴ്സലിലൂടെ പുരോഗമിക്കുന്നത്. ജാതിമത ചിന്തകളില്ലാത്ത കുട്ടികളുടെ നിഷ്‌കളങ്കലോകത്തേക്ക് മുതിര്‍ന്നവരുടെ ബോധ്യങ്ങളിലും ഉപബോധങ്ങളിലുമായി എങ്ങനെ ജാതി പ്രയോഗിക്കപ്പെടുന്നുവെന്നതിന്റെ റിയലിസ്റ്റിക് അവതരണമാണ് മനോഹരമായ ഈ ചെറു സിനിമ. പുതിയ കാല സിനിമകളുടെ റിയലിസ്റ്റിക് സമീപനങ്ങളോട് ചേര്‍ന്നുപോകുന്ന ഹ്രസ്വചിത്രവുമാണ് വേലി. നടി നിഖിലാ വിമലാണ് വേലിയുടെ നിര്‍മ്മാതാവ്. പ്രധാനമായും കുട്ടികളാണ് അഭിനേതാക്കള്‍. സംവിധായകന്‍ വിനീത് വാസുദേവനും കഥാപാത്രമാണ്.

അപ്പു പ്രഭാകറാണ് ക്യാമറ. ആകാശ് ജോസഫ് വര്‍ഗ്ഗീസ് എഡിറ്റിംഗ്. മലയാള സിനിമ ഇപ്പോഴും കൈകാര്യം ചെയ്യാന്‍ മടിച്ചു നില്‍ക്കുന്ന ഒരു വിഷയം അതി മനോഹരമായി ചിത്രീകരിക്കുന്ന ഷോര്‍ട്ട് ഫിലിമാണ് വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത 'വേലി'യെന്ന് സംവിധായകന്‍ ഡോ. ബിജു പറയുന്നു.

മലയാളി സമൂഹത്തില്‍ നിത്യജീവിതത്തില്‍ ജാതി എത്ര സൂക്ഷ്മമായി ആണ് അനുഭവിക്കുന്നതും അടയാളപ്പെടുത്തുന്നതും എന്നത് ഏറെ ലളിതമായി ശക്തമായി ഈ ചെറു സിനിമ കാണിച്ചു തരുന്നു. വളരെ സബ്റ്റില്‍ ആയി യാതൊരു വിധ കെട്ടുകാഴ്ചകളും ഇല്ലാതെ ലളിതമായി നമ്മോട് സംസാരിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിം.കൊച്ചു കുട്ടികളുടെ അഭിനയമേ ഇല്ലാത്ത സ്വാഭാവികത..സ്‌ക്രിപ്റ്റിങ്ങിലും സംവിധാനത്തിലും ഉള്ള കയ്യടക്കം.വളരെ ശക്തമായ ഒരു പ്രമേയം തീര്‍ത്തും അനായാസതയോടെ സ്വാഭാവികമായി ചിത്രീകരിച്ച ഒരു ഷോര്‍ട്ട് സിനിമ..

ഡോ.ബിജു

രാമായണം നാടകനായി അവതരിപ്പിക്കുന്ന കുട്ടികളിലൂടെയും രാവണനായി എത്തുന്ന കുട്ടിയിലൂടെയും ഉടലിന്റെ രാഷ്ട്രീയത്തെക്കുറിച്ചും വേലി സംസാരിക്കുന്നുണ്ട്. അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും തിരുവന്തപുരം മെഡിക്കല്‍ കോളജ് നടത്തിയ ഐക്കണ്‍ ഹ്രസ്വചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ ചിത്രമാണ് വേലി. .ജാതിയില്ലാ കേരളം എന്ന വ്യാജ ബിംബത്തിനു മേലുള്ള കണ്ണുമടച്ചുള്ള ഒരു പ്രഹരമാണ് വേലിയെന്ന് ഡോ.ബിജു

കുഞ്ചാക്കോ ബോബന്‍ നായകനായ അള്ള് രാമേന്ദ്രന്‍ എന്ന സിനിമയുടെ സഹരചയിതാവാണ് വിനീത് വാസുദേവന്‍

logo
The Cue
www.thecue.in